Pages

Monday, July 16, 2012

ബാങ്കിങ് അവേഴ്‌സ് ടെന്‍ ടു ഫോര്‍



മലയാള സിനിമയ്ക്ക് നിരവധി സസ്‌പെന്‍സ് ത്രില്ലര്‍ സമ്മാനിച്ച കെ.മധു യുവതയുടെ കൂട്ടായമയില്‍ പുതിയ സസ്‌പെന്‍സ് കാഴ്ച ഒരുക്കുകയാണ് ബാങ്കിങ് അവേഴ്‌സ് ടെന്‍ ടു ഫോറിലൂടെ. മലയാളത്തിലെ ചെറുതും വലുതുമായ 35-ഓളം താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ബാങ്കിന്റെ പശ്ചാത്തലത്തില്‍ ഒരു അന്വേഷണ കഥയാണ് സ്‌ക്രീനിലെത്തിക്കുന്നത്.

അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ മേഘ്‌നരാജാണ് നായിക. ശങ്കര്‍, അശോകന്‍, സുധീഷ്, നിഷാന്ത് സാഗര്‍,ജിഷ്ണു,ഇര്‍ഷാദ്, അരുണ്‍ , കൈലാഷ്, ടിനിടോം, വിജയ്‌മേനോന്‍, മനോജ് പരവൂര്‍, സത്താര്‍, രാഘവന്‍, മുന്ന, കൃഷ്ണ, കിരണ്‍രാജ്, ബിയോണ്‍, മിഥുന്‍, റോഷന്‍, ജയകൃഷ്ണന്‍, മജീദ്, മനുരാജ്,കെ.പി.എ.സി.സജീവ്, അംബികാമോഹന്‍, ലക്ഷ്മിപ്രിയ,ഷഫ്‌ന, സരയു, വിഷ്ണുപ്രിയ, ശ്രീലതാ നമ്പൂതിരി, ദീപിക, ബബിത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നവാഗതരായ സുമേഷ്-അമല്‍ ടീം തിരക്കഥയൊരുക്കുന്ന ചിത്രം ലിമോഫിലിംസിന്റെ ബാനറില്‍ സ്റ്റീഫന്‍ പാത്തിക്കല്‍ നിര്‍മ്മിക്കുന്നു. 

ഒരു ബാങ്കില്‍ പണമിടപാടുകള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി ചില കാര്യങ്ങള്‍ നടക്കുന്നു. തുടര്‍ന്ന് അവിടെയെത്തിയ എല്ലാവരും ബാങ്കില്‍ കുടുങ്ങിപ്പോകുകയാണ്. ഒരു ദിവസം രാവിലെ 10 മണി മുതല്‍ വൈകീട്ട് വരെ നടക്കുന്ന സംഭവങ്ങളാണ് ബാങ്കിങ് അവേഴ്‌സ് 10 ടു 4 ദൃശ്യവത്ക്കരിക്കുന്നത്. പലരും പല സുപ്രധാനമായ കാര്യങ്ങള്‍ക്കാണ് ബാങ്കിലെത്തുന്നത്. എന്നാല്‍ സമയത്തിന് പണം ലഭിക്കാത്തതോടെ അവരുടെയെല്ലാം ജീവിതം മാറി മറയുന്നു. ഒരു പാട് പേരുടെ മാനസികസംഘര്‍ഷങ്ങള്‍, ആകാംക്ഷകള്‍ എല്ലാം അതിനിടയില്‍ ചിത്രത്തിന്റെ ഫ്രെയിമില്‍ വരുന്നു. 

പുതുമയുളള ഒരു അന്വേഷണം-കെ. മധു

''ഞാന്‍ ചെയ്തു വരുന്ന സിനിമയുടെ പാറ്റേണാണെങ്കിലും കഥയുടെ ബാക്ഗ്രൗണ്ട് വേറെയായതു കൊണ്ടാണ് ഈ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയിലേക്ക് എത്തിയത്. മലയാള സിനിമയില്‍ എല്ലാ കാലത്തും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടായ പ്രധാന മാറ്റം നമുക്ക് സിനിമയൊരുക്കുമ്പോള്‍ നിര്‍മ്മാണത്തിന്റെ ചെലവില്‍ കുറച്ചു ഭാഗമോ മുഴുവനായോ സാറ്റലൈറ്റ് തുകയില്‍ ലഭ്യമാകുന്നുവെന്നതാണ്. അതിനാല്‍ വ്യത്യസ്തമായ കഥകള്‍ ആലോചിക്കാനും അത് സിനിമയാക്കാനും പലരും മുന്നോട്ട് വരുന്നു. ഞങ്ങള്‍ സി.ബി.ഐ.ഡയറിക്കുറിപ്പ് ചെയ്യുന്ന സമയത്ത് അത്തരം സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിരുന്നില്ല. 

മൂന്നാംമുറ ഒരുക്കുന്ന കാലത്ത് ഹൈജാക്ക് ചെയ്യുന്നതു പോലുളള കാര്യങ്ങള്‍ സിനിമയില്‍ വന്നിട്ടില്ല. അതിനാല്‍ അന്ന് ഞങ്ങള്‍ സിനിമയില്‍ ഒരു മാറ്റം കൊണ്ട് വന്നവരാണ്. ഇപ്പോള്‍ സി.ബി.ഐ യുടെ അഞ്ചാം ഭാഗം ആഗ്രഹിക്കുന്ന തലമുറ തന്നെയാണ് മറ്റൊരു തരത്തിലുളള സിനിമകള്‍ ആഗ്രഹിക്കുന്നത്.ഏതു തരം സിനിമകള്‍ വരുമ്പോഴും എന്തെങ്കിലും പുതുമയുണ്ടെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കും. അതു കൊണ്ട് ബാങ്കിങ് അവേഴ്‌സിലൂടെ പുതിയ കാഴ്ച നല്‍കാനാണ് ശ്രമിക്കുന്നത്. ''കെ.മധു. 

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ നായകന്‍മാരായുളള സിനിമകളാണ് കെ.മധു.എന്ന സംവിധായകനില്‍ നിന്ന് മലയാള സിനിമയ്ക്ക് ലഭിച്ചത്. അവരില്‍ നിന്ന് മാറി ആദ്യമായി ഒരു ചിത്രം ഒരുക്കുമ്പോള്‍?
 

സമീപ കാലത്തു വന്ന ബ്യൂട്ടിഫുള്‍ പോലുളളചിത്രങ്ങള്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. പുതിയചിന്തകളുളള അത്തരം സിനിമകളുടെ സംവിധായകരേയും എഴുത്തുകാരേയും ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ അറിയിക്കാറുമുണ്ട്. നമ്മുടെ പല അഭിനേതാക്കള്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ അവര്‍ ശ്രദ്ധിക്കപ്പെടുന്നില്ലെന്നേയുളളൂ. അനൂപ്‌മേനോന്‍ ഇപ്പോഴത്തെ നടന്‍മാരില്‍ ഒരു പുതിയ അഭിനയശൈലിയുളള നടനാണ്. ബാങ്കിങ് അവേഴ്‌സിലെ നായകന്‍ അദ്ദേഹത്തില്‍ ഭദ്രമാകുമെന്ന് തോന്നി. 

അങ്ങനെയാണ് അനൂപിലേക്കെത്തുന്നത്. ഈ ചിത്രത്തില്‍ വരുന്ന എല്ലാ താരങ്ങളുടേയും കഥാപാത്രങ്ങള്‍ കഥയില്‍ പ്രാധാന്യമുളളവരാണ്. അതു കൊണ്ടാണ് കുറച്ചു സമയം വരുന്ന കഥാപാത്രങ്ങള്‍ക്കു പോലും നല്ല അഭിനയശേഷിയുളള നടന്‍മാരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഞാന്‍ എന്റെ എല്ലാ സിനിമകള്‍ ഒരുക്കുമ്പോഴും ആദ്യ ചിത്രം സംവിധാനം ചെയ്യുന്ന മനോഭാവത്തിലാണ് പ്രവര്‍ത്തിക്കുക.ഇപ്പോഴും അതേ മാനസികാവസ്ഥയിലാണ്.ടെന്‍ ടു ഫോര്‍
എന്റെ ഉത്തരവാദിത്വം കൂടുന്നു-അനൂപ് മേനോന്‍
'മമ്മൂക്ക, ലാലേട്ടന്‍, സുരേഷേട്ടന്‍ എന്നിവരെ മാത്രം നായകന്‍മാരാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് മധുസാര്‍. അദ്ദേഹത്തിന്റെ ചിത്രത്തില്‍ ഒരു നായകവേഷം ലഭിക്കുമ്പോള്‍ എന്റെ ഉത്തരവാദിത്വം കൂടുകയാണ്. എനിക്കു കിട്ടിയ ശ്രാവണ്‍ എന്ന കഥാപാത്രത്തിന്റെ അന്വേഷണമുഖങ്ങള്‍ എങ്ങനെയൊക്കെ വ്യത്യസ്തമായി കൊണ്ടു വരാം, അതിന്റെ മീറ്റര്‍ എത്രത്തോളം വരണം എന്നൊക്കെ ചിന്തിക്കുകയാണിപ്പോള്‍. ഒരേ സമയം നല്ലൊരു കഥാപാത്രം കിട്ടിയതിന്റെ സന്തോഷവും എന്നിലെ വിശ്വാസം കാത്തു സൂക്ഷിക്കേണ്ടതിന്റെ ബാധ്യത നല്കുന്ന ടെന്‍ഷനുമുണ്ട്. പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ബാങ്കിങ് അവേഴ്‌സ് 10 ടു 4.

ബാനര്‍-ലിമോ ഫിലിംസ്

നിര്‍മ്മാണം-സ്റ്റീഫന്‍ പാത്തിക്കല്‍
സംവിധാനം-കെ.മധു
കഥ-തിരക്കഥ-സംഭാഷണം-സുമേഷ്-അമല്‍ 
ഛായാഗ്രഹണം- സാലുജോര്‍ജ്
കലാസംവിധാനം-സാലു,കെ.ജോര്‍ജ്
ചമയം-റഹീം കൊടുങ്ങല്ലൂര്‍
വസ്ത്രാലങ്കാരം- ഇന്ദ്രന്‍സ് ജയന്‍
പ്രൊ.കണ്‍ട്രോളര്‍-ഷാജി പട്ടിക്കര
നിശ്ചല ഛായാഗ്രണം- മോമി
എഡിറ്റിങ്-പി.സി.മോഹനന്‍
പശ്ചാത്തല സംഗീതം-രാജാമണി
പ്രോജക്ട് ഡിസൈനര്‍-തമ്പി ലൂയിസ്
ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്
- രതീഷ് നെടുമങ്ങാട്
വി.എസ്.സജിത്‌ലാല്‍
അസോ.ക്യാമറാമാന്‍- ശ്രീജിത് മഞ്ചേരി, 
വിഷ്ണു നമ്പൂതിരി
പ്രൊ. എക്‌സിക്യുട്ടീവ്‌സ്- നസീര്‍ കൂത്തു പറമ്പ്, 
സതീഷ് നമ്പ്യാര്‍
പ്രൊ.മാനേജേഴ്‌സ്- ജംഷീര്‍ പുറക്കാട്ടിരി, 
മുസ്തഫ അരക്കിണര്‍ 
സംവിധാന സഹായികള്‍ -അരുണ്‍ ലാല്‍ എസ്.പിളള,
ഫിലിപ്പ് കാക്കനാട്,ജയേഷ് മൈനാഗപ്പളളി

No comments:

Post a Comment

Note: Only a member of this blog may post a comment.