Pages

Monday, July 16, 2012

ഉസ്താദ് ഹോട്ടല്‍




ഉസ്താദ് ഹോട്ടല്‍ ഒരു പ്രണയ കഥയാണോ? അതോ ഭക്ഷണത്തെ കുറിച്ചുള്ള സിനിമയോ? കുടുംബ ബന്ധങ്ങളെ കുറിച്ചാണോ അതോ മ്യൂസിക് ബാന്‍ഡിനെ പറ്റിയോ? ഇതെല്ലാമാണ് ഉസ്താദ് ഹോട്ടല്‍. നമുക്കറിയാവുന്ന, നമ്മള്‍ കാണുന്ന ബന്ധങ്ങളുടെ, ചില നേരങ്ങളില്‍ കാണാതെ, മനസ്സിലാക്കാതെ പോവുന്ന നോവുകളുടെ കഥ കൂടിയാണിത്. 

ഫൈസി (ദുല്‍ഖര്‍ സല്‍മാന്‍) ജനിക്കുന്നതിനു എത്രയോ മുന്‍പ് തുടങ്ങിയതാണ് അവന്റെ ഉപ്പ (സിദ്ദിക്ക് )അവനു വേണ്ടിയുള്ള കാത്തിരിപ്പ്, പേര് വരെ നേരത്തെ തീരുമാനിച്ചിരുന്നു. മക്കളെയും കൂട്ടി ദുബായില്‍ എത്തിയ റസാക്കിന്റെ ശ്രദ്ധ മുഴുവന്‍ ബിസിനസ്സ് വിപുലീകരിക്കുന്നതിലായിരുന്നു. പെങ്ങന്മാര്‍ വളര്‍ത്തിയ കുട്ടി ആയതുകൊണ്ടാവാം ഫൈസിക്ക് ചെറുപ്പം തൊട്ടേ പാചകത്തിലായിരുന്നു കമ്പം. വലുതായപ്പോള്‍ ഉപ്പയുടെ ആഗ്രഹം പോലെ ബിസിനസ്സുകാരനാവാന്‍ നില്‍ക്കാതെ അവന്‍ വിദേശത്തേക്ക് പറക്കുന്നത് ഷെഫ് ആവുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനായിരുന്നു. 

സത്യം പുറത്തറിയുമ്പോഴുള്ള പൊട്ടിത്തെറിയും അച്ഛനും മകനും തമ്മിലുള്ള അകല്‍ച്ചയും ഫൈസിയെ കൊണ്ടെത്തിക്കുന്നത് അവരില്‍ നിന്നൊക്കെ അകന്നു ജീവിച്ച ഉപ്പുപ്പാന്റെ (തിലകന്‍) അരികത്തേക്കായിരുന്നു, അയാളുടെ ഉസ്താദ് ഹോട്ടലിലെക്കും. താല്‍ക്കാലികമായ ഒരിടമായിരുന്നു ഉപ്പുപ്പാന്റെ ഈ ഹോട്ടല്‍. അവിടെ നിന്നു പക്ഷേ അവന്‍ പഠിച്ചത് പാചകം എന്ന കച്ചവടത്തെ കുറിച്ചല്ല, ജീവിതം എന്ന സത്യത്തെ കുറിച്ചാണ്. എങ്ങനെ ഭക്ഷണം ഉണ്ടാക്കണം എന്ന് മാത്രമല്ല, എന്തിനു ഉണ്ടാക്കണം എന്ന് കൂടിയാണ്. ഭക്ഷണത്തിലൂടെ വയര്‍ മാത്രം നിറക്കാനല്ല മനസ്സ് കൂടി നിറയ്ക്കാനാണ്. ഓരോ സുലൈമാനിയിലും ചേര്‍ക്കേണ്ട മൊഹബ്ബതിനെ കുറിച്ചാണ്, പിന്നെ കിസ്മത്തിനെ കുറിച്ചും. 

അത്ര എളുപ്പത്തിലല്ല ഫൈസി ഈ പാഠങ്ങള്‍ പഠിക്കുന്നത്. എച്ചില്‍ വൃത്തിയാക്കുന്നത് മുതല്‍ വിളമ്പുന്നതും, സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം ഉപ്പൂപ്പ അവനെ പഠിപ്പിക്കുന്നുണ്ട്. ജോലി കാര്യങ്ങളില്‍ വലിപ്പ ചെറുപ്പമില്ല എന്നുള്ള വലിയ സത്യമാണ് ഇതിലൂടെ അവനു പകര്‍ന്നു നല്‍കുന്നത്. ആത്മീയതയുടെ ആരംഭം അവനവനെ അറിയുന്നതിലൂടെ ആണെന്നും. മധുരയിലെക്കുള്ള ഒരു യാത്ര, നിസ്വാര്‍ഥനായി അഗതികള്‍ക്ക് ഭക്ഷണം വിളമ്പുന്ന ഒരു വ്യക്തിയുമായുള്ള കൂടികാഴ്ച എന്നിവ ഫൈസിക്ക് കണ്ണ് തുറന്നു തന്നെ തന്നെയും തന്റെ ചുറ്റുമുള്ളവരെയും ഉപ്പൂപ്പ എന്ന മിസ്റ്റിക് സൂഫി വര്യനെയും കാണാനുള്ളതായിരുന്നു. 

ഓരോ ധാന്യ മണിയിലും അത് കഴിക്കുന്നയാളുടെ നാമം ഉണ്ട് എന്ന ചൊല്ല് പോലെ, അത് പകര്‍ന്നു നല്‍കുകയാണ് തന്റെ കര്‍മ്മം എന്ന് ഫൈസി തിരിച്ചറിയുന്നു. അപ്പോഴേക്കും ഉപ്പൂപ്പ തന്റെ യാത്ര തുടങ്ങിയിരുന്നു, കാണാ തീരങ്ങളിലേക്ക്, പുതു അറിവുകളിലേക്ക്. ആരോ വിളമ്പിയ ഭക്ഷണം കഴിക്കുന്ന കരീംക്കയില്‍ ക്യാമറ ചെന്നവസാനിക്കുമ്പോള്‍ അന്നം കൊടുക്കുന്നവനു അന്നമുണ്ട് എന്ന വലിയ സത്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

ഈ സിനിമ ചിലര്‍ക്ക് അവകാശപ്പെട്ടതാണ് , auteur theory യില്‍ പറയുന്ന പോലെ ഇത് സംവിധായകന്റെ, അന്‍വര്‍ റഷീദ്‌ന്റെ സിനിമയാണ്, ചെറിയ ഒരു തീം മനോഹരമായ ഫ്രെയ്മുകളായി ആദ്യന്തം ഭംഗിയായി കഥയ്ക്കിണങ്ങുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നവ സിനിമയുടെ ഘടകങ്ങള്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന വയലന്‍സ്, മദ്യപാനം, ലൈംഗിഗതയുടെ തുറന്നു പറച്ചിലുകള്‍ എന്നീ അസ്‌കിതകള്‍ ഒട്ടുമില്ലാതെ ഹൃദയ സ്പര്‍ശിയായി ഒരുക്കിയിട്ടുണ്ട്. 

ആ ഉദ്യമത്തില്‍ ലോകനാഥന്റെ ക്യാമറ 100% സംവിധായകന്റെ കൂടെയുണ്ട്. സുന്ദരിയായിട്ടുണ്ട് ഈ ക്യാമറ കാഴ്ച്ചയില്‍ കോഴിക്കോട്. ഗോപി സുന്ദര്‍ അണിയിച്ചൊരുക്കിയ പാട്ടുകളും BGM ഉം ആണ് മറൊരു ആകര്‍ഷണം. ഇതൊക്കെയാണെങ്കിലും ഇത് തിലകന്റെ സിനിമയാണ്. തനിക്കു പകരം വയ്ക്കാന്‍ ഒരാളില്ല എന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട് കരീമയ്ക്കയായി ജീവിക്കുകയാണ് തിലകന്‍. മറ്റു കഥാപാത്രങ്ങളും അവരുടെ റോളുകള്‍ ഭംഗിയാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും സിദ്ദിക്കും മാമുക്കോയയും. ദുല്‍ഖറും മോശമാക്കിയില്ല.

തിലകനോടോത്തുള്ള കോമ്പിനേഷന്‍ സീനുകളിലാണ് കൂടുതല്‍ തികവ് ദുല്‍ഖറിന്, നായികയോടൊത്ത് പോലും ആ കെമിസ്ട്രി ഇല്ല. അഞ്ജലി മേനോന്റെ ആദ്യ കമേഴ്‌സ്യല്‍ സംരംഭമാണ് ഉസ്താദ് ഹോട്ടല്‍. തന്റെ സാന്നിധ്യം ഈ സിനിമയിലൂടെ അവര്‍ അറിയിക്കുന്നുണ്ടെങ്കിലും ഹാപ്പി ജേര്‍ണി, മഞ്ചാടിക്കുരു എന്നീ സിനിമകളിലെ കൈയൊതുക്കം രണ്ടാം പകുതി ആവുമ്പോഴേക്കും നഷ്ടപ്പെടുന്നുണ്ട്. ഒരു ഘട്ടം കഴിയുമ്പോള്‍ ചില കഥാ പാത്രങ്ങള്‍ പ്രസക്തരല്ലാതാവുന്നു. 

ലളിതമായ ഒരു കഥ വളച്ചുകെട്ടലുകള്‍ ഇല്ലാതെ, പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ, കോഴിക്കോടന്‍ നാട്ടു ഭാഷയില്‍ ആവശ്യത്തിനു മസാല ചേര്‍ത്ത് പാകം ചെയ്ത സിനിമയാണ് ഉസ്താദ് ഹോട്ടല്‍. എന്നിരുന്നാലും ചില സ്ഥലങ്ങളില്‍ അല്പം ഉപ്പോ മുളകോ കൂടി രുചിഭംഗം വരുത്തുന്നുണ്ട്. ഉദാഹരണത്തിന് നായിക (നിത്യ മേനോന്‍) നട്ടപ്പാതിരയ്ക്ക് 'അപ്പങ്ങള്‍ എമ്പാടും' പാടി ആടുന്ന സീന്‍. തികച്ചും യാഥാസ്ഥിതികരായ വീട്ടുകാരാണ് എന്ന് നായിക തന്നെ പറഞ്ഞിട്ടുള്ള വീട്ടുകാര്‍ കോഴിക്കോടങ്ങാടിയില്‍ നടന്ന ഈ കലാപരിപാടി അറിയാതെ വരുമോ, അവള്‍ മതില് ചാടി വന്നതാണെങ്കിലും? ആദ്യത്തെ തവണയല്ല റോക്ക് ബാന്‍ഡ് ന്റെ കൂടെയുള്ള ഈ ചുറ്റല്‍ എന്ന് സിനിമയില്‍ വ്യക്തമാക്കുന്നുമുണ്ട്. 

രണ്ടാം പകുതി ആവുമ്പോഴേക്കും വളരെ സ്വാതന്ത്ര്യത്തോടെ ഏതു നേരവും അവള്‍ ബീച്ചിലെ ഉസ്താദ് ഹോട്ടല്‍ ഇല്‍ വന്നിരിക്കുന്നുമുണ്ട്. പെണ്ണ് കാണാന്‍ വരുമ്പോള്‍ അവള്‍ പറയുന്ന പോലെ കുട്ടികളേം പ്രസവിച്ചു വീട്ടില്‍ അടങ്ങിയിരിക്കുന്ന ഒരു ഭാര്യയാവാന്‍ എനിക്ക് പറ്റില്ല എന്നുള്ള തന്റെ അഭിപ്രായം അവള്‍ പ്രാവര്‍ത്തികമാക്കി സ്വതന്ത്രയായി, ഈ ലോകം എന്റേത് കൂടിയാണ് എന്ന് അടിവര ഇടുകയാണെങ്കില്‍ തീര്‍ച്ചയായും അത് നല്ലൊരു സന്ദേശമാണ്. 
നായകന്റെ കണ്ണ് തുറപ്പിച്ച മധുര യാത്ര ഉദ്ദേശശുദ്ധി ഉള്ളതാണെങ്കിലും എഡിറ്ററുടെ കത്രിക കാണാതെ വല്ലാതെ ദീര്‍ഘിച്ചു പോവുന്നുണ്ട്, പഴയൊരു സാരോപദേശ കഥയുടെ മാതൃകയില്‍. കുത്സിത ശ്രമങ്ങള്‍ നായകന്‍ കണ്ടെത്തുന്നതും യുക്തിക്ക് നിരക്കാത്തതായി, കടം വീട്ടാനുള്ള പണം ഉണ്ടാവുന്നതും.

Download Usthad Hotel(2012) Malayalam Songs Here:

1.Vathilil  - Hariharan , Chorus
2.Appangal - Anna Katharina Valayil
3.Mel Mel - Naresh Iyer ,  Anna Katharina Valayil
4.Subhanalla - Navin Iyer , Chorus

No comments:

Post a Comment

Note: Only a member of this blog may post a comment.