Pages

Monday, May 30, 2011

മോചിതയായി, ഇനി കാവ്യ നമുക്ക്‌ സ്വന്തം

സ്വന്തം ലേഖകന്‍

കാവ്യ നിഷാല്‍ എന്ന പേരില്‍ നിന്ന് കാവ്യ മാധവനിലേക്ക് തിരിച്ചുവന്ന മലയാളത്തിന്റെ പ്രിയ നായിക കാവ്യയ്ക്ക് ഇനി മനസില്‍ ലക്ഷ്യം സിനിമ മാത്രം. നിശാലിന്റെ ഭാര്യയെന്ന നിലയില്‍ രണ്ടരവര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിനും ആറുമാസം നീണ്ട നിയമനടപടികള്‍ക്കും ശേഷം കാവ്യാമാധവന് കോടതി ഇന്നലെ വിവാഹമോചനം അനുവദിച്ചു.

പ്ലസ് ടു പരീക്ഷ, വിവാഹമോചനക്കേസ് എന്നിവ മൂലം രണ്ടു മാസത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു കാവ്യ ഇനി ശക്തയായി മലയാള സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. എറണാകുളം കുടുംബകോടതിയാണു തിങ്കളാഴ്ച നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ വിവാഹ മോചനം അനുവദിച്ചത്. കഴിഞ്ഞ 25ന് കോടതി ഇരുവരെയും അവസാനവട്ട കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കി.

തുടര്‍ന്ന് നിഷാലും കാവ്യയും നേരത്തെ വിവാഹ മോചന ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. 28നു ഹര്‍ജി പരിഗണിച്ച കോടതി വിധി പറയുന്നത് മാറ്റുകയായിരുന്നു. ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം അസാധ്യമെന്നു കാണിച്ച് 2010 ഒക്ടോബറിലാണ് ഇരുവരും കോടതിയെ സമീപിച്ചത്. ഇതിന് മുമ്പ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് നിഷാലിനും കുടുംബത്തിനുമെതിരെ കാവ്യ പൊലീസ് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു.



എന്നാല്‍ വിവാഹമോചനക്കേസിലെ ഒത്തുതീര്‍പ്പിന്റെ ഭാഗമായി കാവ്യ പിന്നീട് ഈ കേസ് പിന്‍വലിച്ചു. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹം. ഏതാനും മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ദാമ്പത്യത്തിനോടുവില്‍ കാവ്യ തന്റെ വീട്ടിലേയ്ക്ക് മടങ്ങിപ്പോരുകയായിരുന്നു. തുടര്‍ന്ന് പാപ്പി അപ്പച്ചയിലൂടെ സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തിയ കാവ്യ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുകയും ഗദ്ദാമയിലൂടെ 2010ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു.

ഒരു പുരുഷനും കുടുംബത്തിനും ഇങ്ങനെയൊരു വിധി ഉണ്ടാകരുതെന്നായിരുന്നു കുടുംബ കോടതിയിലെത്തിയ നിഷാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പ്രിയനന്ദനനന്‍ പ്രഖ്യാപിച്ച പുതിയ സിനിമയില്‍ നായിക കാവ്യയാണ്. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന പ്രിയനന്ദനന്‍ ചിത്രത്തിലും കാവ്യ തന്നെയായിരുന്നു നായിക.

സമയം കടന്ന് എന്ന പേരില്‍ വൈശാഖന്‍ എഴുതിയ കഥയെ ആസ്പദമാക്കിയാണ് സിനിമ. തിരക്കഥ സി.വി. ബാലകൃഷ്ണന്റേതും.

No comments:

Post a Comment

Note: Only a member of this blog may post a comment.