Pages

Thursday, January 17, 2013

അന്നയും റസൂലും
തിയേറ്ററിനുള്ളില്‍ വെളിച്ചം പരന്നതിനു ശേഷം ഒരു നിമിഷം പോലും പ്രേക്ഷക മനസ്സില്‍ വെളിച്ചം പരത്താന്‍ കെല്‍പ്പുള്ള കഥയും കഥാപാത്രങ്ങളും ജീവിത മുഹൂര്‍ത്തങ്ങളും അത്യപൂര്‍വ കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ അന്നയും റസൂലും ഓര്‍മ്മിക്കപ്പെടുക 'തട്ടം മറച്ച' വെറും കെട്ട്കാഴ്ച അല്ലാതെ പടം വിട്ടതിനു ശേഷവും ഓരോ കാഴ്ച്ചക്കാരന്റെയും മനസിന്റെ സ്‌ക്രീനില്‍ സിനിമയെ തുടര്‍ന്നും അനുഭവിപ്പിക്കാനായി എന്ന നിലയില്‍ ആവും.

പറഞ്ഞു വരുമ്പോള്‍ കഥയൊക്കെ പഴയ ഷേക്‌സ്പീരിയന്‍ റോമിയോ ജൂലിയറ്റ് ഒക്കെ തന്നെ, ഇവിടെ പ്രണയത്തില്‍ വീഴുന്നത് ടാക്‌സി െ്രെഡവര്‍ ആയ റസൂലും (ഫഹദ് ഫാസില്‍) സെയ്ല്‍സ് ഗേള്‍ ആയ അന്നയും (ആന്‍ഡ്രിയ ജെര്‍മിയ) ആണ്. എന്നാല്‍ ഇതൊരു പ്രണയ ചിത്രം മാത്രമല്ല, അന്നയുടെയും റസൂലിന്റെയും ജീവിതത്തോടൊപ്പം പറഞ്ഞു പോവുന്ന വേറെയും കഥകളുണ്ടിതില്‍. വിശദാംശങ്ങളിലേക്ക് (detailing) ആഴ്ന്നിറങ്ങുന്നു എന്നുള്ളതാണ് ഈ സിനിമയുടെ വലിയ ഒരു സവിശേഷത. ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ പോലും (പുതുമുഖങ്ങളായ പലരുടെയും പേര് പോലും അറിയില്ലെങ്കിലും) സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ നമ്മുടെ കൂടെ വരുന്നുണ്ട്. കൊച്ചി backdrop ആയി വരുന്ന 'സ്ലോ മോഷന്‍' സിനിമകളിലെ പോലെ അല്ല മട്ടാഞ്ചേരി ഇതില്‍, ആ landscape എങ്ങനെയാണ് അവിടെ വസിക്കുന്നവരുടെ mindscapeനെ, അവരെ മറ്റുള്ളവര്‍ കാണുന്നതിനെ സ്വാധീനിക്കുന്നത് എന്ന് കൂടി പറഞ്ഞു വയ്ക്കുന്നുണ്ട്. 

ഹൈദറിന്റെ (ആഷിക് അബു) പ്രശ്‌നം അയാള്‍ മട്ടാഞ്ചേരി നിവാസിയാണ് എന്നുള്ളതാണ്, വ്യക്തമായ ഒരു രാഷ്ട്രീയവും ഇല്ലെങ്കിലും, ഒരു ചേരിയിലും ഭാഗമല്ലെങ്കിലും, ഒരു പ്രത്യേക മത വിഭാഗത്തില്‍ പെടുന്നത് കൊണ്ട്, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അയാളുടെ എറ്റവും വലിയ സ്വപ്നം നിഷേധിക്കപ്പെടുകയാണ്, ജങ്കാറില്‍ ആളുകളെ അക്കരെ എത്തിക്കുന്ന ഹൈദറിനു ഒരിക്കലും അക്കരെ പറ്റാനാവുന്നില്ല. പ്രണയിച്ചു കൂടെ പോന്ന പെണ്ണും കുടുംബവും ഉണ്ടായിട്ടും അബുവിന്റെ (ഷൈന്‍ ടോം) ജീവിതം ''ആവശ്യത്തിനും അനാവശ്യത്തിനും ഒരു ശരാശരി മട്ടാഞ്ചേരിക്കാരന്‍ കാണിക്കുന്ന സാഹസികത' ആണ്. 

പ്രണയത്തിന്റെ ഓര്‍മകളുമായി ലീവില്‍ വരുന്ന ആഷ്‌ലിയുടെ (സണ്ണി വെയ്ന്‍) ഓര്‍മകളിലൂടെയാണ് റസൂലിന്റെ കഥ പറയപ്പെടുന്നത്. അദൃശ്യമായ ക്യാമറയ്ക്ക് മുന്നില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങള്‍. നാടകീയത തീരെയില്ലാത്ത സംഭാഷണങ്ങള്‍, (കൊച്ചി നാട്ടു ഭാഷ മാധുര്യത്തില്‍), തല്‍സമയ ശബ്ദ ലേഖനത്തിലൂടെ പുനരാവിഷക്കരിക്കപ്പെടുമ്പോള്‍ അത് സിനിമയുടെ മൊത്തം സ്വഭാവികതയെ കൂടുതല്‍ മികവുറ്റതാക്കുന്നുണ്ട്. 

കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ കാസ്‌റിംഗ് ആണ് മറ്റൊരു പ്രത്യേകത. ഒന്നിച്ചുള്ള ഒരു ബസ് യാത്രയില്‍ കാറ്റില്‍ പറക്കുന്ന അന്നയുടെ മുടിയിഴകള്‍ തൊടുന്ന റസൂലിന്റെ വിരല്‍ തുമ്പില്‍ പോലും പ്രണയം വിരിയിക്കാന്‍ ഫഹദിനു കഴിഞ്ഞിട്ടുണ്ട് . തികച്ചും യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് വരുന്ന അന്നയുടെ ശരീര ഭാഷയിലുണ്ട് അവളുടെ അരക്ഷിതത്വം. റസൂലിന്റെ അടുത്ത് പോലും അവള്‍ക്കു വാക്കുകള്‍ ഇല്ല. ആന്‍ഡ്രിയയുടെ കൈയില്‍ അന്ന ഭദ്രം, അത് പോലെ തന്നെയാണ് മറ്റു കഥാപാത്രങ്ങള്‍ എല്ലാം. ആഷിക് അബു പ്രതീക്ഷ നല്‍കുന്ന സംവിധായകന്‍ മാത്രമല്ല നല്ല ഒരു നടനും കൂടിയാണ് എന്ന് ഹൈദര്‍ തെളിയിക്കുന്നുണ്ട് ഇതില്‍. 

പ്രണയത്തെ സാന്ദ്രമാക്കുന്ന സംഗീതം പോലെ തന്നെയോ അതിലധികമോ പ്രാധാന്യവും തീവ്രതയും ഉണ്ട് ചിത്രത്തില്‍ സന്നിവേശിപ്പിചിരിക്കുന്ന മൗനത്തിന്റെ നിമിഷങ്ങള്‍ക്ക്. ബാബുരാജിന്റെ പഴയൊരീണം (കണ്ടു രണ്ടു കണ്ണ് ചുഴി 1973) ഗിറ്റാറിന്‍ തന്ത്രിയില്‍ കോര്‍ത്ത് പാടുമ്പോള്‍ പുതിയൊരു ഭാവുകത്വം കൈവരുന്നു. തുടക്കത്തിലേ പാട്ട് മുതല്‍ക്കു തന്നെ കൊച്ചി ഒരു കഥാപാത്രമായി നിറയുന്നുണ്ട് ഈ സിനിമയില്‍.. സമ്മിലൂനി (രചന റഫീക്ക് തിരുവള്ളൂര്‍) യില്‍ പ്രണയത്തിന്റെ തീവ്രതയും വേദനയും ഷഹബാസ് അമന്റെ ശബ്ദത്തില്‍ പെയ്തിറങ്ങുന്നു. അന്നയും റസൂലും വ്യതസ്തമാക്കുന്നതില്‍ കെ എന്ന മ്യൂസിക് കമ്പോസറുടെ പങ്കു വളരെ വലുതാണ്. മലയാളി അല്ലാത്ത ഈര ഇരുപത്താറുകാരന്‍ 'യുദ്ധം സെയ്', 'മുഖംമൂടി' എന്നെ മിഷ്‌കിന്‍ ചിത്രങ്ങളിലൂടെ സിനിമാലോകത്ത് തന്റെ സാന്നിധ്യം അറിയിച്ച ശേഷം മലയാളത്തില്‍ ഇത് ആദ്യമായാണ്.

സിനിമ ആത്യന്തികമായി സംവിധായകന്റെ കലയാണെന്ന് നല്ലൊരു ഛായഗ്രാഹകന്‍ കൂടിയായ രാജിവ് രവി (ചാന്ദ്‌നി ബാര്‍, ദേവ് ഡി , ഗാങ്ങ്‌സ് ഓഫ് വാസ്സെപുര്‍, ക്ലാസ്‌മേറ്റ്‌സ് ) ഈ സിനിമയിലൂടെ അടിവരയിടുന്നുണ്ട് . ഡിജിറ്റല്‍ ക്യാമറയുടെ സാദ്ധ്യതകള്‍ വളരെ സമര്‍ത്ഥമായി ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവിക വെളിച്ചത്തില്‍/ കൃത്രിമ പ്രകാശ വിന്യാസങ്ങള്‍ ഇല്ലാതെ പറഞ്ഞു വയ്ക്കുന്ന ഈ കഥ അത് കൊണ്ട് തന്നെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു. മധു നീലകണ്ഠന്റെ ക്യാമറ ദൃശ്യശബ്ദ സാധ്യതകളെ അത്രമേല്‍ സ്വാഭാവികമായി പകര്‍ത്തിയിരിക്കുന്നു.
'ബാച്ചിലര്‍ പാര്‍ട്ടി'യുടെ പഴി സന്തോഷ് എച്ചിക്കാനം ഇതില്‍ തിരുത്തിയിട്ടുണ്ട്. sync sound ന്റെ പോരായ്മ ചിത്രത്തിന്റെ തുടക്കത്തില്‍ ഇത്തിരി കല്ലുകടി സൃഷ്ടിക്കുമെങ്കിലും സിനിമയുടെ പതിഞ്ഞ താളത്തോട് ചേര്‍ന്ന് കഴിയുമ്പോള്‍ ഈ പ്രണയ ചിത്രം അത്രമേല്‍ മനോഹരമാവുന്നുണ്ട് . (ആ പതിഞ്ഞ താളത്തോട് സംവദിക്കാന്‍ കഴിയാത്തവരാണ് സിനിമ ഇഴയുന്നു എന്ന് പറയുന്നതും കൂവി വിളിക്കുന്നതും, ആണും പെണ്ണും ചേര്‍ന്ന് നില്‍ക്കുന്ന രംഗങ്ങളില്‍ അശ്ലീല കമന്റുകള്‍ പറയുകയും ചെയ്യുന്നത്.)

വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ പ്രണയ കഥ പറഞ്ഞ കഴിഞ്ഞ കൊല്ലത്തെ ഹിറ്റ് സിനിമയില്‍ നിന്നും ഈ പ്രണയ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇത് കാല്‍പനികവല്ക്കരിക്കാത്ത, യാഥാര്‍ത്ഥ്യത്തില്‍ വേരോടിയ സിനിമയാണ് എന്നതാണ്. ഫ്രെയിമിന്റെ ഭംഗി കൂട്ടാനായി ചെഗുവേരയും ചെങ്കൊടിയും ഒന്നും ഇതില്‍ കടന്നു വരുന്നില്ല. അവിടെ മട്ടാഞ്ചേരിയുടെ രാഷ്ട്രീയം ഉണ്ട്, അതിലൂടെ കടന്നു പോകുന്ന സാധാരണക്കാരായ ആളുകളുടെ വ്യഥയും സഹനവും ഉണ്ട്. ജാതി മത വിചാരങ്ങള്‍ പിടി മുറുക്കുന്ന ഒരു സമൂഹത്തില്‍ അതിനോട് സമരസപ്പെടാന്‍ തയ്യാറല്ലാത്ത, അതിനെതിരെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ തയ്യാറാവുന്ന രണ്ടുപേരുണ്ട്, പല തലങ്ങളില്‍ വിന്യസിക്കപ്പെട്ടതാണ് അന്നയും റസൂലും എന്ന സിനിമ. 

പ്രണയത്തില്‍ 'വീണു' പോകുന്ന തീര്‍ത്തും സാധാരണക്കാരായ ഒരു ആണിന്റെയും പെണ്ണിന്റെയും അസാധാരണമായി ഒന്നുമില്ലാത്ത കഥ. ക്ലാസിക്കല്‍ പ്രണയ നാടകങ്ങളെ പോലെ ട്രാജഡിയിലേക്ക് പരിണമിക്കുന്ന കഥാഗതി ആണെങ്കിലും കഥ പറയുന്ന കാലത്തെ സത്യസന്ധമായും വിപ്ലവത്മകമായും പ്രതിനിധാനും ചെയ്യുന്നു അന്നയും റസൂലും. കുടുംബം, ജാതി സമുദായം തുടങ്ങിയ മാമൂലുകളെ പ്രീണിപ്പിച്ചും, അവ നിഷ്‌കര്‍ഷിക്കുന്ന സമ്പ്രദായങ്ങളെ മഹത്വവല്കരിച്ചും അതിനെ സൂചിപ്പിക്കുന്ന അടയാളങ്ങളെ ആഘോഷിച്ചും നല്ല പിള്ള ചമഞ്ഞു 'സ്വീകാര്യം' ആകാനുള്ള ശ്രമം ഒന്നുമില്ല എന്നതിലാണ് ഈ സിനിമയുടെ മികവും സത്യസന്ധതയും . വെറും കച്ചവട കണ്ണിനും അപ്പുറം തന്റെ മാധ്യമം കൊണ്ട്, കാലത്തെയും സമൂഹത്തെയും മറയില്ലാതെ നോക്കിക്കാണുന്ന ഉള്‍ക്കാഴ്ചയുള്ള ഒരു സംവിധായകന്റെ സാന്നിധ്യം ഉണ്ട് ഈ സിനിമയില്‍ .

No comments:

Post a Comment

Note: Only a member of this blog may post a comment.