Pages

Tuesday, July 17, 2012

virtually a virgin (യഥാര്‍ഥത്തില്‍ ഒരു കന്യക)


ശരിക്കും ഒരു കന്യക


ഒരേ സമയം ലളിതവും സങ്കീര്‍ണവുമായ ചില ജീവിതവ്യവഹാരങ്ങളാണ് പീറ്റര്‍ ബാസ്‌കൊ എന്ന ഹംഗേറിയന്‍ സംവിധായകന്‍ virtually a virgin (യഥാര്‍ഥത്തില്‍ ഒരു കന്യക) എന്ന സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. അനാഥയായ ബൊറോക്ക എന്ന 18 കാരിയെ വേശ്യയാക്കുന്നത് കാമുകന്റെ വഞ്ചനയാണ്.

പാപത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ചില അടിസ്ഥാന ചോദ്യങ്ങള്‍ പീറ്റര്‍ ബാസ്‌കൊ ഈ ചിത്രത്തില്‍ ഉന്നയിക്കുന്നുണ്ട്. നീ എന്നെ മനസ്സില്‍ കണ്ടുകൊണ്ട് അയാളുടെ കൂടെ കിടന്നോളൂ എന്നു പറഞ്ഞാണ് കാമുകന്‍ ആദ്യം ബെറോക്കയെ ശരീരം വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. കാമുകന്റെയും അയാളുടെ സംഘാംഗങ്ങളുടെയും പിടിയില്‍ നിന്ന് രക്ഷപ്പെട്ട് മൊറിക് എന്ന യുവാവിനൊപ്പം കഴിയുമ്പോള്‍ ബൊറോക്ക പറയാതെ പറയുന്നത് താന്‍ കന്യക തന്നെയാണെന്നാണ്. നിങ്ങള്‍ നിങ്ങളുടെ ചിന്തയും ബുദ്ധിയും വില്‍ക്കുന്നു, ഞാന്‍ എന്റെ ശരീരം വില്‍ക്കുന്നു. ഇതിലെന്താണ് വ്യത്യാസം എന്നും ബൊറോക്ക ചോദിക്കുന്നുണ്ട്.

ഒരര്‍ഥത്തില്‍ ബൈബിളിലെ മഗ്ദലനമറിയത്തിന്റെ മറ്റൊരു രൂപം തന്നെയാണ് പീറ്റര്‍ ബാസ്‌കൊ ചിത്രീകരിക്കുന്നത്. വേശ്യകളുടെ അസോസിയേഷന്‍ പ്രതിനിധികള്‍ ഒരു വനിതാമന്ത്രിയെ കാണാന്‍ പോകുന്ന രംഗം ചിത്രത്തിലുണ്ട്. തങ്ങളുടെ നിവേദനം വാങ്ങാതെ അറപ്പോടെ മുഖം തിരിച്ചു പോകുന്ന മന്ത്രിയോട് ബൊറോക്ക പറയുന്നു: '' ഞാന്‍ നിങ്ങള്‍ക്ക് കൈയുറ ധരിച്ച് നിവേദനം തരാം.''

തികച്ചും പോസിറ്റീവായ ഒരു ദൃശ്യത്തോടെയാണ് പീറ്റര്‍ സിനിമ അവസാനിപ്പിക്കുന്നത്. പുതിയ ജീവിത സഖാവിനൊപ്പം കേബിള്‍ കാറില്‍ സഞ്ചരിക്കവെ സാങ്കേതികത്തകരാര്‍ നിമിത്തം നിലച്ചുപോകുന്ന കേബിള്‍ കാറിനുള്ളിലിരുന്ന് ബൊറോക്ക മഴ കൊള്ളാതിരിക്കാന്‍ കുട നിവര്‍ത്തുന്നു. പൊടുന്നനെ തിരശ്ശീല മുഴുവന്‍ കുടകള്‍ നിറയുന്നു. കന്യകാത്വത്തിന്റെ മിഥ്യയ്ക്ക് മേലെ ജീവിതം ഉയര്‍ത്തുന്ന സ്‌നേഹത്തിന്റെ കുടയാണിത്.

IMDB Link


No comments:

Post a Comment

Note: Only a member of this blog may post a comment.