Pages

Sunday, May 8, 2011

രണ്ടാമൂഴം: മോഹന്‍ലാല്‍ ഭീമന്‍‍, നിര്‍മ്മാണം ആശീര്‍വാദ്


“മഹാപ്രസ്ഥാനം ആരംഭിച്ചുകഴിഞ്ഞു. അവസാനം സ്തംഭം പൂര്‍ണമായും കടലില്‍ താണപ്പോള്‍ ഭീമന്‍ വെറും കൌതുകംകൊണ്ടു വിടര്‍ന്ന മന്ദഹാസമൊതുക്കി, യുധിഷ്ഠിരനെ നോക്കി. അദ്ദേഹം കണ്ണടച്ച് ശിരസ്സു കുനിച്ച് നില്‍ക്കുകയായിരുന്നു. ജ്യേഷ്ഠന്‍റെ പിന്നിലായി തലകുനിച്ചു നില്‍ക്കുന്ന ദ്രൌപദിയോടു പറയാന്‍ ഒരു കാര്യം ഓര്‍മ്മിച്ചിരുന്നു. കടല്‍ക്കരയില്‍ ചിതറിക്കിടക്കുന്ന നഗരാവശിഷ്ടങ്ങള്‍ക്കിടയില്‍, മണലില്‍ പൂഴ്ന്ന ഒറ്റത്തേരിനും തകര്‍ന്ന ഒരു സിംഹസ്തംഭത്തിനുമിടയ്ക്ക്, ഗതിമുട്ടിക്കിടന്ന ഒരു നീര്‍ച്ചാലില്‍, വാടിയ പൂമാലകള്‍!”



രണ്ടാമൂഴം. മലയാളസാഹിത്യത്തിലെ ഉജ്ജ്വല ഇതിഹാസം. എം ടി വാസുദേവന്‍ നായര്‍ എന്ന അക്ഷരകുലപതിയുടെ രണ്ടാമൂഴം എന്ന നോവല്‍ അഭ്രപാളിയിലേക്ക്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭീമസേനനായി അഭിനയിക്കുന്നത് മലയാളത്തിന്‍റെ അഭിമാനമായ മോഹന്‍ലാല്‍. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം മാക്സ്‌ലാബ് പ്രദര്‍ശനത്തിനെത്തിക്കും.



എം ടി ഇപ്പോള്‍ രണ്ടാമൂഴത്തിന്‍റെ തിരക്കഥാരചനയിലാണ്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് സൂചന. തിരക്കഥയെഴുത്ത് നടക്കുന്ന എം ടി ക്യാമ്പില്‍ ഹരിഹരനും എത്തിയിട്ടുണ്ട്. ഏറ്റവും മികച്ച ഒരു സിനിമയ്ക്കായുള്ള പ്രയത്നമാണ് പുരോഗമിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും മികച്ച സാങ്കേതികവിദഗ്ധര്‍ അണിയറയില്‍ പ്രവര്‍ത്തിക്കും.



“1977 നവംബറില്‍ മരണം വളരെ സമീപത്തെത്തി പിന്‍‌മാറിയ എന്‍റെ ജീവിതഘട്ടത്തില്‍ അവശേഷിച്ച കാലം കൊണ്ട്‌ ഇതെങ്കിലും തീര്‍ക്കണമെന്ന വെമ്പലോടെ മനസ്സില്‍ എഴുതാനും, വായിച്ചു വിഭവങ്ങള്‍ നേടാനും ഒരുക്കം തുടങ്ങി. പക്ഷേ എഴുതിത്തീരാന്‍ 1983 ആകേണ്ടി വന്നു. സമയമനുവദിച്ചു തന്ന കാലത്തിന്‍റെ ദയയ്ക്കു നന്ദി” - രണ്ടാമൂഴം എന്ന നോവലിന്‍റെ രചനാകാലത്തേക്കുറിച്ച് എം ടി എഴുതിയതാണിത്. മലയാള സാഹിത്യത്തിലെ ‘രണ്ടാമൂഴം’ എന്ന പ്രകാശഗോപുരത്തെ ക്യാമറയില്‍ പകര്‍ത്താന്‍ കൊതിക്കാത്ത സംവിധായകര്‍ ചുരുക്കം. എന്നാല്‍ ഭയം കാരണം ആരും തയ്യാറായില്ല. എന്തായാലും ഹരിഹരന്‍ ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്.



ഭീമസേനനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലും മാനസികമായി തയ്യാറെടുത്തുകഴിഞ്ഞു. പഞ്ചാഗ്നി, രംഗം, അമൃതം ഗമയ, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഉയരങ്ങളില്‍, അടിയൊഴുക്കുകള്‍, അഭയം തേടി, ഇടനിലങ്ങള്‍, അനുബന്ധം, സദയം, താഴ്വാരം തുടങ്ങിയവയാണ് എം ടി - മോഹന്‍ലാല്‍ ടീമിന്‍റെ സിനിമകള്‍. വീണ്ടും ഒരു എം ടി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുന്നതിന്‍റെ ആവേശത്തിലാണ് മോഹന്‍ലാല്‍.



ആന്‍റണി പെരുമ്പാവൂരിന്‍റെ ഡ്രീം പ്രൊജക്ടാണ് ‘രണ്ടാമൂഴം’. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ആശീര്‍വാദ് ഉടന്‍ നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.