Pages

Tuesday, September 18, 2012

'ട്രിവാന്‍ഡ്രം ലോഡ്ജ്




ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ട്രിവാന്‍ഡ്രം ലോഡ്ജ്' സപ്തംബര്‍ 20-ന് തിയേറ്ററിലെത്തുന്നു. ജയസൂര്യ, അനൂപ് മേനോന്‍, അരുണ്‍, സൈജുകുറുപ്പ്, കൊച്ചുപ്രേമന്‍, ജനാര്‍ദനന്‍, പി. ബാലചന്ദ്രന്‍, ജോജോ, നവീന്‍, മാസ്റ്റര്‍ ധനഞ്ജയന്‍, ധ്വനി, സുകുമാരി, തെസ്‌നിഖാന്‍, ബേബി നയന്‍താര തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. 

ഒപ്പം ഭാവന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരക്കഥ: അനൂപ്‌മേനോന്‍, ഛായാഗ്രഹണം: പ്രദീപ് നായര്‍, സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: അനൂപ് മേനോന്‍, നിര്‍മാണം: പി.എ. സെബാസ്റ്റ്യന്‍, വാര്‍ത്താപ്രചാരണം: എ.എസ്. ദിനേശ്.

സാമ്രാജ്യം-2, സണ്‍ ഓഫ് അലക്‌സാണ്ടര്‍



കൊച്ചി: മമ്മൂട്ടി നായകനായി തിളങ്ങിയ ഹിറ്റ് ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. തിരുപ്പാച്ചി, ശിവകാശി, തിരുപ്പതി തുടങ്ങി ആക്ഷന്‍ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ലോകത്ത് മേല്‍വിലാസമുണ്ടാക്കിയ പേരരശാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുക. 'സാമ്രാജ്യം2, സണ്‍ ഓഫ് അലക്‌സാണ്ടര്‍' എന്നാണ് ചിത്രത്തിന് പേര്. എന്നാല്‍ ഇതുവരെയും നായകനായി എത്തുക ആരെന്ന സസ്‌പെന്‍സ് തുടരുകയാണ്. ദുല്‍കര്‍ സല്‍മാന്‍, പൃഥ്വിരാജ്, അല്ലു അര്‍ജ്ജുന്‍, ആര്യ തുടങ്ങിയവരുടെ ഒക്കെ പേരുകള്‍ പ്രചരിച്ചു. ഏതായാലും ഒക്‌ടോബര്‍ അഞ്ചിന് ദുബായില്‍ നടക്കുന്ന ചടങ്ങിലാകും നായകനും നായികയും ആരൊക്കെയെന്ന ചോദ്യത്തിന് ഉത്തരമാകുക. 

ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവായ അജ്മല്‍ ഹസ്സനും, വ്യവസായിയായ ബൈജു ആദിത്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാമ്രാജ്യം രണ്ട് വമ്പന്‍ ബജറ്റിലാകും ഒരുക്കുക. ആദ്യ ചിത്രത്തില്‍ ഉണ്ടായിരുന്ന മധു ഈ ചിത്രത്തിലും ഉണ്ടാകും. പ്രകാശ് രാജ്, അര്‍ജുന്‍, മനോജ്.കെ.ജയന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

22 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അധോലോകത്തിന്റെ കഥയുമായി സാമ്രാജ്യം പ്രദര്‍ശനത്തിനെത്തിയത്. ജോമോനായിരുന്നു സംവിധായകന്‍. ഒന്നാം ഭാഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകന്റെ വരവാണ് രണ്ടാം ഭാഗത്തിലെ ഹൈലൈറ്റ്. 

വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് ആര്‍.എ ഷഫീറാണ് സംഗീതം ഒരുക്കുക. ഇളയരാജ വ്യത്യസ്ഥമായ രീതിയില്‍ സംഗീത സംവിധാനം ചെയ്ത ചിത്രമായിരുന്നു സാമ്രാജ്യം. പുതിയ ചിത്രത്തില്‍ അദ്ദേഹം പാശ്ചാത്തല സംഗീതം നിര്‍വഹിക്കും.ഛായാഗ്രഹണം ശേഖര്‍ വി ജോസഫ്. ക്രിസ്മസിന് റിലീസായി സാമ്രാജ്യം2, സണ്‍ ഓഫ് അലക്‌സാണ്ടര്‍ തിയ്യേറ്ററുകളിലെത്തിക്കുവാനാണ് തീരുമാനം.

ശ്യാമപ്രസാദിന്റെ 'ഇംഗ്ലീഷില്‍' നദിയമൊയ്തുവും




മലയാള സിനിമയുടെ ഭാഗമാകാന്‍ നദിയമൊയ്തു വീണ്ടുമെത്തുന്നു. വിദേശ മലയാളികളുടെ ജീവിതക്കാഴ്ചകളിലൂടെ ശ്യാമപ്രസാദ് കഥപറയുന്ന ഇംഗ്ലീഷ് എന്ന ചിത്രത്തിലാണ് നദിയമൊയ്തു ഒരു പ്രധാന കഥാപാത്രമാകുന്നത്. മലയാളത്തിലേക്കുള്ള മടങ്ങിവരവില്‍ ഡബിള്‍സ്, സെവന്‍സ് എന്നീ ചിത്രങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം അവര്‍ സാന്നിധ്യം അറിയിച്ചിരുന്നു.

നവരംഗ് ക്രിയേഷന്‍സിനു വേണ്ടി ബിനുദേവ് നിര്‍മ്മിക്കുന്ന ഇംഗ്ലീഷിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'അക്കരക്കാഴ്ച' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ മലയാളി അജയന്‍ വേണുഗോപാലാണ്. പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിക്കപ്പെടുന്ന ഇംഗ്ലീഷിന്റെ ഷൂട്ടിംഗ് ഒക്‌ടോബറില്‍ തുടങ്ങും. നാടിനെക്കുറിച്ചുള്ള അവരുടെ ഗൃഹാതുരത്വവും പ്രവാസി ജീവിതത്തിലെ അരക്ഷിതാവസ്ഥയും പ്രണയവും വിരഹവും മാതൃത്വവും വ്യക്തിബന്ധങ്ങളും തുടങ്ങി ജീവിതത്തിന്റെ വിവിധതലങ്ങള്‍ ഒരു കലൈഡ്‌സ്‌കോപ്പിലെന്നപോലെ 'ഇംഗ്ലീഷില്‍' വിഷയമാവുന്നു. 

ജയസൂര്യ, നിവിന്‍പോളി, മുകേഷ്, നദിയാമൊയ്തു, രമ്യാ നമ്പീശന്‍, സോനാനായര്‍, മുരളീമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ലണ്ടനില്‍ താമസമാക്കിയ മലയാളികളുടെ ജീവിതകഥയാണ് സിനിമ പറയുന്നത്. അക്കരക്കാഴ്ചയിലിത് അമേരിക്കന്‍ മലയാളിയുടേതായിരുന്നു. പ്രവാസി മലയാളിക്ക് നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വവും, പ്രവാസി ജീവിതത്തിലെ അരക്ഷിതാവസ്ഥയും പ്രണയവും വിരഹവും വ്യക്തിബന്ധങ്ങളും ഇംഗ്ലീഷിന്റെ വിഷയമാണ്. പ്രധാന നാലുകഥാപാത്രങ്ങളാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു നയിക്കുന്നത്. ഷിബുചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് റെക്‌സ് വിജയന്‍ ഈണമിടുന്നു. ക്യാമറ ഉദയന്‍ അമ്പാടി, എഡിറ്റര്‍ വിനോദ് സുകുമാരന്‍.

സെപ്തംബര്‍ 17 ന് തിരുവനന്തപുരത്ത് ചിത്രത്തിന്റെ പൂജ നടക്കും

Friday, September 14, 2012

റണ്‍ ബേബി റണ്‍




കാലത്തിനൊത്ത പ്രമേയം തിരഞ്ഞെടുക്കുന്നതും ഡയലോഗുകളിലൂടെ മാത്രമല്ലാതെ ദൃശ്യങ്ങളിലൂടെയും കഥ പറയാം എന്ന ചിന്താഗതിയുമാണ് എന്തൊക്കെ പേരിട്ട് വിളിച്ചാലും മലയാള സിനിമയിലെ നവവസന്തത്തിന്റെ മുഖമുദ്ര. ഒരുപറ്റം യുവസംവിധായകരാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെങ്കില്‍ എപ്പോഴും അപ്‌ഡേറ്റഡായി കാലത്തിനൊപ്പം സഞ്ചരിക്കുന്നതില്‍ മിടുക്ക് കാട്ടാറുള്ള ഡയറക്ടറാണ് ജോഷി.

ഓണക്കാലത്ത് ജോഷി ഒരുക്കിയ 'റണ്‍ ബേബി റണ്‍' ന്യൂജനറേഷന്റേയും ഓള്‍ഡ് ജനറേഷന്റേയും ഇഷ്ടം ഒരുപോലെ സമ്പാദിക്കുന്നു. ഒരു പെര്‍ഫക്ട് ചിത്രത്തില്‍ നിന്ന് അകലെയാണെങ്കിലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ റണ്‍ ബേബി റണ്‍ കണ്ട ജനം നിരാശരാകില്ല. കഥ ഒറ്റവരിയില്‍ ചേര്‍ക്കാനുള്ളതേയുള്ളൂ. എന്നാല്‍ സിനിമയുടെ ചടുലമായ ആഖ്യാനമാണ് ഈ ത്രില്ലര്‍ സിനിമയെ വേറിട്ടുനിര്‍ത്തുന്നത്. 

ടെലിവിഷന്‍ ജേര്‍ണലിസത്തിന്റെ അന്തരീക്ഷമാണ് റണ്‍ ബേബി റണ്ണിന്റെ കഥാപരിസരം. ടി.വി ജേര്‍ണലിസ്റ്റുകള്‍ മുമ്പം കഥാപാത്രമായി മലയാളിക്ക് മുമ്പിലെത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമായി അവരുടെ ജോലിയില്‍ കേന്ദ്രീകരിച്ചാണ് റണ്‍ ബേബി റണ്‍ നീങ്ങുന്നത്. വാര്‍ത്ത എങ്ങനെ കണ്ടെത്തുന്നു. അതിന്റെ ഉറവിടമെന്തൊക്കെയാകാം, ഉറവിടം വിശ്വസിക്കാവുന്നതാണോ, അതില്‍ അപകടസാധ്യത എങ്ങനെയൊക്കെ, ചതിയും വഞ്ചനയ്ക്കുമുള്ള സ്ഥാനം എല്ലാം സിനിമ അക്കമിട്ട് നിരത്തുന്നു. മുമ്പ് പാസഞ്ചര്‍ എന്ന ചിത്രത്തില്‍ രഞ്ജിത് ശങ്കര്‍ ഒരു പത്രപ്രവര്‍ത്തകയുടെ ജോലിയും വെല്ലുവിളികളും ഭീഷണികളും കുറച്ചൊക്കെ വിശദീകരിച്ചിരുന്നു. 

കെട്ടുറപ്പുള്ള തിരക്കഥയാണ് റണ്‍ ബേബി റണ്ണിന്റെ ബലം. ദൃശ്യമാധ്യമലോകത്തെക്കുറിച്ച് തിരക്കഥാകൃത്തായ സച്ചി നല്ല ഗൃഹപാഠം ചെയ്തുവെന്ന് സിനിമ വിളിച്ചുപറയുന്നു. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ മാധ്യമലോകത്തിന്റെ പിന്നാമ്പുറ കഥകളും സാങ്കേതിക ഉപകരണങ്ങളുടെ വിന്യാസവും അവയുടെ ഉപയോഗവും ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ കൗതുകവും ജനിപ്പിക്കും. ടി.വി സ്‌ക്രീനില്‍ തെളിയുന്ന ബ്രേക്കിങ്‌ന്യൂസിനും എക്‌സ്‌ക്ലൂസീവിനും പിന്നിലെ അധ്വാനവും തന്ത്രവും ആസൂത്രണവും സൃഷ്ടിക്കുന്ന വാര്‍ത്തകളും ഒക്കെ ഇതില്‍ കാണാം.

റോയിട്ടേഴ്‌സിന്റെ സ്ട്രിങ്ങര്‍ പാനലിലുള്ള കാമറാമാനാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വേണു എന്ന കഥാപാത്രം. വ്യക്തിജീവിതത്തിലുണ്ടായ ഒരു സംഭവത്തോടെ കേരളം വിട്ട് ഡല്‍ഹിയിലും മുംബൈയിലുമായി ജോലിചെയ്യുന്ന വേണു പഴയൊരു കേസില്‍ മൊഴികൊടുക്കാനായി കേരളത്തിലെത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടറാണ് അമല പോള്‍ അവതരിപ്പിക്കുന്ന രേണുക. ചാനല്‍ പോരില്‍ എക്‌സ്‌ക്ലൂസീവിനായുള്ള ഒരു റിപ്പോര്‍ട്ടറുടെയും കാമറാമാന്റെയും ഓട്ടം പിന്നീടങ്ങോട്ട് നിര്‍ത്താതെയുള്ള ഓട്ടത്തിന് കാരണമാകുന്നതെങ്ങനെയാണ് ചിത്രം കാട്ടിത്തരുന്നു. മലയാള വാര്‍ത്താ ചാനല്‍ പോരില്‍ പകച്ചുനില്‍ക്കുന്ന മലയാളിക്ക് എന്താണ് ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ ലോകമെന്നും അവിടെ നടക്കുന്നതെന്തൊക്കെയാണെന്നും കൃത്യമായ വിവരം പകരുകയും ഒപ്പം വിമര്‍ശന രൂപമവുമാകുന്നു സിനിമ. 

പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്താന്‍ പോന്ന ചേരുവകളെല്ലാം സിനിമയില്‍ അടങ്ങിയിരിക്കുന്നു. വലിയ അഭിനയസാധ്യതയോ വെല്ലുവിളിയോ നിറഞ്ഞ വേഷമോ അല്ല മോഹന്‍ലാലിന്റെ വേണു. എന്നാല്‍ കഥാപാത്രമായി ഒതുങ്ങി പക്വതയുള്ള അഭിനയം അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നു. അനായാസ അഭിനയശൈലി ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ആനന്ദം പകരും. ലാലിനൊപ്പം തന്നെ മുഴുനീള വേഷമാണ് അമല പോളിന്റെ രേണുകയ്ക്കും. ബിജുമേനോന്റെ ഹൃഷിശേഖറും ലാലിന്റ വേണുവും ചേര്‍ന്നുള്ള മുഹൂര്‍ത്തങ്ങളാണ് സിനിമയുടെ നര്‍മ്മരംഗങ്ങള്‍. ബിജുമേനോന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചപ്പെട്ടുവരുന്നു. സിനിമ നായക കേന്ദ്രീകൃതമാകുന്നില്ല. ഇവിടെ നായകന്റെ വിജയവും പരാജയവും നിങ്ങള്‍ക്ക് കാണാം.

സായ്കുമാറിന്റെ രാഷ്ട്രീയക്കാരനും സിദ്ദിഖിന്റെ ബിസിനസ്സ് പ്രമുഖനും വേഷഭൂഷാദികളിലും ഭാവപ്രകടനങ്ങളിലും ഒന്നും പുതുമ നല്‍കാതെ കടന്നുപോകുന്നു. ഏറെക്കാലത്തിന് ശേഷം ഷമ്മിതിലകനും ചിത്രം ശ്രദ്ധിക്കപ്പെടുന്ന വേഷം നല്‍കി. ആര്‍.ഡി രാജശേഖറാണ് കൈയടി നേടുന്ന മറ്റൊരാള്‍. അത്ര സുന്ദരദൃശ്യങ്ങളാണ് ഈ ഛായാഗ്രാഹകന്റെ സംഭാവന. പ്രത്യേകിച്ചും ആറ്റുമണല്‍ പായയില്‍...എന്ന് തുടങ്ങുന്ന ഗാനരംഗം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ് വേഗ ഈണമിട്ട ഈ ഗാനം ഇതിനോടകം തന്നെ മലയാളികളുടെ ചുണ്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു.

പ്രണയും തെറ്റിദ്ധാരണയും, ക്ലൈമാക്‌സിന് മുമ്പ് മാത്രം സത്യാവസ്ഥ തിരിച്ചറിയുന്നതും അങ്ങനെ ചില ക്ലീഷേകള്‍ റണ്‍ ബേബി റണ്ണും ആവര്‍ത്തിക്കുന്നു. ഗ്രാന്‍ഡ്മാസ്റ്റിലെ അന്തരീക്ഷത്തോട് സാമ്യമുണ്ട് നായികയും നായികനുമായുള്ള ബന്ധത്തിനും തെറ്റിദ്ധാരണയ്ക്കുമൊക്കെ.
സച്ചിയുടെ സ്‌ക്രിപ്റ്റില്‍ യുക്തിരാഹിത്യങ്ങളും പിഴവുകളും അങ്ങിങ്ങ് കടന്നുകൂടിയിട്ടുണ്ടെങ്കിലും അതിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധപതിയാനുള്ള സമയം നല്‍കാതെ തിടുക്കത്തില്‍ കഥപറഞ്ഞുപോകാന്‍ ജോഷിക്ക് കഴിയുന്നു. നായകനും നായികയുമായുള്ള പ്രണയം ഒഴിവാക്കിയാലും സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലായിരുന്നു. ഈ കുറവുകളൊക്കെയുണ്ടെങ്കിലും കെട്ടുറപ്പുള്ള തിരക്കഥ ലഭിച്ചാല്‍ തന്റെ ക്രാഫ്റ്റുകൊണ്ട് എങ്ങനെയൊരു ദൃശ്യാനുഭവമാക്കാമെന്ന് ജോഷി റണ്‍ ബേബി റണ്ണിലൂടെ വ്യക്തമാക്കുന്നു. സച്ചിയും സേതുവും സ്വതന്ത്രരായപ്പോള്‍ മല്ലുസിങ്ങുമായെത്തിയ സേതുവിനെ അപേക്ഷിച്ച് ആദ്യ സ്വതന്ത്ര സംരംഭത്തില്‍ സച്ചി മികച്ചൊരു തിരക്കഥയൊരുക്കി പ്രശംസ അര്‍ഹിക്കുന്നു

2005 ല്‍ മോഹന്‍ലാലിനെ നായകനാക്കി തന്നെയെടുത്ത നരന്‍ എന്ന ചിത്രത്തിന് ശേഷം ജോഷിയില്‍ നിന്നും ഇത്ര മികച്ചൊരു ചിത്രമുണ്ടായിട്ടില്ല. ഏതായാലും ഓണക്കാലത്തെ ബംബര്‍ തന്നെയാണ് റണ്‍ ബേബി റണ്‍.

എം.കെ 



മുഖാമുഖം (ഫേസ് ടു ഫേസ്)


മുഖാമുഖം കാണുമ്പോള്‍...

ഒരു കൊലപാതകത്തിന്റെ അന്വേഷണവഴിയില്‍ യാദൃച്ഛികമായി ഒരാള്‍ എത്തുമ്പോള്‍ എന്തൊക്കെ അഭിമുഖീകരിക്കേണ്ടി വരും? അതും പോലീസ് സര്‍വ്വീസിലുണ്ടിരുന്ന ഒരാളായാല്‍. മമ്മൂട്ടിയെ നായകനാക്കി വി.എം.വിനു. ഒരുക്കന്ന 'ഫേസ് ടു ഫേസ്' അത്തരമൊരു അന്വേഷണകഥയാണ് പറയുന്നത്. 

ഈ ചിത്രത്തിലൂടെ കാലത്തിനൊപ്പം പുതിയ പാതയില്‍ സഞ്ചരിക്കുകയാണ് വി.എം.വിനു. ഇതു വരെ താന്‍ സംവിധാനം ചെയ്യാത്ത രീതിയിലുളള ഒരു മമ്മൂട്ടിച്ചിത്രം എന്ന് തീര്‍ത്തും അവകാശപ്പെടാവുന്ന ഒരു സിനിമയാണ് വിനുവിനെ സംബന്ധിച്ച് ഫേസ് ടു ഫേസ്. മമ്മൂട്ടി നായകനായ പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ്‌കണ്ടക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് യുവതിരക്കഥാകൃത്തായ മനോജാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കാ'ണ് ഇതിനു മുന്‍പ് മനോജ് തിരക്കഥയെഴുതിയത്. 

അജയന്‍ വിന്‍സന്റ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയെക്കൂടാതെ സിദ്ധിക്ക്, കലാഭവന്‍ മണി, വിജയരാഘവന്‍, മാമുക്കോയ, പ്രതാപ് പോത്തന്‍, വിനീത് കുമാര്‍ , നിഷാന്ത് സാഗര്‍, ഫിറോസ് ഖാന്‍, റോമ, വനിത തുടങ്ങിയവരും വേഷമിടുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

ഇന്നിന്റെ സത്യങ്ങള്‍-വിഎം.വിനു

'ഞാന്‍ ഇതു വരെ ചെയ്യാത്ത രീതിയിലുളള സിനിമ എന്ന് എനിക്ക് പറയാന്‍ കഴിയുന്ന സിനിമയാണിത്. ഞാന്‍ ചെയ്തു വന്ന സിനിമകളിലെ ഫാമിലി അന്തരീക്ഷത്തിനൊപ്പം ഈ കാലഘട്ടത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍, ഇപ്പോഴത്തെ തലമുറ എന്തു കൊണ്ട് ഇങ്ങനെയായിപ്പോകുന്നു എന്ന വേവലാതി, വേദന എന്നിവയെല്ലാം ഈ ചിത്രം പങ്കുവെക്കുന്നു. നമ്മള്‍ കുട്ടികളെ എങ്ങനെയെല്ലാം ശ്രദ്ധിച്ചാല്‍ അവര്‍ കുഴപ്പത്തില്‍പോയി ചാടാതിരിക്കും എന്ന് പറയാനുളള ശ്രമവും ഇതില്‍ നടത്തിയിരിക്കുന്നു. രക്ഷിതാക്കളുടെ ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ലാത്തതാണ് കുട്ടികള്‍ വഴിതെറ്റുന്നതിന് ഒരു പ്രധാന കാരണം. നമ്മളുടെ സ്‌നേഹവും പരിചരണവും നല്ല രീതിയില്‍ വന്നാല്‍ തന്നെ കുട്ടികള്‍ നേര്‍വഴിക്കു വരും. അനാവശ്യമായ കാര്യങ്ങളില്‍പെട്ട് കുഴപ്പക്കാരാവുകയില്ല. ഇത്തരം കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്ന ഒരു സബ്ജക്ടാണിത്.' വി.എം.വിനു വിശദീകരിച്ചു. 


താങ്കള്‍ ഇതു വരെ ചെയ്യാത്ത രീതിയിലുളള ഒരു സിനിമ ചെയ്യുമ്പോള്‍ ഷൂട്ടിങ്ങില്‍ എന്തെല്ലാം പ്രത്യേകതകളുണ്ട്?
 

ഞാന്‍ സ്ഥിരം ചെയ്യുന്ന സിനിമയുടെ രീതിയും സബ്ജക്ടുമല്ലാത്തതിനാല്‍ മേക്കിങ്ങില്‍ കുറേ മാറ്റങ്ങള്‍ ഉണ്ട്. എനിക്കൊപ്പം പ്രവര്‍ത്തിക്കാറുളള സ്ഥിരം സാങ്കേതിക പ്രവര്‍ത്തകരല്ല ഫേസ് ടു ഫേസില്‍ ഉള്ളത്. ന്യൂ ജനറേഷന്‍ സിനിമ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. സബ്ജക്ടിലെ പുതുമയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ രീതിയില്‍ ഫേസ് ടു ഫേസിന് തികച്ചും ഒരു പുതുമയുണ്ട്. 

മമ്മൂട്ടി എന്ന അഭിനേതാവിനൊപ്പം നാലാമത്തെ തവണ എത്തുമ്പോള്‍ അദ്ദേഹത്തിന് നല്കിയ കഥാപാത്രത്തിന് എന്തെല്ലാം പുതുമകള്‍ നല്കാനായിട്ടുണ്ട്? 

മമ്മൂക്കയുടെ പതിവു അന്വേഷണ സിനിമയില്‍ നിന്ന് ഏറെ അകലം പ്രാപിക്കാന്‍ സാധിക്കുന്നു. മമ്മൂക്ക വേഷമിടുന്ന ബാലചന്ദ്രന്‍ എന്ന കഥാപാത്രം പോലീസ് സര്‍വ്വീസില്‍ ഇപ്പോഴില്ലാത്ത ആളാണ്. പക്ഷേ , അദ്ദേഹത്തിന് ഒരു കൊലപാതകത്തിന്റെന്റെ അന്വേഷണ വഴിയില്‍ എത്തേണ്ടി വരുന്നു. അദ്ദേഹത്തിന്റെ അന്വേഷണ വഴികളെല്ലാം തികച്ചും പുതിയ രീതിയിലാണ്. അത് മമ്മൂക്ക ഇതു വരെ ചെയ്യാത്ത് കഥാപാത്രത്തിന്റെ രീതിയിലാണ്
പെണ്‍പട്ടണം കഴിഞ്ഞതിനു ശേഷം ചെയ്യുന്ന സിനിമയാണ് ഫേസ് ടു ഫേസ് . നല്ലൊരു കഥയ്ക്കുളള കാത്തിരിപ്പിലായിരുന്നോ? 
അതെ പെണ്‍പട്ടണത്തിനു ശേഷം നല്ലൊരു കഥ കിട്ടിയിട്ടില്ലെങ്കില്‍ സിനിമ ചെയ്യേണ്ടെന്ന് കരുതിയതായിരുന്നു. നമ്മള്‍ സിനിമ ചെയ്തിട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് ഒന്നും സംഭവിക്കുകയില്ല. അതേ സമയം നമ്മള്‍ ഒരു മോശം സിനിമയുമായി വന്നാല്‍ പ്രേക്ഷകര്‍ തിരസ്‌ക്കരിക്കും. അതിനാല്‍ എനിക്ക് മനസ്സിന് ഇഷ്ടപ്പെടാത്ത ഒരു സിനിമ ചെയതില്ല. ഈ സബ്ജക്ട് വന്നപ്പോള്‍ കഥ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ ഇഷ്ടമായി. അങ്ങനെ നല്ലൊരു തിരക്കഥയാകുന്നതു വരെ കാത്തിരിക്കുകയായിരുന്നു.

പുതിയ ചിത്രത്തെക്കുറിച്ചുളള പ്രതീക്ഷ?
 

വലിയ അവകാശവാദങ്ങളൊന്നുമില്ല. എന്റെ മുന്‍ സിനിമകളിലേതു പോലെ കുടുംബാന്തരീക്ഷത്തിന്റെ സ്‌നേഹക്കാഴ്ചകളുണ്ടെങ്കിലും ഇന്നിന്റെ കുറേ സത്യങ്ങള്‍ ഈ ചിത്രത്തില്‍ കൊണ്ടു വരാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം.

കാത്തിരുന്ന ഫേസ് ടു ഫേസ് 

സീരിയല്‍ രംഗത്തു നിന്ന് സിനിമയുടെ വഴികളിലേക്ക് എത്തിയ എഴുത്തുകാരനാണ് മനോജ്. ഉണ്ണിയാര്‍ച്ച സീരിയലിന്റെ തിരക്കഥാകൃത്ത് എന്ന ലേബലോടെ സിനിമയിലേക്ക് എത്തിയ മനോജ് രഞ്ജിത്തിന്റെ കഥയ്ക്ക് തിരക്കഥയെഴുതിയാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി സിനിമയുടെ വിശാലമായ ലോകത്ത് എത്തുന്നത്. താന്‍ കഥയും തിരക്കഥയുമെഴുതിയ ഒരു മമ്മൂട്ടിച്ചിത്രം സാക്ഷാത്ക്കരിക്കുന്നതിന്റെ സന്തോഷത്തിലാണ ഈ യുവ എഴുത്തുകാരന്‍.

'എന്റെ മനസ്സില്‍ ഒരു കഥയുടെ എലമെന്റ്് ഉണ്ടായപ്പോള്‍ വിനുവേട്ടനോട് (വി.എം.വിനു) പറയുകയായിരുന്നു. അങ്ങനെ അതിലെ പ്രധാന കഥാപാത്രം മമ്മൂട്ടി എന്ന അഭിനേതാവിന് അനുയോജ്യമാണെന്ന് ഞങ്ങളുടെ ചര്‍ച്ചയില്‍ വന്നു. മമ്മൂക്ക് കഥ കേട്ട് ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ഉത്തരവാദിത്വവും ആവേശവുമായി. അങ്ങനെയാണ് ഫേസ് ടു ഫേസ് എന്ന് സിനിമയിലൂടെ ഞാന്‍ ഒരു മമ്മൂട്ടിച്ചിത്രത്തിന്റെ ഭാഗമായി മാറുന്നത്. ഈ അവസരം എനിക്ക് കിട്ടിയ വലിയ ഭാഗ്യമായി കരുതുകയാണ്.
ഫേസ് ടു ഫേസ് എന്ന കഥയുടെ സ്പാര്‍ക്ക് ? 
യങ്ങ് ജനറേഷന്റെ ജീവിതം പലരും നെഗറ്റീവായിട്ടോണ് കാണുക. പക്ഷേ, അവരുടെ ജീവിതത്തില്‍ വളരെ എഫക്ടീവായിട്ട് വരുന്ന കുറേ കാര്യങ്ങളുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളെല്ലാം നമ്മളില്‍ ഭൂരിഭാഗവും മോശം എന്ന രീതിയിലാണ് കാണുന്നത്.


ചില സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാനോ റിലേഷന്‍ഷിപ്പിനോ ആളില്ലാതാകുമ്പോള്‍ അവരുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയുന്നത് ഫേസ് ബുക്കിലെ സുഹൃത്തായിരിക്കും. ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ തന്നെയാണ് ഈ വ്യഗ്രത കാണിക്കുന്നത്. ബന്ധങ്ങള്‍ നില നിര്‍ത്താതെ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.

ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി മനോജ് എന്ന എഴുത്തുകാരനില്‍ നിന്ന് ആദ്യമായി വരികയാണ്. ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി ചെയ്യാം എന്ന് പ്ലാനിലാണോ ഫേസ് ടു ഫേസിലേക്ക് എത്തിയത്?
 

ഒരു പുതിയ രീതിയിുലുളള കഥ എന്നായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീടാണ് ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറി എന്ന രീതിയിലൊക്കെ എത്തുന്നത്. ഒരു കഥയ്ക്ക് ഒരു വഴി ആവശ്യമാണല്ലോ. അങ്ങനെയാണ് അന്വേഷണ കഥയെ കൂട്ടു പിടിച്ചത്. 

മമ്മൂട്ടിച്ചിത്രം ചെയ്യാമെന്ന കരുതിയായിരുന്നോ കഥ ആലോചിച്ചത്?
 

മമ്മൂക്ക, ലാലേട്ടന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് എഴുതാന്‍ കഴിയുകയെന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷേ, ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാം എന്ന് വിചാരിച്ചിട്ടല്ല കഥ ആലോചിച്ചത്. ഞാന്‍ വിനുവേട്ടനോട് കഥ പറഞ്ഞപ്പോള്‍ ഇത് മമ്മൂക്കയ്ക്ക് പറ്റിയതാണെന്ന് അദ്ദേഹം പറയുകയായിരുന്നു.

Thursday, September 13, 2012

ടൂറിസ്റ്റ് ഹോം: ഒറ്റ ഷോട്ടില്‍ ഒരു സിനിമ




പത്ത് കഥകള്‍. പത്ത് പേരുടെ രചന. ഒറ്റ ഷോട്ടില്‍ ഒരു സംവിധായകന്റെ സിനിമ. പരീക്ഷണങ്ങളുടെ വേലിയേറ്റം നിറയുന്ന മലയാള സിനിമക്കൂട്ടത്തിലേക്ക് സമാനതകളില്ലാത്ത ദൗത്യവുമായി 'ടൂറിസ്റ്റ് ഹോം' എന്നൊരു സിനിമ എത്തുന്നു. ഒരു ടൂറിസ്റ്റ് ഹോമിലെ 10 മുറികളിലായി നടക്കുന്ന സംഭവങ്ങളാണ് സിനിമയ്ക്ക് ആധാരമാകുന്നത്. പ്ലസ് ടു എന്ന ടീനേജ് ചിത്രമൊരുക്കിയ ഷേബിയാണ് ടൂറിസ്റ്റ് ഹോമിന്റെ അമരക്കാരന്‍. ഒരു മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചാണ് കഥാപശ്ചാത്തലമായ 'ടൂറിസ്റ്റ് ഹോം'. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി പല കാര്യങ്ങള്‍ക്കായി എത്തിയവരാണ് ടൂറിസ്റ്റ് ഹോമിലെ 10 മുറികളിലായി തങ്ങുന്നത്. ഇവര്‍ക്കിടയിലൂടെ 10 മുറികളിലായി നടക്കുന്ന സംഭവങ്ങളുടെ ആകെത്തുകയാണ് രണ്ട് മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന സിനിമ.

'റഷ്യന്‍ ആര്‍ക്ക്' പോലെ ഒറ്റ ഷോട്ടില്‍ സിനിമകളുണ്ടെങ്കിലും ടൂറിസ്റ്റ് ഹോം റിലീസ് ചെയ്യുന്നതോടെ മലയാളത്തിനും ഇനി അങ്ങനെ ഒന്ന് സ്വന്തമാകുകയാണ്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയില്‍ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെ അമ്പതോളം പേര്‍ കഥാപാത്രങ്ങളാകുന്നു. മെഗാ മീഡിയയുടെ ബാനറില്‍ ജോണ്‍ ജോസഫാണ് ടൂറിസ്റ്റ് ഹോം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹകന്‍ ഫിറോസ് ഖാനാണ് ഒറ്റ ഷോട്ടില്‍ ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. മഹേഷ് നാരായണന്‍ സംഗീതം ഒരുക്കിയിരിക്കുന്നു

നി.കൊ.ഞാ.ചാ....നിന്നേം കൊല്ലും ഞാനും ചാകും



ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേന്‍-വിനു എം.തോമസ് എന്നിവര്‍ നിര്‍മിച്ച് നവാഗതനായ ഗിരീഷ് സംവിധാനം ചെയ്യുന്ന നികൊഞാചാ.... നിന്നേം കൊല്ലും ഞാനും ചാകും എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ലാല്‍ജോസ്, ശ്യാമപ്രസാദ് എന്നിവരുടെ സഹസംവിധായകനായിരുന്ന ഗിരീഷ് ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയാണ്. 

സണ്ണി (സെക്കന്‍ഡ് ഷോ ഫെയിം), പ്രവീണ്‍, സഞ്ജു, ഷാനി, സൂരജ് രാമകൃഷ്ണന്‍, സിജാറോസ്, രോഹിണി ഇടിക്കുള, പാര്‍വതി നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സംവിധായകന്‍തന്നെ തിരക്കഥയും രചിക്കുന്നു. ഗാനരചന: സന്തോഷ്. സംഗീതം: പ്രശാന്ത്പിള്ള. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.