Pages

Thursday, July 19, 2012

സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിംഗ്


സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിംഗ് (Spring, summer, fall, winter..., and spring) - 2003

ജീവിതത്തിന്റെ ചാക്രികസ്വഭാവത്തെ കുറിച്ചത്രെ ഈ സിനിമ സംവദിക്കാന്‍ ശ്രമിക്കുക. ഒപ്പം പ്രപഞ്ചത്തിന്റെ എന്ന് കൂടി ആവുമോ? അങ്ങിനെ വിചാരിക്കുന്നതും സംഗതം. ജീവിതത്തിന്റെ പ്രഹേളികയൊന്നും നിശിതമായി സംബോധനചെയ്യപ്പെടുന്നില്ലെങ്കിലും പ്രകൃതി, ജീവിതത്തിന്റെ ചാക്രികതയില്‍ ആവേശിക്കുന്നതിന്റെ പ്രതിഭാപൂരണം ഈ ചിത്രം നല്‍കും.

കിം കി ദോക് മലയാളിക്ക്, മലയാളിയോളം സുപരിചിതനായ കൊറിയന്‍ സംവിധായകനാണ്. ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന ജീവിതദര്‍ശനം മലയാളിയെ, ആരെയെങ്കിലുമോ, പിടിച്ചുലയ്ക്കാന്‍ മാത്രം വിപ്ലവാത്മകമോ നവമോ അല്ല എന്ന് തന്നെയാണ് തോന്നുക. ഇന്ത്യന്‍ ദാര്‍ശനികതയുടെ ഏറ്റവും പ്രാഥമികമായ ധാരയാണല്ലോ പുരുഷാര്‍ത്ഥങ്ങളെ കുറിച്ചുള്ള വിചാരരീതി. അതിനെ ഏറ്റവും ലളിതമായി പ്രകാശിപ്പിക്കുകയാണ് ഈ ചിത്രം ചെയ്യുക. ഈ വൃത്തം തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പ്രവഹിക്കുന്നു എന്ന ശുഭാന്ത്യവും.

സുതാര്യമായ ആശയത്തിന്റെ സുതാര്യമായ സംപ്രേക്ഷണം സാധിച്ചിരിക്കുന്നത്, ഒരു നാടോടി കഥയിലെന്നപോലെ, വശ്യമായ പ്രകൃതിവിന്യാസത്തിന്റെ നടുവിലാണ്. ഓരോ സീനും ഓരോ പടം പോലെ മനോഹരം. ഊട്ടിയില്‍ ക്യാമറ തുറന്നാലും ഇതുപോലിരിക്കും എന്നു പറഞ്ഞുനിര്‍ത്താന്‍ ആവാത്ത വിധം സിനിമയെ കാഴ്ചയുടെ ഗംഭീരമായ അനുഭവം ആക്കുന്നുണ്ട്‌, ഒരേ പരിസരത്തിന്റെ  ഋതുസംക്രമണ പൂര്‍ണ്ണമായ ആവര്‍ത്തനത്തില്‍ പോലും ഈ ചിത്രം. തീര്‍ച്ചയായും അത് ഒരു സംവിധായകന്‍ സിനിമയുടെ ഭാവുകത്വത്തെ ആഴത്തില്‍ നേരിട്ട വിധം കൂടിയാണ്. പരിചിതമല്ലാത്തതും, വ്യക്തമായി നിര്‍വചിക്കാനാവാത്തതുമായ ഈ കിളിവാതില്‍ കാഴ്ചയുടെ അമ്പരപ്പാലാവണം മലയാളി, മാര്‍ക്വിസിനെ പോലെ കിം കി ദോക്കിനെയും മലയാളിയാക്കിയത്.

Youtube Link





No comments:

Post a Comment

Note: Only a member of this blog may post a comment.