Pages

Tuesday, June 7, 2011

ശ്വേതയ്ക്ക് മാംഗല്യം 18 ന്

സ്വന്തം ലേഖകന്‍

മലയാള സിനിമയിലെ ഗ്ലാമര്‍ സുന്ദരി ശ്വേത മേനോന്‍ വിവാഹിതയാകുന്നു. വിവാഹ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നശേഷം ഒരു മാസത്തിനകമാണ് വിവാഹമെന്നത് രസകരം. ജൂണ്‍ 18ന് വളാഞ്ചേരിയിലെ അച്ഛന്റെ തറവാട്ടില്‍ വച്ച് സുഹൃത്തും മാദ്ധ്യമപ്രവര്‍ത്തകനുമായ ശ്രീവത്സന്‍ മേനോനുമായുള്ള ശ്വേതയുടെ വിവാഹം നടക്കും.

മുഹൂര്‍ത്തം രാവിലെ 10 മണി. മഹാകവി വള്ളത്തോളിന്റെ ചെറുമകനാണ് ശ്രീവത്സന്‍ മേനോന്‍. കഴിഞ്ഞ മാസം 18ന് ശ്വേതയുടെ വിവാഹം ഇതേ സ്ഥലത്ത് ഇതേ ആളുമായി നടക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ശ്വേത അമേരിക്കയിലായിരുന്നു. അവിടെ വച്ച് വിവാഹവാര്‍ത്തകള്‍ നടി നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീവല്‍സന്‍ മേനോനുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം ശ്വേത മേനോന്‍ അന്ന് സമ്മതിച്ചിരുന്നു.

പക്ഷെ ഉടന്‍ വിവാഹമുണ്ടാകുമെന്ന വാര്‍ത്ത ശരിയല്ലെന്നും അവര്‍ പറഞ്ഞിരുന്നു. മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രതിനിര്‍വേദം എന്ന സിനിമയുടെ റീമേക്കിലെ നായികയാണ് ശ്വേത. സിനിമ ഈ മാസം മൂന്നാം തിയതി റിലീസ് ചെയ്യാനിരുന്നതാണെങ്കിലും 16ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സിനിമ റിലീസ് ചെയ്ത ഉടന്‍ തന്നെയാകും അങ്ങനെ വരുമ്പോള്‍ ശ്വേതയുടെ വിവാഹം.

ആദ്യം നിഷേധിച്ചെങ്കിലും തങ്ങളുടെ വിവാഹം നടക്കണമെങ്കില്‍ ജാതകപ്പൊരുത്തം കൂടിയേ തീരൂവെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നും 10 ദിവസം മുമ്പാണ് ജാതകപ്പൊരുത്തം നോക്കിയതെന്നും പൊരുത്തമെല്ലാം ശരിയായെന്നും ശ്വേത പറയുന്നു. അച്ഛന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതുകൊണ്ടാണ് വിവാഹത്തീയതി ആരോടും പറയാതിരുന്നതെന്നാണ് ശ്വേതയുടെ വിശദീകരണം.

വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. ഇക്കാര്യം ഇരു വീട്ടുകാരും തീരുമാനിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കായി പിന്നീട് വിരുന്നുസത്കാരം നടത്തും. പരസ്പരം മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കളാണ് തങ്ങള്‍ എന്ന് പറയുന്ന ശ്വേത വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്താന്‍ പോകുന്നില്ലെന്നും വ്യക്തമാക്കി.

മിസ് ഇന്ത്യ മത്സരത്തില്‍ സുസ്മിത സെന്നിനും ഐശ്വര്യ റായിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തെത്തിയതോടെയാണ് ശ്വേത മേനോനെന്ന പെണ്‍കുട്ടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി അനശ്വരമെന്ന സിനിമയില്‍ അരങ്ങേറിയെങ്കിലും ശ്വേത ക്ലിക്കായില്ല. തുടര്‍ന്ന് തന്റെ തട്ടകം ബോളിവുഡിലേക്ക് മാറ്റിച്ചവിട്ടി ഈ താരം. അവിടെയെത്തി കാമസൂത്രയടക്കമുള്ള പരസ്യങ്ങളില്‍ അഭിനയിച്ച് വിവാദ നായികയുമായി.

ഇതിനിടെ അന്യ നാട്ടുകാരനായ ഒരു ബോയ് ഫ്രണ്ടും ശ്വേതയ്ക്കുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട ഈ ബന്ധം പക്ഷേ തകര്‍ന്നു. ഐറ്റം ഡാന്‍സറായി ഒതുങ്ങുമായിരുന്ന ശ്വേത മലയാളത്തില്‍ തിരികെയെത്തിയതോടെയാണ് അഭിനേത്രിയെന്ന് അംഗീകരിക്കപ്പെട്ടു തുടങ്ങിയത്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത്- മമ്മൂട്ടി ചിത്രത്തിലെ അഭിനയത്തിന് ശ്വേതയ്ക്ക് മികച്ച നടിയടക്കമുള്ള അവാര്‍ഡുകളും ലഭിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.