Pages

Monday, May 9, 2011

അസിനെ വെല്ലുവിളിച്ച് നയന്‍സ് ബോളിവുഡിലേക്ക്


നയന്‍താരയെന്ന മലയാളിപ്പെണ്‍കൊടി തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണിയായി ഉയര്‍ന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്ന വാര്‍ത്തയാണ് നയന്‍സിന്റെ ബോളിവുഡ് പ്രവേശം. മലയാളികളുടെയെല്ലാം ആവേശമായി അസിന്‍ ഹിന്ദി സിനിമാ ലോകത്ത് അമീര്‍ ഖാന്റെ നായികയായി അരങ്ങേറിയപ്പോഴും നയന്‍സിന്റെ ഹിന്ദിയിലെ അരങ്ങേറ്റത്തിനായി കാത്തിരുന്നു ആരാധകര്‍. ഒടുവില്‍ ഈ കാത്തിരിപ്പിന് അന്ത്യമാകുന്നു.

നയന്‍താര ബോളിവുഡിലേക്ക് ചേക്കേറുന്നുവെന്ന് റിപ്പോര്‍ട്ട്. നായകന്‍ മറ്റാരുമല്ല മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. നയന്‍സിന്റെ ഭാവി വരന്‍ പ്രഭുദേവയാണ് ഇങ്ങനെയാരു അവസരം താരത്തിന് ഒരുക്കി നല്‍കിയിരിക്കുന്നത്. വിജയ്-പ്രഭുദേവ ടീമിന്റെ 'പോക്കിരിയുടെ ഹിന്ദി റീമേക്കായ 'വാണ്ടഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് നയന്‍സ് സല്‍മാനുമൊത്ത് അഭിനയിക്കുന്നത്.

'മോസ്റ്റ് വാണ്ടഡ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് പ്രഭുദേവ തന്നെയാണ്. നയന്‍സിനെ നായികയാക്കണമെന്ന് പ്രഭുദേവ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. ബോണി എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് അറിയുന്നത്. പ്രഭുദേവ ഈ ചിത്രത്തിന്റെ തിരക്കഥ രചന തുടങ്ങിക്കഴിഞ്ഞുവെന്നാണ് വാര്‍ത്ത. ഈ വര്‍ഷം അവസാനത്തോടെ തന്നെ ചിത്രം ഒരുക്കാനാണ് തീരുമാനം.

അതേസമയം ജൂണില്‍ പ്രഭുദേവയ്ക്ക് വിവാഹമോചനം ലഭിക്കുമെന്നും നയന്‍സുമായുള്ള വിവാഹം പിന്നാലെ ഉണ്ടാകുമെന്നും അറിയുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് നയന്‍സ് പ്രഖ്യാപിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷാവസാനം മോസ്റ്റ് വാണ്ടഡില്‍ നയന്‍താര അഭിനയിക്കുന്നതോടെ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമം ആകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

പോക്കിരിയില്‍ അസിന്‍ ചെയ്ത നായികാ വേഷം ഹിന്ദിയില്‍ നയന്‍സിന് നല്‍കണമെന്ന് പ്രഭുദേവ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നീക്കം ഫലപ്രദമായില്ല. ഒടുവില്‍ അയിഷാ ടാക്കിയ നായികയായി. സല്‍മാന്റെ കരിയറിലെ ഹിറ്റായി മാറിയ വാണ്ടഡിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ സല്ലും ആവശ്യപ്പെട്ടപ്പോള്‍ തന്റെ പ്രണയിനിക്ക് ബോളിവുഡ് അരങ്ങേറ്റത്തിന് വഴിയൊരുക്കുകയായിരുന്നു പ്രഭുദേവ.

അസിനുമൊത്തുള്ള 'റെഡി എന്ന ചിത്രമാണ് സല്‍മാന്റേതായി ബോക്‌സ് ഓഫിസിലെത്തുന്ന പുതിയ ചിത്രം എന്നത് രസകരമായ വസ്തുത. സല്‍മാന്‍ നായകനാകുന്ന സിദ്ദിഖിന്റെ 'ബോഡിഗാഡിന്റെ ഹിന്ദി പതിപ്പ് ഡിസംബറില്‍ റിലീസ് ചെയ്യും. ഇതിന്റെ മലയാളം പതിപ്പില്‍ നയന്‍താരയും തമിഴ്പതിപ്പില്‍ അസിനുമായിരുന്നു നായികാ വേഷം കൈകാര്യം ചെയ്തിരുന്നത്. ഹിന്ദി ബോഡിഗാര്‍ഡില്‍ സല്‍മാന്റെ നായിക കരീന കപൂര്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.