Pages

Monday, December 10, 2012

ലൈഫ് ഓഫ് പൈ'


കടുവയ്ക്കും കടലിനുമിടയില്‍ ഒരു ത്രിമാനസൗന്ദര്യം

സാഹസികതയും വിസ്മയവും അതിശയങ്ങളും പ്രതീക്ഷയും കാത്തുവെക്കുന്ന 
മനോഹരമായ ത്രിമാന ചിത്രമാണ് ആങ് ലീയുടെ 'ലൈഫ് ഓഫ് പൈ'. 



കാഴ്ചയുടെ ഭാഷയെ പരമാവധി സൗന്ദര്യത്തോടെ അനുഭവിപ്പിക്കുക-അതാണ് ചലച്ചിത്രത്തിന്റെ ആത്യന്തിക ലക്ഷ്യം. ചില സൃഷ്ടികള്‍ ആ ഭാഷയെ തന്നെ നവീകരിക്കും. അത് അപൂര്‍വം. അങ്ങനെയൊന്നാണ് തായ്‌വാനീസ് സംവിധായകനായ ആങ് ലീയുടെ പുതിയ ചിത്രം 'ലൈഫ് ഓഫ് പൈ.' ത്രീഡി സിനിമയാണിത്. അതിലുമപ്പുറം അത് ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. നായകനായി അഭിനയിച്ചത് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് വിദ്യാര്‍ഥിയായ സൂരജ് ശര്‍മ. 

കൂടാതെ ഇര്‍ഫാന്‍ ഖാനും തബുവും. പത്തൊമ്പതുകാരനായ സൂരജിന്റെ ആദ്യചിത്രമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായിരുന്നു ഈ ചിത്രം. വെറും സാഹസികതയ്ക്കപ്പുറം ഭാരതീയ സംസ്‌കാരത്തിന്റെയും തത്വചിന്തയുടെയും ചേരുവകളുള്ള ചിത്രം എന്ന നിലയില്‍ കണ്ടിരിക്കേണ്ടതാണ് ഇത്; പറ്റുമെങ്കില്‍ ത്രീഡിയില്‍ തന്നെ. 

2001-ലെ ബുക്കര്‍ പുരസ്‌കാരത്തിനര്‍ഹമായ യാന്‍ മാര്‍ട്ടലിന്റെ 'ലൈഫ് ഓഫ് പൈ' എന്ന നോവലിനെ ആസ്പദമാക്കി ഡേവിഡ് മഗീ ആണ് തിരക്കഥ തയാറാക്കിയത്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ നിര്‍മാണ കമ്പനിയായ ട്വന്‍ടീത് സെഞ്ചുറി ഫോക്‌സ് മനോജ് നൈറ്റ് ശ്യാമളനെ സമീപിച്ചിരുന്നു, ചിത്രം സംവിധാനം ചെയ്യാന്‍. പക്ഷേ അദ്ദേഹം പിന്‍മാറി. 

പിന്നീട് മെക്‌സിക്കന്‍ സംവിധായകനായ അല്‍ഫോന്‍സോ കുആറോണിനെ സമീപിച്ചു. (രണ്ടു കൗമാരക്കാരുടെ രതിസാഹസങ്ങളുടെ യാത്ര ചിത്രീകരിച്ച 'വൈ തു മാമ താംബിയന്‍' എന്ന രസകരമായ ചിത്രത്തിന്റെ സംവിധായകനാണ് കുആറോണ്‍). പക്ഷേ കുആറോണും പിന്മാറി. പിന്നീടാണ് ഇത് ഹോങ്കോങ്ങുകാരനായ ആങ് ലീയുടെ കൈയിലെത്തുന്നത്. 


യാന്‍ മാര്‍ട്ടലിന്റെ നോവലിന് പ്രധാനമായി രണ്ടുഭാഗങ്ങളാണുള്ളത്. ആദ്യഭാഗം പോണ്ടിച്ചേരിയിലാണ്. പൈ പട്ടേലിന്റെ ബാല്യകാല കഥയാണത്. പൈയുടെ മാമാജി നീന്തല്‍ കമ്പക്കാരനാണ്. നീന്തല്‍ക്കുളങ്ങള്‍ അദ്ദേഹത്തിന്റെ വീക്ക്‌നെസ്സാണ്. ഒരിക്കല്‍ പാരീസിലെ 'പിസന്റ് മോളിറ്റര്‍' എന്ന നീന്തല്‍ക്കുളം സന്ദര്‍ശിച്ചതിന്റെ ഓര്‍മയ്ക്കായാണ് പേരിട്ടത്-പിസന്റ് മോളിറ്റര്‍ പട്ടേല്‍. പക്ഷേ അത് വിനയായി. സ്‌കൂളില്‍ കുട്ടികള്‍ അവനെ 'പിസ്സിങ്(മൂത്രമൊഴിക്കുന്ന) പട്ടേല്‍' എന്നു കളിയാക്കാന്‍ തുടങ്ങി. 

ഹൈസ്‌കൂളിലെത്തിയപ്പോള്‍ പിസന്റ് പട്ടേല്‍ എന്ന തന്റെ പേര് സ്വയം 'പൈ പട്ടേല്‍' എന്ന് ക്ലാസില്‍ വിവരിക്കാന്‍ തുടങ്ങി. കണക്കില്‍ വൃത്തത്തിന്റെ ചുറ്റളവുകാണാനുള്ള സൂത്രവാക്യത്തിലെ സ്ഥിരാങ്കമാണ് പൈ. അങ്ങനെ അവന്‍ പൈ പട്ടേലായി. പൈയുടെ കുടുംബത്തിന് പോണ്ടിച്ചേരിയില്‍ മൃഗശാലയുണ്ട്. അതില്‍ ഒരു കടുവയുമുണ്ട്-അതിന്റെ പേര് 'റിച്ചാര്‍ഡ് പാര്‍ക്കര്‍' ആണ്. ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നടത്തിയ കണക്കെടുപ്പില്‍ 'ക്ലറിക്കല്‍ മിസ്റ്റേക്ക്' കാരണമാണ് കടുവയ്ക്ക് റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന പേരുവന്നത്. 

എഴുപതുകളില്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ നിയമങ്ങളില്‍ അസ്വസ്ഥനായി പൈയും കുടുംബവും മൃഗങ്ങളുമായി ചരക്കുകപ്പലില്‍ കാനഡയിലേക്ക് പോകാന്‍ തീരുമാനിച്ചു. അങ്ങനെ 'സിംസും' എന്ന ജപ്പാന്‍ കപ്പലില്‍ അവര്‍ യാത്ര തിരിച്ചു. പക്ഷേ, ആ കപ്പല്‍ കൊടുങ്കാറ്റില്‍ പെട്ട് മുങ്ങുകയാണ്. അതാണ് നോവലിന്റെ ആദ്യഭാഗം. സിനിമയുടെ ആദ്യപകുതിയുടെ പാതിഭാഗമാണ് ഇതുള്ളത്. ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ ഭാഗമാണ് കപ്പല്‍ഛേദം. കൊടുങ്കാറ്റിനു നടുവില്‍ ആടിയുലയുകയും മുങ്ങുകയും ചെയ്യുന്ന കപ്പല്‍ നേരിട്ടെന്ന പോലെ കാണുക എന്നത് ഒരനുഭവം തന്നെയാണ്. ആദ്യഭാഗത്ത് പോണ്ടിച്ചേരിക്കു പുറമെ കേരളത്തിലെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. 

'മൃഗങ്ങള്‍ക്ക് ആത്മാവുണ്ട്' എന്നാണ് പൈയുടെ വാദം. 'നമ്മുടെ മാനസികാവസ്ഥ കടുവയുടെ കണ്ണുകളില്‍ പ്രതിഫലിക്കും. അതുകൊണ്ടാണ് കടുവയെ ചിലപ്പോള്‍ പാവമായി തോന്നുന്നതെന്ന് അച്ഛന്‍ സന്തോഷ് പറഞ്ഞുമനസിലാക്കുന്നു. ഇത് സിനിമയിലെ പ്രധാനപ്പെട്ട ഒരു വാചകമാണ്. കടുവ നമ്മുടെ തന്നെ മൃഗീയതയുടെ ഭാഗമാണോ അതോ ആത്മാവുള്ള ഒരു കടുവ ഉണ്ടായിരുന്നോ എന്ന ചോദ്യം സിനിമയുടെ അവസാന ഭാഗത്ത് ഉന്നയിക്കപ്പെട്ടേക്കാം. കപ്പല്‍ ഛേദത്തിനുശേഷമുള്ള ബാക്കി ഭാഗം രക്ഷാ ബോട്ടില്‍ കടലിനുനടുവില്‍ അകപ്പെട്ട പൈയുടെയും കടുവയുടെയും ജീവിതമാണ്. മുങ്ങുന്ന കപ്പലില്‍ നിന്ന് ഒരു ബോട്ടില്‍ രക്ഷാപ്രവര്‍ത്തകര്‍ എടുത്തെറിഞ്ഞതാണ് പൈ പട്ടേലിനെ. അച്ഛനുമമ്മയ്ക്കുമായി കേണെങ്കിലും രക്ഷാ പ്രവര്‍ത്തകര്‍ക്ക് അകത്തെത്താനായില്ല. 

പിന്നീടുള്ളത് കടുവയ്ക്കും കടലിനും നടുവിലുള്ള പൈയുടെ സാഹസിക ജീവിതമാണ്. അതാണ് സിനിമയുടെ അവസാനം വരെ. അതിനിടയില്‍ ഒരുപാടുസംഭവങ്ങളുണ്ട്. കടുവയുടെ മുന്നില്‍ ജീവിതം സംരക്ഷിക്കാനുള്ള പൈയുടെ തത്രപ്പാടുകള്‍, ഭക്ഷണം കണ്ടെത്താനുള്ള ശ്രമങ്ങള്‍, തീരം കാണുമെന്ന പ്രതീക്ഷ, അപ്രതീക്ഷിതമായ തിരിച്ചടികള്‍, അത്താണിയായി കണ്ടെത്തുന്ന തീരത്തിലെ ഭീഷണികള്‍ എല്ലാം. കടലിന്റെ പലതരം വിസ്മയങ്ങളും ആങ് ലീ കാത്തുവെച്ചിട്ടുണ്ട്. 

കാലിഫോര്‍ണിയ ആസ്ഥാനമായ റിതം ആന്‍ഡ് ഹ്യൂസ് കമ്പനിയാണ് ചിത്രത്തിന്റെ അനിമേഷന്‍ നിര്‍വഹിച്ചത്. റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന കടുവയെ അനിമേഷനിലൂടെ നിര്‍മിച്ചതാണ്. സംവിധായകനായ ആങ് ലീക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ ചിത്രമാണിത്. തായ്‌വാനിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവളത്തിലെ ടാങ്ക് ആണ് ഇതില്‍ കടലും തിരമാലകളും നിര്‍മിക്കാന്‍ ഉപയോഗിച്ചത്. ആര്‍ ആന്‍ഡ് എച്ച് കമ്പനിക്ക് മുംബൈയിലും ഹൈദരാബാദിലും ഉള്‍പ്പെടെ ലോകത്തെമ്പാടും സ്റ്റുഡിയോകളുണ്ട്.
പലയിടങ്ങളിലായാണ് ഇതിന്റെ അനിമേഷന്‍ പൂര്‍ത്തിയാക്കിയത്. 2011-ല്‍ പോണ്ടിച്ചേരിയിലെ മുതിയാല്‍പേട്ടിലെ ഹോളി റോസരി ചര്‍ച്ചിലാണ് ചിത്രീകരണം തുടങ്ങിയത്. പിന്നീട് തയ്‌വാന്‍, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലും ചിത്രീകരിച്ചു. 

ജെയിംസ് കാമറൂണിന്റെ 'അവതാര്‍' ആയിരുന്നു ഇതിനുമുമ്പ് ലോകമെമ്പാടും റിലീസ് ചെയ്ത ത്രീഡി ചിത്രം. എന്നാല്‍ കാഴ്ചയുടെയും ഉള്ളടക്കത്തിന്റെയും ജീവിതബന്ധംകൊണ്ട് 'ലൈഫ് ഓഫ് പൈ' 'അവതാറി'നെക്കാള്‍ മികച്ചു നില്‍ക്കുന്നു എന്നുപറയാം. കനഡയില്‍ താമസമായ പൈ പട്ടേലി(ഇര്‍ഫാന്‍ ഖാന്‍)നെത്തേടിയെത്തുന്ന കനേഡിയന്‍ നോവലിസ്റ്റി(റാഫെ സ്പാല്‍)നോട് കഥപറയുന്ന രീതിയിലാണ് ചിത്രത്തിന്റെ ആഖ്യാനം. ബെന്യാമിന്റെ 'ആടുജീവിത'ത്തിലെ ഒരു പരാമര്‍ശം ഓര്‍മവരുന്ന രീതിയിലാണ് ചിത്രത്തിന്റെ അവസാനം. 'നാം അനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.' 

മെക്‌സിക്കോയില്‍ എത്തിയ പൈയെ തേടി ജപ്പാന്‍ കാര്‍ഗോ കപ്പലിനെ സംബന്ധിച്ച വിവരങ്ങളറിയാന്‍ ഇന്‍ഷുറന്‍സ് അധികൃതര്‍ എത്തുന്നുണ്ട്. എന്നാല്‍ പൈയുടെ കഥ അവര്‍ക്ക് വിശ്വാസമാവുന്നില്ല. കുറച്ചുകൂടി ലളിതമായ, വിശ്വസിക്കാനാകുന്ന ഒരു കഥപറയാന്‍ അവര്‍ ആവശ്യപ്പെടുന്നു. അങ്ങനെ അയാള്‍ ഭാവനയില്‍ നിന്നൊരു കഥയുണ്ടാക്കി അവരോട് പറയുന്നു. അവിശ്വാസിക്കും വിശ്വാസിക്കും തന്റെ ബോധത്തിനനുസരിച്ച് വ്യാഖ്യാനിക്കാന്‍ അവസരം നല്‍കുന്നതാണ് യാന്‍ മാര്‍ട്ടലിന്റെ നോവല്‍. ആ സാധ്യതകള്‍ സിനിമയിലും ആങ് ലീ സൂക്ഷിച്ചിട്ടുണ്ട്. ചിത്രത്തില്‍ കുറച്ച് തമിഴ് സംഭാഷണങ്ങളുണ്ട്. 

പ്രധാനമായും പൈയുടെ അമ്മ ഗിതാ പട്ടേലി(തബു)ന്റേതും കൗമാരക്കാരിയായ കൂട്ടുകാരി ആനന്ദി(ശ്രാവന്തി സായ്‌നാഥ്) എന്നിവരുടേതുമാണത്. സംവിധായകനായ ആങ് ലീ ഇന്ത്യയിലെത്തി ഓഡിഷന്‍ നടത്തി കണ്ടെത്തിയ ആളാണ് നായകനായ സൂരജ് ശര്‍മ. 

പൈയുടെ വേഷം പൂര്‍ണമാക്കാനായി പച്ചമീന്‍ തിന്നുകവരെ ചെയ്തിട്ടുണ്ടെന്ന് സൂരജ് പറയുന്നു. ജനപ്രിയ ചിത്രങ്ങളും കലാചിത്രങ്ങളും ലീ സംവിധാനം ചെയ്തിട്ടുണ്ട്. 'സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി', 'ക്രൗച്ചിങ് ടൈഗര്‍ ഹിഡണ്‍ ഡ്രാഗണ്‍', 'ലസ്റ്റ് ആന്‍ഡ് കോഷന്‍' തുടങ്ങിയ സിനിമകള്‍ അവയില്‍ പ്രധാനമാണ്. 'ബ്രോക്ക്ബാക്ക് മൗണ്ടന്‍' എന്ന ചിത്രത്തിന് ലീക്ക് മികച്ച സംവിധായകനുള്ള ഓസ്‌കാറും ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.