Pages

Tuesday, January 31, 2012

വീട്ടിലേക്കുള്ള വഴിയിലെ രാഷ്ട്രീയം



Veettilekkulla Vazhi

സമകാലിക രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടുകളെ ഹൃദയസ്പര്‍ശിയായ ദൃശ്യാനുഭവമാക്കുന്ന വീട്ടിലേക്കുള്ള വഴി ഡോക്ടര്‍ ബിജു വിന്റെ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്ന താണ്. മികച്ച മലയാളി ചിത്രത്തിനുള്ള ദേശീയ അംഗീകാരം, മികച്ച ഛായാഗ്രഹണം, പ്രോസസിംഗ് ലാബിനുള്ള സംസ്ഥാന അംഗീകാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ സിനിമ കരസ്ഥമാക്കി.

വീട്ടിലേക്കുള്ള വഴി പ്രേക്ഷകന്റെ മുമ്പിലെത്തിക്കാന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്. നമ്മുടെ കമ്പോളസിനിമ സംസ്‌ക്കാരം അനുവദിക്കുന്ന ദൃശ്യപരിസരം വേറിട്ട കാഴ്ചപ്പാടുകളോടെ ഇറങ്ങുന്ന ചിത്രങ്ങളെ പ്രേക്ഷകരില്‍ നിന്ന് അകറ്റുന്നു.

തീവ്രവാദത്തിലേക്ക് എടുത്തെറിയപ്പെടുന്ന പലരും അറിഞ്ഞോ അറിയാതെയോ ആണ് അല്ലെങ്കില്‍ ചില പ്രത്യേക സാഹചര്യങ്ങളിലാണ് കണ്ണി ചേര്‍ക്കപ്പെടുന്നത്. അവശയായ യുവതി തന്റെ അഞ്ചുവയസ്സുകാരന്‍ മകന്റെയൊപ്പം ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയെത്തുകയും മരണപ്പെടുകയും ചെയ്യുന്നു.

ഊരും പേരുമറിയാത്ത ഇവരുടെ ജീവിത ത്തിലേക്ക് മനുഷ്യ സ്‌നേഹിയായ ഡോക്ടര്‍ക്ക് കടന്നു വരേണ്ടിവരികയാണ്. അനാഥനായ അഞ്ചുവയസ്സുകാരനെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഡോക്ടര്‍ അവന്റെ അച്ഛനെ കണ്ടു പിടിച്ച് കുട്ടിയെ ഏല്പിക്കാമെന്ന ധൈര്യത്തില്‍ അവനേയും കൊണ്ട് അവന്റെ വീടുതേടി ഇറങ്ങുകയാണ്

അതിസാഹസികമായ ആ യാത്രയിലെ അനുഭവങ്ങള്‍ തീവ്രമായിരുന്നു.യാത്രയ്ക്കിടയില്‍ ചില സത്യങ്ങള്‍ ഡോക്ടര്‍ മനസ്സിലാക്കുന്നു. ഒരു തീവ്രവാദപ്രസ്ഥാനത്തിന്റെ വക്താവാണ് കുട്ടിയുടെ അച്ഛന്‍. എന്നിട്ടും ഡോക്ടര്‍ പിന്‍മാറാതെ പ്രതിസന്ധികളെ നേരിട്ടു കൊണ്ട് ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്.

സൂര്യ സിനിമയുടെ ബാനറില്‍ ബിസി ജോഷി നിര്‍മിച്ച ചിത്രത്തില്‍ പൃഥ്വിരാജ് ആണ് ഡോക്ടറുടെ വേഷത്തില്‍. സംവിധായകന്റെ മകന്‍ മാസ്‌റര്‍ ഗോവര്‍ദ്ധനന്‍ കുട്ടിയുടെ വേഷത്തിലൂടെ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു


പൃഥ്വിയുടെ സംവിധാനത്തിലേക്കുള്ള വഴി?


Veettilekkulla Vazhi

സര്‍ക്കാര്‍ തിയറ്ററുകളില്‍ പോലും പ്രദര്‍ശന സാദ്ധ്യത മങ്ങുന്ന ഈ അവസ്ഥ ഇതിനുമുമ്പും നിരവധി ചിത്രങ്ങള്‍ ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിയില്‍ അഭിനയിച്ച പൃഥ്വിരാജ് സിനിമയില്‍ പ്രതിഫലം വാങ്ങിയിട്ടില്ല.

എന്നാല്‍ ഈ സിനിമയുടെ പ്രമേയം മുന്നോട്ട് വെക്കുന്ന ആഗോള കാഴ്ചപ്പാടും രാഷ്ട്രീയ പരിസരവും തിരിച്ചറിഞ്ഞ പൃഥ്വിരാജ് പ്രമേയം കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടില്‍ പറയാനുള്ളതാണെന്ന ബോദ്ധ്യത്തില്‍ റൈറ്റ് എഴുതിവാങ്ങുകയായിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചിത്രം പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യാനും സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് പൃഥ്വി തന്നെ പലഅഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടിയാണ് ഇക്കാര്യത്തില്‍ തന്നെ നിര്‍ബന്ധിയ്ക്കുന്നതെന്നും ബിഗ് സ്റ്റാര്‍ പറയുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയാണ് ഇവരുടെ യാത്രയും ചിത്രവും പൂര്‍ത്തിയാവുന്നത്. പാനാവിഷന്‍ ക്യാമറയിലൂടെയാണ് ഇവരുടെ യാത്രയും ചിത്രവും പൂര്‍ത്തിയാവുന്നത്. പാനാവിഷന്‍ ക്യാമറയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ പലദുര്‍ഘട ലൊക്കേഷനുകളിലും ആവശ്യത്തിന് ലൈറ്റുകള്‍ എത്തിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നിരുന്നു.

വിട്ടുവീഴ്ചകളില്ലാതെ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു. ചിത്രീകരണ സമയത്തുണ്ടായിരുന്ന ടെന്‍ഷന്‍ മറികടന്നത് ചിത്രത്തിന്റെ റഷസ് കണ്ടതിനു ശേഷമാണെന്ന് അദ്ദേഹം പറയുകയുണ്ടായി.

പാനാവിഷന്‍ ക്യാമറ ഉപയോഗിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമയാണ് വീട്ടിലേക്കുള്ള വഴി. സിനിമയില്‍ ചിത്രീകരിച്ച ചില സ്ഥലങ്ങള്‍ ഭൂമികുലുക്കത്തെ തുടര്‍ന്ന് ആകെ തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം മാറിപോയ കാര്യം പിന്നീട് ഡോ.ബിജു എഴുതിയിട്ടുണ്ട്. ഇര്‍ഷാദ്, ഇന്ദ്രജിത്ത്, കെടിസി അബ്ദുള്ള, ധന്യാമേരി വര്‍ഗ്ഗീസ്, രശ്മി ബോബന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഇത്രയേറെ ത്യാഗങ്ങള്‍ സഹിച്ച് ഒരു മികച്ച സിനിമ ചെയ്യുമ്പോള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രേക്ഷകന് മുമ്പില്‍ എത്തിക്കാന്‍ കഴിയാത്തത് നമ്മുടെ സിനിമയുടെ രോഗാവസ്ഥയെയാണ് പുറത്തുകൊണ്ടുവരുന്നത്. സൈറ,രാമന്‍, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോ.ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി മികച്ച സിനിമയാണന്ന് അടയാളപ്പെടുത്താതെ വയ്യ
.

.

ആദ്യദിനം അഗ്നീപഥിന് 23 കോടി;ബോഡിഗാര്‍ഡ് ഇനി പഴങ്കഥ

Agneepath
സംവിധായകന്‍ സിദ്ദിഖിന്‍െ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ബോഡിഗാര്‍ഡിന്റെ ആദ്യദിനെ കളക്ഷന്‍ റെക്കോര്‍ഡ് ഋത്വിക് റോഷന്റെ അഗ്നീപഥ് പഴങ്കഥയാക്കി.

വ്യാഴാഴ്ച റിലീസ് ചെയ്ത അഗ്നീപഥ് ആദ്യ ദിനത്തില്‍ 23 കോടി രൂപ കളക്ഷന്‍ നേടി. സല്‍മാനെയും കരീനയെയും മുഖ്യ കഥാപാത്രങ്ങളാക്കി സിദ്ദീഖ് സംവിധാനം ചെയ്ത് ബോഡീഗാര്‍ഡ് ആദ്യ ദിനം 21 കോടി രൂപയാണ് കളക്ഷനായി നേടിയത്.

ഒരു ബോളിവുഡ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ച ഏറ്റവും വലിയ കളക്ഷനായിരുന്നു ഇത്. ഇതാണിപ്പോള്‍ അഗ്നീപഥ് മറികടന്നത്. 27,00 പ്രിന്റുകളുമായാണ് 75 കോടി രൂപ ചെലവിട്ട് നിര്‍മിച്ച അഗ്നീപഥ് റിപ്പബഌക് അവധിദിനത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുത്തുവെന്നാണ് കരുതപ്പെടുന്നത്.

ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം 35 കോടി രൂപയ്ക്കും ഓഡിയോ അവകാശം ഒമ്പത് കോടി രൂപയ്ക്കും ഹോം വീഡിയോ അവകാശം 12 കോടി രൂപയ്ക്കും നേരത്തെ വിറ്റു പോയിരുന്നു.

മികച്ച അഭിപ്രായവും ഒറിജിനല്‍ ചിത്രവുമായി താരതമ്യപ്പെടുത്താന്‍ പ്രേക്ഷകര്‍ തയാറാവാത്തുമാണ് അഗ്നീപഥിന് വമ്പന്‍ ഓപ്പണിങ് നേടിക്കൊടുത്തിരിയ്ക്കുന്നത്. 2012ലെ ആദ്യ ഹിറ്റ് ചിത്രമെന്ന ബഹുമതിയും ഋത്വിക്ക് റോഷന്‍ ചിത്രം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാസനോവ ബോളിവുഡിലേയ്ക്ക്


 Casanova
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണവുമായി തീയേറ്ററുകളിലെത്തിയ കാസനോവ ഹിന്ദിയിലേയ്ക്ക് റീമേയ്ക്ക് ചെയ്യുന്നു. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ബോളിവുഡിലും ചിത്രമൊരുക്കുന്നത്.

മലയാളം കാസനോവയുടെ പ്രധാന ലൊക്കേഷന്‍ ദുബയും ബാങ്കോങ്ങുമായിരുന്നെങ്കില്‍ ബി ടൗണിലെ കാസനോവയുടെ പ്രണയഭൂമി അര്‍ജന്റീനയും ജോഹന്നാസ്ബര്‍ഗുമാണ്.

അമീര്‍ ഖാനാവും കാസിനോവയാവുക എന്ന് സൂചനയുണ്ട്. മലയാളത്തില്‍ തിരക്കഥയൊരുക്കിയ സഞ്ജയ്-ബോബി ടീം തന്നെയാവും ഹിന്ദിയിലും തിരക്കഥയൊരുക്കുക.

ഫെബ്രുവരി ആദ്യവാരത്തോടെ ചിത്രീകരണത്തിനായി റോഷന്‍ ആന്‍ഡ്രൂസും സഞ്ജയും ജോഹന്നാസ്ബര്‍ഗിലേയ്ക്ക് തിരിക്കും. ഇതോടെ പൃഥ്വിരാജിനെ നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം മുംബൈ പൊലീസ് വൈകുമെന്നാണ് അറിയുന്നത്.

സരോജ് കുമാര്‍ ഉന്നം വയ്ക്കുന്നത് ലാലിനെ?



Mohanlal

നവാഗതനായ സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാല്‍ കാണികളെ പാടെ നിരാശപ്പെടുത്തിയ ചിത്രം മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിപ്പോയി എന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.

ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം സരോജായി വന്ന് ശ്രീനിവാസന്‍ കളിയാക്കുന്നത് ആരെയാണെന്ന് ചിന്തിച്ചു പോവും. പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളത്തിലെ രണ്ടു സൂപ്പര്‍സ്റ്റാറുകളുടെ പേരാവും പ്രേക്ഷകമനസ്സില്‍ ഓടിയെത്തുക.

എന്നാല്‍ ചിത്രത്തിലെ പല രംഗങ്ങളും കാണുമ്പോള്‍ സരോജ് ഉന്നം വയ്ക്കുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തന്നെയല്ലേ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചു പോയാല്‍ അവരെ കുറ്റം പറയാനാവില്ല.

ലഫ്റ്റണന്റ് കേണല്‍ പദവി ലഭിയ്ക്കാനായി സരോജ് നടത്തുന്ന അഭ്യാസങ്ങളും നടന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്ന രംഗങ്ങളുമെല്ലാം പ്രേക്ഷകരില്‍ ഈ സംശയം ഉണര്‍ത്താന്‍ പര്യാപ്തമാണ്.

ആദായ നികുതി റെയ്ഡിന് ശേഷം സരോജിന്റെ വീട്ടില്‍ നിന്ന് കാളക്കൊമ്പ് പിടിച്ചെടുക്കുന്നു. അപ്പോള്‍ അത് ആനക്കൊമ്പാണെന്നേ പറയാവൂ അല്ലെങ്കില്‍ എന്റെ മാനം പോവും എന്നാണ് സരോജ് പറയുന്നത്.

ചിത്രത്തിലൂടെ ഗുണപരമായ ഒരു വിമര്‍ശനമാണ് ശ്രീനിവാസന്‍ ഉദ്ദേശിച്ചതെങ്കില്‍ ഇത്തരം രംഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നില്ലേ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

ഉദയനാണ് താരം എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. വീണ്ടും തെങ്ങുമ്മൂട്ടില്‍ രാജപ്പനെന്ന സരോജ് കുമാറിനെ കാണാനായി അവര്‍ ഓടിയെത്തിയത് ഇതുകൊണ്ടു തന്നെയാണ്. എന്നാല്‍ ചിത്രം നിരാശപ്പെടുത്തുന്നതായിരു
ന്നു

അസുരവിത്തുകള്‍ ഇനിയും പിറക്കാതിരിക്കട്ടെ..


Asuravithu

പുതിയവര്‍ഷത്തിലെ സിനിമകളുടെ എഴുന്നള്ളത്ത് പ്രേക്ഷകരെ ദുരിതപൂര്‍ണ്ണമായ പരീക്ഷണകാഴ്ചകള്‍ക്ക് വിധേയമാക്കുകയാണ്. ഈ പോക്കുപോയാല്‍ ഇക്കൊല്ലത്തെകാര്യം വലിയ കഷ്ടമാണ് എന്നു പറയാതിരിക്കാന്‍ വയ്യ.കുഞ്ഞളിയന്റെ നാലാംകിട കോമഡിഷോകണ്ട് ഇറങ്ങിയോടുന്നവരെ തടഞ്ഞുവെച്ച് കരയിപ്പിക്കുന്ന വിധമാണ് അസുരവിത്തിന്റെ വിളയാട്ടം.

കൊച്ചിയെ പറ്റി മലയാളസിനിമയ്ക്ക് ഒന്നേ പറയാനുള്ളൂ. ക്വട്ടേഷന്‍ സംഘങ്ങളും ഗുണ്ടകളും ഡോണുകളും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. കേരളത്തിലെ ഈ ഹൈടെക് വ്യവസായിക നഗരത്തിന് മലയാളസിനിമചാര്‍ത്തികൊടുത്ത പുതിയ മുഖം മാറി മാറിവരുന്ന സിനിമക്കാര്‍ കൂടുതല്‍ പരിഹാസ്യവും വികൃതവുമാക്കി കൊണ്ടിരിക്കയാണ്.

കൊച്ചിക്കാരെ മനുഷ്യരായി ജീവിക്കാന്‍ ഇനിയെങ്കിലും മലയാളസിനിമക്കാര്‍ അനുവദിക്കണം. പള്ളിയും പട്ടക്കാരുമൊന്നും സിനിമ കാണാത്തതുകൊണ്ട് വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടില്ല, അതോ വിവാദമുണ്ടായെങ്കിലും നാലുപേര് കാണട്ടെ എന്ന ഗൂഢതന്ത്രം അസുരവിത്തിനുണ്ടായിരുന്നോ...?

എ.കെ.സാജന്‍ ആസിഫ് അലിക്ക് ചാര്‍ത്തികൊടുക്കാന്‍ തീരുമാനിച്ച പുതിയ വേഷം അയാള്‍ ആര്‍ജ്ജിച്ചെടുത്ത അഭിനയ സപര്യക്ക് കടുത്ത പാരയാണ് പണിതുവെച്ചത് എന്നു തീര്‍ച്ച. ഡോണാവാനൊക്കെ ആര്‍ക്കും മോഹം കാണും സിനിമയിലെങ്കിലും എന്നാലും ഇത്തരം കടുത്ത പരീക്ഷണങ്ങള്‍ക്ക് ആസിഫ് അലി മുതിരരുത്.
 

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്

മണ്മറഞ്ഞുപോയ അതുല്യപ്രതിഭ ലോഹിതദാസിന്റെ ശിഷ്യര്‍ മനോജും, വിനോദും ചേര്‍ന്ന് മനോജ്‌-വിനോദ് എന്ന പേരില്‍ സംവിധാനം ചെയ്ത് ജോണി സാഗരിക സിനിമ കമ്പനിയുടെ ബാനറില്‍ ജോണി സാഗരിക നിര്‍മ്മിച്ച ഏറ്റവും പുതിയ സിനിമയാണ് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്. റീമ കല്ലിങ്ങല്‍ നായികയാവുന്ന ഈ സിനിമയില്‍ ലാലു അലക്സിന്റെ മകന്‍ ബെന്‍, സായികുമാറിന്റെ സഹോദരി പുത്രന്‍ അനു മോഹന്‍, പഴയ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന്റെ കൊച്ചുമകന്‍ വിഷ്ണു, സിബി മലയലിന്റെ മകന്‍ ജോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഇവരെ കൂടാതെ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിക്ക്, കവിയൂര്‍ പൊന്നമ്മ, ശ്രീജിത്ത്‌ രവി, ഹരിശ്രീ അശോകന്‍, ബാലു വര്‍ഗീസ്‌, ദേവന്‍, ദിനേശ് പണിക്കര്‍, ശശി കലിംഗ, മേനക, വനിതാ, ബിന്ദു പണിക്കര്‍, റീന ബഷീര്‍ എന്നിവരാണ് മറ്റു പ്രമുഖ അഭിനേതാക്കള്‍.

നാഗരിക ജീവിതത്തിന്റെ എല്ലാ കൊള്ളരുതായ്മകളും ചെയ്ത് യുവത്വം ആസ്വദിച്ചു നടക്കുന്ന നാല് സുഹൃത്തുക്കളാണ് അഭിയും, സൂരജും, റോമിയും, അരുണും. ഈ നാല്‍വര്‍ സംഘത്തിനെ എല്ലാ ചീത്ത കാര്യങ്ങള്‍ക്കും പ്രേരിപിക്കുന്നത് ഇവരുടെ സുഹൃത്ത്‌ ബിയോനാണ്. ഈ അഞ്ചു സുഹൃത്തുക്കളും എറണാകുളത്തെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഇവരുടെയെല്ലാം മാതാപിതാക്കള്‍ വളരെ തിരക്കുള്ള വ്യക്തികളായത് കൊണ്ട് കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും സമയമില്ല. അതുകൊണ്ട് തന്നെ, കുട്ടികളെല്ലാം തന്തോന്നികളായി നടക്കുന്നത്. കൂട്ടത്തിലെ വില്ലന്‍ ബിയോനുമായി നാല്‍വര്‍ സംഘം തെറ്റിപിരിയുകയും, അതിനെ തുടര്‍ന്ന് ബിയോണ്‍ ചില ഗുണ്ടകളെ കൊണ്ട് അവരെ തല്ലിപ്പികുകയും ചെയ്യുന്നു. അങ്ങനെ, നാലുപേരും വീട്ടുതടങ്ങളിലാകുന്നു.

അങ്ങനേയിരിക്കെ...ഒരിക്കല്‍, അരുണ്‍ ഓര്‍ക്കുട്ട് ചാറ്റിങ്ങിലൂടെ ക്രിസ്റ്റല്‍ എന്ന പെണ്‍കുട്ടിയെ പരിച്ചയപെടുന്നു. ചില പ്രത്യേക ലക്ഷ്യങ്ങള്‍ സാധിക്കുവാന്‍ വേണ്ടി ജെര്‍മനിയിലുള്ള ക്രിസ്റ്റല്‍ കേരളത്തിലേക്ക് വരുകയും നാല്‍വര്‍ സംഗവുമായി നല്ല സൌഹൃദത്തിലാകുകയും ചെയുന്നു. തലതെറിച്ച നാല്‍വര്‍ സംഗത്തിന്റെ സ്വഭാവം നന്നാക്കുക എന്ന ദൌത്യം ഏറ്റെടുക്കുന്ന ക്രിസ്റ്റല്‍ അവരുടെ സ്വഭാവത്തില്‍ നല്ലരീതിയിലുള്ള പല മാറ്റങ്ങളും വരുത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ നാല്‍വര്‍ സംഗത്തിന്റെ ശത്രു ബിയോണ്‍ കൊല്ലപെടുകയും ആ കൊലപാതക കുറ്റം അവരുടെ  തലയില്‍ വരുമെന്ന ഘട്ടത്തില്‍ നാലുപേരും ക്രിസ്റ്റലിന്റെ കൂടെ അവളുടെ നാട്ടിലേക്ക് പോകുന്നു. ചില ലക്ഷ്യങ്ങളുള്ള ക്രിസ്റ്റല്‍ പാലക്കാടുള്ള ഒരു പഴയ തറവാട് വീട്ടില്‍ അമ്മണിയമ്മ എന്ന മുത്തശ്ശിയെ തേടി പോകുന്നു. അവളുടെ കൂടെ അഭിയും, സൂരജും, അരുണും, റോമിയും ആ വീട്ടില്‍ എത്തുന്നു. എന്താണ് ക്രിസ്റ്റലിന്റെ ലക്‌ഷ്യം, എന്താണ് നാല്‍വര്‍ സംഗത്തിന് സംഭവിക്കുന്നത്‌ എന്നെല്ലാമാണ് ഈ സിനിമയുടെ പ്രധാന കഥയും സസ്പെന്‍സ്സും.

കഥ-തിരക്കഥ: ഗുഡ്
ഇന്നത്തെ തലമുറയിലുള്ള യുവാക്കള്‍ എങ്ങനയോക്കെ ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു, നാഗരികതയുടെ തിരക്കില്‍ സ്വന്തം കുട്ടികളെ സ്നേഹിക്കാന്‍ സമയമില്ലാത്ത മാതാപിതാക്കളുടെ ജീവിത രീതികള്‍, അച്ഛനമ്മമാര്‍ അറിയാതെ പോക്കുന്ന കുട്ടികളുടെ ഇഷ്ടങ്ങളും പ്രവര്‍ത്തികളും, ഗ്രാമീണതയുടെ നന്മയും ഗ്രാമത്തില്‍ വളരുന്ന കുട്ടികളുടെ നിഷ്കളംഗതയും എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയുന്ന ഒരു സിനിമ ഉണ്ടാക്കിയതില്‍ മനോജിനും വിനോദിനും എന്നും അഭിമാനിക്കാം. നവാഗത തിരക്കഥ രചയ്താക്കലാണെന്ന് തോന്നിപ്പിക്കാത്ത വിധത്തില്‍ എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുന്ന രീതിയില്‍ തിരക്കഥ രചിക്കാന്‍ മനോജും വിനോദും സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. നാഗരികതയുടെ ചെളിക്കുണ്ടില്‍ വളര്‍ന്ന ഇന്നത്തെ തലമുറയിലെ യുവാക്കള്‍, ഗ്രാമത്തിലെ നന്മയും സ്നേഹവും കണ്ടു പഠിക്കുന്നതും അത് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഈ സിനിമയിലൂടെ ചര്‍ച്ച ചെയ്യപെടുന്ന പ്രധാന വിഷയം. സിനിമയുടെ രണ്ടാം പകുതിയിലുള്ള ചില രംഗങ്ങള്‍ അതിമനോഹരമായി തന്നെ തിരക്കഥയില്‍ ഉള്ള്പെടുത്തിയിട്ടുണ്ട് മനോജും വിനോദും. അതിനുദാഹരണമാണ് മുത്തശ്ശിയുടെ സ്നേഹം തിരിച്ചറിയുന്ന രംഗങ്ങളും, കുട്ടികള്‍ തെറ്റ് തിരുത്തുന്ന രംഗങ്ങളും. അതുപോലെ തന്നെ, മാതാപിതാക്കളെ അന്വേഷിച്ചു നടക്കുന്ന നായിക അവസാനം അവരെ കണ്ടെത്തുന്ന രംഗങ്ങളും മലയാള സിനിമയില്‍ ഇന്നുവരെ കണ്ടിട്ടുള്ള മികച്ച രംഗങ്ങളുടെ പട്ടികയില്‍ പെടുത്താം.

സംവിധാനം: എബവ് ആവറേജ്
കുറെയേറ നല്ല സിനിമകള്‍ക്ക്‌ തിരക്കഥ എഴുതിയ ശേഷമാണ് ലോഹിതദാസ് സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ തീരുമാനിക്കുന്നത്. പക്ഷെ, ശിഷ്യരായ മനോജും വിനോദും ആദ്യ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുകയും സംവിധായകര്‍ ആകുകയും ചെയ്തിരിക്കുന്നു. കുറെ കാലത്തിനു ശേഷമാണ് എന്തെകിലും ഒരു സന്ദേശം അടങ്ങുന്ന കഥകളുള്ള സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെ ശക്തമായ ഒരു സന്ദേശം നല്‍ക്കുവാന്‍ സംവിധായകര്‍ക്ക് സാധിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയുടെ ജീവിത രീതികള്‍ കാണിക്കുന്ന രംഗങ്ങള്‍ കുറച്ചുകൂടി നല്ലതാക്കമായിരുന്നു എന്ന് തോന്നിപോയി. ആദ്യപകുതിയിലും അവസാന പകുതിയിലുമുള്ള 
ചിലരംഗങ്ങള്‍ ഒഴുവാക്കി, സിനിമയുടെ ദൈര്‍ഗ്യം കുറച്ചിരുന്നു എങ്കില്‍ ഇതിലും മികച്ചതാകുമായിരുന്നു ഈ സിനിമ..

സാങ്കേതികം: ഗുഡ്
സിനിമയുടെ സംവിധായകരെ പോലെ ഇതിനു വേണ്ടി സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവരും പുതുമുഖങ്ങളാണ്. നവാഗതനായ സ്വരൂപ്‌ ഫിലിപ്പ് ഒരുക്കിയ മനോഹരമായ ദ്രിശ്യങ്ങള്‍ കൃത്യമായി കൂട്ടിയോജിപ്പിച്ചത് മെന്റോസ് ആന്റണി എന്ന മറ്റൊരു പുതുമുഖമാണ്. ഇരുവരും മനോഹരമായി അവരവരുടെ ജോലി ചെയ്തിരിക്കുന്നു. കണ്ണിനു കാഴ്ച ശക്തിയില്ലാത്ത ലീല ഗിരീഷ്‌ കുട്ടനാണു ഈ സിനിമയ്ക്ക് വേണ്ടി പാട്ടുകള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത്. ആറു പാട്ടുകളുള്ള ഈ സിനിമയില്‍ വിജയ്‌ യേശുദാസ് പാടിയ "സായന്ന മേഘം പോലെ നീ..." എന്ന ഗാനം മികച്ചു നില്‍ക്കുന്നു. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ പുതുമുഖങ്ങള്‍ക്കും അവകാശപെട്ടതാണ് ഈ സിനിമയുടെ വിജയം. 

അഭിനയം: ഗുഡ്
സിനിമ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിചിരിക്കുന്നത്. ലാല് അലക്സിന്റെ മകന്‍ ബെന്നും, സായികുമാറിന്റെ മരുമകന്‍ അനുവും, സിബി മലയിലിന്റെ പുത്രന്‍ ജോയും, ഗോപാലകൃഷ്ണന്റെ പൌത്രന്‍ വിഷ്ണുവും, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുനും മികച്ച പ്രകടനം കാഴ്ച്ചവെചിരിക്കുകയാണ്. ഇവരോടൊപ്പം റീമ കല്ലിങ്ങലും, ശ്രീജിത്ത്‌ രവിയും, കവിയൂര്‍ പൊന്നമ്മയും മികച്ച അഭിനയം നടത്തിയിട്ടുണ്ട്. പുതുമുഖങ്ങളെ കൂടാതെ കവിയൂര്‍ പൊന്നമ്മ, റീമ കല്ലിങ്ങല്‍, ശ്രീജിത്ത്‌ രവി, മേനക,
ഹരിശ്രീ അശോകന്‍, സിദ്ദിക്ക്, വനിതാ, ശശി കലിംഗ, ദേവന്‍ എന്നിവരുമുണ്ട് ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമയില്‍.  
  
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മനോജ്‌, വിനോദ് എന്നിവരുടെ തിരക്കഥ രചനയും, സംവിധാനവും
2. പുതുമുഖ നായകന്മാരുടെ അഭിനയം
3. 
ലീല ഗിരീഷ് കുട്ടന്‍ എന്ന പുതുമുഖ സംഗീത സംവിധായകന്‍ ഒരുക്കിയ പാട്ടുകള്‍
4. ക്ലൈമാക്സ് രംഗങ്ങള്‍ 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ ആദ്യപകുതിയിലെ രണ്ടു മൂന്ന് രംഗങ്ങള്‍
2. സിനിമയുടെ ദൈര്‍ഗ്യം  


ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റിവ്യൂ: ഇന്നത്തെ യുവ തലമുറയ്ക്ക് ഇഷ്ടപെടാന്‍ സാധ്യതയുള്ള ഘടകങ്ങള്‍ ഉള്ളൊരു സിനിമ എന്നതിലുപരി, അവര്‍ എങ്ങനെയൊക്കെ ചിന്തിക്കണം, പ്രവര്‍ത്തിക്കണം എന്നൊരു സന്ദേശവും കൂടി നല്‍ക്കുന്ന ഓര്‍ക്കുട്ട്  ഒരു ഓര്‍മ്മക്കൂട്ട് എന്ന ഈ സിനിമ, കുടുംബങ്ങളെയും പ്രായമുള്ളവരെയും ചിരിപ്പികുകയും ചിന്തിപ്പിക്കുകയും ചെയ്യും.
  

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് റേറ്റിംഗ്: 6.70 / 10
കഥ-തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 
3.5 / 5 [ഗുഡ്]
ആകെ മൊത്തം: 20 / 30 [6.7 / 10] 
 

രചന, സംവിധാനം: മനോജ്‌-വിനോദ്
നിര്‍മ്മാണം: ജോണി സാഗരിക
ചായാഗ്രഹണം: സ്വരൂപ്‌ ഫിലിപ്പ്
ചിത്രസന്നിവേശം:മെന്റോസ് ആന്റണി
വരികള്‍:റഫീക്ക് അഹമ്മദ്‌, സന്തോഷ്‌ വര്‍മ, സുദീപ് ജോഷി, ശ്രീ പ്രസാദ്‌ 
സംഗീതം: ലീല ഗിരീഷ് കുട്ടന്‍