Pages

Monday, July 16, 2012

ദി മില്‍ക്ക് ഓഫ് സോറോ


ഗര്‍ഭിണിയായിരിക്കെ ക്രൂരമായ ബലാത്സംഗത്തിനിരയായ അമ്മ. അവരുടെ ഭീതിയും ഞെട്ടലും സങ്കടവുമെല്ലാം കുഞ്ഞിലേക്ക് പകര്‍ന്നിരുന്നു. അവള്‍ യുവതിയാകുമ്പോള്‍ ആണുങ്ങളോടും വിവാഹജീവിതത്തോടും തോന്നുന്ന ഭയവും വിരക്തിയും. ഇതാണ് പെറുവിയന്‍ സംവിധായികയായ ക്ലോഡിയ യോസയുടെ 'ദി മില്‍ക്ക് ഓഫ് സോറോ' യുടെ പ്രമേയം

ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തില്‍ മാജിക് റിയലിസം എന്ന ആഖ്യാന രീതിയുടെ പ്രയോക്താക്കളില്‍ പ്രമുഖനാണ് പെറുവിയന്‍ എഴുത്തുകാരനായ മരിയോ വര്‍ഗോസ് യോസ. അദ്ദേഹത്തിന്റെ മരുമകളാണ് ക്ലോഡിയ യോസ. സിനിമയില്‍ മാജിക് റിയലിസം ഉപയോഗപ്പെടുത്തിയ സംവിധായികയാണ് ക്ലോഡിയ. യഥാതഥമായ പശ്ചാത്തലത്തിലുള്ള ആഖ്യാനത്തിനിടയ്ക്ക് വിചിത്രമെന്നോ അസംഭവ്യമെന്നോ ഭ്രമാത്കമമെന്നോ തോന്നുന്ന സംഭവങ്ങളോ വിവരണങ്ങളോ കടന്നുവരുന്നതിനെ മാജിക് റിയലിസ്റ്റ് രീതിയെന്ന് ഒറ്റവാചകത്തില്‍ പറയാം. ലാറ്റിന്‍ അമേരിക്കക്കാര്‍ക്ക് അത് വെറും ആഖ്യാനരീതിമാത്രമല്ല. 

തങ്ങളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കാനുള്ള ഉപാധി കൂടിയാണ്. ദേശീയതയുടെയും സാമൂഹ്യസ്വത്വത്തിന്റെയും പ്രകാശനമായി അവര്‍ ഈ രീതിയെ കാണുന്നു. അതുകൊണ്ട് അതിന് രാഷ്ട്രീയവുമുണ്ട്. 'ലൈക്ക് വാട്ടര്‍ ഫോര്‍ ചോക്കലേറ്റ്‌സ്', 'അമിലിയെ', 'മിഡ്‌നൈറ്റ് ഇന്‍ പാരിസ്' തുടങ്ങിയവയാണ് ഈ രീതി പ്രയോജനപ്പെടുത്തിയ പ്രധാന സിനിമകള്‍. ക്ലോഡിയ 2009-ല്‍ സംവിധാനം ചെയ്ത 'മില്‍ക്ക് ഓഫ് സോറോ' മാജിക് റിയലിസം ഉപയോഗപ്പെടുത്തിയ സിനിമയാണ്. കഴിഞ്ഞ കേരള അന്താരാഷ്ട ചലചിത്രമേളയില്‍ ബെസ്റ്റ് ഓഫ് ഫിപ്രെസി വിഭാഗത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 2009-ലെ ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബിയര്‍ പുരസ്‌കാരം നേടിയ ചിത്രം 2010-ലെ ഓസ്‌കാറിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

'മില്‍ക്ക് ഓഫ് സോറോ' ഒരു രോഗത്തിന്റെ പേരാണ്. ഗര്‍ഭകാലത്തിനിടയില്‍ ബലാത്സംഗത്തിനിരയാകുന്ന അമ്മമാരില്‍ ഉണ്ടാകുന്ന ഭീതി മുലപ്പാലിലൂടെ ശിശുവിലേക്കും പകരുമെന്ന നാട്ടുവിശ്വാസമാണ് ഈ രോഗത്തന്റെ അടിസ്ഥാനം. സിനിമയുടെ 'la teta asustada' എന്ന സ്പാനിഷ് തലക്കെട്ടിന്റെ അര്‍ഥം 'പേടിച്ചരണ്ട മുലകള്‍' എന്നാണ്. പെറുവിലെ പ്രശ്‌നങ്ങളെ ആസ്പദമാക്കി പഠനം നടത്തിയ അമേരിക്കന്‍ മെഡിക്കല്‍ ആന്ത്രോപോളജിസ്റ്റ് ഡോ.കിംബര്‍ലി തീഡന്റെ 'എന്‍റേ പ്രോജിമോസ്' എന്ന പുസ്തകമാണ് ക്ലോഡിയയുടെ സിനിമയ്ക്ക് പ്രേരണയായത്. ലാറ്റിന്‍ അമേരിക്കയിലെ രാഷ്ടീയ അക്രമങ്ങള്‍ ആണ് തീഡന്റെ വിഷയം. ഇതിന്റെ ഭാഗമായി പെറുവിലെ സ്ത്രീകളുമായി സംസാരിച്ചപ്പോള്‍ പലരും 'മില്‍ക്ക് ഓഫ് സോറോ' എന്ന രോഗത്തെ കുറിച്ച് പറഞ്ഞിരുന്നു. 

അന്നാട്ടുകാരുടെ നാട്ടുവിശ്വാസത്തിന്റെ ഭാഗമാണ് ഇങ്ങനെയൊരു രോഗം. പെറുവിലെ ആന്‍ഡിയന്‍ മേഖലയില്‍ കമ്യൂണിസ്റ്റ് തീവ്രവാദം ശക്തമായിരുന്ന 1980-92 കാലഘട്ടത്തില്‍ മാവോയിസ്റ്റ് ആക്രമണത്തിനും പട്ടാള അടിച്ചമര്‍ത്തലിനും ഇടയില്‍ ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ക്കിടയിലായിരുന്നു ഇവരുടെ പഠനം. പെറുവിലെ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് വിഭാഗമായ ഷൈനിങ് പാത്തുകളാണ് ഇവരെ ലൈംഗിക ചൂഷണത്തിനിരയാക്കിയതെന്ന് കിംബര്‍ലി തീഡന്‍ പറയുന്നുണ്ട്. എന്നാല്‍ സിനിമയില്‍ ഏതുവിഭാഗമാണ് ചൂഷകരെന്ന് സംവിധായിക ക്ലോഡിയ സൂചിപ്പിക്കുന്നില്ല. മാവോയിസ്റ്റ് കാലത്ത് പെറുവിന്റെ പകുതിയോളം മേഖലകളില്‍ അടിയന്തരാവസ്ഥയായിരുന്നു. ഈ സ്ഥലങ്ങളിലെ സ്ത്രീകള്‍ പട്ടാളക്കാര്‍ക്ക് അവകാശപ്പെട്ടതാണെന്ന ധാരണയെ ആരും ചോദ്യം ചെയ്യാറില്ലായിരുന്നു. 1992 വരെ ഇവിടെ നടന്ന ബലാത്സംഗങ്ങളെകുറിച്ച് പരാതി പോലുമില്ലായിരുന്നു.


ലിമയ്ക്ക് സമീപമുള്ള മലമ്പ്രദേശത്താണ് 'മില്‍ക്ക് ഓഫ് സോറോ'വിന്റെ കഥ നടക്കുന്നത്. അപൂര്‍വരോഗം ബാധിച്ച ഫോസ്റ്റ (മാഗലി സോളിയര്‍)യാണ് കേന്ദ്ര കഥാപാത്രം. ഫോസ്റ്റയുടെ അമ്മ പെര്‍പീച്വ(ബാര്‍ബാറ ലാസന്‍) തീവ്രവാദകാലത്ത് ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായിരുന്നു. ഇരുട്ടില്‍ പെര്‍പീച്വ പാടുന്ന ഒരു പാട്ടോടെയാണ് ചിത്രം തുടങ്ങുന്നത്. അതില്‍ അവരുടെ പീഡനകാലത്തിന്റെ ഭീതിദമായ ഓര്‍മകളാണ്. ആ പാട്ടില്‍ ഇങ്ങനെയുണ്ട്:

...അവരെന്നെ ബലാത്സംഗം ചെയ്തു
ഉദരത്തില്‍ നിന്ന് എല്ലാം കാണുന്ന 
മകളോട് ഒരു കരുണയും കാണിച്ചില്ല
എന്നിട്ടും മതിയാകാതെ എന്റെ ഭര്‍ത്താവ്
ജോസഫോയുടെ മൃതമായ ലിംഗം 
അവരെന്നെ തീറ്റിച്ചു, പാവം. അദ്ദേഹത്തിന്റെ
വെടിപ്പുകയേറ്റ് കരിഞ്ഞ ലിംഗം 

മരണക്കിടക്കയിലെ പാട്ടാണത്. ഈ പാട്ട് പൂരിപ്പിച്ചു കൊണ്ടാണ് ഫോസ്റ്റ സ്‌ക്രീനില്‍ എത്തുന്നത്. അവര്‍ ദൈനംദിന കാര്യങ്ങള്‍ പാട്ടിലൂടെയാണ് കാര്യങ്ങള്‍ പറയുന്നതെന്ന് ഇതുകാണുമ്പോള്‍ നമുക്ക് തിരിച്ചറിയാം. അടുത്ത ദൃശ്യം അവരുടെ ദാരിദ്ര്യത്തിലേക്കാണ്. അമ്മാവന്റെ (മറീനോ ബാല്ലന്‍) വീട്ടിലാണ് ഫോസ്റ്റയും അമ്മയും താമസിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് അവര്‍ അയാക്കുച്ചോ ഗ്രാമത്തില്‍ നിന്ന് ഇങ്ങോട്ടേക്ക് വന്നതാണ്.
അമ്മാവന്റെ മകള്‍ മാക്‌സിമ (മറിയ ഡെല്‍ പിലാര്‍ ഗറേറോ)യുടെ കല്യാണം നടക്കാന്‍ പോകുകകയാണ്. അതിനായി വാങ്ങിയ വിവാഹ ഗൗണ്‍ ഇട്ടുനോക്കുകയാണ് മാക്‌സിമ. അതിന് അല്പം നീളം കുറവാണ്. 

രണ്ടോ മൂന്നോ മീറ്റര്‍ കൂടി നീളം വേണമെന്നാണ് അവളുടെ ആവശ്യം. 'നീളക്കുറവൊന്നുമില്ല, ഇനിയും നീളമുണ്ടാക്കാന്‍ മാത്രം എവിടെ പണമിരിക്കുന്നു' എന്ന് അച്ഛന്‍ ചോദിക്കുന്നു. 'ആകെ ഒരു മകളല്ലേയുള്ളൂ, അച്ഛാ, പോരാത്തതിന് വിവാഹം ഒരിക്കലല്ലേയുള്ളൂ' എന്ന നിഷ്‌കളങ്കമായ മകളുടെ ചോദ്യത്തിന് 'എന്റെ കൈയില്‍ ഇനി പണമില്ല' എന്ന മറുപടിയാണ് അയാള്‍ നല്‍കുന്നത്. ഈ തര്‍ക്കത്തിനിടയിലേക്ക് ഫോസ്റ്റ കടന്നുവരുന്നു. വിവാഹത്തെക്കുറിച്ചുള്ള ഇവരുടെ ചര്‍ച്ച കണ്ടപ്പോള്‍ തന്നെ അവളുടെ മൂക്കില്‍ നിന്ന് ചോര ഒഴുകാന്‍ തുടങ്ങി. അതാണവളുടെ രോഗം. 

ഡോക്ടറെ കണ്ടപ്പോഴാണ് അക്കാര്യം വെളിപ്പെടുത്തുന്നത്. ഫോസ്റ്റയുടെ ജനനേന്ദ്രിയത്തിനുള്ളില്‍ ചെറുപ്പത്തില്‍ ഒരു ഉരുളക്കിഴങ്ങ് തിരുകിവെച്ചിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രത്യേക സാഹചര്യത്തില്‍ വേരുപിടിക്കാന്‍ തുടങ്ങുന്നുണ്ട്. സിനിമയിലെ മാജിക്കല്‍ റിയലിസം കടന്നുവരുന്നത് ഇവിടെയാണ്. അപ്പോഴാണ് രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പറയുന്നത്. കുട്ടിയായിരുന്ന ഫോസ്റ്റ ബലാത്സംഗം ചെയ്യപ്പെട്ടാലും ഗര്‍ഭിണിയാകരുതെന്ന് കരുതിയാണ് നാടന്‍ ഗര്‍ഭനിരോധനമാര്‍ഗമെന്ന നിലയില്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത്. അയാക്കുച്ചോയില്‍ ഫോസ്റ്റയുടെ അയല്‍വാസിയായ സ്ത്രീ ഇങ്ങനെ ചെയ്തിട്ടുണ്ട്. അവര്‍ ഇപ്പോള്‍ സുഖമായി വിവാഹം കഴിച്ചു കഴിയുകയാണെന്ന് അവള്‍ പറയുന്നു. തീവ്രവാദ കാലത്ത് ബലാത്സംഗം ചെയ്യപ്പെട്ട പല അമ്മമാരും മക്കളില്‍ ഇങ്ങനെയൊരുപായം പരീക്ഷിച്ചിട്ടുണ്ട്. 
അടുത്ത സീന്‍ ആകുമ്പോഴേക്കും പെര്‍പീച്വ മരിച്ചു കഴിഞ്ഞു. 

അവരെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കണമെന്നാണ് ഫോസ്റ്റയുടെ ആഗ്രഹം. പക്ഷേ, അതിനായി ശവപ്പെട്ടി വേണം. തീരെ വിലകുറഞ്ഞ ശവപ്പെട്ടി പോലും വാങ്ങാനുള്ള പണം ഫോസ്റ്റയ്‌ക്കോ, അവളുടെ അമ്മാവനോ ഇല്ല. അതുകൊണ്ട് ആ പണമുണ്ടാക്കാനായി ലിമയിലെ പ്രശസ്തയായ പിയാനോ വാദകയും സംഗീതജ്ഞയുമായ ഐഡ(സൂസി സാഞ്ചസ്)യുടെ വീട്ടില്‍ ജോലിക്കുപോകുന്നു. അതുവരെ മൃതദേഹം പൊതിഞ്ഞ് വീട്ടില്‍ സൂക്ഷിക്കുകയാണ്. 

സൂക്ഷിക്കുന്നുവെന്ന് പറയാനാവില്ല. സാധനങ്ങള്‍ കൂട്ടിയിട്ട മുറിയില്‍ ശവവും വെച്ചിരിക്കുകയാണ്. കലാകാരിയാണെങ്കിലും ഐഡ ദന്തഗോപുരവാസിയാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന അവരുടെ വീട് തുറക്കുന്നത് ആളുകള്‍ നിറഞ്ഞ കച്ചവടെത്തരുവിലേക്കാണ്. പക്ഷേ അവിടത്തെ ശബ്ദം ഉള്ളിലേക്ക് കടന്നുവരാതിരിക്കാനും ആരും അവിടേക്ക് വരാതിരിക്കാനും വലിയൊരു വാതില്‍ മറതന്നെ തീര്‍ത്തിട്ടുണ്ട്. ചുമരിലെ ചതുരത്തിലൂടെ നോക്കി ആരാണെന്ന് ഉറപ്പുവരുത്തിമാത്രമേ ആരെയും കടത്തിവിടാവൂ.

ഫോസ്റ്റയോടും അവര്‍ക്ക് പുച്ഛമായിരുന്നു. ഒരിക്കല്‍ അവള്‍ പാടുന്ന ഒരു പാട്ട് ഐഡ കേള്‍ക്കുന്നു. അത് അയാക്കുച്ചോവിലെ ജീവിതത്തെ കുറിച്ചുള്ള നാടോടിഗാനമാണ്. അതു മുഴുവന്‍ പാടാന്‍ അവര്‍ ഫോസ്റ്റയെ പ്രേരിപ്പിക്കുന്നു. പക്ഷേ, ആര്‍ക്കെങ്കിലും മുന്നില്‍ പാടാന്‍ അവള്‍ക്കാകില്ല. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ പാടിപ്പോകുന്നതാണ്. ഇതിനിടെ സംഗീതജ്ഞ ഒരു പ്രലോഭനം മുന്നില്‍വെക്കുന്നു. ഫോസ്റ്റ പാടുന്ന ഓരോ പാട്ടിനും തന്റെ നെക്ലേസിലെ ഒരു മുത്തുമണി തരും. 

ഒടുവില്‍ നെക്‌ളേസ് അവള്‍ക്ക് സ്വന്തമാക്കാം. അങ്ങനെ ഓരോ മുത്തുകള്‍ ഫോസ്റ്റയ്ക്കായി അവര്‍ നീക്കിവെക്കുന്നു. ഇതിനിടെ ഐഡ എല്ലാ വര്‍ഷവും നടത്തുന്ന സംഗീതപരിപാടി എത്തുന്നു. തന്റെ വരികള്‍ കേട്ടാണ് ഫോസ്റ്റ വേദിക്കരികിലേക്ക് പോയത്. കേട്ടത് വന്‍ കരഘോഷമായിരുന്നു. അവര്‍ പാടിയതത്രയും ഫോസ്റ്റയുടെ പാട്ടുകളായിരുന്നു. ലിമയിലെ എല്ലാവരും ആ പാട്ടുകേള്‍ക്കാന്‍ എത്തിയിരുന്നു. തിരിച്ച് കാറില്‍ മടങ്ങുമ്പോഴും ഫോണില്‍ അഭിനന്ദന പ്രവാഹമായിരുന്നു.

'എല്ലാവര്‍ക്കും നല്ല ഇഷ്ടമായി' എന്ന ഫോസ്റ്റയുടെ കമന്റ് കേട്ടപ്പോഴാണ് അവളെകുറിച്ച് ഐഡ ഓര്‍ക്കുന്നത്. ആ സാന്നിധ്യം അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. അതോടെ വഴിയിലൊരിടത്ത് 'അവള്‍ നടന്നുവരും' എന്നു പറഞ്ഞ് അവര്‍ കാറില്‍ നിന്ന് ഫോസ്റ്റയെ ഇറക്കിവിടുന്നു. തന്ത്രപൂര്‍വമായ ഉപേക്ഷിക്കലായിരുന്നു അത്. ലിമയിലെ തെരുവുകളൊന്നും അവള്‍ക്ക് പരിചയമില്ല. പകല്‍ പോലും പുറത്തിറങ്ങി നടക്കാന്‍ അവള്‍ക്ക് ഭയമാണ്. ആരെങ്കിലും കൂട്ടുവേണം. അവള്‍ തിരിച്ച് അമ്മാവന്റെ വീട്ടിലാണ് എത്തിയത്. ഐഡ പണം തരില്ലെന്ന് അവള്‍ക്ക് മനസിലായി. മുന്‍കൂര്‍ തുക തരില്ലെന്ന് അവര്‍ നേരത്തെ പറഞ്ഞിരുന്നുതാനും. അധസ്ഥിത വര്‍ഗത്തിന്റെ പീഡനത്തിന്റെ ഓര്‍മകള്‍ പോലും വരേണ്യ കല ചൂഷണം ചെയ്യുകയാണെന്നും വര്‍ത്തമാനത്തിലും അത് തുടരുന്നുവെന്നും സംവിധായിക ക്ലോഡിയ ഇവിടെ പറഞ്ഞുവെക്കുന്നുണ്ട്.


ഫോസ്റ്റയുടെ കഥ പറയുമ്പോള്‍ തന്നെ സമാന്തരമായി മാക്‌സിമയുടെ വിവാഹ ഒരുക്കങ്ങളും കാണിക്കുന്നുണ്ട്. വിവാഹദിനം അടുക്കുന്തോറും അവള്‍ക്കും അമ്മാവനും അസ്വസ്ഥത കൂടുകയാണ്. വിവാഹത്തിന് മുമ്പ് ശവം വീട്ടില്‍ നിന്ന് മാറ്റണമെന്നാണ് അയാളുടെ ആവശ്യം. മരിച്ച മനുഷ്യരോ ദു:ഖഭരിതമായ ഓര്‍മകളോ മാക്‌സിമയുടെ വിവാഹദിനത്തില്‍ ഉണ്ടാകരുതെന്ന് അയാള്‍ ആഗ്രഹിക്കുന്നുണ്ട്. 
സംഗീതജ്ഞയുടെ വീട്ടിലെ പൂന്തോട്ടം പരിപാലിക്കുന്ന നോ(എഫ്രയിന്‍ സോളിസ്)യുമായുള്ള സൗഹൃദമാണ് ചിത്രത്തിലെ മറ്റൊരു സംഭവം. അവള്‍ക്ക് ആത്മവിശ്വാസം പകരാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. 

പൊതുവെ ആണുങ്ങളോട് ചങ്ങാത്തം കൂടാനോ ബന്ധം രൂപപ്പെടുത്താനോ വിവാഹത്തെകുറിച്ച് സംസാരിക്കാനോ ആഗ്രഹിക്കാത്ത അവള്‍ ഒരിക്കല്‍ അയാളോടൊപ്പം വീട്ടിലേക്ക് നടക്കുന്ന ദൃശ്യം ചിത്രത്തിലുണ്ട്. ഐഡയുടെ ഇടപെടലുകളും അവളില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ഫോസ്റ്റ പൂന്തോട്ടത്തിലെ ഉരുളക്കിഴങ്ങുചെടിയുടെ പൂക്കള്‍ മണപ്പിക്കുന്ന ദൃശ്യം ഇതിനുദാഹരണമാണ്. 

ഭയം, ദാരിദ്ര്യം, അന്ധവിശ്വാസം, ചൂഷണം തുടങ്ങിയ വിഷയങ്ങള്‍ ഒരേ സമയം സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.
മനോഹരമായ ലോങ്‌ഷോട്ടുകളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ലോങ്‌ഷോട്ടുകള്‍ പൊതുവെ ലാറ്റിന്‍ അമേരിക്കന്‍ സിനിമകളുടെ പ്രത്യേകതയായി എടുത്തുപറയാവുന്നതാണ്. ഫോസ്റ്റയുടെ വൈകാരികതയെ ആവിഷ്‌കരിക്കുന്ന മനോഹരവും ചടുലവുമായ ക്ലോസപ്പ് ദൃശ്യങ്ങളും ലോങ്‌ഷോട്ടുകളും ഇടകലര്‍ത്തിയാണ് ആഖ്യാനം. ക്ലോസപ്പുകള്‍ അവളുടെ വിഷാദത്തെ പകര്‍ത്തുന്നവയാണ്. മാക്‌സിമയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളും വിവാഹവും എല്ലാം ലോങ്‌ഷോട്ടുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ഫോസ്റ്റയുടെ കാഴ്ചവട്ടത്തിന് പുറത്തുനടക്കുന്ന സംഭവങ്ങളാണ് അവയെന്ന പ്രതീതിയൊരുക്കാനാണിത്. ഉരുളക്കിഴങ്ങ് നീക്കം ചെയ്ത ഫോസ്റ്റ അമ്മാവന്റെ ചുമലിലേറി പോകുന്ന ലോങ്‌ഷോട്ടിലാണ് ചിത്രം അവസാനിക്കുന്നതും. സാധാരണ രംഗം പോലും അസാധാരണമായ ഫ്രെയിമുകളില്‍ പകര്‍ത്തുന്ന സംവിധാന കൗശലം നമുക്ക് കൗതുകം പകരും.

നായികയായ മഗലി സോളിയറിനെ കുറിച്ചും ചിലത് പറയേണ്ടതുണ്ട്. സംഘര്‍ഷമേഖലയായ അയക്കുച്ചോ തന്നെയാണ് അവരുടെ നാട്. ക്ലോഡിയ യോസയുടെ ആദ്യ ചിത്രമായ 'മാഡിനുസ'യിലെ നായികയാണ് മാഗലി. പാട്ടുകാരി കൂടിയാണവര്‍. ഫോസ്റ്റയുടെ സങ്കടങ്ങളും മായികവിഭ്രാന്തികളും പ്രേക്ഷകന്റേതുകൂടിയാക്കി മാറ്റുന്ന തന്മയത്വം ആരും പെട്ടെന്ന് മറക്കില്ല.

ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ സമകാലിക പ്രവണതകളും 'മില്‍ക്ക് ഓഫ് സോറോ'യില്‍ കണ്ടെത്താം. നേരത്തെയുണ്ടായിരുന്ന ദേശീയതയിലധിഷ്ഠിതമായ സിനിമാ സങ്കല്പത്തില്‍ നിന്നുമാറി പ്രാദേശിക സംസ്‌കാരത്തില്‍ ഊന്നിയും വംശീയവും വര്‍ഗപരവുമായ അസ്തിത്വങ്ങളെ നിര്‍വചിച്ചുമാണ് തൊണ്ണൂറുകള്‍ക്കു ശേഷമുള്ള ലാറ്റിന്‍ അമേരിക്കന്‍ സിനിമകള്‍ രൂപം കൊള്ളുന്നത്. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ചേരിയിലെ ജീവിതം ചിത്രീകരിച്ച 'സിറ്റി ഓഫ് ഗോഡ്' ഓര്‍ക്കുക. 'മില്‍ക്ക് ഓഫ് സോറോ'യില്‍ സംഘര്‍ഷബാധിതമേഖലയിലെ സ്ത്രീ ജീവിതത്തെ നിര്‍വചിക്കുകമാത്രമല്ല, അവരെ ശാക്തീകരിക്കുന്ന പ്രത്യാശ കൂടി ക്ലോഡിയ സൂക്ഷിക്കുന്നുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.