Pages

Sunday, July 3, 2011

ജയറാം രണ്ടുംകല്‍പ്പിച്ച്

സ്വന്തം ലേഖകന്‍

ഒരിക്കല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ തിയറ്ററുകളില്‍ നിരന്തരം പരാജയമേറ്റുവാങ്ങിയപ്പോള്‍ മലയാള സിനിമയെ പിടിച്ചുനിര്‍ത്തിയത് ജനപ്രിയ നായകനെന്ന വിശേഷമുള്ള ജയറാമിന്റെ സിനിമകളായിരുന്നു. മുടക്കുമുതല്‍ തിരിച്ചുപിടിക്കും ജയറാമിന്റെ സിനിമകളെന്നത് പ്രൊഡ്യൂസര്‍മാരെ ഈ താരത്തെ വച്ച് പടം പിടിക്കാന്‍ ഏറെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കാലം വേഗം മാറി.

ജയറാം സിനിമകളില്ലാതെ വനവാസത്തിലായപ്പോള്‍ ലാലും മമ്മൂട്ടിയും ദിലീപും പൃഥ്വിരാജും ജയസൂര്യയുമൊക്കെ മലയാളത്തില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് ചലനം സൃഷ്ടിച്ചുതുടങ്ങി. ഈയിടെയാണ് ജയറാം രണ്ടാം വരവ് നടത്തിയത്. ഈ തിരിച്ചുവരവ് പൂര്‍ണ വിജയവുമായിരുന്നു. അതിനാല്‍ തന്നെ ഈ മേല്‍പ്പറഞ്ഞ സൂപ്പര്‍ താരങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കാന്‍ തന്നെയാണ് ഇപ്പോള്‍ ജയറാമിന്റെ നീക്കം.

ആ ഏറ്റുമുട്ടല്‍ ഓണത്തിനാകുമുണ്ടാകുകയെന്നും സൂചന. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവര്‍ക്ക് ഓണച്ചിത്രങ്ങളുണ്ടാകുമെന്ന് നേരത്തെ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇപ്പോഴിതാ ജയറാമും ഓണമത്സരത്തിനിറങ്ങുന്നുവെന്ന വാര്‍ത്ത വന്നിരിക്കുന്നു. ഉലകംചുറ്റും വാലിബന്‍ എന്ന ചിത്രം ജയറാമിന്റേതായി ഓണത്തിനെത്തിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ ഓണം റിലീസിനായി ജയറാമും നിര്‍മ്മാതാവ് മിലനും തീയേറ്റര്‍ ഉടമകളെ സമീപിച്ചിട്ടുണ്ട്. ഉലകംചുറ്റും വാലിബന്‍ ഓണത്തിനെത്തുമോ എന്ന് ഉറപ്പുപറയാറായിട്ടില്ലെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

പക്ഷേ സൂപ്പര്‍താരച്ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ തന്നെയാണ് ജയറാമിന്റെ തീരുമാനം. നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള ചിത്രമായതിനാല്‍ ഓണക്കാലത്ത് കുടുംബപ്രേക്ഷകര്‍ തീയേറ്ററിലെത്തുമെന്ന പ്രതീക്ഷയിലാണ് ജയറാമും സിനിമയുടെ അണിയറപ്രവര്‍ത്തകരും. അതുകൊണ്ടാണ് ഓണക്കാലത്ത് തന്നെ ചിത്രം തീയേറ്ററിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. വന്ദന, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കഥ ഗോപു ബാബു രാജ്ബാബു സംവിധാനം ചെയ്യുന്ന 'ഉലകംചുറ്റും വാലിബന്റെ തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുര എഴുതുന്നു.

ബിജു മേനോന്‍, ജനാര്‍ദനന്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, ബിജു കുട്ടന്‍, സുരേഷ്‌കൃഷ്ണ, സാദിഖ്, മാമുക്കോയ, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍. ഗാനരചന കൈതപ്രം, വയലാര്‍ ശരത്ചന്ദ്രവര്‍മ, ചന്ദ്രശേഖര്‍ എങ്ങണ്ടിയൂര്‍. സംഗീതം മോഹന്‍ സിത്താര.

No comments:

Post a Comment

Note: Only a member of this blog may post a comment.