Pages

Tuesday, July 17, 2012

ദ സ്‌കിന്‍ ഐ ലിവ് ഇന്‍


അവനോ അതോ അവളോ? ഒരു അല്‍മദോവര്‍ ചോദ്യം
മനുഷ്യാസ്ഥിത്വത്തിന്റെ മുഖ്യഘടകമായ ലൈംഗികവ്യക്തിത്വത്തെ അവന്റെ/അവളുടെ ശാരീരിക ലിംഗാവസ്ഥയില്‍ വരുന്ന മാറ്റം ബാധിക്കുന്നുണ്ടോ? ലിംഗമാറ്റത്തിനു വിധേയമാകുന്ന ഒരു വ്യക്തിയുടെ ലൈംഗികവ്യക്തിത്വവും പൂര്‍ണപരിണാമത്തിനു വിധേയമാകുന്നുണ്ടോ? ആണായി 'മാറുന്ന' പെണ്ണും പെണ്ണായി 'മാറുന്ന' ആണും അങ്ങനെ പൂര്‍ണമായി തന്റെ ലൈംഗിക അസ്തിത്വം മാറ്റുന്നുണ്ടോ? വിഖ്യാത സ്പാനിഷ് ചലച്ചിത്രകാരന്‍ പെഡ്രോ അല്‍മദോവര്‍ തന്റെ പുതിയ രചനയായ 'ദസ്‌കിന്‍ ഐ ലിവ് ഇന്‍' എന്ന സിനിമയിലൂടെ തേടുന്നത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്.

അല്‍മദോവറിന്റെ സിനിമകളുടെ മുഖ്യപ്രമേയങ്ങളായ ലൈംഗികവ്യക്തിത്വം ,സ്വവര്‍ഗരതി എന്നിവ 'ദ സ്‌കിന്‍ ഐ ലിവ് ഇന്‍'ന്റെയും പ്രധാന പ്രതിപാദ്യങ്ങളാണ്.തിയറി ജോങ്ക്വെറ്റിന്റെ 'മൈഗേല്‍' എന്ന നോവലിനെ ആധാരമാക്കിയാണ് സമകാലികലോകസിനിമയിലെ പ്രതിഭാശാലിയായ ചലച്ചിത്രകാരനായ പെഡ്രോ അല്‍മദോവര്‍ തന്റെ സിനിമ രൂപപ്പെടുത്തുന്നത്.തന്റെ മുന്‍ കാല ശൈലിയില്‍
നിന്നും വ്യത്യസ്ഥമായി ഒരു ഹൊറര്‍/ത്രില്ലര്‍ സിനിമയുടെ ഘടനയാണ് സം വിധായകന്‍ വിചിത്രമായ കഥാഗതിയുള്ള ഈ സിനിമയില്‍ പരീക്ഷിക്കുന്നത്. അല്‍മദോവറിന്റെ മുന്‍ കാല ചിത്രങ്ങളായ 'വോള്‍വര്‍' , 'ഓള്‍ എബൗട്ട് മൈ മദര്‍' തുടങ്ങിയ സിനിമകളുമായി
താരതമ്യം ചെയ്ത് ഈ സിനിമയെ സമീപിച്ച നിരൂപകര്‍ തെല്ല് നിരാശ പ്രകടിപ്പിക്കുന്നുണ്ട് . പക്ഷെ പുത്തന്‍ വിഷയങ്ങളെ ആവിഷ്‌കരിക്കുമ്പോഴും അല്‍മദോവര്‍ തന്റെ അടിസ്ഥാനപ്രമേയങ്ങളായ ഏകാന്തത,മരണം,ചതി,വ്യാകുലത എന്നിവയെ കൈവെടിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

'ദ സ്‌കിന്‍ ഐ ലിവ് ഇന്‍'ലെ പ്രധാനകഥാപാത്രങ്ങളെല്ലാം രഹസ്യങ്ങള്‍ പേറുന്നവരാണ്.സിനിമ തുടങ്ങുമ്പോള്‍ പ്രേക്ഷകന്‍ കാണുന്നത് ശരീരത്തോട് പറ്റിച്ചേര്‍ന്നു കിടക്കുന്ന തരം വസ്ത്രം ധരിച്ചുകൊണ്ട് 'യോഗ ' ചെയ്യുന്ന ഒരു യുവതിയുടെ ക്ലോസപ്പ് ദ്യശ്യങ്ങളാണ്.അവള്‍ ഒരു പരീക്ഷണവസ്തുവാണെന്ന് നാം ഉടന്‍ തന്നെ തിരിച്ചറിയുന്നു.വിഖ്യാതനായ പ്ലാസ്റ്റിക് സര്‍ജനായ ഡോ.റോബര്‍ട്ട് ലെഡ്ഗാഡ് ആണ് പരീക്ഷകന്‍.അദ്ദേഹം ഒരു പുതിയ തരം ചര്‍മ്മത്തിന്റെ കണ്ടുപിടുത്തത്തില്‍ മുഴുകിയിരിക്കുകയാണ്:തീപ്പൊള്ളല്‍ ഏല്‍ക്കാത്ത,വേദന
അനുഭവിക്കാത്ത ഒരു പുത്തന്‍ ചര്‍മ്മം. 'വേര' എന്ന ആ സുന്ദരിയായ യുവതിയെ എന്തു രഹസ്യം ആണ് വലയം
ചെയ്തിരിക്കുന്നത്? അവള്‍ ആരാണ് ? എന്തിനവള്‍ ലെഡ്ഗാഡിനെ അനുസരിക്കുന്നു?
എന്താണ് ലെഡ്ഗാഡിന്റെ യഥാര്‍ഥ ഉദ്ദേശ്യം ?

സിനിമയിലെ മനോഹര ദ്യശ്യങ്ങളുടെ ഉപരിതലത്തിനടിയില്‍ കിടക്കുന്ന രഹസ്യത്തെ,സൗന്ദര്യത്തിന്റെ സ്‌നിഗ്ദ ചര്‍മ്മം മറയ്ക്കുന്ന
വൈക്യതത്തെ,ഭീകരതയെ,രക്തവര്‍ണത്തെ സം വിധായകന്‍ വെളിപ്പെടുത്തുന്നത് സാമ്പ്രദായിക ത്രില്ലറിന്റെ ശൈലി പിന്തുടര്‍ന്നല്ല.ലെഡ്ഗാഡിന്റെയും വേരയുടെയും ഓര്‍മ്മകളെ ഫ്‌ലാഷ്ബാക്ക് രൂപത്തില്‍ വിന്യസിച്ചാണ് കഥയെ പൊതിഞ്ഞിരിക്കുന്ന
രഹസ്യം വെളിവാക്കുന്നത്.കാലത്തിലൂടെ മുന്‍പോട്ടും പുറകോട്ടും സഞ്ചരിക്കുന്നു ഫ്ലാഷ്ബാക്കുകള്‍. ഇവിടെ ഇവിടെ സമ്പൂര്‍ണ നായകനോ വില്ലനോ ഇല്ല.ഡോ.ലെഡ്ഗാഡില്‍ തന്നെ നായകനും വില്ലനും സമ്മേളിച്ചിരിക്കുന്നു.

ലെഡ്ഗാഡ് ശ്രമിക്കുന്നത് മാരകമായി തീപ്പൊള്ളലേറ്റ് ജീവച്ഛവം ആകുകയും ഒരിക്കല്‍ തന്റെ തന്നെ പ്രതിരൂപം കണ്ട് ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന തന്റെ ഭാര്യയെ പുന:സ്യഷ്ടിക്കുക എന്നതാണ്.അതിനായി തന്റെ പ്ലാസ്റ്റിക് സര്‍ജറിയിലുള്ള വൈദഗ്ദ്യം ഉപയോഗിക്കുന്നു ,അയാള്‍.ലെഡ്ഗാഡ് മറ്റെല്ലാം മാറ്റിവെച്ച് ഗവേഷണത്തില്‍ മുഴുകുന്നു.നഗരപ്രാന്തത്തിലുള്ള,മരങ്ങള്‍ മറവു
നല്‍കുന്ന, ഒരു പഴയ മാളികയില്‍ അയാള്‍ തന്റെ പരീക്ഷണശാല ഒരുക്കുന്നു. ഇനി അയാള്‍ക്ക് ഒരു പരീക്ഷണ'മ്യഗം' വേണം,പക്ഷെ അത് ഒരു മനുഷ്യനും ആകണം പക്ഷെ വ്യക്തിജീവിതത്തിലുണ്ടാകുന്ന മറ്റൊരു ദുരന്തം കഥാഗതിയെ മാറ്റിമറിയ്ക്കുന്നു.ഒരു വിവാഹപ്പാര്‍ട്ടിയില്‍ വെച്ച് തന്റെ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി മനസ്സിലാക്കുന്ന ലെഡ്ഗാഡ് അതിനു കാരണക്കാരന്‍ ആയ വിസന്റ
എന്ന,ഒരു തുണിക്കടക്കാരി സ്ത്രീയുടെ മകനായ യുവാവിനെ പിടികൂടുകയാണ്.

അവനെ തന്റെ മാളികയില്‍ തടവുകാരനാക്കി പാര്‍പ്പിക്കുന്നു, ഡോക്ടര്‍.പിന്നീട് അയാള്‍ മകളുടെ ദുരന്തത്തിനു പകരം വീട്ടുന്നത് വിചിത്രമായ രീതിയില്‍ ആണ് .അതാണ് സിനിമയിലെ ഏറ്റവും വലിയ രഹസ്യം.പകയും രതിയും ഇടകലരുന്ന മനോഘടനയുള്ള അയാള്‍, മകളോടുള്ള അടക്കാനാകാത്ത സ്‌നേഹവും ഭാര്യയോടുള്ള അഭിനിവേശവും മൂലം വിസന്റയെ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നു,തന്റെ ആ കൂറ്റന്‍ രഹസ്യാത്മക മാളികയില്‍ വെച്ച്.ഹോര്‍മോണുകളും മറ്റ് മരുന്നുകളും നല്‍കി അവനെ ആറ് വര്‍ഷം
കൊണ്ട് 'അവള്‍' ആക്കി മാറ്റുകയാണ് ലെഡ്ഗാഡ്. 'വേര' എന്ന് പേര് നല്‍കി അയാള്‍ അവളെ ഒരു സുന്ദരിയാക്കി മാറ്റുന്നു.ഈ 'വേര'യെ ആണ് നാം ചിത്രത്തിന്റെ തുടക്കത്തില്‍ കാണുന്നത്.

ലെഡ്ഗാഡ് 'വേര'യില്‍ തന്റെ പുത്തന്‍ ചര്‍മ്മം വെച്ചുപിടിപ്പിക്കുന്നു.അതിസൂക്ഷ്മവും ആയാസകരവുമായ ശസ്ത്രക്രിയകള്‍ക്കൊടുവില്‍
അയാള്‍ തന്റെ ദൗത്യത്തില്‍ വിജയം വരിക്കുന്നു :തീപ്പൊള്ളലേല്‍ക്കാത്ത,പ്രാണീദംശനം ഏല്‍ക്കാത്ത അത്ഭുതചര്‍മ്മം. ബാഹ്യമായി ഒരു പൂര്‍ണസ്ത്രീ ആയി മാറിയിരിക്കുന്ന വേര പക്ഷെ ആന്തരികമായി വിസന്റ തന്നെ ആയി അവശേഷിക്കുന്നു.അവനിലെ പുരുഷന്‍ തന്റെ ബാഹ്യശരീരത്തിലെ എല്ലാ പരിണാമങ്ങള്‍ക്കും ശേഷവും പുരുഷനായിത്തന്നെ തുടരുകയാണ്.ലിംഗ അവസ്ഥയും ലൈംഗികസ്വത്വവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 'അവനു' മുന്‍പില്‍ 'അവള്‍' കീഴടങ്ങുന്നു.ലെഡ്ഗാഡില്‍ നിന്നു രക്ഷ നേടാനും പക വീട്ടാനും 'അവനു '
മുന്‍പില്‍ രണ്ട് മാര്‍ഗങ്ങളെ അവശേഷിക്കുന്നുള്ളൂ : ഒന്ന് സ്വയം ഹത്യ അതിന് രണ്ട് തവണ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട് വേരമറ്റൊന്ന് അയാളെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തി രക്ഷപ്പെടുക. രണ്ടാമത്തെ മാര്‍ഗം സുന്ദരിയും ലൈംഗിക ആകര്‍ഷണം തികഞ്ഞവളുമായ വേരയ്ക്ക് വളരെ എളുപ്പമായിരുന്നു. കഥാന്ത്യത്തില്‍ വേര ലെഡ്ഗാഡിനെ ലൈംഗികബന്ധത്തിനിടെ വധിക്കുന്നു.

അവസാന രംഗത്തില്‍ നാം കാണുന്നത് 'വേര' തന്റെ അമ്മയുടെ കടയില്‍ എത്തുന്നതാണ്.താന്‍ ആരാണെന്ന കാര്യം ,തന്റെ യഥാര്‍ഥ സ്വത്വം അവന്‍ വെളിപ്പടുത്തുന്നതോടെ സിനിമ അവസാനിക്കുന്നു.

IMDB Link

http://www.imdb.com/title/tt1189073/

Torrent Link

http://www.torrenthound.com/hash/a5db50109b9b274d069ff2a94a08805be8b4905f/torrent-info/The-Skin-I-Live-In-2011-DVDRip


No comments:

Post a Comment

Note: Only a member of this blog may post a comment.