Pages

Thursday, August 18, 2011

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പ്രിയന്‍ സ്വന്തമാക്കി


സ്വന്തം ലേഖകന്‍ 

Story Dated:Wed, 17 Aug 2011 06:03:55 BST


മനസിനാകെ സമാധാനവും സന്തോഷം തരുന്ന ഒരു സാദാ സിനിമ. ഇതില്‍ കൂടുതലൊന്നും വിശേഷണങ്ങള്‍ അര്‍ഹിക്കുന്നില്ല സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബുവിന്റെ സിനിമ. പക്ഷേ ഈ സമാധാനവും സന്തോഷവും തന്നെ സോള്‍ട്ട് ആന്‍ഡ് പെപ്പറിനെ സൂപ്പര്‍ ഹിറ്റില്‍ നിന്ന് മെഗാഹിറ്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു.

അതിനാല്‍ തന്നെ മലയാളത്തില്‍ ഇറങ്ങുന്ന മികച്ച സിനിമകളുടെ റൈറ്റ് സ്വന്തമാക്കി ഹിന്ദിയില്‍ അത് അവതരിപ്പിക്കുന്നതിന് മടിക്കാത്ത പ്രിയദര്‍ശന്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നു. ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മലയാള ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഹിന്ദി ചിത്രമായ തേസ് എന്നിവയ്ക്ക് ശേഷം പ്രിയദര്‍ശന്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യും. ഈ ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതായാണ് സൂചന.

സോയാ അക്തര്‍ സംവിധാനം ചെയ്ത 'സിന്ദഗി ന മിലേഗി ദൊബാര' എന്ന ഫീല്‍ ഗുഡ് മൂവിയുടെ വന്‍ വിജയത്തോടെയാണ് സോള്‍ട്ട് ആന്റ് പെപ്പര്‍ പോലുള്ള ലൈറ്റ് സബ്ജക്ട് സിനിമകള്‍ക്ക് ബോളിവുഡിലുള്ള സാധ്യത പ്രിയദര്‍ശന്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സംവിധായകന്‍ ആഷിക് അബുവുമായി ബന്ധപ്പെട്ട് സിനിമയുടെ ഹിന്ദി റീമേക്ക് സംബന്ധിച്ച് സംസാരിച്ചു.

ഹിന്ദിയിലേക്ക് മാത്രമല്ല, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും സോള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്ക് ചെയ്യുകയാണ്. ഇതിന്റെ ചര്‍ച്ചകളും പുരോഗമിക്കുന്നു.ജൂലൈ എട്ടിന് റിലീസായ സോള്‍ട്ട് ആന്റ് പെപ്പര്‍ ഇതിനകം കോടികളുടെ ലാഭമാണ് നേടിയിരിക്കുന്നത്. വേറിട്ട രീതിയില്‍ കഥ പറഞ്ഞ തിരക്കഥാകൃത്തുക്കളായ ശ്യാം പുഷ്‌ക്കരനും ദിലീപ് നായരും സംവിധായകന്‍ ആഷിക് അബുവുമാണ് സിനിമയുടെ വിജയശില്‍പികള്‍.

ചെറിയ ബജറ്റില്‍ തീര്‍ത്ത ചിത്രം ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായി ബോക്‌സ് ഓഫീസില്‍ തുടരുകയാണ്. ലാല്‍, ബാബുരാജ്, ശ്വേത, ആസിഫ് അലിയും മൈഥി, വിജയരാഘവന്‍ ഇവരൊക്കെ തട്ടുകടയിലെ കൊതിയൂറും വിഭവങ്ങള്‍ പോലെ പ്രേക്ഷകരുടെ മനം കീഴടക്കി കഴിഞ്ഞു. എന്തിന് അവിയല്‍ ബാന്‍ഡിന്റെ ആനക്കള്ളനെന്ന അടിപൊളി ഗാനം പോലും ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായി തുടരുകയാണ്.

അനാവശ്യ സെന്റിമെന്റുകളോ ആക്ഷനോ കോമഡിയോ ഒന്നുമില്ലാതെ ലാളിത്യം നിറഞ്ഞ കഥയും അതിന് ചേരുന്ന മിതമായ അഭിനയവും ഒത്തുവന്നത് സോള്‍ട്ട് ആന്‍ഡ് പെപ്പറിന് മുതല്‍ക്കൂട്ടായി. അനാവശ്യമായി ഒരു ഡയലോഗ് പോലും സിനിമയിലില്ല. അതിനാല്‍ തന്നെ ഈ സിംപിള്‍ മൂവി നെഞ്ചോടു ചേര്‍ക്കാന്‍ യുവാക്കളും കുടുംബ പ്രേക്ഷകരുമൊന്നും ഒട്ടും വൈകിയുമില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.