Pages

Friday, July 1, 2011

ബ്രിട്ടണിലെ അടിവസ്ത്ര മോഡല്‍ ഇനി ദിലീപിനൊപ്പം

സ്വന്തം ലേഖകന്‍

മദ്രാസി പട്ടണമെന്ന തമിഴ്‌സിനിമയിലെ ആ ബ്രിട്ടിഷ് സുന്ദരിയെ ഓര്‍മയുണ്ടോ. മദ്രാസി പട്ടണത്തിലെ നായകനെ അവതരിപ്പിച്ച ആര്യ വികാരവിവശനായി അവള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണെന്ന് സിനിമയ്ക്ക് ശേഷം പറഞ്ഞത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ആര്യയെക്കൊണ്ട് ഇങ്ങനെ പറയിച്ച ആ സുന്ദരിയെ ഇനി മലയാളത്തില്‍ ദിലീപിനൊപ്പം കാണാം.

ലാല്‍ ജോസ് ചിത്രമായ സ്പാനിഷ് മസാലയിലെ നായികയായി മദ്രാസി പട്ടണത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച എമി ജാക്‌സണെ തെരഞ്ഞെടുത്തു കഴിഞ്ഞു. ചിത്രത്തില്‍ നായികയായി ഒരു സ്പാനിഷ് സുന്ദരിയെ തേടിനടന്ന ലാല്‍ ജോസിന്റെ അന്വേഷണം ഈ ബ്രിട്ടിഷുകാരിയില്‍ അവസാനിക്കുകയായിരുന്നു. ചാങ് ഷു മിന്‍ എന്ന ചൈനക്കാരിയെ അറബിക്കഥയിലൂടെ നായികയായി അവതരിപ്പിച്ച സംവിധായകനാണ് ലാല്‍ ജോസ്. സ്പാനിഷ് മസാലയുടെ ചിത്രീകരണം പൂര്‍ണമായും സ്‌പെയിനിലായിരിക്കും നടക്കുക.



മുന്‍ 'മിസ് ടീന്‍ വേള്‍ഡ്‌' ജേതാവാണ് എമി. കൂടാതെ കഴിഞ്ഞ വര്‍ഷം മിസ് ലിവര്‍പൂള്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മോഡലിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നടക്കുമ്പോഴാണ് മദ്രാസി പട്ടണത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്.

മദ്രാസി പട്ടണം വന്‍ ഹിറ്റായതോടെ എമിക്ക് തമിഴ് സിനിമയില്‍ നിന്ന് അവസരങ്ങളുടെ പ്രവാഹമായി. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന 'വിണ്ണൈത്താണ്ടി വരുവായ' ഹിന്ദി റീമേക്ക് 'പ്രേംകഥ'യില്‍ അഭിനയിച്ചു വരികയാണ് ഇപ്പോള്‍ എമി. ലാല്‍ ജോസ് ചിത്രമാണെന്നറിഞ്ഞതോടെ മലയാളത്തില്‍ അഭിനയിക്കാന്‍ എമി സമ്മതം മൂളുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മലയാളി യുവാവും സ്പാനിഷ് യുവതിയുമായുണ്ടാകുന്ന പ്രണയബന്ധമാണ് സ്പാനിഷ് മസാലയുടെ പ്രമേയം.



ഒട്ടേറെ സ്പാനിഷ് സുന്ദരിമാരുടെ ഫോട്ടോ സെഷന്‍ നടത്തിയെങ്കിലും ഒടുവില്‍, നായികയായി ബ്രിട്ടീഷ് മോഡല്‍ കൂടിയായ എമി ജാക്‌സണ്‍ മതി എന്ന് ലാല്‍ ജോസ് തീരുമാനിക്കുകയായിരുന്നു. ബെന്നി പി നായരമ്പലമാണ് സ്പാനിഷ് മസാലയ്ക്ക് തിരക്കഥയെഴുതുന്നത്. ദിലീപ് ബെന്നി ലാല്‍ ജോസ് ടീമിന്റെ 'ചാന്തുപൊട്ട്' മെഗാഹിറ്റായിരുന്നല്ലോ. ആ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ലാല്‍ ജോസിന്റെ പ്രതീക്ഷ.

നൌഷാദ് നിര്‍മ്മിക്കുന്ന സ്പാനിഷ് മസാലയില്‍ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം വിദ്യാസാഗര്‍. ജൂലൈ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, രസികന്‍, ചാന്തുപൊട്ട്, മുല്ല എന്നിവയാണ് ദിലീപും ലാല്‍ജോസും ഒന്നിച്ച സിനിമകള്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.