Pages

Thursday, May 26, 2011

അവാര്‍ഡ് വിവാദത്തിന് പിന്നിലെന്ത്?

Mammootty and Salim
പ്രാഞ്ചിയേട്ടനെ അവതരിപ്പിച്ച മമ്മൂട്ടിയാണോ ആദാമിന്റെ മകന്‍ അബുവിനെ അവതരിപ്പിച്ച സലീം കുമാറാണോ മുന്നില്‍ നില്‍ക്കുന്നത്. ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് വിവാദം ഇതാണ്.

പ്രാഞ്ചിയേട്ടന്റെ സംവിധായകന്‍ രഞ്ജിത്താണ് ഇക്കാര്യത്തില്‍ ആദ്യവെടി പൊട്ടിച്ചത്. ഏത് അളവുകോല്‍ വെച്ചു നോക്കിയാലും മമ്മൂട്ടി തന്നെയാണ് മുന്നിലെന്ന് രഞ്ജിത്ത് പറയുന്നു. ജൂറി കമ്മിറ്റി മാത്രം കണ്ട അബുവിന്റെ അഭിനയം രഞ്ജിത്ത് എങ്ങനെ വിലയിരുത്തിയെന്ന സംശയം അപ്പോഴും ബാക്കിയാവുകയാണ്.

എന്തായാലും രഞ്ജിത്തിന് ചുട്ടമറുപടി തന്നെ സലീം കുമാര്‍ നല്‍കി. ജൂറിയില്‍ വിശ്വാസമില്ലായിരുന്നെങ്കില്‍ രഞ്ജിത്ത് സിനിമ പിന്‍വലിയ്ക്കണമായിരുന്നുവെന്നും എപ്പോഴും അവാര്‍ഡ് കിട്ടണമെന്ന് വാശിപാടില്ലെന്നുമായിരുന്നു സലീമിന്റെ കമന്റ്. മികച്ച നടനെക്കുറിച്ചുള്ള മുന്‍വിധികളാണ് ഇതിലൂടെ ഇല്ലാതായത്. മിമിക്രിക്കാര്‍ കോപ്രായക്കാരല്ലെന്ന് ഇതിലൂടെ തെളിഞ്ഞിരിയ്ക്കുന്നു. ഒരുപടി കടന്ന് ജൂറി അംഗം ജെപി ദത്ത എടുക്കുന്നത് പോലൊരു ഷോട്ട് എടുക്കാന്‍ രഞ്ജിത്തിന് കഴിയുമോയെന്ന് വരെ സലീം വെല്ലുവിളിച്ചു.

അവാര്‍ഡ് കിട്ടാത്തതും കിട്ടിയതുമൊന്നുമല്ല ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും ചലച്ചിത്രരംഗത്ത് സംസാരമുണ്ട്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം കോമഡി കോമ്പിനേഷന്‍ ചെയ്യുന്ന താരങ്ങള്‍ തമ്മില്‍ ഒരു വേര്‍തിരിവുണ്ടായിട്ടുണ്ടത്രേ. കോമ്പിനേഷന്‍ ശരിയാവാത്ത താരങ്ങള്‍ ഇപ്പോള്‍ ഇരുചേരികളിലായി നില്‍ക്കുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം മിക്ക സിനിമകളിലും ക്ലിക്കായ താരത്തിന്റെ വരവോടെ കോമഡിരംഗത്ത് ചിലരുടെ ഡിമാന്റ് ഇടിഞ്ഞിരുന്നു. ഇതോടെ ചിലര്‍ ലാല്‍ ക്യാമ്പിലേക്ക് നീങ്ങി. താരങ്ങള്‍ ആരൊക്കെയാണെന്ന് ആര്‍ക്കും ഊഹിയ്ക്കാവുന്നതേയുള്ളൂ. ഇപ്പോഴത്തെ വിവാദത്തിന്റെ ചൂട് കൂട്ടാന്‍ ഇതും കാരണമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

എന്തായാലും ആദാമിന്റെ മകന്‍ അബു വിതരണത്തിനെടുക്കാന്‍ മമ്മൂട്ടിയുടെ പ്ലേഹൗസ് ശ്രമിയ്ക്കുന്നത് ശുഭകരമായൊരു വാര്‍ത്ത തന്നെയാണ്. വിവാദം അലിയിച്ചുകളയാന്‍ ഒരുപക്ഷേ ഇതിന് കഴിഞ്ഞേക്കും.

No comments:

Post a Comment

Note: Only a member of this blog may post a comment.