മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് - കേരള സ്വാതന്ത്ര്യ സമര ചരിത്രരേഖകളില്‍ ഈ പേരിന്റെ സ്ഥാനം ഏറെ പ്രാമുഖ്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു. അടിയുറച്ച കോണ്‍ഗ്രസ് വിശ്വാസി. ജനസേവനം ജീവിതസപര്യയായ ഉഴിഞ്ഞുവെച്ച മനുഷ്യസ്‌നേഹി. രാഷ്ട്രബോധം കര്‍മത്തില്‍ പ്രാവര്‍ത്തികമാക്കിയ തികഞ്ഞ രാജ്യസ്‌നേഹി. ജാതീയതയിലും വിശ്വാസങ്ങളിലും അന്ധമായി ജീവിക്കാതെ പുരോഗമന ചിന്തകള്‍ നടപ്പിലാക്കിയ മുസല്‍മാന്‍. അഭയമറ്റവര്‍ക്ക് ആശ്രയവും പ്രത്യാശയറ്റവര്‍ക്ക് പ്രതീക്ഷയുമായി നിലയുറച്ച വ്യക്തിത്വം. കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും കോണ്‍ഗ്രസ് നയങ്ങള്‍ക്കും പാര്‍ട്ടി തീരുമാനങ്ങള്‍ക്കും പിന്തുണ കല്പിച്ച അബ്ദുറഹ്മാന്‍ സാഹിബ് 1921-ലാണ് കേരളത്തില്‍ എത്തുന്നത്. ഇവിടെ അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി അല്‍-അമീന്‍ ലോഡ്ജ് മാറി. സൗമ്യന്‍, സുന്ദരന്‍. 1945-ല്‍ അദ്ദേഹം മരിക്കുമ്പോള്‍ ചരിത്രങ്ങള്‍ പലതും ആ വീരപുത്രന്റെ നാമത്തില്‍ കുറിച്ചുവെക്കപ്പെട്ടു. സാഹിബിന്റെ ധീരഗാഥകളും ജീവിതവും വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും കവിതകളും എഴുതപ്പെട്ടിട്ടുണ്ട്. വരും തലമുറയ്ക്ക് വെളിച്ചം പകരുന്ന ആ രേഖകളില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഒരു പ്രഭാവമായി നിലകൊള്ളുന്നു.
ചരിത്രത്തിലെ സാഹിബിന്റെ ജീവിതയാത്രകള്‍ വെള്ളിത്തിരയിലേക്ക് പകര്‍ത്തുകയാണ് പി.ടി. കുഞ്ഞുമുഹമ്മദ് എന്ന ചലച്ചിത്രകാരന്‍. ചരിത്രം ഇതിനു മുന്‍പും പി.ടി. കുഞ്ഞുമുഹമ്മദ് ചലച്ചിത്ര വിഷയമാക്കിയിട്ടുണ്ട്. യാതൊരു വിട്ടുവീഴ്ചകള്‍ക്കും ഇടം നല്കാതെ ചരിത്രത്തോട് പരമാവധി നീതിപുലര്‍ത്തിത്തന്നെ.
ഇത്തവണ അബ്ദുറഹ്മാന്‍ സാഹിബിന്റെ 1921 മുതല്‍ 1945 വരെയുള്ള വ്യക്തി-സമര-രാഷ്ട്രീയ സാംസ്‌കാരിക ജീവിതമാണ് 'വീരപുത്രന്‍' എന്ന ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.
ചരിത്രം സിനിമയാക്കാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു -പി.ടി. കുഞ്ഞുമുഹമ്മദ്
ചരിത്രസിനിമകള്‍ അധികം വന്നിട്ടില്ല എന്നതുതന്നെയാണ് ചരിത്രം സിനിമയാക്കാന്‍ എനിക്ക് പ്രചോദനമാകുന്നത്. സാധാരണ ചിത്ര നിര്‍മാണത്തേക്കാള്‍ ചെലവ് കൂടും ചരിത്രസിനിമകള്‍ ഒരുക്കുമ്പോള്‍. മണ്‍മറഞ്ഞുപോയ ഒരു കാലഘട്ടംതന്നെ നമ്മള്‍ പുനരാവിഷ്‌കരിക്കണമെന്നതുകൊണ്ട്. പക്ഷേ, അതും ഒരുതരത്തില്‍ രസമാണ്. നമുക്കുമുന്‍പേ കടന്നുപോയ കാലഘട്ടത്തെ അറിയാനും ചരിത്രഗ്രന്ഥങ്ങളിലൂടെയും ചരിത്രരേഖകളിലൂടെയും പുതിയ അറിവുകള്‍ സമ്പാദിക്കാനും സാധ്യമാകുന്നു. ഞാന്‍ ഏറെ ബഹുമാനിച്ച ഇഷ്ടപ്പെട്ട ഒരു ചരിത്രനായകനാണ് അബ്ദുറഹ്മാന്‍ സാഹിബ്. അദ്ദേഹത്തെ പറ്റി പ്രസിദ്ധീകരിച്ച നിരവധി ഗ്രന്ഥങ്ങളും കവിതകളും ഞാന്‍ ഇതിനോടകം വായിച്ചു.
അറിയുന്തോറും കൂടുതല്‍ ബഹുമാനം തോന്നുന്ന വ്യക്തിത്വം, കറകളഞ്ഞ രാഷ്ട്രസേവകന്‍. ഏറെ നാളായി ഈ ചിത്രം എന്റെ മനസ്സില്‍ ഉണ്ട്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമാകുന്നു. നരേനാണ് ചിത്രത്തില്‍ വീരപുത്രനാകുന്നത്. വളരെയധികം പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു നടനാണ് നരേന്‍. വേണ്ടവിധം അദ്ദേഹത്തെ ഇതുവരെ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. വീരപുത്രന്‍ ഒരു ചരിത്രമായാല്‍ നരേന്‍ എന്ന നടന്റെ കരിയര്‍ഗ്രാഫ് ഏറെ ഉയരും. വളരെ നല്ല സഹകരണമാണ് അയാളില്‍ നിന്നും ലഭിക്കുന്നത്. 23 വയസ്സു മുതല്‍ 44 വയസ്സുവരെയുള്ള സാഹിബിന്റെ ജീവിതയാത്രയില്‍ നരേന്‍ തന്നെയാണ് അദ്ദേഹത്തിന്റെ യൗവനവും മധ്യവയസ്സും ചെയ്യുന്നത്.
എന്റെ ഭാഗ്യം -നരേന്‍
''നേരത്തെ പൃഥ്വിരാജ് എന്ന നടനെ വെച്ചായിരുന്നു വീരപുത്രന്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ പലകാരണങ്ങളാല്‍ പൃഥ്വിരാജിന് ചിത്രം ചെയ്യാന്‍ കഴിയാതെപോയി. പിന്നീട് ആ റോള്‍ എന്നെ തേടിയെത്തിയപ്പോള്‍ അതൊരു ഭാഗ്യമായാണ് കണ്ടത്. മലയാളത്തില്‍ ചുരുങ്ങിയ ചിത്രങ്ങളേ ഞാന്‍ ചെയ്തിട്ടുള്ളൂ. നല്ല വേഷങ്ങള്‍ വന്നെങ്കിലും തമിഴിലെ സിനിമാ ഷെഡ്യൂള്‍ കാരണം പലതും നഷ്ടപ്പെട്ടു. 'വീരപുത്രന്‍' ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത് എന്ന് തീരുമാനിച്ചതാണ്. അബ്ദുറഹ്മാന്‍ സാഹിബിനെ കുറിച്ച് കുറെയൊക്കെ അറിയാം. കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു. വല്ലാത്തൊരു പുരുഷസൗന്ദര്യത്തിനുടമയായിരുന്നു അദ്ദേഹം. എന്റെ പരമാവധി ഈ കഥാപാത്രം നന്നാക്കാന്‍ ഞാന്‍ ശ്രമിക്കും.''
അലിഗഡില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് സാഹിബ് 1921- ല്‍ കേരളത്തില്‍ തിരിച്ചെത്തുന്നത്. അന്ന് പ്രയം 23. മനുഷ്യനെയും മൃഗങ്ങളെയും ഒരുപോലെ സാഹിബ് സ്‌നേഹിച്ചു.
No comments:
Post a Comment
Note: Only a member of this blog may post a comment.