ഇതിലെന്ത് പുതുമ എന്ന് തോന്നാം, പാവപ്പെട്ട നായകന്‍ പണക്കാരി പെണ്ണിനെ പ്രേമിക്കുന്നത് സിനിമ തുടങ്ങിയ കാലം തൊട്ടു ഉള്ളതല്ലേ എന്നും. പറഞ്ഞു പഴകിയ കഥയാണെങ്കിലും ഈ സിനിമയെ ആസ്വാദ്യമാക്കുന്നത് കഥ പറയുന്ന രീതിയാണ് സ്വാഭാവികമായ സംഭാഷണങ്ങളിലൂടെ, ചെറുപ്പക്കാരുടെ പള്‍സ് അറിഞ്ഞു സംവിധായകന്‍ ഒരുക്കുന്ന തമാശകളിലൂടെ, പിന്നെ എത്രയാവര്‍ത്തി പറഞ്ഞു കഴിഞ്ഞാലും മടുക്കാത്ത പ്രണയം എന്ന തീമിലൂടെ. ഈയൊരു സാധാരണ കഥയെ ഭംഗിയാക്കുന്നതില്‍ ജോമോന്‍ ടി ജോണിന്റെ ക്യാമറയും ഷാന്‍ റഹ്മാന്റെ സംഗീതവും വലിയ പങ്കു വഹിച്ചിട്ടുണ്ട്.
സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ ഇതിലെ ദൃശ്യങ്ങളും പാട്ടുകളും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ വന്‍ പ്രചാരം നേടിയിരുന്നു, ഇഷ തല്‍വാര്‍ എന്ന സുന്ദരിയും. വലിയ അവകാശ വാദങ്ങളില്ലാതെ, അറിയപ്പെടുന്ന താരങ്ങളില്ലാതെ (ശ്രീനിവാസന്‍ ഒഴിച്ച്, അതും വളരെ ചെറിയ വേഷത്തില്‍) സാരോപദേശ പ്രസംഗങ്ങളില്ല (സത്യന്‍ അന്തിക്കാടിന്റെ 'ഭാഗ്യ ദേവത' എന്ന ചിത്രത്തില്‍ ഇന്നസെന്റിന്റെ കഥാപാത്രം മകളുടെ മിശ്ര വിവാഹ സമയത്ത് നടത്തുന്ന പ്രസംഗം പോലെയുള്ളവ), വളരെ ചുരുങ്ങിയ ചിലവില്‍ ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രം, മുസ്ലിം പശ്ചാത്തലമായിട്ടും ബിരിയാണി ചെമ്പും അപ്പത്തരങ്ങളും പുര നിറച്ചും കുട്ടികളും ബീവിമാരും ഇല്ല. നായക കഥപാത്രങ്ങളുടെ ബോറടിപ്പിക്കാത്ത അഭിനയം (ഇഷയ്ക്ക് സുന്ദരിയായിരിക്കുക എന്നതില്‍ കവിഞ്ഞു പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിലും), അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ (വളരെ ചെറിയ റോളില്‍ ആണെങ്കിലും) തുടങ്ങിയവരുടെ മികച്ച പ്രകടനം, സ്ഥിരം ലൊക്കേഷനുകളില്‍ നിന്നു മോചനം, കേട്ടുമടുത്ത വള്ളുവനാടന്‍ മലയാളത്തിനു പകരം തലശ്ശേരി നാട്ടു ഭാഷയുടെ മാധുര്യം (നായികയുടെ ഡബ്ബിങ്ങില്‍ അത് കൈമോശം വരുന്നുണ്ട്) എന്നിവയെല്ലാം ഈ സിനിമയുടെ എടുത്തു പറയേണ്ട ഗുണങ്ങളാണ്.
വിനീത് ശ്രീനിവാസന്‍ വളരെ ബുദ്ധിപൂര്‍വ്വം എടുത്ത സിനിമയാണിത് , അല്ലെങ്കില്‍ ഒരുതരത്തിലെ escapism തലശ്ശേരി പശ്ചാത്തലമാക്കി ഒരു കഥ പറയുമ്പോള്‍ പറയേണ്ട എല്ലാ കാര്യങ്ങളും കമ്മ്യൂണിസം, ഭക്തി (മുത്തപ്പനും പടച്ചോനും ഒക്കെയുണ്ട്), ക്രിക്കറ്റ് ഭ്രമം എല്ലാം പറഞ്ഞു വയ്ക്ക്ന്നുണ്ട്, എന്നാല്‍ ഒന്നിലേക്കും ആഴത്തില്‍ പോവാതെ, ഇത് ഉമ്മച്ചിക്കുട്ടിയെ പ്രണയിച്ച നായര് ചെക്കന്റെ കഥ മാത്രമാണ് എന്ന മട്ടില്‍. ചില കാര്യങ്ങള്‍ തൊട്ടാല്‍ കൈ പൊള്ളും എന്ന് വിനീതിന് നന്നായി അറിയുന്നത് കൊണ്ടാവും എവിടെയും തൊടാതെ, ആരുടെയും വികാരങ്ങളെ വേദനിപ്പിക്കാത്ത രീതിയില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഈ സിനിമ ഒരുക്കിയിരിക്കുന്നത് എന്ന് മാത്രമല്ല പ്രേക്ഷകരുടെ കൈയടി നേടാനുള്ള ഡയലോഗുകള്‍ ധാരാളം സദാചാര പോലീസ് ചമയുന്നവരുടെ അടുത്ത് ' ഇദെന്താ പാകിസ്തനാണോ?', 'പാവപ്പെട്ടവന്റെ വിശപ്പ് കാണുമ്പോള്‍ കണ്ണ് നിറയുന്ന സ്‌നേഹത്തിന്റെ പേരാണ് കമ്മ്യൂണിസം' മുതലായവ ചില ഉദാഹരണങ്ങള്‍.
തട്ടതിന്‍ മറയത്തു എന്ന ചിത്രത്തില്‍ തട്ടം എന്നത് മൂടിവച്ചതിനോടുള്ള നായകന്റെ obsession എന്ന തലത്തില്‍ മാത്രം ഒതുങ്ങുന്നു,
നിസ്‌ക്കാരപ്പായ വിരിക്കാനിടം തരുമോ' എന്ന് ചോദിക്കുന്ന മുസ്ലിം നായികയുമായി സിനിമ അവസാനിക്കുന്നു. എം എന്‍ വിജയനെ വായിച്ചതോര്‍ക്കുന്നു ഈ അവസരത്തില്‍, 'ബൈബിളില്‍ നിന്നും, ഖുറാനില്‍ നിന്നും ഗീതയില്‍ നിന്നും ഒരേ അര്‍ത്ഥമുള്ള വരികള്‍ വായിച്ചു എല്ലാ മതങ്ങളുടെയും അന്ത സത്ത ഒന്നാണെന്ന് കാണിച്ചു മതേതരത്വം കൊണ്ട് വരാമെന്ന് വ്യമോഹിക്കുന്ന കാലം കഴിഞ്ഞു' എന്നുള്ളത്. അത് സത്യവുമാണ്, പ്രത്യേകിച്ച് എല്ലാ മതസ്ഥരും കൂടുതല്‍ കൂടുതല്‍ യാഥാസ്ഥിതികരായി മാറിക്കൊണ്ടിരിക്കുന്ന, ജാതി ചിഹ്നങ്ങള്‍ വേഷഭൂഷാദികളില്‍ കൂടുതല്‍ പ്രകടമാക്കികൊണ്ടിരിക്കുകയും ചെയ്യുന്ന ഈ കാലത്തില്‍.
No comments:
Post a Comment
Note: Only a member of this blog may post a comment.