Pages

Friday, May 27, 2011

വരുന്നു പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം

സ്വന്തം ലേഖകന്‍

ദിലീപ് എന്ന സിനിമാ താരത്തെ ജനപ്രിയ താരവും സൂപ്പര്‍ സ്റ്റാറുമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഒരു സിനിമ. കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ് എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച കോമഡി രംഗങ്ങള്‍. മികച്ച പാട്ടുകള്‍ നിറഞ്ഞ സിനിമ. പഞ്ചാബി ഹൗസ് എന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിന് വിശേഷണങ്ങള്‍ നിരവധി. ദിലീപിന്റെ മെഗാഹിറ്റ് സിനിമകളുടെ പട്ടികയില്‍ ആദ്യം വരുന്ന പേരാണ് പഞ്ചാബി ഹൗസ്.

പ്രേക്ഷകരെ ചിരിപ്പിച്ച് വശംകെടുത്താന്‍ ഇതേ പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം വരുന്നു. നവാഗതനായ സജിത് രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്നു. റാഫി മെക്കാര്‍ട്ടിനാണ് തിരക്കഥയെഴുതുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്‌സ് എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം വൈശാഖ് മൂവീസ് നിര്‍മ്മിക്കുന്ന ചിത്രമാണ് പഞ്ചാബി ഹൌസ് 2. ആദ്യ ഭാഗത്തിന്റെ സംവിധായകരായ റാഫി - മെക്കാര്‍ട്ടിന്‍ ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി രണ്ടു കഥകളാണ് ദിലീപിനോട് പറഞ്ഞത്. അതിലൊന്ന് ദിലീപ് നിശ്ചയിക്കുകയായിരുന്നു.

1998 സെപ്റ്റംബര്‍ നാലിന് റിലീസായ പഞ്ചാബി ഹൗസ് മലയാളത്തിലെ ചിരിച്ചിത്രങ്ങളുടെ രാജാവാണ്. സിനിമ വന്‍ ഹിറ്റായതോടെ ഹിന്ദിയിലേക്കും റീമേക്ക് ചെയ്യുകയും ചെയ്തു. മലയാള സിനിമയും കടന്ന് ബോളിവുഡിലെത്തി ഹിറ്റ് സംവിധായകനെന്ന് പേര് സ്വന്തമാക്കിയ പ്രിയദര്‍ശനായിരുന്നു റീമേക്ക് സംവിധാനം ചെയ്തത്. ദിലീപിന്റെ നായക കഥാപാത്രം ഹിന്ദിയില്‍ കൈകാര്യം ചെയ്തത് ഷാഹിദ് കപൂര്‍. മോഹിനിയുടെ നായികാ കഥാപാത്രം കരീന കപൂറും ഭംഗിയാക്കി.

ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നീ സിനിമകള്‍ക്ക് ശേഷം 1998ല്‍ സംഭവിച്ച മൂന്നാമത്തെ മെഗാഹിറ്റായിരുന്നു പഞ്ചാബി ഹൗസ്. 200 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് പത്തുകോടിയിലേറെയാണ് ഗ്രോസ് കളക്ഷന്‍ ലഭിച്ചത്. എന്തായാലും പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ കൊച്ചിന്‍ ഹനീഫയുടെ അസാന്നിധ്യം പ്രേക്ഷകരെ വേദനിപ്പിക്കുക തന്നെ ചെയ്യും.

പഞ്ചാബി ഹൗസ് രണ്ടാം ഭാഗത്തിന് ശേഷം ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗത്തിനും വൈശാഖ് മൂവീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കില്ലെന്നാണ് സൂചന.

No comments:

Post a Comment

Note: Only a member of this blog may post a comment.