Pages

Monday, July 16, 2012

ഇഡിയറ്റ്‌സ് റിയല്‍ ഫണ്‍ മൂവി



ഒറ്റ രാത്രി കൊണ്ട് സംഭവിച്ച കാര്യങ്ങള്‍ മൂന്ന് പേരുടെ ജീവിതം മാറ്റിമറിക്കുന്നു. പരസ്പരം അറിയാതിരുന്ന, ഒരിക്കല്‍ പോലും കാണാതിരുന്ന അവര്‍ എങ്ങനെയാണ് കണ്ടുമുട്ടുന്നത്. അതാണ് ഇഡിയറ്റ്‌സിലൂടെ ഹ്യൂമറിന്റെ നിറവില്‍ നവാഗതനായ കെ.എസ് ബാവ സ്‌ക്രീനിലെത്തിക്കുന്നത്. സംഗീത് ശിവന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംഗീത് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, ബാബുരാജ്, സനുഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നു. വിജയരാഘവന്‍, കലാഭവന്‍ ഹനീഫ്, മുന്‍ഷി വേണു, സുനില്‍ സുഗത, കിരണ്‍ രാജ്, പ്രവീണ്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സംഗീത് ശിവന്‍ എഴുതിയ കഥയ്ക്ക് കെ.എസ്.ബാവ, അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം ഒരു ഫണ്‍ മൂവി എന്ന ലേബലിലാണ് എത്തുന്നത്. സംഗീത് ശിവന്റെ നിര്‍മ്മാണ പങ്കാളിയായി ബോളിവുഡിലെ പ്രശസ്തനായ നിര്‍മാതാവ് ടി.പി. അഗര്‍വാളും ഈ ചിത്രത്തിന് പിന്നിലുണ്ട്. 

കൊച്ചിയും പരിസര പ്രദേശങ്ങളും പ്രധാന ലൊക്കേഷനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥയിലെ നിര്‍ണ്ണായക രംഗങ്ങള്‍ നടക്കുന്നത് ഒരു ഫ്ലാറ്റിലാണ്. നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ഒരാളെ കാത്തിരിക്കുന്ന നായിക. അവള്‍ക്ക് ഫോണ്‍ വഴി സംസാരിച്ച ബന്ധം മാത്രമേ ആ വരുന്ന ആളുമായുളളൂ. കൊച്ചിയിലെ ചെറിയ ക്വട്ടേഷനുകളെടുക്കുന്ന വാടക കൊലയാളിയെയാണ് അവള്‍ പ്രതീക്ഷിക്കുന്നത്. 

എന്നാല്‍ അതേ സമയത്ത് തന്നെ അവിടെ മറ്റൊരു ചെറുപ്പക്കാരന്‍ എത്തുന്നു. അവനിലെ എന്തൊക്കെയോ ഘടകങ്ങള്‍ ആ പെണ്‍കുട്ടിയെ ആകര്‍ഷിക്കുന്നു. പിന്നീട് അവള്‍ പ്രതീക്ഷിച്ച ആള്‍ എത്തുമ്പോള്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇഡിയറ്റ്‌സിനെ മുന്നോട്ട് നയിക്കുന്നത്. പരസ്പരം പേര്‍ വിളിക്കാവുന്ന സൗഹൃദമൊന്നും അവര്‍ക്കിടയില്‍ ഉണ്ടാകുന്നില്ല. ഫ്രെഡി, മെസി, ആര്‍ത്രി എന്നിങ്ങനെ അവരെ വിളിക്കാം. ഫോര്‍ട്ട് കൊച്ചിയില്‍ കൂള്‍ ബാര്‍ നടത്തുന്നവനാണ് ഫ്രെഡി.നിവൃത്തികേട് കൊണ്ടാണ് അദ്ദേഹം വാടകക്കൊലയാളിയുടെ വേഷം കെട്ടുന്നത്. 

മുമ്പ് എപ്പോഴോ ഒരു കൊലപാതകത്തിന് ശിക്ഷ അനുഭവിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സാധാരണക്കാരനായി ജീവിക്കാനൊരുങ്ങുമ്പോഴാണ് പുതിയൊരു ക്വട്ടേഷന്‍ കിട്ടുന്നത്. ഈ ക്വട്ടേഷനിലൂടെ തന്റെ എല്ലാ ബാധ്യതകളും നിറവേറ്റാന്‍ കഴിയുമെന്ന് കരുതിയതു കൊണ്ടാണ് ഫ്രെഡി ഏറ്റെടുക്കുന്നത്. അതിനിടയില്‍ വരുന്ന കുഴപ്പങ്ങളും അതില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍സംഭവിക്കുന്ന കാര്യങ്ങളും ഈ മൂന്ന് പേരുടേയും ജീവിതത്തെ മാറ്റി മറിക്കുകയാണ്. ബാബുരാജാണ് ഫ്രെഡിയെ അവതരിപ്പിക്കുന്നത്. ആസിഫ് അലി മെസിയ്ക്കും ആര്‍ത്രിയ്ക്ക് സനുഷയും ജീവന്‍ നല്കുന്നു.
പ്രമേയത്തിലും അവതരണത്തിലും ഏറെ പുതുമകളുമായെത്തുന്ന ചിത്രത്തിന്റെ അണിയറയിലും പുതിയ മുഖങ്ങളുടെ സാന്നിധ്യവുമുണ്ട്. 


ആസിഫ്-സനുഷ ജോഡിയുടെ ആദ്യചിത്രം 

ബാലതാരമായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സനൂഷ നായികയായി തമിഴിലൂടെയാണ് അരങ്ങേറ്റം നടത്തിയത്.ഇപ്പോള്‍ തമിഴില്‍ ശ്രദ്ധേയ താരമായി ഉയര്‍ന്ന സനുഷ ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ നായികയായാണ് മലയാളത്തില്‍ വീണ്ടും എത്തിയത്. മിസ്റ്റര്‍ മരുമകനു ശേഷം ഈ താരം അഭിനയിക്കുന്ന ചിത്രമാണ് ഇഡിയറ്റ്‌സ്. ചിത്രത്തിലൂടെ സനുഷ ആദ്യമായി ആസിഫിന്റെ ജോഡിയായി സ്‌ക്രീനിലെത്തുകയാണ്.

ബാബുരാജിന്റെ ഫ്രെഡി 

'വളരെ സ്റ്റൈലിഷ് പാറ്റേണില്‍ നടക്കുന്ന കഥാപാത്രമാണ് എനിക്കു കിട്ടിയ ഫ്രെഡി. ത്രൂ ഔട്ട് ഹ്യൂമറാണ് ആ കഥാപാത്രത്തിന്റെ പ്രവര്‍ത്തികളിലെല്ലാം. കൈയില്‍ വലിയ ടാറ്റൂവും ഒരു കാതില്‍ കമ്മലും തൊപ്പിയുമൊക്കെയായി ഒരു പ്രത്യേക ലുക്ക് ഫ്രെഡി എന്ന കഥാപാത്രത്തിനുണ്ട്. ഇപ്പോള്‍ ചെയ്ത മിസ്റ്റര്‍ മരുമകന്‍,എന്‍ട്രി, ഡി.വൈ.എസ്.പി.ശങ്കുണ്ണി അങ്കിള്‍, നോട്ടി പ്രൊഫസര്‍ എന്നീ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ അകലം പ്രാപിക്കുന്ന വേഷമാണിത്. ഫ്രെഡി ഇഡിയററ്‌സിലെ ഒരു നിര്‍ണ്ണായക കഥാപാത്രമാണ്' -ബാബുരാജ്.

ട്രീറ്റ് മെന്റിലെ പുതുമ-സംഗീത് ശിവന്‍

''കഥ പറയുക എന്നതിലുപരി ദൃശ്യങ്ങള്‍ക്ക് ഒരു പാട് പ്രത്യേകത നല്കുന്ന ചിത്രമാണ് ഇഡിയറ്റ്‌സ്. ചിത്രത്തിന്റെ നല്ലൊരു ഭാഗം രാത്രിയില്‍ നടക്കുന്ന സംഭവമായിട്ടാണ് പറയുന്നത്. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത റെയ്‌സിന്റെ ക്യാമറ ചലിപ്പിച്ച പ്രമോദാണ് ഇഡിയറ്റ്‌സിന് സുന്ദര ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. കഥയ്ക്ക് അനുയോജ്യമായ ഒരു ടോണ്‍ ഈ സിനിമയ്ക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നു.ന്യൂ ജനറേഷന്‍ സിനിമകളുടെ ഇടയില്‍ ഇഡിയറ്റ്‌സിനും ഒരു സ്ഥാനം ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.''

No comments:

Post a Comment

Note: Only a member of this blog may post a comment.