Pages

Wednesday, May 25, 2011

രതിനിര്‍വേദം എത്തുന്നു, ജൂണ്‍ മൂന്നിന്

സ്വന്തം ലേഖകന്‍

രതിച്ചേച്ചിയുടെയും പപ്പുവിന്റെയും പ്രണയ കഥ പറയുന്ന രതിനിര്‍വേദമെന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ പുതുഭാഷ്യത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ജൂണ്‍ മൂന്നിന് അവസാനമാകും. ജയഭാരതിയും കൃഷ്ണ ചന്ദ്രനും അവതരിപ്പിച്ച രതിചേച്ചിയെയും പപ്പുവിനെയും ശ്വേതാ മേനോനും ശ്രീജിത്തും എങ്ങനെ കൈകാര്യം ചെയ്തിരിക്കുന്നു എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഇനി അധിക ദിവസമില്ല.

യുവമനസ്സുകളെ കോരിത്തരിപ്പിച്ച ജയഭാരതിയുടെ അംഗലാവണ്യം ഉള്ളില്‍ കണ്ടു കൊണ്ട് പഴയ നൊസ്റ്റാള്‍ജിക്ക് തലമുറയും തീയേറ്ററില്‍ കയറുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. സമീപകാലത്ത് ഒരു മലയാള ചിത്രത്തിന്റെയും കാര്യത്തില്‍ ഉണ്ടാകാത്തത്ര താല്പര്യമാണ് ഈ കൊച്ചു ചിത്രത്തിന്റെ പേരില്‍ ആരാധകര്‍ക്കും സിനിമാ ലോകത്തിനു പൊതുവെയും ഉണ്ടായിരുന്നത്. അതിനുകാരണം ചിത്രം രതിനിര്‍വേദം ആണെന്നത് തന്നെ. യുവത്വത്തിന്റെ ഉറക്കം കെടുത്തി 1978ല്‍ പുറത്തിറങ്ങിയ 'രതിനിര്‍വേദം' ഇന്നും പ്രേക്ഷകര്‍ ആവേശത്തോടെയാണ് കാണുന്നത്.



അതുതന്നെയാണ് ചിത്രത്തിന്റെ റീമേക്കിന് വന്‍ പ്രാധാന്യം നല്‍കുന്നതും. ഭരതന്‍ തയ്യാറാക്കിയ രതിനിര്‍വ്വേദത്തിന് പുതിയ മുഖം നല്‍കുന്നത് ടി.കെ രാജീവ് കുമാറാണ്. മുന്‍ കാല ചിത്രമായ നീലത്താമര വീണ്ടുമെത്തിച്ച സുരേഷ്‌കുമാര്‍ തന്നെയാണ് രതിനിര്‍വേദവും നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 8നാണ് രതിനിര്‍വേദത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.

ഏപ്രില്‍ 28ന് റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മാവേലിക്കരയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. സംഗീതം എം. ജയചന്ദ്രന്റേത്. ജയചന്ദ്രന്റെ നൂറാമത് ചിത്രമായ ഇതില്‍ ശ്രേയ ഗോസ്വാല്‍ രണ്ടു പാട്ടുകള്‍ പാടുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റാണ്. രമ്യാ മൂവീസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.



ലൈംഗികതയെ മനോഹരമായി ആവിഷ്‌കരിച്ച ചിത്രങ്ങളിലൊന്നായാണ് ഭരതന്‍- പത്മരാജന്‍ കൂട്ടുകെട്ടില്‍ പിറവികൊണ്ട പഴയ രതിനിര്‍വേദത്തെ കണക്കാക്കുന്നത്. പത്മരാജന്റെ 'രതിനിര്‍വേദം' എന്ന നോവലാണ് സിനിമയായത്. ഒരു തലമുറയുടെയാകെ ആവേശമായി മാറിയ ചിത്രത്തിന്റെ റീമേക്കിനെക്കുറിച്ചുള്ള ആലോചനകള്‍ കഴിഞ്ഞ വര്‍ഷം ആദ്യം തുടങ്ങിയതാണ്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ചിത്രം തുടങ്ങാന്‍ വൈകുകയായിരുന്നു. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ്‍ ജയഭാരതി അനശ്വരമാക്കിയ രതിചേച്ചിയുടെ റോളില്‍ ശ്വേത മേനോനെ തീരുമാനിച്ചത്. ആ റോളിന് ഇന്ന് മലയാള സിനിമയിലുള്ള നായികമാരില്‍ ഏറെ യോജിക്കുക ശ്വേതയാണെന്ന് പ്രേക്ഷകര്‍  തിരഞ്ഞെടുപ്പിനെ ന്യായീകരിച്ച് അംഗീകാരം പ്രകടിപ്പിച്ചു.

എന്നാല്‍ പപ്പുവിന് വേണ്ടിയുള്ള അന്വേഷണം പിന്നെയും നീണ്ടു. ആദ്യം നിശ്ചയിച്ച പുതുമുഖ നായകന്‍ ഇമേജ് ഭയം മൂലം പിന്‍മാറിയത് ചിത്രത്തെ വീണ്ടും വൈകിപ്പിച്ചു. ഒടുവില്‍ ഫാസിലിന്റെ പുതിയ കണ്ടെത്തലായ, ലിവിങ് ടുഗെദര്‍ എന്ന പുതിയ ചിത്രത്തിലെ ഉപനായകന്‍ ശ്രീജിത്തിലൂടെയാണ് പപ്പു വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. പതിനേഴുകാരനായിരുന്ന കൃഷ്ണചന്ദ്രന്‍ മനോഹരമായി അവതരിപ്പിച്ച കഥാപാത്രമാണ് പപ്പു. രതിച്ചേച്ചിയെ ഗാഢമായി പ്രണയിക്കുന്ന കഥാപാത്രം.



കൃഷ്ണചന്ദ്രന്റേതുപോലെ നിഷ്‌കളങ്കത സ്ഫുരിക്കുന്ന മുഖമുള്ള എന്നാല്‍ കൗമാര ക്കാരന്റെ വികാരവിവശതകള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള യുവതാരത്തെയാണ് അന്വേഷിച്ചിരുന്നത്. ജയഭാരതി രതിനിര്‍വേദത്തിനായി ക്യാമറയ്ക്കു മുന്നില്‍ അണിഞ്ഞതെല്ലാം സ്വര്‍ണ്ണത്തിന്റെയും ഡയമണ്ടിന്റെയും സ്വന്തം ആഭരണങ്ങളായിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ, അണിവയറില്‍ സ്വര്‍ണ അരഞ്ഞാണവുമണിഞ്ഞ് മലര്‍ന്നു കിടക്കുന്ന ജയഭാരതിയുടെ പോസ്റ്റര്‍ അതിന്റെ സെക്‌സി അപ്പീല്‍ കാരണം അന്ന് വിവാദമായിരുന്നു.

റീമേക്കില്‍ ശ്വേതയുടെ രതിച്ചേച്ചിയ്ക്ക് ധരിക്കാന്‍ ഭീമാ ജ്വല്ലേഴ്‌സ് നല്‍കുന്നത് 25 പവന്റെ അരഞ്ഞാണമാണ്. ചിത്രത്തില്‍ രതിച്ചേച്ചിയുടെ അരഞ്ഞാണത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞു തന്നെയാണ് ഭീമ അത് നല്‍കാന്‍ മുന്നോട്ടുവന്നത്. ഭരതന്റെ സഹധര്‍മ്മിണിയും പ്രശസ്ത നടിയുമായ കെപിഎസി ലളിത രതിനിര്‍വേദത്തിന്റെ രണ്ടാം പതിപ്പിലും അഭിനയിക്കുന്നുണ്ട്. അവര്‍ മാത്രമാണ് രണ്ട് സിനിമകളിലും ഉള്ള ഒരേയൊരു താരവും. ശോഭാ മോഹന്‍, മായാ വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളില്‍ ഉണ്ട്. മനോജ് പിള്ളയാണ് ഛായാഗ്രാഹകന്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.