Pages

Tuesday, June 14, 2011

ഗണേഷ്‌കുമാറിന്റെ Herculean Task

K B Ganeshkumar
K B Ganeshkumar
വൃത്തിയുള്ള തിയറ്ററുകൾ, അന്തസുള്ള അന്തരീക്ഷം, ആ അന്തസ് കാത്തുസൂക്ഷിക്കുന്ന കാണികൾ.. ഇതൊക്കെ ലോകത്തെവിടെയുമുള്ള ചലച്ചിത്രപ്രേക്ഷകരെപ്പോലെ മലയാളികളുടെയും സ്വപ്നമാണ്. ആ സ്വപ്നം അങ്ങനെ സ്വപ്നമായിത്തന്നെ നിൽക്കുകയും സിനിമകാണൽ ഒരു ദുസ്വപ്നമായി തുടരുകയും ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് ഒരു സിനിമക്കാരനെത്തന്നെ സിനിമയുടെ മന്ത്രിയായി കേരളത്തിനു ലഭിച്ചത്. കെ ബി ഗണേഷ്‌കുമാറിന്റെ വരവ് മലയാളസിനിമയുടെ ഭാഗ്യമാണെന്നു കരുതേണ്ട നിലയിലേക്ക് കാര്യങ്ങൾ പോകുന്നുണ്ട്. സിനിമ കാണാന്‍ എത്തുന്ന സ്‌ത്രീകളെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. ഇത്തരത്തില്‍ സ്‌ത്രീകള്‍ക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെടുമ്പോള്‍ പോലീസ്‌ അധികാരികളെ വിവരം അറിയിക്കുന്നതിനായി എസ്‌.എം.എസ്‌. സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എസ്‌.എം.എസിലൂടെ സന്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ പോലീസ്‌ തീയറ്ററുകളില്‍ എത്തി ശല്യക്കാരെ പിടികൂടും. നിലവാരം കുറഞ്ഞ സിനിമയും നിലവാരം എന്നാൽ എന്താണെന്ന് അറിയാത്ത തിയറ്ററുകളും പോലെ തന്നെ ജനങ്ങളെ സിനിമയിൽ നിന്ന് അകറ്റുന്ന കാര്യങ്ങളാണ് പൂവാലന്മാരുടെയും ഫാൻസ്‌കോമാളികളുടെയും ശല്യം.
കേരള ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പറേഷന്റെ കീഴിലുള്ള തീയറ്ററുകളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മികച്ച അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എല്ലാ തിയേറ്ററുകളും എയര്‍കണ്ടീഷന്‍ തിയറ്ററുകളാക്കി മാറ്റും. അവാര്‍ഡ്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.
മലയാളസിനിമയെ രക്ഷിക്കാൻ സഹായിക്കുമെന്ന് കരുതേണ്ട പല നടപടികൾക്കും സിനിമാമന്ത്രി നേരത്തെ തന്നെ തുടക്കമിട്ടു കഴിഞ്ഞു. പുതിയ മലയാള ചലച്ചിത്രങ്ങള്‍ നഗരങ്ങളിലെ എ ക്ലാസ് തിയെറ്ററുകളില്‍ മാത്രം റിലീസ് ചെയ്യുന്ന പരിപാടി അവസാനിപ്പിച്ച് വൈഡ് റിലീസിങ് പുനരാരംഭിക്കുകയാണ്. എസി, ഡിജിറ്റല്‍ സൗണ്ട് സിസ്റ്റം, ഡിജിറ്റല്‍ പ്രൊജക്റ്റര്‍, കഫറ്റീരിയ, മികച്ച ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ തിയറ്ററുകളിലാണ് വൈഡ് റിലീസിങ് നടപ്പാക്കുന്നത്. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത തിയെറ്ററുകള്‍ക്ക് മൂന്നുമാസം സമയം നല്‍കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മാനദണ്ഡമാക്കി തിയെറ്ററുകള്‍ക്കു ഗ്രേഡ് നല്‍കാന്‍ തീരുമാനിച്ചു. ഗ്രേഡിങ്ങിനുശേഷം തിയെറ്ററുകളുടെ മുതല്‍മുടക്ക് കണക്കിലെടുത്ത് ടിക്കറ്റ് നിരക്ക് നിശ്ചയിക്കും.
വ്യാജ സിഡി നിര്‍മിക്കുന്നവര്‍ക്കെതിരെ ഗൂണ്ടാ ആക്ട്‌ പ്രകാരം കേസെടുത്ത്‌ ശിക്ഷ ലഭിക്കുന്ന നിയമം കര്‍ശനമായി നടപ്പിലാക്കാനാണ് പരിപാടി. ഇത്തരം സിഡികളുടെ നിര്‍മാണം തടയുന്നതിന്‌ സ്‌പൈറസി സ്‌ക്വാഡ്‌ രൂപീകരിച്ച്‌ നടപടികളെടുക്കും. വ്യാജ സിഡി നിര്‍മിക്കാന്‍ സഹായിച്ച തീയറ്ററുകള്‍ ആറുമാസം പൂട്ടിയിടും. നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപയും ഈടാക്കും.
നിലവിലുള്ള തിയറ്ററുകള്‍ മറ്റാവശ്യങ്ങള്‍ക്കായി പൊളിച്ചുനീക്കുകയാണെങ്കില്‍ അതേ സ്ഥലത്ത് കുറഞ്ഞത് 200 പേര്‍ക്ക് ഇരിക്കാവുന്ന മിനി തിയറ്റര്‍ നിര്‍മിക്കണം എന്നൊരു നിയമവും വരുന്നുണ്ട്. അത് എത്രത്തോളം പ്രായോഗികമായ കാര്യമാണെന്നു മാത്രം കണ്ടറിയണം. ഭക്ഷണം, പാർപ്പിടം, വസ്ത്രം പോലെ അടിസ്ഥാന ആവശ്യങ്ങളിൽ പെടുന്ന ഒന്നല്ല സിനിമ എന്ന് നമ്മളും മന്ത്രിയും ഓർക്കാതെ പറ്റില്ലല്ലോ.
ഏതായാലും, ഈജിയൻ തൊഴുത്ത് വൃത്തിയാക്കാനുള്ള മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ശ്രമങ്ങൾക്ക് വിജയം നേരുന്നു; പൂർണമായ പിന്തുണയും.

No comments:

Post a Comment

Note: Only a member of this blog may post a comment.