Pages

Monday, June 20, 2011

നെറ്റില്‍ പറ്റിക്കാന്‍ ‘രതിച്ചേച്ചി’ ഇറങ്ങി!

‘രതി’ എന്ന വാക്ക് കേട്ടാല്‍ തന്നെ നെറ്റില്‍ ചാടിവീഴുന്നവരാണ് നമ്മുടെ യുവജനം. അപ്പോള്‍ പിന്നെ ‘രതിച്ചേച്ചി’ എന്ന് കേട്ടാല്‍ മലയാളി യുവത്വം നെറ്റില്‍ ഓടിക്കയറാതിരിക്കുമോ? ശ്വേതാ മേനോന്‍ നായികയായ ‘രതിനിര്‍‌വേദം’ എന്ന സിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളില്‍ റിലീസായത്. എന്നാല്‍ ശനിയാഴ്ച വെറുതെ ടോറന്റുകളിലും സിനിമാ സൈറ്റുകളിലും പരതിയവര്‍ ആഹ്ലാദജനകമായ ഒരു ലിങ്ക് കണ്ടു. അതെ, ‘രതിനിര്‍വേദം’ എന്ന സിനിമ ഡൌണ്‍‌ലോഡ് ചെയ്യാനായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. കണ്ട പാതി, കാണാത്ത പാതി രതിച്ചേച്ചിയുടെ ആരാധകര്‍ സിനിമ ഇറക്കാന്‍ തുടങ്ങി. എന്നാല്‍ മുഴുവന്‍ ഡൌണ്‍‌ലോഡ് ആയപ്പോഴാണ് രതിച്ചേച്ചി തങ്ങളെ പറ്റിച്ച കഥ അവരറിഞ്ഞത്.

എഴുന്നൂറോളം എം‌ബി വരുന്ന രതിനിര്‍വേദത്തിന്റെ ഫയല്‍ ഉറക്കമുണര്‍ന്ന് ഇറക്കിയവര്‍ കണ്ടത് ഒരു സന്ദേശമാണ് - ‘നിങ്ങള്‍ സിനിമയൊക്കെ ഇറക്കിയത് നല്ലതുതന്നെ, പക്ഷേ രതിച്ചേച്ചിയെ കാണണമെങ്കില്‍ കോറല്‍ പ്ലെയര്‍ നിങ്ങളുടെ മെഷീനില്‍ വേണം. അതില്ലെങ്കില്‍ ഇവിടെ ക്ലിക്കുചെയ്ത് കോറല്‍ പ്ലെയര്‍ ഡൌണ്‍‌ലോഡ് ചെയ്യുക!’ ഇതൊരു തട്ടിപ്പാണെന്ന് അറിയാത്തവര്‍ മൂന്ന് ദിവസത്തെ ട്രയലിനായി പണം നല്‍‌കി കോറല്‍ ഇറക്കിയിട്ടുണ്ടാകും. മൂന്ന് ദിവസത്തെ ട്രയല്‍ കഴിഞ്ഞാല്‍ ആയിരം രൂപയോളമാണ് കോറല്‍ പ്ലെയറില്‍ എന്തെങ്കിലും കാണണമെങ്കില്‍ ഇവര്‍ നല്‍‌കേണ്ടി വരിക. എന്നാല്‍ രതിനിര്‍വേദം തന്നെയാണോ തങ്ങള്‍ ഇറക്കിയതെന്ന് കണ്ടുപിടിക്കാന്‍ പണം നല്‍‌കാന്‍ പടമിറക്കിയ ഭൂരിഭാഗം പേരും ഒരുങ്ങിയിട്ടുണ്ടാകില്ല. രതിച്ചേച്ചിയെ ഡൌണ്‍‌ലോഡ് ചെയ്യാന്‍ തോന്നിയ നിമിഷത്തെ പ്രാകിക്കൊണ്ട് അവര്‍ ഇറക്കിയ ഫയല്‍ ഡെലീറ്റ് ചെയ്തുകാണും.

ചിലര്‍ക്കാകട്ടെ ‘രതിനിര്‍‌വേദം’ എന്ന പേരില്‍ ലഭിച്ചത് വൈറസാണ്. അഞ്ചോളം ടോറന്റ് സൈറ്റുകളിലാണ് ശനിയാഴ്ച തന്നെ ‘രതിനിര്‍‌വേദം’ പ്രത്യക്ഷപ്പെട്ടത്. കബളിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ ലിങ്ക് ഹോസ്റ്റുചെയ്ത സൈറ്റുകളെ ഡൌണ്‍‌ലോഡ് ചെയ്തവര്‍ ബന്ധപ്പെടുകയും ഈ തട്ടിപ്പിനെ പറ്റി വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ സൈറ്റുകള്‍ രതിച്ചേച്ചിയെ തങ്ങളുടെ ഡാറ്റാബേസില്‍ നിന്ന് എടുത്തുമാറ്റി. എങ്കിലും, വീണ്ടും മറ്റ് പല രൂപത്തിലും തങ്ങളുടെ സോഫ്റ്റ്‌വെയറിനെയും വൈറസിനെയും ‘പ്രമോട്ട്’ ചെയ്യാന്‍ നെറ്റിലെ വിരുതന്മാര്‍ ശ്രമിക്കുമെന്ന് തീര്‍ച്ച. ചുരുക്കത്തില്‍, നെറ്റില്‍ ‘രതിനിര്‍വേദം’ എന്ന് കണ്ടാല്‍ എടുത്തുചാടാതിരിക്കുക.

രതിനിര്‍വേദത്തിന്റെ പുതിയ പതിപ്പ് ഇറങ്ങിയതോടെ, പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ ഒരുക്കിയ പഴയ രതിനിര്‍‌വേദത്തിനും ആവശ്യക്കാര്‍ നെറ്റില്‍ കൂടിയിട്ടുണ്ട്. വിവിധ ടോറന്റ് സൈറ്റുകളില്‍ നിന്നായി ആയിരത്തോളം യൂസര്‍മാര്‍ പഴയ രതിച്ചേച്ചിയെ ഇറക്കിക്കൊണ്ടിരിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജീവ് കുമാറിന്റെ പുതിയ രതിനിര്‍‌വേദം തീയേറ്ററുകളില്‍ വിജയിക്കുമോ എന്നറിയാന്‍ ഒരാഴ്ച കൂടി കാത്തിരിക്കണമെങ്കിലും നെറ്റില്‍ ഇപ്പോള്‍ തന്നെ രതിച്ചേച്ചി അത്ഭുതവിജയം ആയിരിക്കുകയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.