ഗുണഗണങ്ങളുടെ രാശിപ്പൊരുത്തം കണക്കാക്കി സിനിമ കാണുന്ന പ്രേക്ഷകന് മധ്യമത്തിനും മുകളില്‍ പൊരുത്തം പറയാന്‍ കഴിയുന്ന സിനിമ- അതാണ് ആഷിക് അബുവിന്റെ ഡാ തടിയാ. ഇതില്‍ പ്രത്യേകിച്ച് എന്തങ്കിലും ഉണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല. മറിച്ച് ചോദിച്ചാല്‍ ഉണ്ട് താനും. രണ്ടുമണിക്കൂര്‍ പ്രേക്ഷകന് ചിന്തയുടെ ഭാരമൊന്നും പേറാതെ കണ്ടിരിക്കാവുന്ന പടം. ഒരാളുടെ വ്യക്തിപരമായ ബലഹീനതയില്‍ പിടിച്ചുകയറി പൊതുവായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയത്തില്‍ എത്തിച്ചേരുന്ന പ്രമേയം. ആവശ്യത്തിന് മാത്രം വന്നുപോവുന്ന കഥാപാത്രങ്ങള്‍. ഒതുക്കമുളള തിരക്കഥ. കോമാളിത്തത്തിലേയ്ക്ക് വഴുതി വീഴാതെ നേരമ്പോക്കായി പറഞ്ഞു ഫലിപ്പിക്കുന്ന ഫലിതങ്ങള്‍. ആയുര്‍വേദത്തിനെ വില്പനചരക്കാക്കുന്നതിനെതിരേ ഒരു സന്ദേശം ഇതൊക്കെ തന്നയാണ് ടാ തടിയാ.
ശരീരം നോക്കാതെ വളരുന്ന ലൂക്ക് ജോണ്‍ പ്രകാശ് (ശേഖര്‍ മേനോന്‍) അവന്റെ എല്ലാമെല്ലാമായ വകയിലെ സ്വന്തം അനിയന്‍ വി. ജെ. കം മ്യൂസിക് കംപോസര്‍ സണ്ണി (ഷെഡ്ഡി- ശ്രീനാഥ് ഭാസി)- ഇവരെ കേന്ദ്രീകരിച്ചാണ് കഥ (സംഭവങ്ങള്‍) മുന്നേറുന്നത്്. തീറ്റമാത്രം ശീലമാക്കിയ ലൂക്കിന് പിന്തുണയുമായി അവനെ ഈ നിലയില്‍ എത്തിച്ച അമ്മമ്മ നൈറ്റ് റൈഡര്‍ (അരുന്ധതി നാഗ്) ഇപ്പോഴുമുണ്ട്. ലൂക്കിന്റെ ജീവിതത്തിനെ മാറ്റിമറിച്ച ഒരു പ്രത്യേക സംഭവം സണ്ണിയിലൂടെ വിവരണാത്മകമായി പുറത്ത് വരുന്നിടത്തു നിന്നാണ് സിനിമ പുരോഗമിക്കുന്നത്. സ്‌കൂള്‍ കാലം മുതല്‍ തടിയാ ഇര്ട്ട പേര് വീണ ലൂക്കിന് കാലാന്തരത്തില്‍ ആ പേര് യഥാര്‍ത്ഥ നാമത്തിനെ മുക്കി കളയുന്നിടം വരെ എത്തിക്കുന്നു. അവന് അതില്‍ യാതൊരു പരിഭവവുമില്ല.
നിഷ്‌കളങ്കനാണ് അവന്‍. ക്രിസ്ത്മസ് പപ്പയായും ഉപകാരിയായും വക്കീല്‍ പഠനം പാതിയില്‍ നിര്‍ത്തിയും മറ്റും കാലം കഴിക്കുന്ന ലൂക്കിനേ തേടി ബാല്യകാലസഖി തടിച്ചിയായിരുന്ന ആന്‍ മേരി താടിക്കാരന്‍ (ആന്‍ അഗസ്റ്റിന്‍ )എത്തുന്നു. അതോടെ അവന്റെ മനസ്സില്‍ കരിഞ്ഞ പ്രണയം വീണ്ടും തളിരിടുന്നു. ഇപ്പോള്‍ നന്നായി മെലിഞ്ഞ അവള്‍ ലൂക്കിന്റെ തടി കുറയ്ക്കുവാനായ് പ്രേരിപ്പിക്കുന്നു. ആരു പറഞ്ഞിട്ടും കേള്‍ക്കാത്ത തടിയന്‍ സണ്ണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഫ്ലാറ്റായി. വണ്ണം കുറയ്ക്കുവാനായ് ലൂക്ക് ആനിന്റെ സമ്മര്‍ദ്ദത്താല്‍ എത്തപ്പെടുന്നത് രാഹുല്‍ വൈദ്യരുടെ ( നിവിന്‍ പോളി ) മുമ്പാകെയാണ്. സഹതടിയിന്‍മാരായി കുറേ പേര്‍ അവിടെ ഉണ്ട്. എല്ലാവരും ആരുടെയെങ്കിലുംഒക്കെ പ്രേരണയില്‍ അവിടെ എത്തിപ്പെട്ടവരാണ്. അവിടെ മുതലാണ് ലൂക്ക് ജീവിതം അറിയാന്‍ തുടങ്ങുന്നത്. അതവനെ പുതിയ മനുഷ്യനാക്കുന്നു. കൊണ്ടും കൊടുത്തും തടിയന്‍ മുന്നേറാന്‍ തുടങ്ങുകയാണ്. സൗന്ദര്യവര്‍ധകഉല്പന്നങ്ങള്‍ മുതല്‍ ലൈംഗിക ഉത്തേജക മരുന്നുകള്‍ വരെ ആയുര്‍വേദത്തിന്റെ ലേബലില്‍ വില്ക്കപ്പെടുന്ന സത്യം ഓര്‍മ്മപ്പെടുത്തുവാന്‍ സിനിമയില്‍ ശ്രമിക്കുന്നു.
സാള്‍ട്ട് ആന്‍ഡ് പെപ്പറും 22 ഫീമെയില്‍ കോട്ടയവും ആഷിക് അബുവിന്റെ ധീരതയായിരുന്നു.ആ ജനുസ്സില്‍ തന്നെയാണ് തടിയന്റെയും സ്ഥാനം. പുതുമുഖങ്ങളായ ശേഖറിന്റെയും ശ്രീനാഥിന്റെയും കയ്യില്‍ പ്രധാന റോളുകള്‍ നല്കി സപ്പോര്‍ട്ടിംഗ് കഥാപാത്രങ്ങളുടെ പരിചയസമ്പത്ത് വിദഗ്ധമായി ഉപയോഗിക്കാന്‍ ആഷികിന് കഴിഞ്ഞു. ശേഖറിന് അഭിമാനിക്കാം. ശ്രീനാഥിനും.'ഞാനിങ്ങനെയാണ് ഭായ്., അതിനെന്താണ് ഭായ്്്..' അയഞ്ഞ ശബ്്്ദത്തില്‍ സണ്ണി കത്തികയറുന്നുണ്ട്്്. നായകനെ പ്രതിനായകനാക്കി ഫീമെയില്‍ കോട്ടയമൊരുക്കിയെങ്കില്‍ മറ്റൊരു നായകനെയും ആ സ്ഥാനത്ത് ഇവിടെ ഉപയോഗിക്കുകയാണ്. എല്ലാം ശുഭമാവുന്നു എന്ന പറഞ്ഞു പഴകിയ സാമ്പ്രദായിക രീതിയ്ക്ക് വീണ്ടും ഇവിടെ തിരുത്തല്‍ വരുത്തുകയാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.