ജെ.സി ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി മലയാള സിനിമയുടെ ചരിത്രം അനാവരണം ചെയ്യുന്ന കമല്‍ ചിത്രം സെലുലോയ്ഡില്‍ ജാനറ്റിനെ അവതരിപ്പിക്കുക മംമ്ത മോഹന്‍ദാസ്. ഷൂട്ടിങ് തുടങ്ങുന്ന ഘട്ടത്തിലെത്തുമ്പോഴാണ് സംവൃത സുനിലിന് പകരം മംമ്ത ചിത്രത്തിന്റെ ഭാഗമായി വരുന്നത്. പൃഥ്വിരാജാണ് ജെ.സി ഡാനിയേലാകുന്നത്.
മലയാളസിനിമയുടെ പിതാവും ആദ്യനായികയും ചരിത്രത്തിലും ജീവിതത്തിലും ഒരുപോലെ തിരസ്‌കരിക്കപ്പെട്ടതെങ്ങനെയെന്ന അന്വേഷണവുമാകും ഈ കമല്‍ച്ചിത്രം. ജാനറ്റുമായി കൂടുതല്‍ രൂപസാദൃശ്യമുള്ളതിനാലാണ് തന്നെ ഈ റോളിലേക്ക് സംവിധായകന്‍ വിളിച്ചതെന്ന് മംമ്ത പറയുന്നു. ജാനറ്റിന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ് മംമ്ത ചിത്രത്തില്‍ അവതരിപ്പിക്കുക.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കമലിന്റെ തന്നെ ദിലീപ് ചിത്രമായ ആഗതനിലേക്കും മംമ്തയ്ക്ക് ക്ഷണം ലഭിച്ചെങ്കിലും അര്‍ബുദരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അഭിനയിക്കാനായില്ല.
1928ലാണ് മലയാളത്തിലെ ആദ്യസിനിമയായ വിഗതകുമാരന്‍ ചിത്രീകരിക്കപ്പെടുന്നത് .അതിന്റെ രചനയും നിര്‍മ്മാണവും മാത്രമല്ല,നായയകവേഷം ചെയ്തതും ജെ സി ഡാനിയലായിരുന്നു. മലയാളസിനിമയുടെ പിതാവെന്ന് പിന്നീടറിയപ്പെട്ട അദ്ദേഹം തന്റെ സിനിമയില്‍ നായികയായി കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശിനി പി കെ റോസിയെയാണ്.
എന്നാല്‍ ചിത്രത്തെ ഉള്‍ക്കൊള്ളാനോ താഴ്ന്ന ജാതിയില്‍പ്പെട്ട റോസിയോടു പൊറുക്കാനോ സവര്‍ണ്ണമേധാവിത്വവും തയ്യാറായില്ല. ചിത്രം പ്രദര്‍ശിപ്പിച്ച തീയറ്ററിന്റെ സ്‌ക്രീന്‍ കല്ലെറിഞ്ഞുതകര്‍ത്തും റോസിയുടെ കുടില്‍ കത്തിച്ചും അവര്‍ പ്രതികരിച്ചു. കലാസ്വാദനത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്ന തീവ്രനിലപാടായിരുന്നു അവരുടേത്. ഗത്യന്തരമില്ലാതെ ഡാനിയലിന് സ്വന്തം നാടായ പാളയംകോട്ടയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. റോസി രാക്കുരാമാനം തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടി രക്ഷപ്പെട്ടു.
ചിത്രനിര്‍മ്മാണത്തെത്തുടര്‍ന്ന് വന്‍ കടബാധ്യതയില്‍പ്പെട്ട ഡാനിയലിന് പട്ടത്ത് അദ്ദേഹം സ്ഥാപിച്ച ട്രവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സെന്ന മലയാളത്തിലെ ആദ്യസ്റ്റുഡിയോ വില്‍ക്കേണ്ടതായി വന്നു. ജീവിതത്തിന്റെ അന്ത്യനാളുകള്‍ വരെ പിന്നീടദ്ദേഹത്തെ അവഗണനയും ദാരിദ്ര്യവും വേട്ടയാടി. കലയെ സ്‌നേഹിച്ചു എന്ന ഒറ്റക്കാരണത്താല്‍ ജീവിതം തന്നെ തുലഞ്ഞ മലയാളസിനിമയുടെ പിതാവിനെയും ആദ്യനായികയെയും സിനിമാചരിത്രത്തില്‍ രേഖപ്പെടുത്താനാണ് സംവിധായകന്‍ കമല്‍ ഉദ്യമിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള സംവിധായകന്റെ ആലോചനയും അന്വേഷണങ്ങളും തുടങ്ങിയിട്ട് നാലു കൊല്ലത്തോളമായി. റോസിയുടെ ജീവിതം ഇതിവൃത്തമാക്കി മാധ്യമപ്രവര്‍ത്തകന്‍ വിനു എബ്രഹാം എഴുതിയ നോവലും ചേലങ്ങാട് ഗോപാലകൃഷ്ണന്‍ തയ്യാറാക്കിയ ജെ സി ഡാനിയലിന്റെ ജീവചരിത്രവും പ്രധാന അവലംബങ്ങളാക്കിയാണ് തിരക്കഥാരചന നടത്തിയിട്ടുള്ളത്.
ജെ സി ഡാനിയലിനും റോസിക്കും എന്തായിരിക്കും സംഭവിച്ചതെന്ന അന്വേഷണമാണ് ചിത്രത്തിന് ഉപോല്‍ബലകമായ കാഴ്ചപ്പാടിലേക്ക് നയിച്ചതെന്ന് കമല്‍ വിശദീകരിക്കുന്നു. ഒപ്പം മലയാളസിനിമയുടെ തുടക്കം മുതല്‍ വര്‍ത്തമാനകാലസാഹചര്യങ്ങള്‍ വരെയുള്ള നാള്‍വഴിപ്പട്ടികയുടെ വിലയിരുത്തല്‍ കൂടിയാണ് ഈ ചിത്രം. െ്രെപം ടൈം സിനിമയുടെ ബാനറില്‍ കമലും ഉബൈദും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
'എക്കാലത്തും ഇങ്ങനെയുള്ള ആളുകളേക്കുറിച്ചോര്‍ക്കേണ്ടത് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ധര്‍മ്മമാണ്. കലക്കുവേണ്ടി ജീവിച്ച് കഷ്ടപ്പാടുകളിലുടെമരിച്ച മലയാള സിനിമയുടെ പിതാവിനെപ്പറ്റി ആരെങ്കിലും രേഖപ്പെടുത്തണമല്ലോ. അതാണ് ഞാന്‍ ആലോചിച്ചത്.ജെ സി ഡാനിയല്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ആരും അംഗീകരിച്ചില്ല. മലയാളസിനിമയും അംഗീകരിച്ചിട്ടില്ല.
സര്‍ക്കാരും അംഗീകരിച്ചിട്ടില്ല. വിഗതകുമാരനെന്ന സിനിമയെക്കുറിച്ചുതന്നെ ആര്‍ക്കുമൊന്നുമറിയില്ല.വിഗതകുമാരന്റെ പ്രിന്റ് ലഭ്യമല്ലാത്തതിന്റെയും അതു നശിക്കാനിടയായതിന്‍െയും സാഹചര്യമെന്താണെന്ന് ഈ സിനിമ പറയുന്നുണ്ട്.' ഫിക്ഷന്‍ അധിഷ്ഠിതമായി രൂപപ്പെടുത്തിയിരിക്കുന്ന സിറ്റ്വേഷനുകളെക്കുറിച്ച് കമല്‍ പറയുന്നു.
ജെ സി ഡാനിയലായി അഭിനയിക്കുന്നത് പൃഥ്വിരാജാണ്. വിഗതകുമാരന്‍ നിര്‍മ്മിക്കുന്ന സമയത്ത് ഡാനിയലിന് ഇരുപത്തിയെട്ടുവയസ്സായിരിന്നു.ആറടി പൊക്കമുള്ള അരോഗദൃഢഗാത്രനായ അദ്ദേഹത്തിന്റെ ഫോട്ടോയും പൃഥ്വിരാജിന്റെ രൂപഘടനയും തമ്മില്‍ സാമ്യത ഏറെയാണ്.അങ്ങനെയാണ് നായകവേഷത്തിലേക്ക് പൃഥ്വിരാജിനെ നിശ്ചയിക്കുന്നത് .192530 കാലയളവാണ് ചിത്രത്തില്‍ പരാമര്‍ശവിധേയമാകുന്നത്.പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രം ചേലങ്ങാടു ഗോപാലകൃഷ്ണനെന്ന ജീവചരിത്രകാരനാണ്.അദ്ദേഹത്തിന്റെ അന്വേഷണത്തിലുടെയാണ് കഥാഗതിയുടെ ചുരുളഴിയുന്നത്. ശ്രീനിവാസനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. .റോസിയുടെ വേഷമഭിനയിക്കാന്‍ ഒരു പുതിയ മുഖത്തെയാണ് കമല്‍ തേടുന്നത്.
No comments:
Post a Comment
Note: Only a member of this blog may post a comment.