Pages

Sunday, June 19, 2011

വിജയ് വീണ്ടും പൊലീസ് വേഷത്തില്‍

സ്വന്തം ലേഖകന്‍

വിജയ് വീണ്ടും പൊലീസ് വേഷത്തില്‍ തമിഴകത്തിന്റെ ഇളയ ദളപതി വിജയ് വീണ്ടും പൊലീസ് വേഷത്തില്‍. വന്‍ഹിറ്റായി മാറിയ പോക്കിരിക്ക് ശേഷം ഇതാദ്യമായാണ് വിജയ് പൊലീസ് വേഷമണിയുന്നത്. സീമാന്‍ സംവിധാനം ചെയ്യുന്ന 'പഗലവന്‍' എന്ന സിനിമയിലാണ് വിജയ് വീണ്ടും പൊലീസാകുന്നത്. അനീതിയോട് എതിര്‍ക്കാനായി പൊലീസാകുന്ന കഥാപാത്രത്തെയാണ് വിജയ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കാലഹരണപ്പെട്ടതും നിരോധിച്ചതുമായ മരുന്നുകള്‍ വന്‍ തോതില്‍ വിറ്റഴിക്കുന്ന മരുന്നുമാഫിയയ്‌ക്കെതിരെ പ്രതികരിക്കുന്ന പുകഴേന്തി എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്.

മരുന്നു മാഫിയയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു ഡോക്ടറാണ് ചിത്രത്തിന്റെ തുടക്കത്തില്‍ പുകഴേന്തി. എന്നാല്‍ ഒരു ഡോക്ടര്‍ക്ക് വന്‍ ശക്തികള്‍ക്കെതിരെ പോരാടുന്നതിന് പരിമിതിയുണ്ടെന്ന് മനസിലാക്കുന്ന നായകന്‍ പൊലീസാകാന്‍ തീരുമാനിക്കുന്നു. അയാള്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുകയും ഐ പി എസ് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടാനിറങ്ങുകയാണ് അയാള്‍. ഷങ്കര്‍ സംവിധാനം ചെയ്യുന്ന നന്‍പന്‍ എന്ന ചിത്രത്തിന് ശേഷം 'പഗല്‍വന്‍' ചിത്രീകരണം ആരംഭിക്കും.

ഹിന്ദിയില്‍ വന്‍ ഹിറ്റായി മാറിയ ത്രീ ഇഡിയറ്റ്‌സിന്റെ റീമേക്കാണ് നന്‍പന്‍. ചിത്രത്തില്‍ അമീര്‍ ഖാന്‍ അവതരിപ്പിച്ച നായക കഥാപാത്രമായാണ് വിജയ് എത്തുന്നത്. മാധവനും ശര്‍മാന്‍ ജോഷിയും അവതരിപ്പിച്ച സുഹൃത്തുക്കളുടെ റോളില്‍ ശ്രീകാന്തും ജീവയും എത്തും. ചിത്രത്തില്‍ ആദ്യം നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് സൂര്യയെയായിരുന്നെങ്കിലും പിന്നീട് വിജയെ നിശ്ചയിക്കുകയായിരുന്നു. പോക്കിരിക്ക് ശേഷമിറങ്ങിയ ഒട്ടുമിക്ക വിജയ് ചിത്രങ്ങളും എട്ടുനിലയില്‍ പൊട്ടിയിരുന്നു. സുറ, അഴകിയ തമിഴ്മകന്‍, വേട്ടൈക്കാരന്‍, വില്ല് തുടങ്ങിയ ചിത്രങ്ങള്‍ ഒരേ അച്ചിലിട്ട് വാര്‍ത്തെടുത്തതാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയതും ഈ ബോക്‌സ് ഓഫീസ് പരാജയത്തിന് കാരണമായി.

ഒടുവില്‍ മലയാളത്തില്‍ ദിലീപ് നായക വേഷത്തിലെത്തി സൂപ്പര്‍ ഹിറ്റായോടിയ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവലനാണ് വിജയ്ക്ക് താരപരിവേഷം തിരികെ നല്‍കിയത്. ചിത്രത്തില്‍ അമാനുഷികനല്ലാത്ത സാധാരണക്കാരന്റെ റോളിലെത്തിയ വിജയെ ആരാധകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.