നിര്‍മാതാവ് എം. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ബ്ലാക്ക് ബട്ടര്‍ഫ്ലൈസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം മണിയന്‍പിള്ള രാജുവാണ് നിര്‍മിക്കുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം യൗവനത്തിന്റെ പുതിയ മുഖം പ്രദര്‍ശിപ്പിക്കുന്ന ഒരു കഥയാണ് സ്‌ക്രീനിലെത്തിക്കുന്നത്.
നിര്‍മ്മാതാവിനു പുറമെ നിര്‍മാണകാര്യദര്‍ശി, അഭിനേതാവ്, യൂണിറ്റുടമ എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചെടുത്ത വ്യക്തിയാണ് രഞ്ജിത്ത്.
''സിനിമയുടെ എല്ലാ വശങ്ങളേയുംകുറിച്ച് പഠിക്കുവാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയായിട്ടാണ് എനിക്ക് രഞ്ജിത്തിനെ അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. രഞ്ജിത്ത് ഈ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഇത് ഞാന്‍ തന്നെ നിര്‍മിച്ചുകൊള്ളാം എന്ന് പറയുകയായിരുന്നു'', മണിയന്‍പിള്ള രാജു പറഞ്ഞു.
പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഇടയിലെ ഏതാനും കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. അവരുടെ വികാര-വിചാരങ്ങള്‍ക്കാണ് ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നത്. നായകനും വില്ലനും പ്രണയവുമെല്ലാം ഈ ചിത്രത്തിലുണ്ട്. അങ്ങനെ എല്ലാവിധമായ കൊമേഴ്‌സ്യല്‍ ഘടകങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.
നിര്‍മാതാവുകൂടിയായ മണിയന്‍പിള്ള രാജുവിന്റെ മകനടക്കം നാല് പുതുമുഖങ്ങളെ രഞ്ജിത്ത് രംഗത്തവതരിപ്പിക്കുന്നു. നിരഞ്ജനാണ് മണിയന്‍ പിള്ള രാജുവിന്റെ മകന്‍. മിഥുന്‍ മുരളി, മാളവിക, സംസ്‌കൃതി എന്നിവരാണ് മറ്റു മൂന്നുപേര്‍.
''നിരഞ്ജനെ നന്നേ ചെറുപ്പം മുതല്‍ എനിക്കറിയാം. സിനിമയോടുള്ള നിരഞ്ജന്റെ ശ്രദ്ധയും താല്പര്യവും അഭിനയ രംഗത്തും അവന് പ്രതിഫലിപ്പിക്കുവാന്‍ കഴിയും എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് നിരഞ്ജനെ അഭിനയ രംഗത്തേക്കെത്തിച്ചത്. ഇങ്ങനെയൊരാവശ്യം എന്റെയായിരുന്നു.'', സംവിധായകനായ രഞ്ജിത്ത് പറഞ്ഞു.
മിഥുന്‍ മുരളി കൊച്ചി സ്വദേശിയാണ്. സഹോദരി മൃദുല മുരളി റെഡ് ചില്ലീസ്, എത്സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മനുവിന്റെ '10.30 എ.എം. ലോക്കള്‍ കോള്‍' എന്ന ചിത്രത്തിലെ നായികയുമാണ്. മിഥുന്‍ മുരളി ഒരു തമിഴ് ചിത്രത്തിലും ഇതിനകം അഭിനയിച്ചുകഴിഞ്ഞു. പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഏതാനും പേര്‍ നിര്‍ദോഷമായി ചെയ്യുന്ന കാര്യം ഒരു വലിയ കുറ്റകൃത്യത്തിലേക്ക് ചെന്നെത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ജനാര്‍ദ്ദനന്‍ മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, നെല്‍സണ്‍, സീമാ നായര്‍, സുകുമാരി, ഗണപതി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ജെ. പെള്ളാശ്ശേരിയുടേതാണ് തിരക്കഥ. രാജീവ് ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക് എം.ബി. ശിവകുമാര്‍ സംഗീതം പകരുന്നു. അഴകപ്പന്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
കലാസംവിധാനം: ഗോകുല്‍ദാസ്, മേക്കപ്പ്: പട്ടണം ഷെമി, വസ്ത്രാലങ്കാരം: എസ്. ബി. സതീശന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രജിത്ത്, സഹസംവിധാനം: വി.ജെ.എസ്. ലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിച്ചി പൂജപ്പുര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റാം.
No comments:
Post a Comment
Note: Only a member of this blog may post a comment.