Pages

Monday, May 30, 2011

മോചിതയായി, ഇനി കാവ്യ നമുക്ക്‌ സ്വന്തം

സ്വന്തം ലേഖകന്‍

കാവ്യ നിഷാല്‍ എന്ന പേരില്‍ നിന്ന് കാവ്യ മാധവനിലേക്ക് തിരിച്ചുവന്ന മലയാളത്തിന്റെ പ്രിയ നായിക കാവ്യയ്ക്ക് ഇനി മനസില്‍ ലക്ഷ്യം സിനിമ മാത്രം. നിശാലിന്റെ ഭാര്യയെന്ന നിലയില്‍ രണ്ടരവര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിനും ആറുമാസം നീണ്ട നിയമനടപടികള്‍ക്കും ശേഷം കാവ്യാമാധവന് കോടതി ഇന്നലെ വിവാഹമോചനം അനുവദിച്ചു.

പ്ലസ് ടു പരീക്ഷ, വിവാഹമോചനക്കേസ് എന്നിവ മൂലം രണ്ടു മാസത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു കാവ്യ ഇനി ശക്തയായി മലയാള സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. എറണാകുളം കുടുംബകോടതിയാണു തിങ്കളാഴ്ച നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ വിവാഹ മോചനം അനുവദിച്ചത്. കഴിഞ്ഞ 25ന് കോടതി ഇരുവരെയും അവസാനവട്ട കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കി.

തുടര്‍ന്ന് നിഷാലും കാവ്യയും നേരത്തെ വിവാഹ മോചന ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. 28നു ഹര്‍ജി പരിഗണിച്ച കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു. ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം അസാധ്യമെന്നു കാണിച്ച് 2010 ഒക്ടോബറിലാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇതിന് മുമ്പ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് നിഷാലിനും കുടുംബത്തിനുമെതിരെ കാവ്യ പൊലീസ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.എന്നാല്‍ വിവാഹമോചനക്കേസിലെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി കാവ്യ പിന്നീട് ഈ കേസ് പിന്‍വലിച്ചു. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിനോടുവില്‍ കാവ്യ തന്റെ വീട്ടിലേയ്ക്ക് മടങ്ങിപ്പോരുകയായിരുന്നു. തുടര്‍ന്ന് പാപ്പി അപ്പച്ചയിലൂടെ സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തിയ കാവ്യ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുകയും ഗദ്ദാമയിലൂടെ 2010ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.

ഒരു പുരുഷനും കുടുംബത്തിനും ഇങ്ങനെയൊരു വിധി ഉണ്ടാകരുതെന്നായിരുന്നു കുടുംബ കോടതിയിലെത്തിയ നിഷാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രിയനന്ദനനന്‍ പ്രഖ്യാപിച്ച പുതിയ സിനിമയില്‍ നായിക കാവ്യയാണ്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന പ്രിയനന്ദനന്‍ ചിത്രത്തിലും കാവ്യ തന്നെയായിരുന്നു നായിക.

സമയം കടന്ന് എന്ന പേരില്‍ വൈശാഖന്‍ എഴുതിയ കഥയെ ആസ്പദമാക്കിയാണ് സിനിമ. തിരക്കഥ സി.വി. ബാലകൃഷ്ണന്റേതും.

Sunday, May 29, 2011

ഇനി ത്രീഡി ധൂം

സ്വന്തം ലേഖകന്‍

ബോളിവുഡിലെ റോബറി മൂവികളില്‍ സൂപ്പര്‍ ഹിറ്റുകളായ ധൂം, ധൂം2 സിനിമകളുടെ മൂന്നാം പാര്‍ട്ടായ ധൂം 3 ത്രീഡിയില്‍. ജെയിംസ് കാമറൂണിന്റെ അവതാര്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ഹോളിവുഡില്‍ ഇറങ്ങിയ മിക്ക ബിഗ് ഹൗസ് പ്രൊഡക്ഷന്‍ ചിത്രങ്ങളും 3ഡിയായിരുന്നു. ഹോളിവുഡിന്റെ അതേ പാത പിന്തുടരുന്ന ബോളിവുഡിലും 3ഡി തരംഗത്തോടുള്ള ഭ്രമം ആരംഭിച്ചിരിക്കുന്നതാണ് ഈ പുതിയ നീക്കത്തിന് പിന്നില്‍.

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ 'രാ വണ്‍' ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ട എല്ലാ വിഷ്വല്‍ ഇഫക്ടിസിനെയും കടത്തിവെട്ടുന്ന രീതിയിലാണ് ഒരുങ്ങുന്നത്. അതിനാല്‍ തന്നെ കാത്ത് കാത്തിരുന്ന് അമീര്‍ ഖാന്‍ വില്ലനായെത്തുന്ന ധൂം 3 ത്രിഡി ഫോര്‍മാറ്റില്‍ ചിത്രീകരിയ്ക്കാനാണ് നിര്‍മ്മാതാവായ ആദിത്യ ചോപ്രയുടെ പ്ലാന്‍. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഇതൊരു മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം കരുതുന്നു. 3ഡി ഇതിനോടകം തന്നെ ബോളിവുഡിനെ ആവേശിച്ചിട്ടുണ്ട്. വിക്രം ഭട്ടിന്റെ പുതിയചിത്രമായ ഹോണ്ടഡ് ഒരുക്കിയത് 3ഡി സാങ്കേതിക വിദ്യയില്‍.

ചിത്രം മികച്ച അഭിപ്രായവും വന്‍ കളക്ഷനും നേടുന്നു. കൂടുതല്‍ 3ഡി പരീക്ഷണങ്ങള്‍ക്ക് ബോളിവുഡിനെ പ്രേരിപ്പിയ്ക്കുന്നതും ഇതുതന്നെയാണ്. ധൂമിന്റെ മൂന്നാംഭാഗത്തില്‍ പ്രിയങ്ക ചോപ്ര നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധൂമിലെ കള്ളനും പൊലീസും കളിയില്‍ കള്ളന്റെ നായികയായി പ്രിയങ്ക എത്തുമെന്നാണ് സൂചന. അമീര്‍ വില്ലനാവുമ്പോള്‍ നായകന്‍മാരാവുന്നത് അഭിഷേകും ഉദയ് ചോപ്രയുമാണ്. ആക്ഷന്‍ റോളുകളില്‍ എപ്പോഴും തിളങ്ങുന്നതാണ് പ്രിയങ്കയെ തിരഞ്ഞെടുക്കാന്‍ നിര്‍മാതാക്കളായ യാഷ് രാജ് ഫിലിംസിനെ പ്രേരിപ്പിയ്ക്കുന്നത്.

അമീറിനൊപ്പം പ്രിയങ്ക ഒന്നിയ്ക്കുന്നത് ഒരു പുതുമയാവുമെന്ന കണക്കുക്കൂട്ടലും നിര്‍മാതാവ് ആദിത്യ ചോപ്രയ്ക്കുണ്ട്. ബോളിവുഡിലെ മറ്റു ഹോട്ട് ഗേള്‍സായ ദീപിക പദുകോണ്‍, കത്രീന കെയ്ഫ് എന്നിവരെയും ധൂം 3ലേക്ക് പരിഗണിയ്ക്കുന്നുണ്ടെങ്കിലും നറുക്ക് പ്രിയങ്കയ്ക്ക് തന്നെ വീഴുമെന്നാണ് കരുതപ്പെടുന്നത്. നേരത്തേ മാസങ്ങള്‍ക്ക് നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ധൂം 3യില്‍ വില്ലനായി അഭിനയിക്കാന്‍ അമീര്‍ സമ്മതം മൂളുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ ഫനായ്ക്ക് ശേഷം ഒരിയ്ക്കല്‍ കൂടി യാഷ് ചോപ്രയ്ക്കും ആദിത്യ ചോപ്രയ്ക്കും ഒപ്പം കൈകോര്‍ക്കുന്നത് സന്തോഷം പകരുന്ന കാര്യമായാണ് അമീര്‍ കണക്കാക്കുന്നത്.

പഴയ ധൂം ചിത്രങ്ങളില്‍ ജോണ്‍ എബ്രഹാമും ഋത്വിക്കും അവതരിപ്പിച്ച വില്ലനിസം നിറയുന്ന ഹീറോയുടെ റോളിലാണ് അമീര്‍ എത്തുന്നത്. ധൂം 3 സംവിധാനം ചെയ്യുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. ആദ്യ രണ്ട് ധൂം ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയ തഷാന്‍ എന്ന സിനിമയും സംവിധാനം ചെയ്തിരുന്നു. ഈ വര്‍ഷാവസാനം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ധൂം 3 2012 ക്രിസ്മസിന് തിയറ്ററുകളിലെത്തും.

Friday, May 27, 2011

വരുന്നു പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം

സ്വന്തം ലേഖകന്‍

ദിലീപ് എന്ന സിനിമാ താരത്തെ ജനപ്രിയ താരവും സൂപ്പര്‍ സ്റ്റാറുമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു സിനിമ. കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ് എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച കോമഡി രംഗങ്ങള്‍. മികച്ച പാട്ടുകള്‍ നിറഞ്ഞ സിനിമ. പഞ്ചാബി ഹൗസ് എന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിന് വിശേഷണങ്ങള്‍ നിരവധി. ദിലീപിന്റെ മെഗാഹിറ്റ് സിനിമകളുടെ പട്ടികയില്‍ ആദ്യം വരുന്ന പേരാണ് പഞ്ചാബി ഹൗസ്.

പ്രേക്ഷകരെ ചിരിപ്പിച്ച് വശംകെടുത്താന്‍ ഇതേ പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം വരുന്നു. നവാഗതനായ സജിത് രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്നു. റാഫി മെക്കാര്‍ട്ടിനാണ് തിരക്കഥയെഴുതുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്‌സ് എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം വൈശാഖ് മൂവീസ് നിര്‍മ്മിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൌസ് 2. ആദ്യ ഭാഗത്തിന്റെ സംവിധായകരായ റാഫി - മെക്കാര്‍ട്ടിന്‍ ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി രണ്ടു കഥകളാണ് ദിലീപിനോട് പറഞ്ഞത്. അതിലൊന്ന് ദിലീപ് നിശ്ചയിക്കുകയായിരുന്നു.

1998 സെപ്റ്റംബര്‍ നാലിന് റിലീസായ പഞ്ചാബി ഹൗസ് മലയാളത്തിലെ ചിരിച്ചിത്രങ്ങളുടെ രാജാവാണ്. സിനിമ വന്‍ ഹിറ്റായതോടെ ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയും ചെയ്തു. മലയാള സിനിമയും കടന്ന് ബോളിവുഡിലെത്തി ഹിറ്റ് സംവിധായകനെന്ന് പേര് സ്വന്തമാക്കിയ പ്രിയദര്‍ശനായിരുന്നു റീമേക്ക് സംവിധാനം ചെയ്തത്. ദിലീപിന്റെ നായക കഥാപാത്രം ഹിന്ദിയില്‍ കൈകാര്യം ചെയ്തത് ഷാഹിദ് കപൂര്‍. മോഹിനിയുടെ നായികാ കഥാപാത്രം കരീന കപൂറും ഭംഗിയാക്കി.

ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നീ സിനിമകള്‍ക്ക് ശേഷം 1998ല്‍ സംഭവിച്ച മൂന്നാമത്തെ മെഗാഹിറ്റായിരുന്നു പഞ്ചാബി ഹൗസ്. 200 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് പത്തുകോടിയിലേറെയാണ് ഗ്രോസ് കളക്ഷന്‍ ലഭിച്ചത്. എന്തായാലും പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ കൊച്ചിന്‍ ഹനീഫയുടെ അസാന്നിധ്യം പ്രേക്ഷകരെ വേദനിപ്പിക്കുക തന്നെ ചെയ്യും.

പഞ്ചാബി ഹൗസ് രണ്ടാം ഭാഗത്തിന് ശേഷം ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗത്തിനും വൈശാഖ് മൂവീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കില്ലെന്നാണ് സൂചന.

Thursday, May 26, 2011

വിദഗ്ധ ചികിത്സയ്ക്കായി രജനി സിംഗപ്പൂരിലേക്ക്

സ്വന്തം ലേഖകന്‍

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് സിംഗപ്പൂരിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നായിരിക്കും രജനീകാന്തിനെ സിംഗപ്പൂരിലേക്ക് കൊണ്ടുപോവുക. ശിവാജി റാവു എന്ന പാസ്‌പോര്‍ട്ട് പേരില്‍ ഒരു വീല്‍ച്ചെയര്‍ പാസഞ്ചറായിട്ടായിരിക്കും രജനീകാന്ത് യാത്ര ചെയ്യുക എന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

രജനിയുടെ ആംബുലന്‍സ് വിമാനത്താവളത്തിലെ ടാര്‍മാര്‍ക്ക് വരെ എത്തിക്കാനുള്ള അനുമതി വാങ്ങാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രജനീകാന്തിനൊപ്പം ഭാര്യ ലതയും മകള്‍ ഐശ്വര്യയും സിംഗപ്പൂരിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ കഴിഞ്ഞ ദിവസം രാത്രി രജനിയെ പരിശോധിക്കുന്ന ഡോക്ടര്‍മാരുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മെയ് 13 ന് ആണ് അറുപത്തൊന്നുകാരനായ രജനിയെ പോരൂരിലുള്ള ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.

അതിന് മുന്‍പ് ന്യുമോണിയ ബാധിച്ച് ഒരാഴ്ചയോളം ആശുപത്രിയിലായിരുന്നു രജനീകാന്ത്. അദ്ദേഹത്തിന്റെ നെഞ്ചില്‍ കെട്ടിക്കിടന്ന് 'ഫ്‌ലൂയിഡ്' ശ്രീരാമചന്ദ്ര ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്യുകയും കൂടുതല്‍ പരിചരണത്തിനായി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇതിനിടെ, അദ്ദേഹത്തിന്റെ വൃക്കകള്‍ തകരാറിലായി എന്നും പലതവണ ഡയാലിസിസിന് വിധേയനായി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ സ്വകാര്യ വാര്‍ഡിലേക്ക് മാറ്റിയിരിക്കുന്ന താരത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ല എന്നും അദ്ദേഹം കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ ഇരിക്കുന്നു എന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്തതിനാലാണ് രജനി യാത്ര തയാറാകുന്നതെന്നാണ് സൂചന. രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത വന്നയുടന്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ആരാധകരാണ് പ്രാര്‍ഥനയും വഴിപാടുമായി കഴിയുന്നത്.

ഇതിനിടെ രജനിയുടെ മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവും സൂപ്പര്‍ താരവുമായ ധനുഷ് ട്വിറ്ററില്‍ രജനിയുടെ ചിത്രം പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ശ്രീരാമചന്ദ്ര ഹോസ്പിറ്റലില്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന രജനിയുടെ ചിത്രമാണെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ചിത്രം ന്യുമോണിയ ബാധിച്ചപ്പോള്‍ പ്രവേശിക്കപ്പെട്ട ഹോസ്പിറ്റലില്‍ വച്ചെടുത്തതാണെന്ന് തെളിഞ്ഞിരുന്നു. ധനുഷ് തനിക്ക് തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു.

റാണ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയായിരുന്നു രജനിയുടെ ആശുപത്രി പ്രവേശം. ഇതോടെ ദീപിക പദുക്കോണ്‍ നായികയാകുന്ന ഈ സിനിമയുടെ ഷൂട്ടിങ് വൈകിയേക്കുമെന്നാണ് സൂചന. രജനി ഉള്‍പ്പെടാത്ത സീനുകള്‍ ഷൂട്ട് ചെയ്യാനും പദ്ധതിയുണ്ടെന്ന് അറിവ്.

അവാര്‍ഡ് വിവാദത്തിന് പിന്നിലെന്ത്?

Mammootty and Salim
പ്രാഞ്ചിയേട്ടനെ അവതരിപ്പിച്ച മമ്മൂട്ടിയാണോ ആദാമിന്റെ മകന്‍ അബുവിനെ അവതരിപ്പിച്ച സലീം കുമാറാണോ മുന്നില്‍ നില്‍ക്കുന്നത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് വിവാദം ഇതാണ്.

പ്രാഞ്ചിയേട്ടന്റെ സംവിധായകന്‍ രഞ്ജിത്താണ് ഇക്കാര്യത്തില്‍ ആദ്യവെടി പൊട്ടിച്ചത്. ഏത് അളവുകോല്‍ വെച്ചു നോക്കിയാലും മമ്മൂട്ടി തന്നെയാണ് മുന്നിലെന്ന് രഞ്ജിത്ത് പറയുന്നു. ജൂറി കമ്മിറ്റി മാത്രം കണ്ട അബുവിന്റെ അഭിനയം രഞ്ജിത്ത് എങ്ങനെ വിലയിരുത്തിയെന്ന സംശയം അപ്പോഴും ബാക്കിയാവുകയാണ്.

എന്തായാലും രഞ്ജിത്തിന് ചുട്ടമറുപടി തന്നെ സലീം കുമാര്‍ നല്‍കി. ജൂറിയില്‍ വിശ്വാസമില്ലായിരുന്നെങ്കില്‍ രഞ്ജിത്ത് സിനിമ പിന്‍വലിയ്ക്കണമായിരുന്നുവെന്നും എപ്പോഴും അവാര്‍ഡ് കിട്ടണമെന്ന് വാശിപാടില്ലെന്നുമായിരുന്നു സലീമിന്റെ കമന്റ്. മികച്ച നടനെക്കുറിച്ചുള്ള മുന്‍വിധികളാണ് ഇതിലൂടെ ഇല്ലാതായത്. മിമിക്രിക്കാര്‍ കോപ്രായക്കാരല്ലെന്ന് ഇതിലൂടെ തെളിഞ്ഞിരിയ്ക്കുന്നു. ഒരുപടി കടന്ന് ജൂറി അംഗം ജെപി ദത്ത എടുക്കുന്നത് പോലൊരു ഷോട്ട് എടുക്കാന്‍ രഞ്ജിത്തിന് കഴിയുമോയെന്ന് വരെ സലീം വെല്ലുവിളിച്ചു.

അവാര്‍ഡ് കിട്ടാത്തതും കിട്ടിയതുമൊന്നുമല്ല ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും ചലച്ചിത്രരംഗത്ത് സംസാരമുണ്ട്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം കോമഡി കോമ്പിനേഷന്‍ ചെയ്യുന്ന താരങ്ങള്‍ തമ്മില്‍ ഒരു വേര്‍തിരിവുണ്ടായിട്ടുണ്ടത്രേ. കോമ്പിനേഷന്‍ ശരിയാവാത്ത താരങ്ങള്‍ ഇപ്പോള്‍ ഇരുചേരികളിലായി നില്‍ക്കുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം മിക്ക സിനിമകളിലും ക്ലിക്കായ താരത്തിന്റെ വരവോടെ കോമഡിരംഗത്ത് ചിലരുടെ ഡിമാന്റ് ഇടിഞ്ഞിരുന്നു. ഇതോടെ ചിലര്‍ ലാല്‍ ക്യാമ്പിലേക്ക് നീങ്ങി. താരങ്ങള്‍ ആരൊക്കെയാണെന്ന് ആര്‍ക്കും ഊഹിയ്ക്കാവുന്നതേയുള്ളൂ. ഇപ്പോഴത്തെ വിവാദത്തിന്റെ ചൂട് കൂട്ടാന്‍ ഇതും കാരണമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

എന്തായാലും ആദാമിന്റെ മകന്‍ അബു വിതരണത്തിനെടുക്കാന്‍ മമ്മൂട്ടിയുടെ പ്ലേഹൗസ് ശ്രമിയ്ക്കുന്നത് ശുഭകരമായൊരു വാര്‍ത്ത തന്നെയാണ്. വിവാദം അലിയിച്ചുകളയാന്‍ ഒരുപക്ഷേ ഇതിന് കഴിഞ്ഞേക്കും.

ലാലേട്ടന്റെ താമസം ഇനി ബുര്‍ജ് ഖലീഫയില്‍

Lal buys apartment in Burj Khalifa
Ads by Google
Dedicated Server in India 
Dedicated Hosting Servers in India @ 99.95% Uptime SLA. Check Offers! Ctrls.in/Dedicated-Hosting-Servers
Ads by Google
Burj Al Arab Dubai  www.TripAdvisor.in
Trusted hotels, great deals & real reviews. Get the truth. Then go.
മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ കൂടുതല്‍ ഉയരങ്ങളിലേക്ക്. ലാലേട്ടന്റെ ദുബയ് വിലാസത്തിനൊപ്പം ഇനി ബുര്‍ജ് ഖലീഫയെന്ന് കൂടി കേള്‍ക്കുമ്പോള്‍ ആരുമൊന്ന് ഞെട്ടും. അതേ ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തില്‍ സൂപ്പര്‍താരം ഒരു ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുന്നു. ദുബയിലെത്തുമ്പോള്‍ ലാലിന്റെ താമസം ഈ ഫ്ളാറ്റിലായിരിക്കും.

ഡൗണ്‍ടൗണ്‍ ദുബയില്‍ അംബരചുംബിയായി നില്‍ക്കുന്ന ബുര്‍ജ് ഖലീഫയുടെ ഇരുപത്തിയൊമ്പതാം നിലയിലാണ് ലാലിന്റെ ഫ്ളാറ്റ്. ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള രേഖകള്‍ ലാലിന് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ലാല്‍ ഇപ്പോള്‍ ദുബയിലാണ്. ഇതിനിടെയാണ് ആരെയും മോഹിപ്പിയ്ക്കുന്ന ഡീല്‍ ലാല്‍ നടത്തിയത്. 160ലേറെ നിലകളുമായി ദുബയ് നഗരത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കെട്ടിട ഭീമനില്‍ ഒരു മുറി സ്വന്തമാക്കാന്‍ ലാല്‍ ചില്ലറയൊന്നുമല്ല പണം വാരിയെറിഞ്ഞത്. അംബരചുംബിയിലെ താഴത്തെ നിലയിലെ ഒരു സിംഗിള്‍ ബെഡ് റൂം ഫ്ളാറ്റിന്റെ വില 27.5 ലക്ഷം ദിര്‍ഹ(മൂന്നേകാല്‍ കോടിയിലേറെ രൂപ)മാണ്. ലാല്‍ ഉയരങ്ങളിലേക്ക് തന്നെയാണ് കുതിയ്ക്കുന്നത് സംശയമില്ല.

സ്റ്റോക്ക്‌ ഓണ്‍ ട്രന്റിലും ലണ്ടനിലും സൂപ്പര്‍ ഹിറ്റ് സീനിയേഴ്‌സ് ഈ വീക്കെന്റില്‍സീനിയേഴ്‌സ് ബ്രിട്ടണിലെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആവേശമായി മാറുന്നു. നാട്ടില്‍ സൂപ്പര്‍ ഹിറ്റ് എന്ന നിലയിലേയ്ക്ക് ജനപ്രീതി നേടി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സീനിയേഴ്‌സ് ബ്രിട്ടണിലും ഈ ആഴ്‌ച്ച സ്റ്റോക്ക് ഓണ്‍ ട്രന്റിലും ലണ്ടനിലും പ്രദര്‍ശിപ്പിക്കുന്നു. നാട്ടില്‍ റിലീസ് ചെയ്ത ദിവസം തന്നെ ബ്രിട്ടണിലും റിലീസ് ചെയ്ത ആദ്യ സിനിമയാണ് സീനിയേഴ്‌സ്. സീനിയേഴ്‌സ് ബ്രിട്ടണില്‍ പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ തിയേറ്ററുകളിലും കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നതാണെന്ന് ബ്രിട്ടണില്‍ സീനിയേഴ്‌സ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്ന പി.ജെ എന്റര്‍ടെയ്‌ന്മെന്റ്‌സ് അറിയിച്ചു.‍ പൂര്‍വ വിദ്യാര്‍ത്ഥികളായ അവര്‍ വീണ്ടും മഹാ‍രാജാസ് ക്യാമ്പസ്സിലെത്തുന്നു. ഒരിക്കല്‍ കൂടി അവര്‍ അവിടെ പി ജി വിദ്യാര്‍ഥികളാകും. പഴയ സഹപാഠി ലക്ചററായി അവിടെയുള്ളതൊന്നും അവര്‍ക്ക് പ്രശ്നമല്ല. ക്ലാസ്സില്‍ അനുസരണയുള്ള വിദ്യാര്‍ഥികളാകാന്‍ മാത്രം കിട്ടില്ലെന്ന് മാത്രം. അല്‍പ്പം തല്ലുകൊള്ളിത്തരം ഉണ്ടെന്ന് ചുരുക്കം. പോക്കിരിരാജയുടെ വന്‍ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന സീനിയേഴ്സിനെ നായകരാണ് അവര്‍.

ലണ്ടന്‍ ഈസ്റ്റ് ഹാം, സ്റ്റോക്ക് ഓണ്‍ ട്രന്റ് എന്നിവിടങ്ങളിലാണ് ഈ വീക്കെന്റില്‍ സീനിയേഴ്‌സ് പ്രദര്‍ശിപ്പിക്കുന്നത്. നോര്‍വിച്ച്, ഫെല്‍ത്താം, ഗ്ലാസ്ക്കോ, ന്യൂകാസില്‍, ഇപ്‌സ്വിച്ച്, പോര്‍ട്ട്‌സ്മൗത്ത്, ചാത്‌ഹം (കെന്റ്), നോട്ടിങ്‌ഹാം, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ വരുന്ന ആഴ്‌ച്ചകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശന സ്ഥലങ്ങളും സമയവും സംബന്ധിച്ച വിശദമായ വിരങ്ങള്‍ ഈ വാര്‍ത്തയ്ക്ക് താഴെ നല്‍കിയിട്ടുണ്ട്.പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരാണ് വീണ്ടും കോളേജില്‍ ചേരുന്നത്. പഠനത്തിന് ശേഷം പല ജോലികള്‍ കണ്ടെതി ജീവിതം നയിക്കുകയായിരുന്ന ഇവര്‍ വീണ്ടും ക്യാമ്പസ്സിലെത്തുമ്പോഴുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. കോളേജില്‍ ഇവര്‍ക്കൊപ്പം അടിച്ചുപൊളിക്കാന്‍ ജെനി എന്ന പെണ്‍കുട്ടിയും ചേരുന്നു. പണ്ട് ഇവര്‍ക്കൊപ്പം ഇതേ കോളജില്‍ പഠിച്ച ഇന്ദുലേഖ ഇപ്പോള്‍ അവിടെ അധ്യാപികയാണെന്നതും കൌതുകം പകരും. പത്മനാഭന്‍, ഫിലിപ്പ്‌ ഇടിക്കുള, റഷീദ്‌ മുന്ന, റെക്‌സ്‌ മാനുവല്‍ എന്നിവരെ യഥാക്രമം ജയറാം, ബിജുമേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ജെനിയെ അനന്യയും ഇന്ദുലേഖയെ പത്മപ്രിയയും അവതരിപ്പിക്കും. ഇവര്‍ക്ക് പുറമെ സിദ്ധിഖ്‌, വിജയരാഘവന്‍, ജഗതി, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ശ്രീജിത്‌ രവി, മധുപാല്‍, ലാലു അലക്‌സ്‌, നാരായണന്‍കുട്ടി, ഡോക്‌ടര്‍ റോണി, ജ്യോതിര്‍മയി, രാധാവര്‍മ, ഹിമ, ലക്ഷ്‌മിപ്രിയ എന്നിവരും ചിത്രത്തില്‍ ഉണ്ട്.ഇവര്‍ക്കൊപ്പം ബ്രിട്ടണിലെ മലയാളികളില്‍ നിന്നും ഒരാള്‍ കൂടി അഭിനേതാക്കള്‍ക്കിടയില്‍ ഉണ്ടെന്നതാണ് പ്രധാനമായൊരു കാര്യം. എസക്സ് റോംഫോഡില്‍ താമസിക്കുന്ന പിറവം സ്വദേശി റെജി വാട്ടമ്പാറയിലാണ് സീനിയേഴ്‌സിലൂടെ സിനിമയിലെത്തുന്ന ബ്രിട്ടണില്‍ നിന്നുള്ള മലയാളി തരം. ഈ സിനിമയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന്‌ ഇപ്പോള്‍ ബ്രിട്ടണിലുള്ള റെജി ഡെയ്‌ലി മലയാളത്തോട് പറഞ്ഞു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന രണ്ട് ചിത്രങ്ങളില്‍ കൂടി അഭിനയിക്കുന്നതിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും റെജി പറഞ്ഞു. കഴിഞ്ഞ ആഴ്‌ച്ച സിനിമ കണ്ട നിരവധി ആളുകള്‍ തന്നെ വിളിച്ച് അഭിനന്ദിച്ചതായും റെജി പറഞ്ഞു.

‍ വാണിജ്യസിനിമയുടെ എല്ലാ ചേരുവകളും ഉപയോഗിച്ചാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം രഹസ്യയുടെ ഐറ്റം ഡാന്‍സ് യുവപ്രേക്ഷകര്‍ക്ക് ഹരം‌പകരും. സച്ചി-സേതു തിരക്കഥ ഒരുക്കിയ ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖാ ഫിലിംസിന്റെ ബാനറില്‍ പി രാജനാണ്. അനില്‍ പനച്ചൂരാന്‍, വയലാര്‍ ശരത്‌ചന്ദ്രവര്‍മ, സന്തോഷ്‌ വര്‍മ എന്നിവര്‍ ഓരോ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അല്‍ഫോന്‍സ്‌, ജാസിഗിഫ്‌റ്റ്‌, അലക്‌സ്‌ പോള്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷാജിയാണ്‌ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Wednesday, May 25, 2011

രതിനിര്‍വേദം എത്തുന്നു, ജൂണ്‍ മൂന്നിന്

സ്വന്തം ലേഖകന്‍

രതിച്ചേച്ചിയുടെയും പപ്പുവിന്റെയും പ്രണയ കഥ പറയുന്ന രതിനിര്‍വേദമെന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ പുതുഭാഷ്യത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ജൂണ്‍ മൂന്നിന് അവസാനമാകും. ജയഭാരതിയും കൃഷ്ണ ചന്ദ്രനും അവതരിപ്പിച്ച രതിചേച്ചിയെയും പപ്പുവിനെയും ശ്വേതാ മേനോനും ശ്രീജിത്തും എങ്ങനെ കൈകാര്യം ചെയ്തിരിക്കുന്നു എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഇനി അധിക ദിവസമില്ല.

യുവമനസ്സുകളെ കോരിത്തരിപ്പിച്ച ജയഭാരതിയുടെ അംഗലാവണ്യം ഉള്ളില്‍ കണ്ടു കൊണ്ട് പഴയ നൊസ്റ്റാള്‍ജിക്ക് തലമുറയും തീയേറ്ററില്‍ കയറുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് ഒരു മലയാള ചിത്രത്തിന്റെയും കാര്യത്തില്‍ ഉണ്ടാകാത്തത്ര താല്പര്യമാണ് ഈ കൊച്ചു ചിത്രത്തിന്റെ പേരില്‍ ആരാധകര്‍ക്കും സിനിമാ ലോകത്തിനു പൊതുവെയും ഉണ്ടായിരുന്നത്. അതിനുകാരണം ചിത്രം രതിനിര്‍വേദം ആണെന്നത് തന്നെ. യുവത്വത്തിന്റെ ഉറക്കം കെടുത്തി 1978ല്‍ പുറത്തിറങ്ങിയ 'രതിനിര്‍വേദം' ഇന്നും പ്രേക്ഷകര്‍ ആവേശത്തോടെയാണ് കാണുന്നത്.അതുതന്നെയാണ് ചിത്രത്തിന്റെ റീമേക്കിന് വന്‍ പ്രാധാന്യം നല്‍കുന്നതും. ഭരതന്‍ തയ്യാറാക്കിയ രതിനിര്‍വ്വേദത്തിന് പുതിയ മുഖം നല്‍കുന്നത് ടി.കെ രാജീവ് കുമാറാണ്. മുന്‍ കാല ചിത്രമായ നീലത്താമര വീണ്ടുമെത്തിച്ച സുരേഷ്‌കുമാര്‍ തന്നെയാണ് രതിനിര്‍വേദവും നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 8നാണ് രതിനിര്‍വേദത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

ഏപ്രില്‍ 28ന് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മാവേലിക്കരയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. സംഗീതം എം. ജയചന്ദ്രന്റേത്. ജയചന്ദ്രന്റെ നൂറാമത് ചിത്രമായ ഇതില്‍ ശ്രേയ ഗോസ്വാല്‍ രണ്ടു പാട്ടുകള്‍ പാടുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റാണ്. രമ്യാ മൂവീസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.ലൈംഗികതയെ മനോഹരമായി ആവിഷ്‌കരിച്ച ചിത്രങ്ങളിലൊന്നായാണ് ഭരതന്‍- പത്മരാജന്‍ കൂട്ടുകെട്ടില്‍ പിറവികൊണ്ട പഴയ രതിനിര്‍വേദത്തെ കണക്കാക്കുന്നത്. പത്മരാജന്റെ 'രതിനിര്‍വേദം' എന്ന നോവലാണ് സിനിമയായത്. ഒരു തലമുറയുടെയാകെ ആവേശമായി മാറിയ ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ചുള്ള ആലോചനകള്‍ കഴിഞ്ഞ വര്‍ഷം ആദ്യം തുടങ്ങിയതാണ്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ചിത്രം തുടങ്ങാന്‍ വൈകുകയായിരുന്നു. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ്‍ ജയഭാരതി അനശ്വരമാക്കിയ രതിചേച്ചിയുടെ റോളില്‍ ശ്വേത മേനോനെ തീരുമാനിച്ചത്. ആ റോളിന് ഇന്ന് മലയാള സിനിമയിലുള്ള നായികമാരില്‍ ഏറെ യോജിക്കുക ശ്വേതയാണെന്ന് പ്രേക്ഷകര്‍  തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് അംഗീകാരം പ്രകടിപ്പിച്ചു.

എന്നാല്‍ പപ്പുവിന് വേണ്ടിയുള്ള അന്വേഷണം പിന്നെയും നീണ്ടു. ആദ്യം നിശ്ചയിച്ച പുതുമുഖ നായകന്‍ ഇമേജ് ഭയം മൂലം പിന്‍മാറിയത് ചിത്രത്തെ വീണ്ടും വൈകിപ്പിച്ചു. ഒടുവില്‍ ഫാസിലിന്റെ പുതിയ കണ്ടെത്തലായ, ലിവിങ് ടുഗെദര്‍ എന്ന പുതിയ ചിത്രത്തിലെ ഉപനായകന്‍ ശ്രീജിത്തിലൂടെയാണ് പപ്പു വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. പതിനേഴുകാരനായിരുന്ന കൃഷ്ണചന്ദ്രന്‍ മനോഹരമായി അവതരിപ്പിച്ച കഥാപാത്രമാണ് പപ്പു. രതിച്ചേച്ചിയെ ഗാഢമായി പ്രണയിക്കുന്ന കഥാപാത്രം.കൃഷ്ണചന്ദ്രന്റേതുപോലെ നിഷ്‌കളങ്കത സ്ഫുരിക്കുന്ന മുഖമുള്ള എന്നാല്‍ കൗമാര ക്കാരന്റെ വികാരവിവശതകള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള യുവതാരത്തെയാണ് അന്വേഷിച്ചിരുന്നത്. ജയഭാരതി രതിനിര്‍വേദത്തിനായി ക്യാമറയ്ക്കു മുന്നില്‍ അണിഞ്ഞതെല്ലാം സ്വര്‍ണ്ണത്തിന്റെയും ഡയമണ്ടിന്റെയും സ്വന്തം ആഭരണങ്ങളായിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ, അണിവയറില്‍ സ്വര്‍ണ അരഞ്ഞാണവുമണിഞ്ഞ് മലര്‍ന്നു കിടക്കുന്ന ജയഭാരതിയുടെ പോസ്റ്റര്‍ അതിന്റെ സെക്‌സി അപ്പീല്‍ കാരണം അന്ന് വിവാദമായിരുന്നു.

റീമേക്കില്‍ ശ്വേതയുടെ രതിച്ചേച്ചിയ്ക്ക് ധരിക്കാന്‍ ഭീമാ ജ്വല്ലേഴ്‌സ് നല്‍കുന്നത് 25 പവന്റെ അരഞ്ഞാണമാണ്. ചിത്രത്തില്‍ രതിച്ചേച്ചിയുടെ അരഞ്ഞാണത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞു തന്നെയാണ് ഭീമ അത് നല്‍കാന്‍ മുന്നോട്ടുവന്നത്. ഭരതന്റെ സഹധര്‍മ്മിണിയും പ്രശസ്ത നടിയുമായ കെപിഎസി ലളിത രതിനിര്‍വേദത്തിന്റെ രണ്ടാം പതിപ്പിലും അഭിനയിക്കുന്നുണ്ട്. അവര്‍ മാത്രമാണ് രണ്ട് സിനിമകളിലും ഉള്ള ഒരേയൊരു താരവും. ശോഭാ മോഹന്‍, മായാ വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്. മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍.

Monday, May 9, 2011

അസിനെ വെല്ലുവിളിച്ച് നയന്‍സ് ബോളിവുഡിലേക്ക്


നയന്‍താരയെന്ന മലയാളിപ്പെണ്‍കൊടി തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണിയായി ഉയര്‍ന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്ന വാര്‍ത്തയാണ് നയന്‍സിന്റെ ബോളിവുഡ് പ്രവേശം. മലയാളികളുടെയെല്ലാം ആവേശമായി അസിന്‍ ഹിന്ദി സിനിമാ ലോകത്ത് അമീര്‍ ഖാന്റെ നായികയായി അരങ്ങേറിയപ്പോഴും നയന്‍സിന്റെ ഹിന്ദിയിലെ അരങ്ങേറ്റത്തിനായി കാത്തിരുന്നു ആരാധകര്‍. ഒടുവില്‍ ഈ കാത്തിരിപ്പിന് അന്ത്യമാകുന്നു.

നയന്‍താര ബോളിവുഡിലേക്ക് ചേക്കേറുന്നുവെന്ന് റിപ്പോര്‍ട്ട്. നായകന്‍ മറ്റാരുമല്ല മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. നയന്‍സിന്റെ ഭാവി വരന്‍ പ്രഭുദേവയാണ് ഇങ്ങനെയാരു അവസരം താരത്തിന് ഒരുക്കി നല്‍കിയിരിക്കുന്നത്. വിജയ്-പ്രഭുദേവ ടീമിന്റെ 'പോക്കിരിയുടെ ഹിന്ദി റീമേക്കായ 'വാണ്ടഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് നയന്‍സ് സല്‍മാനുമൊത്ത് അഭിനയിക്കുന്നത്.

'മോസ്റ്റ് വാണ്ടഡ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് പ്രഭുദേവ തന്നെയാണ്. നയന്‍സിനെ നായികയാക്കണമെന്ന് പ്രഭുദേവ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. ബോണി എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് അറിയുന്നത്. പ്രഭുദേവ ഈ ചിത്രത്തിന്റെ തിരക്കഥ രചന തുടങ്ങിക്കഴിഞ്ഞുവെന്നാണ് വാര്‍ത്ത. ഈ വര്‍ഷം അവസാനത്തോടെ തന്നെ ചിത്രം ഒരുക്കാനാണ് തീരുമാനം.

അതേസമയം ജൂണില്‍ പ്രഭുദേവയ്ക്ക് വിവാഹമോചനം ലഭിക്കുമെന്നും നയന്‍സുമായുള്ള വിവാഹം പിന്നാലെ ഉണ്ടാകുമെന്നും അറിയുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് നയന്‍സ് പ്രഖ്യാപിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷാവസാനം മോസ്റ്റ് വാണ്ടഡില്‍ നയന്‍താര അഭിനയിക്കുന്നതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമം ആകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

പോക്കിരിയില്‍ അസിന്‍ ചെയ്ത നായികാ വേഷം ഹിന്ദിയില്‍ നയന്‍സിന് നല്‍കണമെന്ന് പ്രഭുദേവ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നീക്കം ഫലപ്രദമായില്ല. ഒടുവില്‍ അയിഷാ ടാക്കിയ നായികയായി. സല്‍മാന്റെ കരിയറിലെ ഹിറ്റായി മാറിയ വാണ്ടഡിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ സല്ലും ആവശ്യപ്പെട്ടപ്പോള്‍ തന്റെ പ്രണയിനിക്ക് ബോളിവുഡ് അരങ്ങേറ്റത്തിന് വഴിയൊരുക്കുകയായിരുന്നു പ്രഭുദേവ.

അസിനുമൊത്തുള്ള 'റെഡി എന്ന ചിത്രമാണ് സല്‍മാന്റേതായി ബോക്‌സ് ഓഫിസിലെത്തുന്ന പുതിയ ചിത്രം എന്നത് രസകരമായ വസ്തുത. സല്‍മാന്‍ നായകനാകുന്ന സിദ്ദിഖിന്റെ 'ബോഡിഗാഡിന്റെ ഹിന്ദി പതിപ്പ് ഡിസംബറില്‍ റിലീസ് ചെയ്യും. ഇതിന്റെ മലയാളം പതിപ്പില്‍ നയന്‍താരയും തമിഴ്പതിപ്പില്‍ അസിനുമായിരുന്നു നായികാ വേഷം കൈകാര്യം ചെയ്തിരുന്നത്. ഹിന്ദി ബോഡിഗാര്‍ഡില്‍ സല്‍മാന്റെ നായിക കരീന കപൂര്‍.

Sunday, May 8, 2011

രണ്ടാമൂഴം: മോഹന്‍ലാല്‍ ഭീമന്‍‍, നിര്‍മ്മാണം ആശീര്‍വാദ്


“മഹാപ്രസ്ഥാനം ആരംഭിച്ചുകഴിഞ്ഞു. അവസാനം സ്തംഭം പൂര്‍ണമായും കടലില്‍ താണപ്പോള്‍ ഭീമന്‍ വെറും കൌതുകംകൊണ്ടു വിടര്‍ന്ന മന്ദഹാസമൊതുക്കി, യുധിഷ്ഠിരനെ നോക്കി. അദ്ദേഹം കണ്ണടച്ച് ശിരസ്സു കുനിച്ച് നില്‍ക്കുകയായിരുന്നു. ജ്യേഷ്ഠന്‍റെ പിന്നിലായി തലകുനിച്ചു നില്‍ക്കുന്ന ദ്രൌപദിയോടു പറയാന്‍ ഒരു കാര്യം ഓര്‍മ്മിച്ചിരുന്നു. കടല്‍ക്കരയില്‍ ചിതറിക്കിടക്കുന്ന നഗരാവശിഷ്ടങ്ങള്‍ക്കിടയില്‍, മണലില്‍ പൂഴ്ന്ന ഒറ്റത്തേരിനും തകര്‍ന്ന ഒരു സിംഹസ്തംഭത്തിനുമിടയ്ക്ക്, ഗതിമുട്ടിക്കിടന്ന ഒരു നീര്‍ച്ചാലില്‍, വാടിയ പൂമാലകള്‍!”രണ്ടാമൂഴം. മലയാളസാഹിത്യത്തിലെ ഉജ്ജ്വല ഇതിഹാസം. എം ടി വാസുദേവന്‍ നായര്‍ എന്ന അക്ഷരകുലപതിയുടെ രണ്ടാമൂഴം എന്ന നോവല്‍ അഭ്രപാളിയിലേക്ക്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭീമസേനനായി അഭിനയിക്കുന്നത് മലയാളത്തിന്‍റെ അഭിമാനമായ മോഹന്‍ലാല്‍. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം മാക്സ്‌ലാബ് പ്രദര്‍ശനത്തിനെത്തിക്കും.എം ടി ഇപ്പോള്‍ രണ്ടാമൂഴത്തിന്‍റെ തിരക്കഥാരചനയിലാണ്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന. തിരക്കഥയെഴുത്ത് നടക്കുന്ന എം ടി ക്യാമ്പില്‍ ഹരിഹരനും എത്തിയിട്ടുണ്ട്. ഏറ്റവും മികച്ച ഒരു സിനിമയ്ക്കായുള്ള പ്രയത്നമാണ് പുരോഗമിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും മികച്ച സാങ്കേതികവിദഗ്ധര്‍ അണിയറയില്‍ പ്രവര്‍ത്തിക്കും.“1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്‍‌മാറിയ എന്‍റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട്‌ ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസ്സില്‍ എഴുതാനും, വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ എഴുതിത്തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്‍റെ ദയയ്ക്കു നന്ദി” - രണ്ടാമൂഴം എന്ന നോവലിന്‍റെ രചനാകാലത്തേക്കുറിച്ച് എം ടി എഴുതിയതാണിത്. മലയാള സാഹിത്യത്തിലെ ‘രണ്ടാമൂഴം’ എന്ന പ്രകാശഗോപുരത്തെ ക്യാമറയില്‍ പകര്‍ത്താന്‍ കൊതിക്കാത്ത സംവിധായകര്‍ ചുരുക്കം. എന്നാല്‍ ഭയം കാരണം ആരും തയ്യാറായില്ല. എന്തായാലും ഹരിഹരന്‍ ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്.ഭീമസേനനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലും മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു. പഞ്ചാഗ്നി, രംഗം, അമൃതം ഗമയ, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഉയരങ്ങളില്‍, അടിയൊഴുക്കുകള്‍, അഭയം തേടി, ഇടനിലങ്ങള്‍, അനുബന്ധം, സദയം, താഴ്വാരം തുടങ്ങിയവയാണ് എം ടി - മോഹന്‍ലാല്‍ ടീമിന്‍റെ സിനിമകള്‍. വീണ്ടും ഒരു എം ടി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നതിന്‍റെ ആവേശത്തിലാണ് മോഹന്‍ലാല്‍.ആന്‍റണി പെരുമ്പാവൂരിന്‍റെ ഡ്രീം പ്രൊജക്ടാണ് ‘രണ്ടാമൂഴം’. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ആശീര്‍വാദ് ഉടന്‍ നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.