Pages

Showing posts with label Free Download. Show all posts
Showing posts with label Free Download. Show all posts

Tuesday, July 24, 2012

ബന്ധങ്ങളുടെ മാറ്ററിഞ്ഞ് 916



916. മഞ്ഞലോഹത്തിന്റെ പരിശുദ്ധിയുടെ മാനദണ്ഡമാണിത്. 916 സ്വര്‍ണമെന്നാല്‍ തെല്ലിട പോലും മാറ്റു കുറയാത്ത ശുദ്ധ 
സ്വര്‍ണമെന്നര്‍ഥം. ജീവിതബന്ധങ്ങളുടെ കാര്യത്തിലും ഇതേ പരിശുദ്ധി തേടുന്ന കുറച്ചു മനുഷ്യരുടെ കഥയാണ് സംവിധായകന്‍ 
എം. മോഹനന്‍ തന്റെ പുതിയ ചിത്രത്തില്‍ പറയുന്നത്. '916' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് നഗരത്തിലും 
പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. സിനിമയുടെ കൗതുകങ്ങളെക്കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു 
പേരിലെ പുതുമ

ക്ഷസ്ഥര്‍ണത്തിന്റെയോ സ്വര്‍ണക്കച്ചവടക്കാരുടെയോ കഥയല്ല '916'. സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും ആഴത്തെക്കുറിച്ച് പറയുന്ന സിനിമയാണിത്. നല്ല ബന്ധങ്ങള്‍, അതു സുഹൃത്തുക്കളോടായാലും ഉറ്റവരോടായാലും സ്വര്‍ണത്തിന്റെ പ്രയോജനമാണ് ചെയ്യുക. സ്വര്‍ണമെന്നാല്‍ ആഡംബരം മാത്രമല്ല, സമ്പാദ്യം കൂടിയാണ്. ജീവിതത്തില്‍ നല്ല ബന്ധങ്ങളുണ്ടെങ്കില്‍ അതു മികച്ചൊരു നിക്ഷേപത്തിന്റെ ഫലം ചെയ്യും എന്ന് ഈ സിനിമ കാട്ടിത്തരും. സ്‌നേഹമുള്ളവരെ പൊന്നുകൂട്ടി ''പൊന്നുമോളേ, പൊന്നുമോനേ'' എന്നൊക്കെ വിളിക്കുന്നത് കേട്ടിട്ടില്ലേ. സ്വര്‍ണത്തിന് നമ്മുടെ ജീവിതത്തിലുള്ള സ്വാധീനം അത് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ അളവുകോലായ '916' എന്ന അക്കങ്ങള്‍ സിനിമയ്ക്ക് പേരായി സ്വീകരിച്ചത്. 

രണ്ട് ഡോക്ടര്‍മാര്‍, അവരുടെ ജീവിതം


രണ്ട് ഡോക്ടര്‍മാരുടെ ജീവിതമാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഡോ. ഹരികൃഷ്ണനും മുകേഷ് അവതരിപ്പിക്കുന്ന ഡോ. രമേഷും. ആതുരസേവനം കച്ചവടമാക്കരുതെന്ന ആദര്‍ശനിഷ്ഠയുള്ള വ്യക്തിയാണ് ഹരികൃഷ്ണന്‍. സര്‍ക്കാര്‍ ആസ്പത്രിയില്‍ പാവങ്ങളെ ചികിത്സിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന അദ്ദേഹം സന്തുഷ്ട ജീവിതം നയിക്കുന്നു. പ്ലസ്ടുകാരിയുടെ പിതാവ് കൂടിയാണ് വിഭാര്യനായ ഹരികൃഷ്ണന്‍. സുഹൃത്തായ ഹരികൃഷ്ണന്റെ ആദര്‍ശങ്ങളോട് അനുഭാവമുണ്ടെങ്കിലും സ്വന്തം ജീവിതത്തില്‍ അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തയാളാണ് ഡോ. രമേഷ്. സ്വന്തമായി ആസ്പത്രി നടത്തുന്നു. ഭാര്യയും ഡോക്ടര്‍ തന്നെ. ഹരികൃഷ്ണന്റെയും രമേഷിന്റെയും ജീവിതങ്ങളിലേക്ക് പ്രശാന്ത് എന്ന ചെറുപ്പക്കാരന്റെ വരവോടെയാണ് സിനിമ സംഭവബഹുലമാകുന്നത്. ബി.ടെക്. പൂര്‍ത്തിയാക്കിയിട്ടും തൊഴില്‍രഹിതനായി അലയുന്ന പ്രശാന്ത് ഡോ. ഹരികൃഷ്ണന്റെ മകളുമായി സൗഹൃദത്തിലാകുന്നു. ആസിഫ് അലിയാണ് ഈ വേഷം ചെയ്യുന്നത്.

ന്യൂജനറേഷനല്ല, ഓള്‍ ജനറേഷന്‍ 

ഇതൊരു ന്യൂജനറേഷന്‍ സിനിമയല്ല. എല്ലാ തലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രമൊരുക്കുന്നത്. കാലികമായ ഒരുപാടുകാര്യങ്ങള്‍ '916' ല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞോടുന്ന ന്യൂജനറേഷന്‍ സിനിമകള്‍ പരിശോധിച്ചാലറിയാം, അവയിലൊക്കെ നന്മയുടെ അടിയൊഴുക്കുണ്ട്. 'ഉസ്താദ് ഹോട്ടലും' 'തട്ടത്തിന്‍ മറയത്തു'മൊക്കെ ഉദാഹരണം. ജനങ്ങള്‍ സിനിമയെ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങിയതിന്റെ തെളിവാണ് ഈ ചിത്രങ്ങളുടെ വിജയം. ഈ ട്രെന്‍ഡ് മലയാള സിനിമയ്ക്ക് ഗുണം ചെയ്യും. ന്യൂജനറേഷന്‍ എന്ന പേരില്‍ അറുബോറന്‍ പടങ്ങള്‍ തട്ടിക്കൂട്ടി തിയേറ്ററുകളിലെത്തിച്ചുകൊണ്ട് പ്രേക്ഷകരെ വെറുപ്പിക്കരുത് എന്നേ പറയാനുള്ളൂ. 

താരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള തിരക്കഥയൊരുക്കുന്ന ട്രെന്‍ഡില്‍ നിന്ന് മലയാളസിനിമ മാറിക്കഴിഞ്ഞു. മികച്ച കഥയ്ക്കും അതുപറയുന്നതിലെ പുതുമകള്‍ക്കുമാണിപ്പോള്‍ പ്രേക്ഷകര്‍ പ്രാധാന്യം നല്‍കുന്നത്. ന്യൂജനറേഷന്‍ സിനിമകളിലെ താരമായതുകൊണ്ടല്ല അനൂപ് മേനോനെ ഈ ചിത്രത്തിലെ നായകനാക്കിയത്. അനൂപിനെ വെച്ച് ആറുവര്‍ഷം മുമ്പേ ഈ സിനിമയെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഓരോ കാരണങ്ങള്‍ കൊണ്ട് ചിത്രം നീണ്ടുപോയി. 

'മാണിക്യക്കല്ലി'ന്റെ പുരസ്‌കാരത്തിളക്കം
ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തെത്തിയത്. തുടര്‍ന്ന് ചെയ്ത 'മാണിക്യക്കല്ല്' എന്ന സിനിമയുടെ കഥയും തിരക്കഥയുമെഴുതിയത് ഞാന്‍ തന്നെയായിരുന്നു. ആ സിനിമയിലൂടെ 2011-ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടാനായതില്‍ അതിയായി സന്തോഷിക്കുന്നു. ഒരധ്യാപകന് വിദ്യാര്‍ഥികളുടെ ജീവിതങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കാനാകും എന്ന ചിന്തയാണ് 'മാണിക്യക്കല്ലി'ലൂടെ പറയാന്‍ ശ്രമിച്ചത്. ഗുരുശിഷ്യബന്ധങ്ങളില്‍ ഒട്ടേറെ മൂല്യച്യുതികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എന്റെ മനസ്സിലുണ്ടായ ആശങ്കകളില്‍ നിന്നായിരുന്നു 'മാണിക്യക്കല്ല്' പിറവിയെടുത്തത്. മാതൃഭൂമി ആഴ്ചപതിപ്പിലെ 'ചോക്കുപൊടി', 'മധുരച്ചൂരല്‍' എന്നീ പംക്തികളും സിനിമയുടെ രചനയെ സ്വാധീനിച്ചു.
പൃഥ്വിരാജ് വിരുദ്ധപ്രചാരണത്തില്‍ മുങ്ങിപ്പോയൊരു സിനിമയാണ് 'മാണിക്യക്കല്ല്'. 

പൃഥ്വിയുടെ വിവാഹത്തിനുശേഷം ആദ്യമായിറങ്ങിയ സിനിമയായിരുന്നു അത്. വിവാഹത്തെച്ചൊല്ലി ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നത് ചിത്രത്തെയും ബാധിച്ചു. മുഖ്യധാരാമാധ്യമങ്ങള്‍ 'മാണിക്യക്കല്ലി'നെ പൂര്‍ണമായി അവഗണിക്കുകയായിരുന്നു. സിനിമ വ്യാപാരവിജയം നേടിയില്ല എന്നതിലുപരിയായി അതില്‍ ചര്‍ച്ച ചെയ്തകാര്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ എത്താതെ പോയി എന്നത് ഇന്നുമെന്നേ വേദനിപ്പിക്കുന്നുണ്ട്. 'മാണിക്യക്കല്ലി'ന് ലഭിച്ച പുരസ്‌കാരം സംവിധായകനെന്ന നിലയില്‍ എന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. '916'ലും ആ മികവ് കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. 

'916'ന്റെ പിന്നിലുള്ളവര്‍

അനൂപ് മേനോന്‍, മുകേഷ് ആസിഫ് അലി എന്നിവര്‍ക്കുപുറമെ കെ.പി.എ.സി. ലളിത, മീര വാസുദേവ്, പാര്‍വണ, മാളവിക മേനോന്‍, മാമുക്കോയ, നന്ദു, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. '916'ന്റെ തിരക്കഥയൊരുക്കിയതും സംവിധായകന്‍ തന്നെ. ക്യാമറ ഫൈസല്‍ അലി. എഡിറ്റിങ് രഞ്ജന്‍ പ്രമോദ്. സംഗീതം എം. ജയചന്ദ്രന്‍. ഗാനരചന റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജീവ് നായര്‍, ആദിത്ത് ഐശ്വര്യ. സ്‌നേഹ മൂവീസിന്റെ ബാനറില്‍ കെ.വി. വിജയകുമാര്‍ പാലക്കുന്ന് ആണ് '916' നിര്‍മിക്കുന്നത്. 

Monday, July 16, 2012

ബാച്ചിലര്‍ പാര്‍ട്ടി(സ്ലോമോഷന്‍ ലോകം)



ആദ്യത്തെ മലയാള സിനിമ 1930 നവംബര്‍ 7 നു (വിഗതകുമാരന്‍, സംവിധാനം ജെ സി ഡാനിയേല്‍) പുറത്തിറങ്ങിയെങ്കിലും മലയാള സിനിമ മലയാള സിനിമയായത് അന്‍പതുകളിലും അറുപതുകളിലുമാണ്. അതിനു മുന്‍പുള്ള മലയാള സിനിമ മദിരാശിയിലെ സ്റ്റുഡിയോകളുടെയും അന്യഭാഷാ നിര്‍മാതാക്കളുടെയും ഔദാര്യങ്ങളോ ഒഴിവു സമയ വിനോദങ്ങളോ മാത്രമായിരുന്നു. 

മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമ തുടക്കം മുതല്‍ തന്നെ സാമൂഹ്യ പ്രശ്‌നങ്ങള്‍, അതതു കാലഘട്ടത്തിന്റെ, ആണ് സിനിമയ്ക്ക് വിഷയമാക്കിയിരുന്നത്. പുരാണ കഥകളും ഭക്തി കഥകളുമായിരുന്നു ഈ സമയത്ത് അന്യ ഭാഷ ചിത്രങ്ങളുടെ വിഷയങ്ങള്‍. തുടക്കത്തില്‍ തന്നെ കഥ, തിരക്കഥ, ഗാനരചന എന്നീ മേഘലകളില്‍ സാഹിത്യകാരന്മാരെ അണിനിരത്താനുള്ള പ്രവണതയും മലയാളത്തില്‍ ഉണ്ടായിരുന്നു. ബഷീര്‍, തകഴി, പി ഭാസ്‌കരന്‍, രാമു കാര്യാട്ട്, ഉറൂബ്, വയലാര്‍, ഓ എന്‍ വി, എം ടി, പൊറ്റക്കാട്, തോപ്പില്‍ ഭാസി, കേശവ ദേവ്, പാറപ്പുറം, എന്‍ പി, മലയാറ്റൂര്‍, മുട്ടത്തു വര്‍ക്കി തുടങ്ങി മലയാള സാഹിത്യത്തിലേയും നാടക രംഗത്തെയും സംഗീതത്തിലെയും മഹാരഥന്മാര്‍ മലയാള സിനിമയുമായി പലതരത്തില്‍ ബന്ധപ്പെട്ടിരുന്നു. 

ഇങ്ങനെ ഒരാമുഖം പറഞ്ഞു തുടങ്ങിയത് ആ കാലഘട്ടത്തില്‍ നിന്നു, സാധാരണക്കാരനോടൊപ്പം നിന്ന, മലയാള സിനിമ പിന്നീട് മാറിയതിനെ കുറിച്ച് പറയാനാണ്. പദ്മരാജനൊക്കെ ശേഷം സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധം ഗണ്യമായി കുറഞ്ഞു, അല്ലെങ്കില്‍ ഒട്ടും ഇല്ലാതായി എന്ന് പറയാം. അപൂര്‍വമായി മാത്രം ചില എഴുത്തുകാരുടെ കൃതികള്‍ അഭ്രപാളിയിലേക്ക് പകര്‍ത്തപ്പെട്ടു. കഥയില്ലായ്മയും കെട്ടു കാഴ്ചകളും ഒക്കെയായി മലയാള സിനിമ അധ:പതിച്ചു. എല്ലാ ദേശീയ പുരസ്‌കാര വേളകളിലും സമ്മാനങ്ങള്‍ വാരി കൂട്ടിയിരുന്ന നമ്മുടെ സിനിമ നാമമാത്രമായ പുരസ്‌കാരങ്ങള്‍ കൊണ്ട് ശുഷ്‌കമായി. അഭിനേതാക്കള്‍ സൂപ്പര്‍ താരങ്ങളായി പരിണമിച്ചപ്പോള്‍ ചെരുപ്പിന് പാകത്തില്‍ കാലു മുറിക്കുന്ന പോലെയുള്ള തിരക്കഥകള്‍ വന്നു. 

ഈ പ്രതിസന്ധികള്‍ക്കിടയില്‍ തിയെറ്ററുകളെ നഷ്ടത്തില്‍ നിന്നു കരകയറ്റാന്‍ ഷക്കീല പടങ്ങള്‍ തുണച്ച ഒരു ഘട്ടവും കടന്നു പോയി. തമിഴ് സിനിമയില്‍ ഈ കാലയളവില്‍ നിരവധി മാറ്റങ്ങള്‍ വന്നു. അവിടത്തെ പുതിയ പരീക്ഷണങ്ങള്‍ തമിഴകം മാത്രമല്ല മലയാളവും നെഞ്ചേറ്റി. പതുക്കെയാണെങ്കിലും മാറ്റത്തിന്റെ കാറ്റ് ഇവിടെയും വീശാന്‍ തുടങ്ങി. പുതുമയുള്ള കഥകളും കഥാ പാത്രങ്ങളുമായി മലയാള സിനിമയിലും ജീവന്റെ തുടിപ്പുകള്‍ വന്നു, അവ പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഇത്തരമൊരു വേളയില്‍, പഴയകാല സിനിമസാഹിത്യ ബന്ധം പോലെ യുവ എഴുത്തുകാരില്‍ ശ്രദ്ധേയരായ രണ്ടുപേര്‍ സിനിമയിലേക്ക് വരുന്നു എന്നത് ഒരുപാട് ആഹ്ലാദം പ്രദാനം ചെയ്യേണ്ട വസ്തുത തന്നെയാണ്. 


ചാപ കുരിശ്, അന്‍വര്‍, ബിഗ് ബി മുതലായ സിനിമകളുടെ ഭാഗമായിട്ടുണ്ട് ഉണ്ണി ആര്‍. അദ്ദേഹത്തിന്റെ തന്നെ 'ലീല' എന്ന കഥ രഞ്ജിത്ത് സിനിമയാക്കാനും പോവുന്നുണ്ട്. 'കൊമാല' യിലൂടെ വായനയില്‍ പുതിയ ഒരനുഭവം കാഴ്ച വച്ച എഴുത്തുകാരനാണ് സന്തോഷ് എച്ചിക്കാനം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പദ്മരാജന്‍ പുരസ്‌കാരം, ഡല്‍ഹി കഥാ അവാര്‍ഡ്, മുണ്ടശ്ശേരി അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം. നവംബര്‍ റെയിന്‍ സിദ്ധാര്‍ത് ഭരതന്റെ 'നിദ്ര' എന്നീ സിനിമകളുമായി സഹകരിച്ചാണ് എച്ചിക്കാനം ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. 

ആഷിക് അബു സന്തോഷ് എച്ചിക്കാനത്തിന്റെ 'ഇടുക്കി ഗോള്‍ഡ്' എന്ന കഥ അതേ പേരില്‍ സിനിമയാക്കുന്നുമുണ്ട് . സീരിയല്‍ രംഗത്തും സജീവമാണ് ഈ കഥാ കൃത്ത്. ഇങ്ങനെ പ്രഗല്‍ഭരായ രണ്ടു എഴുത്തുകാര്‍ അമല്‍ നീരദ് എന്ന നിപുണനായ ചായഗ്രാഹകന്റെ കൂടെ (നല്ല സംവിധായകന്‍ എന്ന് ഇനിയും പറയാറായിട്ടില്ല) ഒന്നിച്ചു ചേരുമ്പോള്‍ പ്രതീക്ഷകള്‍ ഒരുപാട് ഉയരത്തിലാവാനെ തരമുള്ളൂ. സിനിമ ഇറങ്ങുന്നതിനു മുന്‍പുള്ള പോസ്റ്റുകളും പാട്ട് സീനുകളും നടന്മാരുടെ മേയ്ക്ക് ഓവറുകളും ഈ പ്രതീക്ഷ പിന്നെയും ഉയര്‍ത്തി. 

സിനിമ കണ്ടു കഴിയുമ്പോള്‍ പക്ഷെ ഒറ്റ വാക്കില്‍ ഈ ചിത്രത്തെ വിവരിക്കാം, male fantsay യില്‍ ചുട്ടെടുത്ത കുറെ സീനുകള്‍! ഉദാഹരണത്തിന്, സിനിമ തുടങ്ങുമ്പോള്‍ കാണിക്കുന്ന മോഷണ സംഘത്തിലെ ഒരു കുട്ടി ബ്രാ ധരിച്ചിരിക്കുന്ന സീന്‍, തണ്ണിമത്തന്‍ മദ്യത്തില്‍ മുക്കി കഴിക്കുന്നത്, സംസാരിക്കുന്ന തത്തയുടെ കഥ, രമ്യ നമ്പീശന്റെയും പദ്മപ്രിയയുടെയും നൃത്ത/ശരീര പ്രദര്‍ശനം, സിനിമ അവസാനിക്കുന്ന വെടിവയ്പ്പ് സീനുകള്‍, മദ്യപാനവും സിഗരറ്റ് വലിയും നിറഞ്ഞ, കെട്ടുപാടുകളുടെ ഭാരമില്ലാത്ത അരാജക ജീവിതം, (കൗമാര കാലത്തെ ഏറ്റവും വലിയ സ്വപ്നം/ആഗ്രഹം ആവുമല്ലോ ശാസിക്കാനും വിലക്കാനും ആരുമില്ലാതെ തനിക്കു തോന്നിയ പോലെ ജീവിക്കാന്‍ പറ്റുന്ന ഒരു ജീവിതം). ചുരുക്കി പറഞ്ഞാല്‍ ഒരു ബാച്ചിലര്‍ പാര്‍ട്ടി!

ഇതൊന്നുമല്ലാതെ എന്താണ് ഈ സിനിമയില്‍ ഉള്ളതെന്ന് ചോദിച്ചാല്‍ അഞ്ചു ബാല്യ കാല സുഹൃത്തുക്കള്‍, ഏതു വിധേനയും പണം നേടാനുള്ള അവരുടെ ചെയ്തികള്‍, ഒരാളുടെ പ്രണയം, വില്ലന്മാര്‍, വെടിവയ്പ്, സ്ലോ മോഷന്‍, പാട്ട്, ആദ്യ ഫ്രെയിം മുതല്‍ അവസാനം വരെയുള്ള കാതടപ്പിക്കുന്ന എന്നാല്‍ സിനിമയുടെ പാര്‍ട്ടി മൂഡിനു ചേരുന്ന പശ്ചാത്തല സംഗീതം (രാഹുല്‍ രാജ്). കഴിവ് തെളിയിച്ച രണ്ടു കഥാ കൃത്തുക്കള്‍ ഉണ്ടായിട്ടു പുതുമയൊന്നും ഇല്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്, വലിയ ഒരു പൊളിച്ചെഴുത്ത്! സ്വര്‍ഗം എന്ന സങ്കല്‍പ്പത്തിന്റെ. 

ഒരു തരത്തില്‍ പറഞ്ഞാല്‍ സെമറ്റിക് മതങ്ങളുടെ നില നില്‍പ്പ് തന്നെ സ്വര്‍ഗ്ഗ/നരക വിശ്വാസ പ്രമാണങ്ങളുടെ മുകളിലാണ്. ഈ സിനിമയില്‍ നായകന്മാരും വില്ലന്മാരും എല്ലാം (അല്ലെങ്കില്‍ തന്നെ ആരാണ് യഥാര്‍ത്ഥത്തില്‍ നായകന്‍? വില്ലന്‍?!) മരണപ്പെട്ട ശേഷം എത്തിച്ചേരുന്നത് നരകത്തില്‍. അവിടെ കുഞ്ഞുടുപ്പിട്ട് പാട്ട് പാടി നൃത്തം വയ്ക്കാന്‍ പദ്മപ്രിയയും കൂട്ടുകാരികളും. ഒരു ബഷീറിയന്‍ കഥ പോലെ സമത്വ സുന്ദരമായ ഒരു ലോകം. ശുഭം!

ഒരു കാലത്ത് ശക്തരായ സ്ത്രീ കഥാപാത്രങ്ങളും അഭിനേതാക്കളും ഉണ്ടായിരുന്നു മലയാളത്തില്‍, നായകന്റെ ലേബലില്‍ അല്ലാതെ തന്നെ ഓടിയിരുന്ന സിനിമകളും. പിന്നീട് സുന്ദരമായ ശരീരവും മുഖവുമായി പല നാടുകളില്‍ നിന്നുള്ള നായികമാര്‍ വന്നു മിന്നി മറഞ്ഞു പോവുന്ന കാഴ്ചയായി മാറി.

എല്ലാവരും ഒരു പോലെ സംസാരിക്കുകയും ചെയ്തു (മിക്കപ്പോഴും ഒരേ ആളുകള്‍ തന്നെ ശബ്ദം നല്‍കിയിരുന്നത് കൊണ്ട്. 

ഇപ്പോഴും നായകനേ സ്വന്തം ശബ്ദം ആവശ്യമുള്ളു, നായികക്കില്ല). ഇടയ്ക്ക് ചില ഒറ്റപ്പെട്ട പ്രതിഭാ സ്ഫുരണങ്ങള്‍ ഉണ്ടായെങ്കിലും വിവാഹ ശേഷം അവരും വെള്ളിവെളിച്ചം ഉപേക്ഷിച്ചു. മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ എന്ന് പറഞ്ഞ പോലെ വെറും ഐറ്റം ഡാന്‍സ്‌നു മാത്രമായി രണ്ടു നായികമാര്‍ ഈ സിനിമയില്‍. (ഇപോഴുള്ള hype ഒക്കെ കഴിയുമ്പോള്‍ രമ്യ നമ്പീശന് 'അഭിനയിക്കാന്‍' നല്ല റോള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാം!) നിത്യ മേനോനും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

എന്തായാലും ആമിര്‍ ഖാന് അഭിമാനിക്കാം, അദ്ദേഹത്തിന്റെ 'ഡല്‍ഹി ബെല്ലി' ( 2011) എന്ന ചിത്രത്തിന്റെ സ്വാധീനം ഇനിയും അവസാനിച്ചിട്ടില്ല എന്നുള്ളതില്‍. Johnnie ഠീ സംവിധാനം ചെയ്ത ചൈനീസ് ചിത്രം Exiled (2006) എന്ന പടത്തിന്റെ കോപ്പി ആണ് ഈ സിനിമ എങ്കിലും ഡല്‍ഹി ബെല്ലിയുടെ സ്വാധീനം വളരെ വ്യക്തമാണ്. 

ഇങ്ങനെയൊക്കെ ആണെങ്കിലും അമല്‍ നീരദ് ക്യാമറ കൊണ്ട് വരയ്ക്കുന്ന മനോഹരമായ ഫ്രെയിംസിനെ കുറിച്ച് പറയാതെ വയ്യ. മലയാളത്തില്‍ സാധാരണ കാണാത്ത ഒരു സെന്‍സിബിലിറ്റിയിലൂടെയാണ് അമല്‍ നീരദിന്റെ ക്യാമറ ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത്. നിത്യ മേനോന്‍, അസിഫ് അലി പ്രണയ രംഗത്തിലെ പാട്ട് സീന്‍, റഹ്മാന്‍ മരിച്ചു വീഴുന്ന രംഗം മുതലായവ ചില ഉദാഹരങ്ങള്‍. പക്ഷേ ഭംഗിയാര്‍ന്ന ചില ദൃശ്യങ്ങള്‍ ചേര്‍ത്ത് വച്ചാല്‍ സിനെമയാവില്ലലോ സാര്‍ 

വാല്‍ക്കഷണം ബാച്ചിലര്‍ പാര്‍ട്ടി കണ്ടിറങ്ങിയ ആളോട് സുഹൃത്ത് ' എത്ര നേരം ഉണ്ട് സിനിമ?'
'സിനിമ സത്യത്തില്‍ ഒന്നര മണിക്കൂര്‍ ഉള്ളു, അമല്‍ നീരദ് ആയതു കൊണ്ട് രണ്ടര മണിക്കൂര്‍, ഒരു മണിക്കൂര്‍ സ്ലോ മോഷന്‍!' 
(കടപ്പാട് വെറുതെ കിട്ടുന്ന sms കള്‍ക്ക് )

ഉസ്താദ് ഹോട്ടല്‍




ഉസ്താദ് ഹോട്ടല്‍ ഒരു പ്രണയ കഥയാണോ? അതോ ഭക്ഷണത്തെ കുറിച്ചുള്ള സിനിമയോ? കുടുംബ ബന്ധങ്ങളെ കുറിച്ചാണോ അതോ മ്യൂസിക് ബാന്‍ഡിനെ പറ്റിയോ? ഇതെല്ലാമാണ് ഉസ്താദ് ഹോട്ടല്‍. നമുക്കറിയാവുന്ന, നമ്മള്‍ കാണുന്ന ബന്ധങ്ങളുടെ, ചില നേരങ്ങളില്‍ കാണാതെ, മനസ്സിലാക്കാതെ പോവുന്ന നോവുകളുടെ കഥ കൂടിയാണിത്. 

ഫൈസി (ദുല്‍ഖര്‍ സല്‍മാന്‍) ജനിക്കുന്നതിനു എത്രയോ മുന്‍പ് തുടങ്ങിയതാണ് അവന്റെ ഉപ്പ (സിദ്ദിക്ക് )അവനു വേണ്ടിയുള്ള കാത്തിരിപ്പ്, പേര് വരെ നേരത്തെ തീരുമാനിച്ചിരുന്നു. മക്കളെയും കൂട്ടി ദുബായില്‍ എത്തിയ റസാക്കിന്റെ ശ്രദ്ധ മുഴുവന്‍ ബിസിനസ്സ് വിപുലീകരിക്കുന്നതിലായിരുന്നു. പെങ്ങന്മാര്‍ വളര്‍ത്തിയ കുട്ടി ആയതുകൊണ്ടാവാം ഫൈസിക്ക് ചെറുപ്പം തൊട്ടേ പാചകത്തിലായിരുന്നു കമ്പം. വലുതായപ്പോള്‍ ഉപ്പയുടെ ആഗ്രഹം പോലെ ബിസിനസ്സുകാരനാവാന്‍ നില്‍ക്കാതെ അവന്‍ വിദേശത്തേക്ക് പറക്കുന്നത് ഷെഫ് ആവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു. 

സത്യം പുറത്തറിയുമ്പോഴുള്ള പൊട്ടിത്തെറിയും അച്ഛനും മകനും തമ്മിലുള്ള അകല്‍ച്ചയും ഫൈസിയെ കൊണ്ടെത്തിക്കുന്നത് അവരില്‍ നിന്നൊക്കെ അകന്നു ജീവിച്ച ഉപ്പുപ്പാന്റെ (തിലകന്‍) അരികത്തേക്കായിരുന്നു, അയാളുടെ ഉസ്താദ് ഹോട്ടലിലെക്കും. താല്‍ക്കാലികമായ ഒരിടമായിരുന്നു ഉപ്പുപ്പാന്റെ ഈ ഹോട്ടല്‍. അവിടെ നിന്നു പക്ഷേ അവന്‍ പഠിച്ചത് പാചകം എന്ന കച്ചവടത്തെ കുറിച്ചല്ല, ജീവിതം എന്ന സത്യത്തെ കുറിച്ചാണ്. എങ്ങനെ ഭക്ഷണം ഉണ്ടാക്കണം എന്ന് മാത്രമല്ല, എന്തിനു ഉണ്ടാക്കണം എന്ന് കൂടിയാണ്. ഭക്ഷണത്തിലൂടെ വയര്‍ മാത്രം നിറക്കാനല്ല മനസ്സ് കൂടി നിറയ്ക്കാനാണ്. ഓരോ സുലൈമാനിയിലും ചേര്‍ക്കേണ്ട മൊഹബ്ബതിനെ കുറിച്ചാണ്, പിന്നെ കിസ്മത്തിനെ കുറിച്ചും. 

അത്ര എളുപ്പത്തിലല്ല ഫൈസി ഈ പാഠങ്ങള്‍ പഠിക്കുന്നത്. എച്ചില്‍ വൃത്തിയാക്കുന്നത് മുതല്‍ വിളമ്പുന്നതും, സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം ഉപ്പൂപ്പ അവനെ പഠിപ്പിക്കുന്നുണ്ട്. ജോലി കാര്യങ്ങളില്‍ വലിപ്പ ചെറുപ്പമില്ല എന്നുള്ള വലിയ സത്യമാണ് ഇതിലൂടെ അവനു പകര്‍ന്നു നല്‍കുന്നത്. ആത്മീയതയുടെ ആരംഭം അവനവനെ അറിയുന്നതിലൂടെ ആണെന്നും. മധുരയിലെക്കുള്ള ഒരു യാത്ര, നിസ്വാര്‍ഥനായി അഗതികള്‍ക്ക് ഭക്ഷണം വിളമ്പുന്ന ഒരു വ്യക്തിയുമായുള്ള കൂടികാഴ്ച എന്നിവ ഫൈസിക്ക് കണ്ണ് തുറന്നു തന്നെ തന്നെയും തന്റെ ചുറ്റുമുള്ളവരെയും ഉപ്പൂപ്പ എന്ന മിസ്റ്റിക് സൂഫി വര്യനെയും കാണാനുള്ളതായിരുന്നു. 

ഓരോ ധാന്യ മണിയിലും അത് കഴിക്കുന്നയാളുടെ നാമം ഉണ്ട് എന്ന ചൊല്ല് പോലെ, അത് പകര്‍ന്നു നല്‍കുകയാണ് തന്റെ കര്‍മ്മം എന്ന് ഫൈസി തിരിച്ചറിയുന്നു. അപ്പോഴേക്കും ഉപ്പൂപ്പ തന്റെ യാത്ര തുടങ്ങിയിരുന്നു, കാണാ തീരങ്ങളിലേക്ക്, പുതു അറിവുകളിലേക്ക്. ആരോ വിളമ്പിയ ഭക്ഷണം കഴിക്കുന്ന കരീംക്കയില്‍ ക്യാമറ ചെന്നവസാനിക്കുമ്പോള്‍ അന്നം കൊടുക്കുന്നവനു അന്നമുണ്ട് എന്ന വലിയ സത്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

ഈ സിനിമ ചിലര്‍ക്ക് അവകാശപ്പെട്ടതാണ് , auteur theory യില്‍ പറയുന്ന പോലെ ഇത് സംവിധായകന്റെ, അന്‍വര്‍ റഷീദ്‌ന്റെ സിനിമയാണ്, ചെറിയ ഒരു തീം മനോഹരമായ ഫ്രെയ്മുകളായി ആദ്യന്തം ഭംഗിയായി കഥയ്ക്കിണങ്ങുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നവ സിനിമയുടെ ഘടകങ്ങള്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന വയലന്‍സ്, മദ്യപാനം, ലൈംഗിഗതയുടെ തുറന്നു പറച്ചിലുകള്‍ എന്നീ അസ്‌കിതകള്‍ ഒട്ടുമില്ലാതെ ഹൃദയ സ്പര്‍ശിയായി ഒരുക്കിയിട്ടുണ്ട്. 

ആ ഉദ്യമത്തില്‍ ലോകനാഥന്റെ ക്യാമറ 100% സംവിധായകന്റെ കൂടെയുണ്ട്. സുന്ദരിയായിട്ടുണ്ട് ഈ ക്യാമറ കാഴ്ച്ചയില്‍ കോഴിക്കോട്. ഗോപി സുന്ദര്‍ അണിയിച്ചൊരുക്കിയ പാട്ടുകളും BGM ഉം ആണ് മറൊരു ആകര്‍ഷണം. ഇതൊക്കെയാണെങ്കിലും ഇത് തിലകന്റെ സിനിമയാണ്. തനിക്കു പകരം വയ്ക്കാന്‍ ഒരാളില്ല എന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട് കരീമയ്ക്കയായി ജീവിക്കുകയാണ് തിലകന്‍. മറ്റു കഥാപാത്രങ്ങളും അവരുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും സിദ്ദിക്കും മാമുക്കോയയും. ദുല്‍ഖറും മോശമാക്കിയില്ല.

തിലകനോടോത്തുള്ള കോമ്പിനേഷന്‍ സീനുകളിലാണ് കൂടുതല്‍ തികവ് ദുല്‍ഖറിന്, നായികയോടൊത്ത് പോലും ആ കെമിസ്ട്രി ഇല്ല. അഞ്ജലി മേനോന്റെ ആദ്യ കമേഴ്‌സ്യല്‍ സംരംഭമാണ് ഉസ്താദ് ഹോട്ടല്‍. തന്റെ സാന്നിധ്യം ഈ സിനിമയിലൂടെ അവര്‍ അറിയിക്കുന്നുണ്ടെങ്കിലും ഹാപ്പി ജേര്‍ണി, മഞ്ചാടിക്കുരു എന്നീ സിനിമകളിലെ കൈയൊതുക്കം രണ്ടാം പകുതി ആവുമ്പോഴേക്കും നഷ്ടപ്പെടുന്നുണ്ട്. ഒരു ഘട്ടം കഴിയുമ്പോള്‍ ചില കഥാ പാത്രങ്ങള്‍ പ്രസക്തരല്ലാതാവുന്നു. 

ലളിതമായ ഒരു കഥ വളച്ചുകെട്ടലുകള്‍ ഇല്ലാതെ, പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ, കോഴിക്കോടന്‍ നാട്ടു ഭാഷയില്‍ ആവശ്യത്തിനു മസാല ചേര്‍ത്ത് പാകം ചെയ്ത സിനിമയാണ് ഉസ്താദ് ഹോട്ടല്‍. എന്നിരുന്നാലും ചില സ്ഥലങ്ങളില്‍ അല്പം ഉപ്പോ മുളകോ കൂടി രുചിഭംഗം വരുത്തുന്നുണ്ട്. ഉദാഹരണത്തിന് നായിക (നിത്യ മേനോന്‍) നട്ടപ്പാതിരയ്ക്ക് 'അപ്പങ്ങള്‍ എമ്പാടും' പാടി ആടുന്ന സീന്‍. തികച്ചും യാഥാസ്ഥിതികരായ വീട്ടുകാരാണ് എന്ന് നായിക തന്നെ പറഞ്ഞിട്ടുള്ള വീട്ടുകാര്‍ കോഴിക്കോടങ്ങാടിയില്‍ നടന്ന ഈ കലാപരിപാടി അറിയാതെ വരുമോ, അവള്‍ മതില് ചാടി വന്നതാണെങ്കിലും? ആദ്യത്തെ തവണയല്ല റോക്ക് ബാന്‍ഡ് ന്റെ കൂടെയുള്ള ഈ ചുറ്റല്‍ എന്ന് സിനിമയില്‍ വ്യക്തമാക്കുന്നുമുണ്ട്. 

രണ്ടാം പകുതി ആവുമ്പോഴേക്കും വളരെ സ്വാതന്ത്ര്യത്തോടെ ഏതു നേരവും അവള്‍ ബീച്ചിലെ ഉസ്താദ് ഹോട്ടല്‍ ഇല്‍ വന്നിരിക്കുന്നുമുണ്ട്. പെണ്ണ് കാണാന്‍ വരുമ്പോള്‍ അവള്‍ പറയുന്ന പോലെ കുട്ടികളേം പ്രസവിച്ചു വീട്ടില്‍ അടങ്ങിയിരിക്കുന്ന ഒരു ഭാര്യയാവാന്‍ എനിക്ക് പറ്റില്ല എന്നുള്ള തന്റെ അഭിപ്രായം അവള്‍ പ്രാവര്‍ത്തികമാക്കി സ്വതന്ത്രയായി, ഈ ലോകം എന്റേത് കൂടിയാണ് എന്ന് അടിവര ഇടുകയാണെങ്കില്‍ തീര്‍ച്ചയായും അത് നല്ലൊരു സന്ദേശമാണ്. 
നായകന്റെ കണ്ണ് തുറപ്പിച്ച മധുര യാത്ര ഉദ്ദേശശുദ്ധി ഉള്ളതാണെങ്കിലും എഡിറ്ററുടെ കത്രിക കാണാതെ വല്ലാതെ ദീര്‍ഘിച്ചു പോവുന്നുണ്ട്, പഴയൊരു സാരോപദേശ കഥയുടെ മാതൃകയില്‍. കുത്സിത ശ്രമങ്ങള്‍ നായകന്‍ കണ്ടെത്തുന്നതും യുക്തിക്ക് നിരക്കാത്തതായി, കടം വീട്ടാനുള്ള പണം ഉണ്ടാവുന്നതും.

Download Usthad Hotel(2012) Malayalam Songs Here:

1.Vathilil  - Hariharan , Chorus
2.Appangal - Anna Katharina Valayil
3.Mel Mel - Naresh Iyer ,  Anna Katharina Valayil
4.Subhanalla - Navin Iyer , Chorus