Pages

Friday, July 15, 2011

തിരക്കുമൂലം ലാല്‍ വേണ്ടെന്നുവച്ച ചലചിത്രഅക്കാദമി അധ്യക്ഷസ്ഥാനം അതിനേക്കാള്‍ തിരക്കുള്ള പ്രീയന്‍ ഏറ്റെടുത്തു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാന ചലചിത്ര അക്കാദമിയുടെ അമരക്കാരന്‍ ഹിന്ദു ചലചിത്രലോകത്തെ തിരക്കിന് അവധിനല്കി ഓഫീസിലെത്തി. ഹിന്ദി ചലച്ചിത്രലോകം കീഴടക്കിയ സംവിധായകന്‍ പ്രിയദര്‍ശന്‍, മലയാള സിനിമയുടെ അമരക്കാരനാകാന്‍ ഇന്നലെയാണ് തിരുവനന്തപുരത്തെത്തിയത്. നേരത്തെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനോട് ചലചിത്ര അക്കാദമി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നു സാംസ്‌കാരിക മന്ത്രി ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരിക്കാണെന്നു പറഞ്ഞ് അദ്ദേഹം ഒഴിയുകയായിരുന്നു. എന്നാല്‍ ലാലിന്റെ പത്തിരട്ടി തിരക്കുള്ള പ്രീയന്‍ ഇന്നലെ തിരുവനന്തപുരത്തെത്തി സ്ഥാനമമേറ്റു.

ആദ്യദിനം തന്നെ സൂപ്പര്‍സംവിധായകന് തിരക്കിന്റെ ദിനമായിരുന്നു. രാവിലത്തെ വിമാനത്തില്‍ ചെന്നൈയില്‍ നിന്നെത്തിയ അദ്ദേഹം നേരെ നിയമസഭയിലേക്കു പോയി. അവിടെ വകുപ്പു മന്ത്രിയും സഹപ്രവര്‍ത്തകനുമായ കെ.ബി. ഗണേഷ്‌കുമാറുമായി ഹ്രസ്വ ചര്‍ച്ച. തുടര്‍ന്നു രാഹുകാലത്തിനു മുന്‍പു സ്ഥാനമേല്‍ക്കാനായി ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫിസിലേക്കു പുറപ്പെട്ടു. അവിടെ പ്രിയന്റെ വരവും പ്രതീക്ഷിച്ചു മാധ്യമപ്രവര്‍ത്തകര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

ഒരു മണിക്കു മുന്‍പേ അദ്ദേഹം ഒപ്പുവച്ചു ചുമതലയേറ്റു.  അക്കാദമി സെക്രട്ടറി ഡോ. കെ.എസ്. ശ്രീകുമാര്‍, രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ചുമതലയുള്ള ബീന പോള്‍ എന്നിവരെയും അക്കാദമിയിലെ ജീവനക്കാരെയും പുതിയ ചെയര്‍മാന്‍ പരിചയപ്പെട്ടു. ഇത്തരമൊരു ഭരണപരമായ പദവി എന്നെങ്കിലും തന്നെ തേടിയെത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത്തരം ജോലികള്‍ക്കു താന്‍ പറ്റുമെന്നു തോന്നിയിട്ടില്ലെന്നും പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞു. തനിക്കു താല്‍പര്യമുള്ള ദൗത്യമാണിത്. അതിനാല്‍ വെല്ലുവിളിയായിക്കണ്ട് ഏറ്റെടുക്കുന്നു. സിനിമയുടെ തിരക്കുണ്ടെങ്കിലും അക്കാദമിയുടെ പ്രവര്‍ത്തനത്തിനായി സമയം കണ്ടെത്തും. മുഴുവന്‍ സമയവും ഇവിടെ ചെലവഴിക്കാന്‍ തനിക്കു സാധിക്കില്ല.

പക്ഷേ ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ സാന്നിധ്യം ആവശ്യമുള്ളപ്പോഴെല്ലാം ഇവിടെയുണ്ടാകും. ഈ പുതിയ ജോലി ഭംഗിയായി ചെയ്യുന്നതിനു മറ്റുള്ളവരുടെ സഹായം ലഭിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ജോലികള്‍ എന്തൊക്കെയാണെന്ന് ഇനി പഠിക്കണം. മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കുമായി പരമാവധി ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 'അറബിയും ഒട്ടകവും പിന്നെ പി. മാധവന്‍ നായരും എന്ന പുതിയ സിനിമയുടെ നിര്‍മാണ ജോലികളുടെ തിരക്കിലാണു പ്രിയദര്‍ശന്‍. മറ്റൊരു മലയാള സിനിമയെക്കുറിച്ച് ഉടനെ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു സംസ്ഥാന ടിവി അവാര്‍ഡ് ജേതാക്കളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രിയദര്‍ശന്‍ ഒപ്പുവച്ചു. സുഹൃത്തും നിര്‍മാതാവുമായ ജി. സുരേഷ്‌കുമാര്‍, സംവിധായകന്‍ ഗിരീഷ്, നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രിയനോടൊപ്പം ഉണ്ടായിരുന്നു.

ഔദ്യോഗിക ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം വീണ്ടും നിയമസഭയിലേക്കു പുറപ്പെട്ടു.  അവിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച. പ്രിയദര്‍ശന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി ആഹ്ലാദത്തിലായിരുന്നു. ഇതിനിടെ പ്രിയന്‍ എത്തിയെന്നറിഞ്ഞു വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍ തുടങ്ങിയ യുഡിഎഫ് എംഎല്‍എമാര്‍ അദ്ദേഹത്തിനു ചുറ്റും കൂടി. പുതിയ സ്ഥാനലബ്ധിയില്‍ അനുമോദനങ്ങള്‍ അറിയിച്ച എംഎല്‍എമാര്‍ സന്തോഷം പങ്കുവച്ചു. തുടര്‍ന്നു മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനൊപ്പം അദ്ദേഹത്തിന്റെ വണ്ടിയില്‍ പ്രിയദര്‍ശന്‍ വേട്ടമുക്കിലുള്ള തറവാട്ടുവീട്ടിലേക്കു പുറപ്പെട്ടു. അവിടെ അദ്ദേഹത്തെ കാത്ത് മാതാപിതാക്കള്‍ ഉണ്ടായിരുന്നു. തിരക്കിനിടെ ഓടിയെത്താറുള്ള പ്രിയനെ കാത്തിരിക്കുകയായിരുന്നു അവര്‍. വൈകുന്നേരം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലുള്ള ആദ്യ പൊതുപരിപാടി. സംസ്ഥാന ടിവി അവാര്‍ഡ് വിതരണച്ചടങ്ങില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പ്രിയദര്‍ശനും മുന്‍നിരയില്‍ സ്ഥാനംപിടിച്ചതോടെ ഇനിയുള്ള ദിനങ്ങളില്‍ മലയാള സിനിമയെ നയിക്കാന്‍ പ്രിയന്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായി.

നേരത്തെ സൂപ്പര്‍താരം മോഹന്‍ലാലിനെ ചലചിത്രഅക്കാദമിയുടെ അമരക്കാരനാക്കാനായിരുന്നു ഗണേഷിന്റെ താല്‍പര്യം. ഇതിനു മോഹന്‍ലാല്‍ തയ്യാറാണോ എന്ന് അന്വേഷിച്ച മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിരാശനാവുകയും ചെയ്തിരുന്നു. തനിക്കു താല്‍പര്യമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. കാരണമായി പറഞ്ഞത് സമയക്കുറവാണെങ്കിലും തന്നേക്കാള്‍ ജൂണിയര്‍ നടനായ ഗണേഷ്‌കുമാറിനു കീഴിലെ അക്കാദമിയില്‍ ചെയര്‍മാനാകാനുള്ള മടിയാണ് യഥാര്‍ത്ഥ കാരണം. പ്രോട്ടോക്കോള്‍ പ്രകാരം അക്കാദമി ചെയര്‍മാനു മുകളിലുള്ള മന്ത്രിയുമായി ഒന്നിച്ചു യോഗങ്ങളിലും മറ്റും പങ്കെടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റും അടുത്ത സുഹൃത്തുക്കളോട് ലാല്‍ ചൂണ്ടിക്കാണിച്ചതായി അറിയുന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകുന്നതിനെ മുതിര്‍ന്ന സഹപ്രവര്‍ത്തകരും വിലക്കി. പകരം പ്രമുഖ സംവിധായന്‍ പ്രിയദര്‍ശനെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്നീട് പരിഗണിച്ചത്.  മോഹന്‍ലാലിന്റെ പത്തിരിട്ടി തിരക്കുള്ള പ്രീയന്‍ ചുമതല ഏല്‍ക്കുകയും ചെയ്തു.

മുഖ്യധാരാ സിനിമയില്‍ സജീവമായ ഏതെങ്കിലും പ്രമുഖനെ ചെയര്‍മാനാക്കാനാണ് മന്ത്രി ഗണേഷ്‌കുമാര്‍ തുടക്കം മുതല്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് മോഹന്‍ലാലിനെ മന്ത്രിതന്നെ നേരിട്ടു സമീപിച്ചത്. മോഹന്‍ലാല്‍ ചെയര്‍മാനാകുന്നതോടെ ആഗോളതലത്തില്‍ തന്നെ സംസ്ഥാന ചലച്ചിത്ര അക്കാദമിക്കു കിട്ടാനിടയുള്ള ശ്രദ്ധയും പരിഗണനയും മറ്റും കണക്കിലെടുത്തായിരുന്നു ഇത്. പ്രിയദര്‍ശന്‍ ചെയര്‍മാനായതോടെ ലോക സിനിമാ രംഗത്തു നിന്നുള്ള ശ്രദ്ധ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്രത്യേകിച്ചും ചലച്ചിത്ര അക്കാദമിയുടെ ഏറ്റവും പ്രധാന പരിപാടിയായ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് കേരള ( ഐഎഫ്എഫ്‌കെ)യുടെ നടത്തിപ്പിലും മറ്റും, പ്രിയദര്‍ശന്റെ സാന്നിധ്യം ഗുണം ചെയ്യും.

അതേസമയം, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അക്കാദമി ചെയര്‍മാനായിരുന്ന സംവിധായകന്‍ ടി കെ രാജീവ്കുമാറിനെ ചെയര്‍മാനാക്കാന്‍ സിനിമാ നിര്‍മാതാക്കളുടെ സംഘടനാ നേതൃത്വം സമ്മര്‍ദം ചെലുത്തിയിരുന്നു. പ്രമുഖ നിര്‍മാതാവ് സുരേഷ്‌കുമാറാണ് പ്രധാനമായും ഇതിനു ചരടു വലിച്ചത്. മറ്റൊരുവശത്ത് കോണ്‍ഗ്രസ് നേതാവ് പാലോടു രവി മുഖേന സംവിധായകന്‍ രാജീവ്‌നാഥും ശ്രമം നടത്തിയിരുന്നു. കെപിസിസിയുടെ സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ കൂടിയായ പാലോടു രവി എംഎല്‍എ ഇക്കാര്യം ഗണേഷ്‌കുമാറുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ രാജീവ്കുമാറിന്റെയും രാജീവ്‌നാഥിന്റെയും കാര്യത്തില്‍ ഗണേഷ്‌കുമാര്‍ കാര്യമായ താല്‍പര്യം കാണിച്ചിട്ടില്ലെന്നുമാത്രമല്ല പ്രീയനുവേണ്ടി ശക്തമായി വാദിക്കുകയും ചെയ്തു. ഒടുവില്‍ ഗണേഷന്റെ പിടിവാശി ഫലിക്കുകയുമായിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.