Pages

Monday, April 18, 2011

എന്‍ഡോസള്‍ഫാനെതിരെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍

ആലപ്പുഴ: എന്‍ഡോസള്‍ഫാനെതിരെ സമൂഹ മനഃസാക്ഷി ഉണര്‍ത്താന്‍ ബോധവത്കരണ യാത്രയുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന ആരോഗ്യ -പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റി ബോധവത്കരിക്കാന്‍ ആലപ്പുഴയില്‍നിന്ന് തുടങ്ങി കാസര്‍കോട് സമാപിക്കുന്ന യാത്ര സംഘടിപ്പിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കാനുള്ള തീരുമാനം എടുക്കാന്‍ കഴിയുന്ന സ്‌റ്റോക്‌ഹോം അന്താരാഷ്ട്ര സമ്മേളനം പടിവാതില്‍ക്കല്‍ എത്തിയിട്ടും ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ഥികള്‍ ഇത്തരത്തിലൊരു പരിപാടിയുമായി രംഗത്തിറങ്ങുന്നതെന്ന് ടി.ഡി മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്‌സ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മെഡിക്കല്‍ രംഗത്തെ ശാസ്ത്രീയ വിവരങ്ങളുമായാണ് വിദ്യാര്‍ഥികള്‍ ബോധവത്കരണം നടത്തുന്നത്.


രണ്ട് രൂപ അരി: കബളിപ്പിക്കല്‍ തുടരുന്നു
തിരുവന്തപുരം: തിങ്കളാഴ്ച മുതല്‍ ബി.പി. എല്‍, എ.പി.എല്‍ വ്യത്യാസമില്ലാതെ റേഷന്‍ കടയില്‍നിന്ന് രണ്ടു രൂപ നിരക്കില്‍ അരി ലഭിക്കുമെന്ന് വിശ്വസിച്ച് റേഷന്‍ കടകളിലെത്തിയവര്‍ കടയുടമകളുമായി വഴക്കിട്ട് പിരിഞ്ഞു. എ.പി.എല്‍ വിഭാഗക്കാര്‍ക്കും രണ്ടു രൂപക്ക് അരി നല്‍കാനുള്ള ഉത്തരവ് തിങ്കളാഴ്ച ഉച്ചയോടെ റേഷന്‍ കടകളിലെത്തിയെങ്കിലും അരി മാത്രം എത്തിയില്ല. റേഷന്‍ കടക്കാര്‍ കൂടിയ വില നല്‍കി, 8.90നും 12.70നും വില്‍ക്കാന്‍ വെച്ച അരിയെടുത്ത് രണ്ടുരൂപക്ക് നല്‍കാനാണ് അധികൃതര്‍ വാക്കാല്‍ നല്‍കിയ നിര്‍ദേശം. കുറഞ്ഞ വിലക്ക് അരി കിട്ടിയാല്‍ മാത്രമേ വിതരണം ചെയ്യാനാകൂവെന്ന നിലപാടിലാണ് ഷാപ്പുടമകള്‍.
അതേസമയം, മന്ത്രിയുടെ ഓഫിസില്‍നിന്നടക്കം പുറത്തുവരുന്ന പ്രഖ്യാപനങ്ങളിലും നിര്‍ദേശങ്ങളിലും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അരിവിതരണം നിരോധിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് പിന്‍വലിച്ചെന്ന അറിയിപ്പ് വരും മുമ്പുതന്നെ അരി വിതരണത്തിന് എല്ലാ ഒരുക്കങ്ങളും നടത്തിയെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. 71,281 കുടുംബങ്ങള്‍ക്ക് ഇതിനകം രണ്ടു രൂപ അരി വിതരണം ചെയ്‌തെന്നും ബാക്കിയുള്ളവര്‍ക്ക് നല്‍കാനുള്ള അരി റേഷന്‍ കടകളില്‍ സ്‌റ്റോക്കുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
റേഷന്‍കടകളില്‍ നിലവില്‍ സ്‌റ്റോക്കുള്ള കൂടിയ വിലക്കുള്ള അരി കിലോ രണ്ടുരൂപക്ക് വിതരണം ചെയ്യാനായിരുന്നു നിര്‍ദേശം. പ്രതിമാസം 25,000 രൂപയില്‍ കുറഞ്ഞ വരുമാനമോ രണ്ടരയേക്കറില്‍ കുറവ് ഭൂമിയോ ഉള്ളവര്‍ക്ക് പത്തുകിലോ വരെ അരി രണ്ടുരൂപ നിരക്കില്‍ നല്‍കണമെന്നാണ് ഉത്തരവ്.
അരി റേഷന്‍കടകളില്‍ സ്‌റ്റോക്കുണ്ടെന്ന അറിയിപ്പ് ഉപഭോക്താക്കളെയും റേഷന്‍കടക്കാരെയും വെട്ടിലാക്കി. ഇപ്പോള്‍ റേഷന്‍കടകള്‍ക്ക് നല്‍കുന്ന 8.90 രൂപയുടെ അരി രണ്ടു രൂപക്ക് നല്‍കിയാല്‍ മാസം 40 കോടിയോളം രൂപ റേഷന്‍ അധിക ബാധ്യതയുണ്ടാക്കും. നിലവില്‍ 26 കോടിയോളം രൂപ കടയുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. സബ്‌സിഡി നിരക്കില്‍ അരി നല്‍കുമ്പോഴുള്ള ബാധ്യത തീര്‍ക്കാന്‍ ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ല. ഇതുവരെ എഫ്.സി.ഐയില്‍ പണം കെട്ടിവെച്ചതുമില്ല. ഈ സാഹചര്യത്തില്‍ റേഷന്‍കടകളില്‍ ആവശ്യത്തിന് അരി സ്‌റ്റോക്കുണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. രണ്ടുരൂപക്ക് അരി ലഭിക്കുന്നതിനുള്ള അപേക്ഷകളില്‍ ഭൂരിഭാഗവും ഇപ്പോഴും റേഷന്‍കടകളില്‍ കെട്ടിയിരിപ്പാണ്. ഇത് സപ്ലൈ ഓഫിസുകളില്‍ സ്വീകരിക്കുന്നതിനുപോലും സംവിധാനമേര്‍പ്പെടുത്തിയില്ല.
നിരോധം പിന്‍വലിച്ചത് അക്ഷരാര്‍ഥത്തില്‍ സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുകയാണ്. മുന്നൊരുക്കങ്ങളൊന്നും നടത്താതെയായിരുന്നു പ്രഖ്യാപനം. അടുത്തമാസം എഫ്.സി.ഐയില്‍ പണം കെട്ടിവെച്ച് പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുമെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്. എന്നാല്‍, അന്ന് മന്ത്രി ആരായിരിക്കുമെന്ന കാര്യത്തിലാണ് മറ്റൊരു കൗതുകം.

36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം


36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം
ടൈപ്പിസ്റ്റ്, സ്‌റ്റെനോഗ്രാഫര്‍, എ.ഡി ക്ലര്‍ക്ക്, ഫാര്‍മസിസ്റ്റ്, പ്യൂണ്‍ അറ്റന്‍ഡര്‍, ഉറദു ടീച്ചര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നിവയടക്കം 36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു.
യോഗ്യത: നാലാം ക്ലാസു മുതല്‍ എസ്.എസ്.എല്‍.സി തലം വരെയുളളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുക. വിലാസം www.keralapsc.org

No comments:

Post a Comment

Note: Only a member of this blog may post a comment.