Pages

Tuesday, July 24, 2012

ബന്ധങ്ങളുടെ മാറ്ററിഞ്ഞ് 916



916. മഞ്ഞലോഹത്തിന്റെ പരിശുദ്ധിയുടെ മാനദണ്ഡമാണിത്. 916 സ്വര്‍ണമെന്നാല്‍ തെല്ലിട പോലും മാറ്റു കുറയാത്ത ശുദ്ധ 
സ്വര്‍ണമെന്നര്‍ഥം. ജീവിതബന്ധങ്ങളുടെ കാര്യത്തിലും ഇതേ പരിശുദ്ധി തേടുന്ന കുറച്ചു മനുഷ്യരുടെ കഥയാണ് സംവിധായകന്‍ 
എം. മോഹനന്‍ തന്റെ പുതിയ ചിത്രത്തില്‍ പറയുന്നത്. '916' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് നഗരത്തിലും 
പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. സിനിമയുടെ കൗതുകങ്ങളെക്കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു 
പേരിലെ പുതുമ

ക്ഷസ്ഥര്‍ണത്തിന്റെയോ സ്വര്‍ണക്കച്ചവടക്കാരുടെയോ കഥയല്ല '916'. സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും ആഴത്തെക്കുറിച്ച് പറയുന്ന സിനിമയാണിത്. നല്ല ബന്ധങ്ങള്‍, അതു സുഹൃത്തുക്കളോടായാലും ഉറ്റവരോടായാലും സ്വര്‍ണത്തിന്റെ പ്രയോജനമാണ് ചെയ്യുക. സ്വര്‍ണമെന്നാല്‍ ആഡംബരം മാത്രമല്ല, സമ്പാദ്യം കൂടിയാണ്. ജീവിതത്തില്‍ നല്ല ബന്ധങ്ങളുണ്ടെങ്കില്‍ അതു മികച്ചൊരു നിക്ഷേപത്തിന്റെ ഫലം ചെയ്യും എന്ന് ഈ സിനിമ കാട്ടിത്തരും. സ്‌നേഹമുള്ളവരെ പൊന്നുകൂട്ടി ''പൊന്നുമോളേ, പൊന്നുമോനേ'' എന്നൊക്കെ വിളിക്കുന്നത് കേട്ടിട്ടില്ലേ. സ്വര്‍ണത്തിന് നമ്മുടെ ജീവിതത്തിലുള്ള സ്വാധീനം അത് വ്യക്തമാക്കുന്നു. അതുകൊണ്ടാണ് സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ അളവുകോലായ '916' എന്ന അക്കങ്ങള്‍ സിനിമയ്ക്ക് പേരായി സ്വീകരിച്ചത്. 

രണ്ട് ഡോക്ടര്‍മാര്‍, അവരുടെ ജീവിതം


രണ്ട് ഡോക്ടര്‍മാരുടെ ജീവിതമാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന ഡോ. ഹരികൃഷ്ണനും മുകേഷ് അവതരിപ്പിക്കുന്ന ഡോ. രമേഷും. ആതുരസേവനം കച്ചവടമാക്കരുതെന്ന ആദര്‍ശനിഷ്ഠയുള്ള വ്യക്തിയാണ് ഹരികൃഷ്ണന്‍. സര്‍ക്കാര്‍ ആസ്പത്രിയില്‍ പാവങ്ങളെ ചികിത്സിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന അദ്ദേഹം സന്തുഷ്ട ജീവിതം നയിക്കുന്നു. പ്ലസ്ടുകാരിയുടെ പിതാവ് കൂടിയാണ് വിഭാര്യനായ ഹരികൃഷ്ണന്‍. സുഹൃത്തായ ഹരികൃഷ്ണന്റെ ആദര്‍ശങ്ങളോട് അനുഭാവമുണ്ടെങ്കിലും സ്വന്തം ജീവിതത്തില്‍ അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തയാളാണ് ഡോ. രമേഷ്. സ്വന്തമായി ആസ്പത്രി നടത്തുന്നു. ഭാര്യയും ഡോക്ടര്‍ തന്നെ. ഹരികൃഷ്ണന്റെയും രമേഷിന്റെയും ജീവിതങ്ങളിലേക്ക് പ്രശാന്ത് എന്ന ചെറുപ്പക്കാരന്റെ വരവോടെയാണ് സിനിമ സംഭവബഹുലമാകുന്നത്. ബി.ടെക്. പൂര്‍ത്തിയാക്കിയിട്ടും തൊഴില്‍രഹിതനായി അലയുന്ന പ്രശാന്ത് ഡോ. ഹരികൃഷ്ണന്റെ മകളുമായി സൗഹൃദത്തിലാകുന്നു. ആസിഫ് അലിയാണ് ഈ വേഷം ചെയ്യുന്നത്.

ന്യൂജനറേഷനല്ല, ഓള്‍ ജനറേഷന്‍ 

ഇതൊരു ന്യൂജനറേഷന്‍ സിനിമയല്ല. എല്ലാ തലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രമൊരുക്കുന്നത്. കാലികമായ ഒരുപാടുകാര്യങ്ങള്‍ '916' ല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞോടുന്ന ന്യൂജനറേഷന്‍ സിനിമകള്‍ പരിശോധിച്ചാലറിയാം, അവയിലൊക്കെ നന്മയുടെ അടിയൊഴുക്കുണ്ട്. 'ഉസ്താദ് ഹോട്ടലും' 'തട്ടത്തിന്‍ മറയത്തു'മൊക്കെ ഉദാഹരണം. ജനങ്ങള്‍ സിനിമയെ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങിയതിന്റെ തെളിവാണ് ഈ ചിത്രങ്ങളുടെ വിജയം. ഈ ട്രെന്‍ഡ് മലയാള സിനിമയ്ക്ക് ഗുണം ചെയ്യും. ന്യൂജനറേഷന്‍ എന്ന പേരില്‍ അറുബോറന്‍ പടങ്ങള്‍ തട്ടിക്കൂട്ടി തിയേറ്ററുകളിലെത്തിച്ചുകൊണ്ട് പ്രേക്ഷകരെ വെറുപ്പിക്കരുത് എന്നേ പറയാനുള്ളൂ. 

താരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള തിരക്കഥയൊരുക്കുന്ന ട്രെന്‍ഡില്‍ നിന്ന് മലയാളസിനിമ മാറിക്കഴിഞ്ഞു. മികച്ച കഥയ്ക്കും അതുപറയുന്നതിലെ പുതുമകള്‍ക്കുമാണിപ്പോള്‍ പ്രേക്ഷകര്‍ പ്രാധാന്യം നല്‍കുന്നത്. ന്യൂജനറേഷന്‍ സിനിമകളിലെ താരമായതുകൊണ്ടല്ല അനൂപ് മേനോനെ ഈ ചിത്രത്തിലെ നായകനാക്കിയത്. അനൂപിനെ വെച്ച് ആറുവര്‍ഷം മുമ്പേ ഈ സിനിമയെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഓരോ കാരണങ്ങള്‍ കൊണ്ട് ചിത്രം നീണ്ടുപോയി. 

'മാണിക്യക്കല്ലി'ന്റെ പുരസ്‌കാരത്തിളക്കം
ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തെത്തിയത്. തുടര്‍ന്ന് ചെയ്ത 'മാണിക്യക്കല്ല്' എന്ന സിനിമയുടെ കഥയും തിരക്കഥയുമെഴുതിയത് ഞാന്‍ തന്നെയായിരുന്നു. ആ സിനിമയിലൂടെ 2011-ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നേടാനായതില്‍ അതിയായി സന്തോഷിക്കുന്നു. ഒരധ്യാപകന് വിദ്യാര്‍ഥികളുടെ ജീവിതങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കാനാകും എന്ന ചിന്തയാണ് 'മാണിക്യക്കല്ലി'ലൂടെ പറയാന്‍ ശ്രമിച്ചത്. ഗുരുശിഷ്യബന്ധങ്ങളില്‍ ഒട്ടേറെ മൂല്യച്യുതികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് എന്റെ മനസ്സിലുണ്ടായ ആശങ്കകളില്‍ നിന്നായിരുന്നു 'മാണിക്യക്കല്ല്' പിറവിയെടുത്തത്. മാതൃഭൂമി ആഴ്ചപതിപ്പിലെ 'ചോക്കുപൊടി', 'മധുരച്ചൂരല്‍' എന്നീ പംക്തികളും സിനിമയുടെ രചനയെ സ്വാധീനിച്ചു.
പൃഥ്വിരാജ് വിരുദ്ധപ്രചാരണത്തില്‍ മുങ്ങിപ്പോയൊരു സിനിമയാണ് 'മാണിക്യക്കല്ല്'. 

പൃഥ്വിയുടെ വിവാഹത്തിനുശേഷം ആദ്യമായിറങ്ങിയ സിനിമയായിരുന്നു അത്. വിവാഹത്തെച്ചൊല്ലി ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നത് ചിത്രത്തെയും ബാധിച്ചു. മുഖ്യധാരാമാധ്യമങ്ങള്‍ 'മാണിക്യക്കല്ലി'നെ പൂര്‍ണമായി അവഗണിക്കുകയായിരുന്നു. സിനിമ വ്യാപാരവിജയം നേടിയില്ല എന്നതിലുപരിയായി അതില്‍ ചര്‍ച്ച ചെയ്തകാര്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ എത്താതെ പോയി എന്നത് ഇന്നുമെന്നേ വേദനിപ്പിക്കുന്നുണ്ട്. 'മാണിക്യക്കല്ലി'ന് ലഭിച്ച പുരസ്‌കാരം സംവിധായകനെന്ന നിലയില്‍ എന്റെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. '916'ലും ആ മികവ് കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. 

'916'ന്റെ പിന്നിലുള്ളവര്‍

അനൂപ് മേനോന്‍, മുകേഷ് ആസിഫ് അലി എന്നിവര്‍ക്കുപുറമെ കെ.പി.എ.സി. ലളിത, മീര വാസുദേവ്, പാര്‍വണ, മാളവിക മേനോന്‍, മാമുക്കോയ, നന്ദു, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. '916'ന്റെ തിരക്കഥയൊരുക്കിയതും സംവിധായകന്‍ തന്നെ. ക്യാമറ ഫൈസല്‍ അലി. എഡിറ്റിങ് രഞ്ജന്‍ പ്രമോദ്. സംഗീതം എം. ജയചന്ദ്രന്‍. ഗാനരചന റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജീവ് നായര്‍, ആദിത്ത് ഐശ്വര്യ. സ്‌നേഹ മൂവീസിന്റെ ബാനറില്‍ കെ.വി. വിജയകുമാര്‍ പാലക്കുന്ന് ആണ് '916' നിര്‍മിക്കുന്നത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.