Pages

Monday, December 10, 2012

ലേ ഹാവര്‍-(കൗറിസ്മാകിയുടെ തുറമുഖങ്ങള്‍)
കാഴ്ചയിലും ജീവിതത്തിലും സ്വന്തമായ അഭിരുചികള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടാതിരിക്കാനാവില്ല, അകി കൗറിസ്മാക്കിയുടെ സിനിമകള്‍. അദ്ദേഹത്തിന്റെ ലേ ഹാവര്‍ എന്ന ചിത്രം ഇത്തവണ കേരള ചലച്ചിത്രോത്സവത്തിലുണ്ട്

സിനിമയില്‍ സ്വതസിദ്ധമായ ശൈലിയും നിലപാടുകളും കൊണ്ട് ശ്രദ്ധേയനാണ് ഫിന്നിഷ് സംവിധായകനായ അകി കൗറിസ്മാകി. ഏകാകികളും ദരിദ്രരും താഴ്ന്നവര്‍ഗക്കാരുമായ നായികാനായകന്‍മാര്‍, സ്ഥിരം അഭിനേതാക്കള്‍, വിഷാദഛായയുള്ളതും എന്നാല്‍ പ്രസാദാത്മകവുമായ അന്തരീക്ഷം, ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന കറുത്ത ഹാസ്യം, ചിത്രീകരണത്തില്‍ പതിഞ്ഞ കീ ലൈറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇരുള്‍ പടര്‍ന്നതും നിഴല്‍ വീണുകിടക്കുന്നതുമായ ഫ്രെയിമുകള്‍, കറുപ്പിലലിഞ്ഞ് അവസാനിക്കുന്ന സീനുകള്‍, പഴമയുടെ മിശ്രണമുള്ള ലൊക്കേഷനും അതിനനുസരിച്ച വേഷങ്ങളുള്ള കഥാപാത്രങ്ങളും, അപരിചിതരായ മനുഷ്യര്‍ക്കിടയില്‍ രൂപപ്പെടുന്ന നന്മയിലധിഷ്ഠിതമായ ആത്മബന്ധം, അധസ്ഥിതരും നിരാലംബരുമായവരോടുള്ള അനുതാപം, അമ്പതുകളിലും അറുപതുകളിലും വ്യാപകമായിരുന്ന റോക്ക് എന്‍ റോള്‍ സംഗീതം... അങ്ങനെ ആസ്വാദകര്‍ക്ക് എളുപ്പം തിരിച്ചറിയാനാവുന്നവയാണ് കൗറിസ്മാകി സിനിമകള്‍.

തകര്‍ന്നു തുടങ്ങിയ ഫിന്‍ലന്‍ഡ് സിനിമ ഉയിര്‍ത്തെഴുന്നേറ്റത് കൗറിസ്മാകിയുടെ വരവോടെയാണ്. എണ്‍പതുകള്‍ക്കുശേഷമുള്ള ഫിന്നിഷ് സിനിമയെ 'കൗറിസ്മാകി യുഗം' എന്നാണ് വിശേഷിപ്പിക്കുന്നത്. അകിയും സഹോദരന്‍ മീക്ക കൗറിസ്മാകിയും സിനിമാ രംഗത്തേക്ക് വരുന്നത് ഇക്കാലത്താണ്. 

ലോകസിനിമയില്‍ തൊണ്ണൂറുകളോടെ തുടക്കം കുറിച്ച കലാസിനിമാ വിരുദ്ധ(ആന്റി ആര്‍ട്ട് സിനിമ) പ്രവണതയുടെ വക്താക്കളില്‍ പ്രമുഖനാണ് അകി കൗറിസ്മാകി. വാണിജ്യവിജയം പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അകിയുടെ ലെനിന്‍ഗ്രാഡ് കൗബോയ് സിനിമകള്‍(ലെനിന്‍ഗ്രാഡ് കൗബോയ് ഗോസ് ടു അമേരിക്ക, ലെനിന്‍ഗ്രാഡ് കൗബോയ്‌സ് മീറ്റ് മോസസ്, കലമാരി യൂണിയന്‍) യൂറോപ്പിലും അമേരിക്കയിലും വന്‍ ഹിറ്റായിരുന്നു. പക്ഷേ ഇന്ന് ഇദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ലോകമെമ്പാടുമുള്ള ഫിലിംഫെസ്റ്റിവലുകളിലെത്തുന്നവര്‍ കാത്തിരിക്കുന്നുവെന്നത് വേറൊരു കാര്യം. മീക്കയും അകിയും സിനിമ പഠിച്ചവരാണ്. 

മ്യൂണിച്ചിലെ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് മീക്ക ഫിലിം പഠിച്ചത്. അകി ടാംപിയര്‍ യൂണിവേഴ്‌സിറ്റിയില്‍ മീഡിയ സ്റ്റഡീസിന് ചേര്‍ന്നു. എന്നാല്‍ മീക്ക മാത്രമാണ് പഠനം പൂര്‍ത്തിയാക്കിയത്. അകി പകുതിക്കുവെച്ച് നിര്‍ത്തി പോസ്റ്റ്മാന്റെയും ഹോട്ടല്‍പ്പണിക്കാരന്റെയും ജോലികള്‍ ചെയ്തു. ഇതിന്റെ സൂചനകള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ ഉണ്ടാകാറുണ്ട്. ഹോട്ടല്‍ രംഗങ്ങള്‍ അകിസിനിമയിലെ പതിവുചേരുവയാണ്. 

ആദ്യകാലത്ത് കൗറിസ്മാകി സഹോദരന്മാര്‍ ഒരുമിച്ചാണ് സിനിമയെടുത്തിരുന്നത്. ഇപ്പോള്‍ ഇരുവര്‍ക്കും സ്വന്തം സിനിമാ കമ്പനികളുണ്ട്. ഡോസ്റ്റയോവ്‌സ്‌കിയുടെ 'ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്' നോവലാണ് അകി ആദ്യം സിനിമയാക്കിയത്. 1983-ല്‍ ആയിരുന്നു അത്. 'ആ പുസ്തകം തൊടാന്‍ എനിക്ക് പേടിയാണ്' എന്ന ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് ഒരിടത്ത് എഴുതിയിരുന്നു. അതിന്റെ മറുപടിയെന്നോണം 'ഇയാള്‍ക്ക് ഞാന്‍ കാണിച്ചുകൊടുക്കാം എങ്ങനെയാണ് പുസ്തകം സിനിമയാക്കുക' എന്ന് മനസിലുറപ്പിച്ചാണ് 'ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്' തുടങ്ങിയത്. പക്ഷേ ഹിച്ച്‌കോക്ക് പറഞ്ഞത് ശരിയാണെന്ന് അദ്ദേഹത്തിന് മനസിലായി. എങ്കിലും 'ക്രൈം ആന്‍ഡ്' പണിഷ്‌മെന്റ്' മികച്ച സിനിമയായിരുന്നു. (യുട്യൂബില്‍ ഈ സിനിമ മുഴുവനായും കാണാം). 

ഡോസ്റ്റയോവ്‌സ്‌കിയുടെ നോവലില്‍ നിന്ന് വ്യത്യസ്തമായി ഹെല്‍സിങ്കിയിലെ ഒരുതൊഴിലുടമയുടെ കൊലപാതകവും അതിന്റെ അന്വേഷണവും പശ്ചാത്തലമാക്കിയാണ് ഈ സിനിമ. ലോ സ്‌കൂളില്‍ നിന്ന് ഡ്രോപ്പൗട്ടായി ഇറച്ചിഫാക്ടറിയില്‍ ജോലി ചെയ്യുന്ന യുവാവാണ് ഇതിലെ റാസ്‌കോള്‍നിക്കോഫ്. ഇറച്ചിവെട്ടുന്ന പലകയിലൂടെ നീങ്ങുന്ന പ്രാണിയുടെ മീതെ വെട്ടുകത്തി വീഴുന്ന ക്ലോസ് അപ്പ് ഷോട്ടിലാണ് സിനിമ തുടങ്ങുന്നത്. പിന്നീട് റാസ്‌ക്കോള്‍നിക്കോഫ് ഇറച്ചി അരിഞ്ഞുതള്ളുന്നതാണ് നാം കാണുക. സാഹിത്യകൃതികളിലെ കലാമൂല്യം നഷ്ടപ്പെടാതെ അഭ്രപാളികളില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നുവെന്നു നടിക്കുന്ന ചലച്ചിത്രബുദ്ധിജീവികളുടെ നാട്യങ്ങളെ പരിഹസിക്കുന്ന രീതിയിലാണ് അകി തന്റെ ആദ്യചിത്രം ഒരുക്കിയത്. അദ്ദേഹത്തിന്റെ ശൈലിക്കനുസരിച്ച് നോവലിനെ വഴക്കിയെടുക്കുകയാണ് അദ്ദേഹം ചെയ്തത്. വരേണ്യശ്രേണിയിലെ ജോലി ഉപേക്ഷിച്ച് താഴ്ന്ന (കൗറിസ്മാക്കിയുടെ കണക്കില്‍ യഥാര്‍ഥ തൊഴില്‍) തൊഴില്‍ ചെയ്യുന്ന നായികാ നായകന്മാര്‍ ഇദ്ദേഹത്തിന്റെ സിനിമയിലെ പ്രത്യേകതകളാണ്. 

'ലെ ഹാവറി'ലെ മാര്‍സല്‍ മാര്‍ക്‌സ് എന്ന കഥാപാത്രം അരാജക ബുദ്ധിജീവിയുടെ വേഷം ഉപേക്ഷിച്ചാണ് ഷൂപോളിഷ് ചെയ്യുന്ന ജോലി സ്വീകരിച്ചത്. 'നല്ല ജോലികള്‍ ഇല്ലാഞ്ഞിട്ടല്ല. ആളുകളെ കൂടുതല്‍ അറിയാന്‍ ഈ തൊഴിലാണ് നല്ലത്' എന്നാണ് മാര്‍സലിന്റെ അഭിപ്രായം. 'മാന്‍ വിത്തൗട്ട് എ പാസ്റ്റ്' എന്ന സിനിമയില്‍ ഓര്‍മനഷ്ടം വന്ന നായകന്റെ കൈ നോക്കി സുഹൃത്ത് പറയുന്നു 'നല്ല ശാരീരികാധ്വാനമുള്ള തൊഴില്‍ ചെയ്യുന്നയാളാണ് നിങ്ങള്‍. അധികം വായിക്കുന്ന കൂട്ടത്തിലല്ല' എന്ന്. 'ഡ്രിഫ്റ്റിങ് ക്ലൗഡ്‌സി'ല്‍ ഹോട്ടലില്‍ വെയിട്രസ് ആയ ഇലോണ ആണ് നായിക. തീപ്പെട്ടിക്കമ്പനിയിലെ ജീവനക്കാരിയുടെ കഥയാണ് 'മാച്ച് ഫാക്ടറി ഗേള്‍'. 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌ക്' സെക്യൂരിറ്റി ജീവനക്കാരനായ ചെറുപ്പക്കാരന്റെ കഥയാണ്.

ഇല്ലായ്മയുടെ രംഗങ്ങള്‍ വളരെ വ്യത്യസ്തമായാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. 'മാന്‍ വിത്തൗട്ട് എ പാസ്റ്റി'ലെ നായകന്റെ ദാരിദ്ര്യം പറയുന്ന രംഗം ഹൃദയസ്പര്‍ശിയാണ്. ഒരു ചായ കുടിക്കണമെന്ന് അദ്ദേഹത്തിനുണ്ടെങ്കിലും അതിനുള്ള പൈസ കൈയിലില്ല. ഹോട്ടലില്‍ ചെന്ന് അല്പം ചൂടുവെള്ളമാണ് അദ്ദേഹം ചോദിക്കുന്നത്.
അതിന് പണം കൊടുക്കേണ്ട. കസേരയില്‍ ചെന്നിരുന്ന് ഒരു സിഗരറ്റ് വലിക്കാനെന്നോണം ഒരു തീപ്പെട്ടി കീശയില്‍ നിന്നെടുക്കുന്നു. അതില്‍ നിന്ന് പുറത്തെടുക്കുന്നത് ഉപയോഗിച്ചുകഴിഞ്ഞ ഒരു ടീബാഗാണ്. ആരും കാണാതെ അതു ചൂടുവെള്ളത്തില്‍ കലക്കി ചായയാക്കി കുടിക്കുന്നു. ഇതു കണ്ട് ഹോട്ടലുടമയായ സ്ത്രീ അയാള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്. ഇല്ലായ്മയെ തന്നെ സൗന്ദര്യമാക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമകള്‍.

ലളിതമായ കഥ, പ്രേക്ഷകരെ സ്പര്‍ശിക്കുന്ന രീതിയില്‍ പറയുക അതാണ് കൗറിസ്മാകിയുടെ രീതി. വിശദീകരണമോ പശ്ചാത്തലവിവരണമോ ഇല്ലാതെ തന്നെ ആര്‍ക്കും മനസിലാക്കാവുന്നതാണ് സിനിമകള്‍. ഒന്നരമണിക്കൂറിലധികം ദൈര്‍ഘ്യമുണ്ടായാല്‍ പ്രേക്ഷകരെ ബോറടിപ്പിക്കും എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 2011-ല്‍ പുറത്തിറങ്ങിയ 'ലേ ഹാവര്‍' ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 'ലേ ഹാവര്‍' ഫ്രാന്‍സിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ തുറമുഖമാണ്. അവിടെ കണ്ടെയ്‌നറില്‍ രേഖകളില്ലാതെ കോംഗോയില്‍ നിന്നെത്തുന്ന ഇദ്രിസെ എന്ന ആഫ്രിക്കന്‍ ബാലനും അവനെ രക്ഷിക്കാനുള്ള ഷൂ പോളിഷറായ മാര്‍സല്‍ മാര്‍ക്‌സിന്റെ ശ്രമവും ആണ് ഈ സിനിമയുടെ ഇതിവൃത്തം. ബാലനെ പിന്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ മോനെ കൂടിയെത്തുമ്പോള്‍ കഥ ആകാംക്ഷാഭരിതമാകുന്നു. യൂറോപ്പിനെ അലട്ടുന്ന സമകാലിക പ്രശ്‌നങ്ങളിലൊന്നാണ് അനധികൃത കുടിയേറ്റം. ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന് അദ്ദേഹം മാര്‍സല്‍ മാര്‍ക്‌സ് എന്നും ഭാര്യയ്ക്ക് ആര്‍ലെറ്റി മാര്‍ക്‌സ് എന്നും ആണ് പേരിട്ടത്. മാര്‍ക്‌സിന്റെ പിന്‍മുറക്കാര്‍ എന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ ഇതുവഴി കഴിയുന്നുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങള്‍ തേടിയുള്ള തൊഴിലാളികളുടെ ദേശാന്തര കുടിയേറ്റത്തെ യഥാര്‍ഥ കാള്‍ മാര്‍ക്‌സ് എങ്ങനെയാകും വിശദീകരിക്കുക? കുടിയേറ്റവുമായി ബന്ധപ്പെട്ട മനുഷ്യാവകാശപ്രശ്‌നങ്ങള്‍ക്ക് മാര്‍ക്‌സിയന്‍ പോംവഴി വേണമെന്നാവാം സംവിധായകന്‍ ഉദ്ദേശിക്കുന്നത്. ഫിന്‍ലന്‍ഡിലെ അഞ്ചിലൊന്നു ഭാഗം ഇപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവമുള്ളവരാണ്. പഴയ സോവിയറ്റ് യൂണിയനോടുള്ള ഗൃഹാതുരത്വം അവര്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. 

ആഖ്യാനത്തിലുടനീളം ആകാംക്ഷ സൂക്ഷിക്കുന്നവയാണ് കൗറിസ്മാകി സിനിമകള്‍. ബോറടിപ്പിക്കില്ല. അതാണ് അവയുടെ വാണിജ്യവിജയത്തിന്റെ രഹസ്യവും. 2002-ല്‍ കാന്‍ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ 'ദി മാന്‍ വിത്തൗട്ട് എ പാസ്റ്റ'് ആണ് ലോകശ്രദ്ധനേടിയ കൗറിസ്മാകിയുടെ മറ്റൊരു സിനിമ. ഒരു തീവണ്ടിയാത്രയ്ക്കിടയില്‍ കവര്‍ച്ചക്കാരുടെ അടിയേറ്റ് ഓര്‍മ നഷ്ടപ്പെടുന്ന ഒരാളുടെ കഥയാണിത്. കഥയുടെ അവസാനം വരെ അയാള്‍ക്ക് പേരില്ല. ഹെല്‍സിങ്കിയിലെ അപരിചിതമായ ദേശത്ത് എത്തിപ്പെടുന്ന അയാള്‍ ബന്ധങ്ങള്‍ രൂപപ്പെടുത്തുകയും പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് കഥ. പേരില്ലാതാവുന്നതോടെ അധികാര സ്ഥാപനങ്ങള്‍ക്കുമുന്നില്‍ അയാള്‍ നേരിടുന്ന പ്രതിസന്ധിയും ഓര്‍മയില്ലായ്മയുടെ നിസ്സഹായാവസ്ഥയും എല്ലാം വിഷയമാകുന്നു. അതിനിടെ സന്നദ്ധസംഘടനയിലെ പ്രവര്‍ത്തകയുമായി പ്രണയവും രൂപപ്പെടുന്നു. എന്നാല്‍ ഓര്‍മയിലെ അയാളുടെ ജീവിതം അത്ര നല്ലതൊന്നുമല്ല. വിവാഹ മോചനത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു അയാളും ഭാര്യയും. 

തുറമുഖങ്ങളിലാണ് അകിയുടെ സിനിമകള്‍ അധികവും ചിത്രീകരിച്ചിരിക്കുന്നത്. എഴുത്തുകാര്‍ കൃതികളില്‍ സങ്കല്‍പദേശങ്ങള്‍ നിര്‍മിക്കാറുള്ളതുപോലെ അദ്ദേഹവും സിനിമകളില്‍ സ്വന്തമായി ഒരു ദേശം നിര്‍മിക്കുന്നുണ്ട്. നിരൂപകര്‍ അതിനെ 'അകിലാന്‍ഡ്' എന്ന് വിളിക്കാറുണ്ട്. 'മാന്‍ വിത്തൗട്ട് എ പാസ്റ്റ്', 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌ക്', 'ഡ്രിഫ്റ്റിങ് ക്ലൗഡ്‌സ്', 'ലേ ഹാവര്‍' എന്നിവയെല്ലാം തുറമുഖങ്ങളില്‍ നടക്കുന്ന കഥകളാണ്. ഇതില്‍ ആദ്യത്തെ മൂന്നും ഹെല്‍സിങ്കിയിലാണ്. ലേ ഹാവറിനുവേണ്ടി അകി യൂറോപ്പിലെ മുപ്പതോളം തുറമുഖങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒടുവിലാണ് ഫ്രാന്‍സിലെത്തിയത്. ആദ്യസിനിമയായ 'ക്രൈം ആന്‍ഡ് പണിഷ്‌മെന്റും' ഹെല്‍സിങ്കി സിനിമയാണ്. 
അകിയുടെ സിനിമകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ചില നടീനടന്‍മാരുണ്ട്. കാത്തി ഊട്ടിനെന്‍ എന്ന നടിയെ മിക്കവാറും ചിത്രങ്ങളില്‍ കാണാം. മാട്ടി പെലോന്‍പ, കാരി വായ്‌നാനെന്‍, മാര്‍ക്കു പെല്‍ടോല എന്നിവരും അകി ചിത്രങ്ങളിലെ പതിവുകാരാണ്. ടിമോ സാല്‍മിനെന്‍ ആണ് മിക്കവാറും ചിത്രങ്ങളുടെ ഛായാഗ്രഹണം. സംഭാഷണങ്ങള്‍ വളരെ കുറച്ചുമാത്രമേ സിനിമകളില്‍ കാണാനാകൂ. മാച്ച് ഫാക്ടറി ഗേളില്‍ ആദ്യത്തെ 13 മിനിറ്റു കഴിഞ്ഞാണ് സംഭാഷണം വരുന്നതുതന്നെ. ഇത് ഫിന്‍ലാന്‍ഡിലെ ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടാണെന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. വലിപ്പത്തില്‍ 64-ാം സ്ഥാനത്താണ് ഈ രാജ്യം. 3,38,424 ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്തൃതി. പക്ഷേ 5.42 കോടിയാണ് ജനസംഖ്യ. ഒരു ചതുരശ്ര കിലോമീറ്ററില്‍ 16 പേര്‍ ആണ് ജനസാന്ദ്രത. (38,363 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ള കേരളത്തില്‍ 860 ആണ് ചതുരശ്ര കിലോമീറ്ററിലെ ജനസാന്ദ്രത.) അങ്ങനെയൊരു രാജ്യത്ത് ആളുകളുടെ ഏകാന്തതയെക്കുറിച്ചു പറയാനുണ്ടോ?

കഥാപാത്രങ്ങളിലധികവും നിസംഗവും നിര്‍വികാരവുമായ മുഖഭാവത്തോടെയുള്ളവരായിരിക്കും. പക്ഷേ അവരുടെ ഉള്ളിലെ വികാരത്തിന്റെ കടല്‍ നമുക്കുവായിച്ചെടുക്കാനാകും. വൈകാരികമായ തീവ്രത ഉള്ളില്‍ സൂക്ഷിക്കുന്നവരാണ് അകിയുടെ കഥാപാത്രങ്ങളിലധികവും. 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌ക്' എന്ന സിനിമയില്‍ തന്റെ പരിചയക്കാരിയായ യുവതിയില്‍ നിന്ന് പല തവണ വഞ്ചിക്കപ്പെട്ടിട്ടും നായകനായ കോയിസ്റ്റനന്‍ അവള്‍ക്കെതിരെ പ്രതികരിക്കുന്നില്ല. അയാള്‍ 'ഒരു സെന്റിമെന്റല്‍ ഫൂള്‍' ആണെന്നാണ് വില്ലനായ കഥാപാത്രം അവളോട് പറയുന്നത്. മാന്‍ വിത്തൗട്ട് പാസ്റ്റ് എന്ന സിനിമയില്‍ മനോഹരമായ ഒരു രംഗമുണ്ട്.
നായികയായ ഇര്‍മയെ താമസസ്ഥലത്തുവരെ പേരില്ലാത്ത നായകന്‍ അനുഗമിക്കുന്നു. വിടപറയുന്ന സമയത്ത് അയാള്‍ ' നോക്കൂ, നിങ്ങളുടെ കണ്ണുകളില്‍ എന്തോ ഉണ്ട്' എന്ന് ഇര്‍മയോട് പറയുന്നു. ഒരു നിമിഷം എന്തോ ഓര്‍ത്തിരിക്കെ പെട്ടെന്ന് അവളുടെ കവിളില്‍ അയാള്‍ മൃദുവായി ചുംബിക്കുന്നു. 'നിങ്ങള്‍ ഒരു ചുംബനം മോഷ്ടിച്ചു' എന്നാണ് ഇര്‍മ അയാളോട് പ്രതികരിച്ചത്. 'ഞാന്‍ അത്ര മാന്യനൊന്നുമല്ല' എന്ന് അയാളുടെ മറുപടി. 

സ്‌ക്രീനിലെ പുകവലിയെക്കുറിച്ചുള്ള നിയമങ്ങള്‍ പിന്തുടര്‍ന്നാല്‍ അകിയുടെ ഒരു സിനിമയും കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനാവില്ല. അത്രയേറെ പുകവലി രംഗങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളിലുണ്ടാകും. 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌കി'ല്‍ ആളുകള്‍ ജയിലില്‍ പോലും സിഗററ്റുവലിക്കുന്നതുകാണാം. അതുപോലെ തന്നെയാണ് മദ്യപാനത്തിന്റെയും കാര്യം. 

കൗറിസ്മാക്കിയുടെ പ്രശസ്തമായ ചില പ്രതിഷേധങ്ങളുണ്ട്. 2003-ല്‍ 'മാന്‍ വിത്തൗട്ട് എ പാസ്റ്റ്' ഓസ്‌കാറിനു നോമിനേറ്റ് ചെയ്യപ്പെട്ടങ്കെിലും ആ ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയാറായില്ല. യുദ്ധക്കൊതിയുള്ള ഒരു രാജ്യത്ത് ആഘോഷത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല എന്നാണ് അദ്ദേഹം അറിയിച്ചത്. 2006-ല്‍ 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌കി'നും നോമിനേഷന്‍ ലഭിച്ചപ്പോള്‍ ജോര്‍ജ് ബുഷിന്റെ വിദേശ നയങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹം പോയില്ല. 2003-ല്‍ തന്നെ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമിക്ക് വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ രണ്ടുമണിക്കൂര്‍ വിമാനത്തില്‍ പുകവലിക്കാതിരിക്കാന്‍ കൗറിസ്മാക്കിക്ക് പറ്റാത്തതിനാലാണ് പോകാത്തതെന്ന് ചില നിരൂപകര്‍ പറയാറുണ്ട്. 

കൗറിസ്മാക്കിയുടെ മിക്കവാറും ചിത്രങ്ങളില്‍ പട്ടി പ്രധാന കഥാപാത്രമായി വരാറുണ്ട്. 'ലേ ഹാവറി'ല്‍ 'ലൈക' എന്നൊരു പട്ടിയുണ്ട്. റഷ്യയുടെ ഉപഗ്രഹമായ സ്പുട്‌നിക്ക് രണ്ടില്‍ ബഹിരാകാശത്തേക്ക് അയച്ച പട്ടിയായിരുന്നു ലൈക്ക. ആ പേരാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. 'മാന്‍ വിത്തൗട്ട് എ പാസ്റ്റി'ലെ താഹ്തിക്ക് 2003-ല്‍ കാനില്‍ പാംഡോഗ് പുരസ്‌കാരം ലഭിച്ചിരുന്നു. 'മനുഷ്യരേക്കാള്‍ എനിക്കിഷ്ടം പട്ടികളെയാണ്. മനുഷ്യരെ നമുക്കിഷ്ടപ്പെടേണ്ടിവരും. നമ്മള്‍ അതില്‍പ്പെടുന്നയാളാണല്ലോ. പക്ഷേ പട്ടികളോട് എനിക്ക് കൂടുതല്‍ ഇഷ്ടമുണ്ട്. അവ സത്യസന്ധരാണ്. കളവുപറയില്ല' എന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌കി'ലെ കോയിസ്റ്റിനന്‍, ഹോട്ടലിനു പുറത്ത് പട്ടിയെകെട്ടിയിട്ടിട്ടുപോയ ഉടമസ്ഥനോട് കലഹിക്കുന്നുണ്ട്. 'ഡ്രിഫ്റ്റിങ് ക്ലൗഡ്‌സി'ലും ദരിദ്രരായ നായികാനായകന്‍മാര്‍ക്ക് കൂട്ടായി ഒരുനായയുണ്ട്.

പാട്ടുകളാണ് കൗറിസ്മാക്കി സിനിമകളുടെ മറ്റൊരു പ്രത്യേകത. മിക്കവാറും സിനിമകളില്‍ രണ്ടോമൂന്നോ പാട്ടുകള്‍ ഉണ്ടാകും. പഴയ റേഡിയോയില്‍ നിന്നുവരുന്ന പാട്ടുകള്‍ പല സിനിമകളിലും കാണാം. വിഷാദം കലര്‍ന്ന പാട്ടുകളാണ് ഏറെയും. റോക്ക് എന്‍ റോളിനോടുള്ള ഇഷ്ടവും അദ്ദേഹം സിനിമയില്‍ കൈവിടാറില്ല.

തന്റെ സിനിമകളൊന്നും മാസ്റ്റര്‍ പീസുകളല്ല എന്നാണ് അദ്ദേഹം പറയുന്നത്. മാസ്റ്റര്‍പീസ് നിര്‍മിക്കാമെന്നുവച്ചാലും അതിനുപറ്റില്ല. സ്വന്തം സിനിമകളില്‍ കാലത്തിന്റെ അടയാളങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ചിലപ്പോള്‍ ഭ്രാന്തന്‍ രീതിയിലും അദ്ദേഹം പ്രതികരിക്കാറുണ്ട്. ഇരുപതു സിനിമകള്‍ ചെയ്താല്‍ സിനിമയില്‍ നിന്ന് വിരമിക്കും എന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ആകെ 17 ഫീച്ചര്‍ സിനിമകള്‍ അദ്ദേഹം ഇതുവരെ ചെയ്തിട്ടുണ്ട്. 

No comments:

Post a Comment

Note: Only a member of this blog may post a comment.