Pages

Wednesday, June 29, 2011

സില്‍സില തോറ്റു.... തൊപ്പിയിട്ടു.... പുതിയ താരം പണ്ഡിറ്റ് സന്തോഷ്

സ്വന്തം ലേഖകന്‍

കൊച്ചി: ജീവിതം ഒരു സില്‍സില എന്നു പാടി അഭിനയിച്ച് മലയാളിയെ കരയിപ്പിച്ച ഹരിശങ്കറിനേയും തോല്‍പ്പിച്ച് മറ്റൊരു മലയാളി. സന്തോഷ് പണ്ഡിറ്റ് എന്നാണ് ഈ സംഗീത പണ്ഡിറ്റിന്റെ പേര്. ഗാനരചന, സംഗീതം, ഗാനാലാപനം തുടങ്ങി മുഖ്യവേഷം വരെ കൈകാര്യം ചെയ്യാന്‍ തൊലിക്കട്ടിയുള്ള ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ യു ട്യൂബിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഉറക്കംകെടുത്തുകയാണ്. Actor, Director, Composer, Lyricist, Producer, Costumer, Record Producer, Editor, Re-Recording Mixer, Production Cotnroller, Special Effecst എല്ലാം അദ്ദേഹം തന്നെ നിര്‍വഹിച്ചിരിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്നുണ്ട് തന്റെ ആല്‍ബത്തില്‍. കൃഷ്ണനും രാധയും എന്ന സിനിമയാണ് ടിയാന്റെ മുഖ്യകാര്‍മികത്വത്തില്‍ പുറത്തുവരുന്നത്.

എട്ടു ഗാനങ്ങളുള്ള പ്രസ്തുത സിനിമയിലെ രണ്ടു ഗാനങ്ങള്‍ യൂടുബില്‍ ഇതിനകം സ്ഥാനം പിടിച്ചുകഴിഞ്ഞു. രാത്രി ശുഭരാത്രി, അംഗനവാടിയിലെ ടീച്ചറെ എന്നീ ഗാനങ്ങളില്‍ രാത്രി ശുഭരാത്രി എന്ന ഗാനമാണ് സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. ഗാനം പാടിയത് ആരാണെന്ന് പ്രത്യേകം ചോദിക്കേണ്ടതില്ലല്ലോ?. ഇതിനുപുറമേ രണ്ടുപാട്ടുകൂടി സന്തോഷ് പണ്ഡിറ്റ് പാടിയിട്ടുണ്ട്. അതു വൈകാതെ പുറത്തിറങ്ങുമെന്നതിനാല്‍ ആരാധകര്‍ നിരാശപ്പെടേണ്ട. ബാക്കി പാട്ടുകള്‍ എം.ജി ശ്രീകുമാറും ചിത്രയും വിധു പ്രതാപും പടിയിട്ടുണ്ടെന്നു ടിയാന്‍ അവകാശപ്പെടുന്നുമുണ്ട്. സിനിമ ഒരു Pychological approach ആണെന്നാണ് പണ്ഡിറ്റിന്റെ നിലപാട്. 105 പുതുമുഖങ്ങളെ യാണ് സിനിമയില്‍ പരിചയപ്പെടുത്തുന്നത്.

വെറും ഒരു സിനിമാസംവിധായകന്‍ മാത്രമായാല്‍ പണ്ഡിറ്റ് ബിരുദം ലഭിക്കില്ലല്ലോ?. അദ്ദേഹം Graduation in English, Diploma in German ആണ്. Master Degree in Hindi, Diploma in Hindi-English Translation, Stenography, Typewriting (higher) in English and Hindi, DTP, LLB, Post Graduate Diploma in Multimedia (Film editing, graphics), Graduation in Civil Engineering , Diploma in Astrology, sPychology എന്നിവയാണ് മറ്റുബിരുദങ്ങള്‍. രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് ഒരു കൗമാരസുന്ദരിയുമൊത്താണ് സന്തോഷിന്റെ കടുംകൈകള്‍. സഭ്യതയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന ചില കൈകടത്തലുകള്‍ ഗാന രംഗത്ത് ഉണ്ടെന്നു വിമര്‍ശകര്‍ പറയന്നു.

വിമര്‍ശകര്‍ രണ്ടു തരമുണ്ടെന്നും, തന്നെപോലെ കഴിവുള്ള ബഹുമുഖ പ്രതിഭകള്‍ വളര്‍ന്നുവരുന്നത് സഹിക്കാത്തവര്‍ ആണ് അതിനു പിന്നിലെന്നും, ഉറുമിയില്‍ കാണികുന്നത് സഭ്യതക്ക് നിരക്കുന്നതാണോ?, നടി ഐശ്വര്യ റായ് (പല നടിമാരും) കാണികുന്നത് എന്താണ് ? എന്നുമൊക്കെയാണ് ഇതിന് അദ്ദേഹത്തിന്റെ മറുപടി. രാത്രി ശുഭരാത്രി എന്ന ഗാന രംഗത്ത് എന്തെങ്കിലും കുഴപ്പമുണ്ടെകില്‍ അത് മനപ്പുര്‍വ്വം അല്ലെന്നും താന്‍ അല്‍പ്പം നീളം കൂടിയ 'കുട്ടിയും' നായിക അല്‍പ്പം നീളം കുറഞ്ഞ കുട്ടിയും ആയതിനാല്‍ തൊട്ടും പിടിച്ചും അഭിനയിക്കുന്ന സമയത്ത് അറിയാതെ പിടിച്ചതാണ് എന്നും അദ്ദേഹം വിശദീകരിക്കുന്നു. (മൊയലാളീ ............ചങ്ക ചക ചാകാ...) മാത്രമല്ല ഈ പാട്ടുകള്‍ തന്നെ തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഒക്കെ നമ്മുക്ക് ആസ്വദിക്കാനും അവസരം ഒരുക്കുന്നുണ്ട് . നിങ്ങള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് തിയേറ്റര്‍ വേര്‍ഷന്‍ അല്ലെന്നും അതില്‍ ഇനിയും ഒരുദിവസത്തെ വര്‍ക്ക് (..?) വരാനുണ്ട് എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

സിനിമയെ കുറിച്ച് പറയുമ്പോഴും അദ്ദേഹത്തിന് ആയിരം നാവാണ്, ഭാമയെയോ ഭാവനയെയോ ആയിരുന്നു നായികമാരായി കണ്ടിരുന്നത്. പക്ഷെ അവര്‍ക്ക് ഡേറ്റ് ഇല്ലാത്തതിനാല്‍ പറ്റിയില്ല. അവര്‍ താന്‍തയ്യാറാക്കിയ തിരക്കഥ വായിച്ചു കരഞ്ഞു പോലും. ഇവിടംകൊണ്ടൊന്നും സന്തോഷിന്റെ സിനിമാപദ്ധതികള്‍ അവസാനിക്കുന്നില്ല. കാളിദാസന്‍ കഥ എഴുതുകയാണ് എന്ന പേരില്‍ രണ്ടാമത്തെ സിനിമയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു പാട്ടുകളിലായി രണ്ടു കൗമാരക്കാരികളെയും നായികയായി മറ്റൊരു കൗമാരകാരിയെയും നമ്മള്‍ കണ്ടു കഴിഞ്ഞു. എട്ടു പാട്ടുകളുള്ളതുകൊണ്ട് ഇനിയും പ്രതീക്ഷിക്കാം.

നായകനും സംവിധായകാനും മറ്റു സര്‍വത്ര കാര്യങ്ങളും അദ്ദേഹം ഒറ്റയ്ക്ക് ചെയ്യുന്നു. പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായ നിലക്ക് ഈ കൗമാര കാരികളുടെ ഭാവി ഏതാണ്ട് ഉറപ്പായി. അഭിനേതാക്കളില്‍ ചിലര്‍ ഈ പബ്ലിസിറ്റിയെ പറ്റി ഓര്‍മിപ്പിക്കുകയും നമുക്കിത് വേണോ എന്നു ചോദിക്കുകയും ചെയ്തപ്പോള്‍, 'നാം നമ്മുടെ കര്‍മ്മം ചെയ്യുക' എന്നാണ് അവര്‍ക്ക് മറുപടി കൊടുത്തതെന്നും സംവിധായകന്‍ വെളിപ്പെടുത്തുന്നുണ്ട്.


Tuesday, June 28, 2011

രതിചേച്ചി കീഴടക്കി, ഇനി വരുന്നത് രാജിച്ചേച്ചി; സീമയ്ക്ക് പകരം പ്രിയാമണി

സ്വന്തം ലേഖകന്‍

കൊച്ചി: രതിനിര്‍വേദത്തിലൂടെ മലയാളികളുടെ കീഴടക്കിയ രതിചേച്ചിക്കു പിന്നാലെ മഴനൃത്തവുമായി മാദകസുന്ദരിയായ രാജിയും എത്തുന്നു. എഴുപതുകളുടെ അവസാനം മലയാള യുവത്വത്തെ അസ്വസ്ഥമാക്കിയ അവളുടെ രാവുകള്‍ ഐ. വി. ശശി വീണ്ടും അണിയിച്ചൊരുക്കുകയാണ്. ലിബര്‍ട്ടി ബഷീറാണ് നിര്‍മാതാവ്. ചിത്രത്തില്‍ സീമ ചെയ്ത വേഷത്തിലേക്ക് പ്രിയാമണിയെ ആണ് പരിഗണിക്കുന്നത്. അവളുടെ രാവുകള്‍ അസ്വസ്ഥമാക്കിയത് ഒരു കാലഘട്ടത്തിന്റെ തന്നെ രാപകലുകളെയായിരുന്നു. 1978ല്‍ പുറത്തുവന്ന ചിത്രം അക്കാലത്തെ സദാചാരചര്‍ച്ചകള്‍ക്ക് കുറച്ചൊന്നുമല്ല ചൂടുപകര്‍ന്നത്. മലയാളത്തില്‍ എ സര്‍ട്ടിഫിക്കറ്റ് നേടിയ ആദ്യകാലചിത്രങ്ങളിലൊന്നുകൂടിയായിരുന്നു അവളുടെ രാവുകള്‍.ചിത്രം പങ്കുവെച്ച പ്രമേയത്തിന് സമകാലികകേരളത്തില്‍ ഏറെ പ്രസക്തിയുള്ളതുകൊണ്ടാണ് പുനര്‍നിര്‍മിക്കുന്നതെന്ന് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

സീമ അവതരിപ്പിച്ച വേഷം ചെയ്യാന്‍ പ്രമുഖ നടിമാര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയാമണിയിലാണ് പ്രതീക്ഷ. പ്രിയയ്ക്ക്, ചിത്രം കാണാന്‍ അവസരമൊരുക്കിക്കഴിഞ്ഞു. അനുഷ്‌കയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു നടി. സംവിധായകന്‍ ഐ വി ശശിയും തിരക്കഥാകൃത്ത് ആലപ്പി ഷെരീഫും പ്രാഥമികചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അവളുടെ രാവുകളുടെ അവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളൊന്നും ഇല്ലെന്നും നേരത്തെ പ്രഖ്യാപിക്കപ്പെട്ടത് ചിത്രത്തിന്റെ രണ്ടാംഭാഗമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നവംബറില്‍ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഐ വി ശശി.ലിബര്‍ട്ടി ബഷീര്‍ കൂട്ടുകെട്ടിന്റെ മടങ്ങിവരവ് കൂടിയാകും അവളുടെ രാവുകളുടെ പുനര്‍നിര്‍മാണം. ആദ്യഭാഗത്തിനു തിരക്കഥ ഒരുക്കിയ ഷെരീഫു തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥ തയാറാക്കുന്നത്. സിനിമയില്‍ സോമന്റെ വേഷം വിജയരാഘവനും കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെ മാമുക്കോയയും അവതരിപ്പിക്കും.

ചിത്രത്തില്‍ പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയ സീമ അവതരിപ്പിച്ച രാജിയെന്ന നായിക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പുതുമുഖത്തെയാണ് തേടുന്നത്. ആംഗ്ലോ ഇന്ത്യന്‍ ഛായയുള്ള പെണ്‍കുട്ടിയെയാണ് ഈ വേഷത്തിലേക്ക് ഉദ്ദേശിക്കുന്നത്. നേരത്തെ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്വേതാമേനോനുമായി ധാരണയിലെത്തിയിരുന്നെങ്കിലും കരാറിലൊപ്പിടാതെയും കാര്യങ്ങള്‍ പറഞ്ഞുറപ്പിക്കാതെയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ താന്‍ സീമയുടെ വേഷം ചെയ്യുമെന്നു വെളിപ്പെടുത്തിയത് ശ്വേതയെ ചൊടിപ്പിച്ചു. അതോടെ താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന് ശ്വേത പത്രപ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. കാമവും ക്രോധവും പ്രണയവും പരിഭവവും വേര്‍പാടുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന അവളുടെ രാവുകള്‍ക്ക് രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ വാര്‍ധക്യത്തിലേക്കു പദമൂന്നുന്നവരുടെ മനസില്‍ ഒരു ചെറിയ തിളക്കമെങ്കിലും കണ്ടേക്കാം. അത്രയ്ക്ക് മനസില്‍ പതിഞ്ഞ ഒരു ചലച്ചിത്രമായിരുന്നു അക്കാലത്ത് അവളുടെ രാവുകള്‍.

രാജിയെന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന ദുരിതങ്ങളും അവള്‍ സ്ഞ്ചരിച്ച വഴിയും സമൂഹം അവള്‍ക്കായി കരുതി വച്ചിരുന്നതും എല്ലാം ആണ് അവളുടെ രാവുകളെ മുന്നോട്ട് നയിച്ചതെങ്കില്‍ എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും പൊരുതി തോല്‍പ്പിച്ച് കൊച്ചിയെന്ന വന്‍നഗരത്തിലേക്ക് എത്തുന്ന രാജിയെയാണ് രണ്ടാം ഭാഗത്തില്‍ കാണാന്‍ കഴിയുക. മധ്യവയസിനോട് അടുക്കുന്ന രാജി ഇന്ന് കൊച്ചിയുടെ റാണിയാണ്. സ്വാധീനവും ശക്തിയും അവള്‍ക്ക് യഥേഷ്ടം ഉണ്ട്. വിചാരിക്കുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി നടപ്പിലാക്കാന്‍ കരുത്തുള്ളവളാണ് അവള്‍. മൂന്നു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രം സിനിമയില്‍ കടന്നു പോകുന്നത്. നായികയാക്കാന്‍ യോജിച്ച നടിയെ കിട്ടിയാല്‍ ഉടന്‍ തന്നെ അവളുടെ രാവുകള്‍ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കും.

കേരളം കീഴടക്കി മുന്നേറുന്ന രതിച്ചേച്ചി തന്നെയാണ് രാജിയുടെ പെട്ടന്നുള്ള തിരിച്ചുവരവിന് പ്രചോദനം. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ് രതിചേച്ചി. രതിനിര്‍വേദം' കളിക്കുന്ന തിയേറ്ററുകളില്‍ ജനസമുദ്രതന്നെയാണിപ്പോള്‍. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നു. യുവാക്കള്‍ ചിത്രത്തെ ഏറ്റെടുത്തുകഴിഞ്ഞു. റിലീസിനുമുമ്പേ ഹിറ്റായി മാറിയ രതിനിര്‍വേദം മലയാള സിനിമാചരിത്രത്തില്‍ പുതിയ വിജയകഥ എഴുതുകയാണ്. 1.55 കോടി രൂപയാണ് രതിനിര്‍വേദത്തിന്റെ ആകെ ചെലവ്. സാറ്റലൈറ്റ് റൈറ്റായി തന്നെ ഒന്നരക്കോടി രൂപ ലഭിച്ചു. ഓവര്‍സീസ്, ഡി വി ഡി, സി ഡി അവകാശങ്ങളെല്ലാം ചേര്‍ത്ത് 50 ലക്ഷം രൂപ കിട്ടി. ആദ്യ വാരം തിയേറ്റര്‍ കളക്ഷനില്‍ നിന്ന് വിതരണക്കാരുടെ ഷെയറായി ലഭിച്ചത് 1.15 കോടി രൂപയാണ്. ഇതോടെ ആദ്യവാരം തന്നെ മെഗാഹിറ്റായി മാറി 'രതിനിര്‍വേദം'. ഹിറ്റ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്തേക്ക് ആദ്യവാരം തന്നെ കുതിച്ചെത്താനും രതിനിര്‍വേദത്തിന് കഴിഞ്ഞു.

വൈശാഖ് സംവിധാനം ചെയ്ത 'സീനിയേഴ്‌സ്' ആണ് ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത്. ബിജുമേനോന്‍ മനോജ് കെ ജയന്‍ ടീമിന്റെ തകര്‍പ്പന്‍ കോമഡിയാണ് ചിത്രത്തെ വന്‍ ഹിറ്റാക്കി മാറ്റിയത്. എല്ലാ കേന്ദ്രങ്ങളിലും ഇപ്പോഴും മിക്ക ഷോയും ഹൌസ്ഫുള്ളാണ്. അതേസമയം പുതിയ റിലീസുകളായ ഉപ്പുകണ്ടം ബ്രദേഴ്‌സ്, വാടാമല്ലി, ശങ്കരനും മോഹനനും, ദി ട്രെയിന്‍ എന്നിവ കനത്ത പരാജയം രുചിക്കുകയാണ്. അതേസമയം സിനിമയുടെ വിജയത്തിനു തൊട്ടുപിന്നാലെ ദാമ്പത്യജീവിതത്തിലേക്കു കടന്ന രതിനിര്‍വേദത്തിലെ നായക ശ്വേതാമേനോന്‍ ദിവസങ്ങള്‍ മാത്രം നീണ്ട ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കുശേഷം വീണ്ടും സിനിമാസെറ്റുകളിലേക്കു പറക്കുകയാണ്. വിവാഹം കഴിഞ്ഞെന്നുവച്ച് സിനിമയില്‍നിന്നു മാറിനില്‍ക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു. ദുബായിലാണ് ഇപ്പോള്‍ ശ്വേത. അതു കഴിഞ്ഞാല്‍ തിരികെ വന്ന് സിനിമയില്‍ ജോയിന്‍ ചെയ്യും. രണ്ടു ദിവസം ബന്ധുക്കളുടെ വീടുകളില്‍ ഒരു ഓട്ടപ്രദക്ഷിണം. അതു കഴിഞ്ഞാലുടനെ ബോംബെയിലേക്ക് തിരിക്കും. ഇതിനിടയില്‍ രതിനിര്‍വ്വേദത്തിന്റെ പ്രൊമോഷന്‍ പ്രോഗ്രാമുകളുണ്ട്. ബോംബെയ്ക്കു പോകുന്നതിനിടെ അതും പൂര്‍ത്തിയാക്കണം, ശ്വേത പറഞ്ഞു.

വളാഞ്ചേരി വടക്കുംപുറത്ത് നെയ്ത്തലക്കാവ് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിലായിരുന്നു ശ്വേതയുടെ താലിക്കെട്ട്. വിവാഹസമയത്ത് താനേറെ നെര്‍വ്വസായിരുന്നുവെന്ന് ശ്വേത പറഞ്ഞു. ചാനലുകളുടെ കാമറകള്‍ക്കുമുന്നില്‍ തിക്കും തിരക്കിനുമിടയിലായിരുന്നു വിവാഹം. അച്ഛന്റെ നിര്‍ബന്ധപ്രകാരമാണ് വളാഞ്ചേരി തറവാട്ടില്‍വച്ച് വിവാഹം നടത്തിയത്. വിവാഹത്തിന് അമ്പത് പേര്‍ക്കേ ക്ഷണം ണ്ടായിരുന്നുള്ളൂവെങ്കിലും വിവാഹസ്ഥലത്ത് ഏതാണ്ട് ആയിരത്തോളം ആളുകളെത്തി. എത്തിയവരില്‍ അധികവും ശ്വേതയുടെ ആരാധകരാണ്. ചാനലുകളുടെ കാമറകളെക്കാള്‍ അധികവും ആരാധകരുടെ മൊബൈല്‍ കാമറകളായിരുന്നു. പോലീസ് ഉണ്ടായിട്ടുപോലും തിക്കിലും തിരക്കിലും പെട്ട് ശ്വേതയും ശ്രീവത്സനും വിവാഹം ശേഷം പുറത്തുകടക്കാന്‍ പണിപ്പെട്ടു. ഇപ്പോള്‍ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുന്ന അവന്‍ മേഘരൂപനിലും ഒരു തെലുങ്ക് സിനിമയിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ശ്വേത.

മുംബയില്‍ എ.ഡി. വൈസ് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ശ്രീവത്സന്‍ മേനോന്‍. തൃശൂരിലാണ് ശ്വേതയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. മുംബയിലും തൃശൂരുമായി കഴിയാനാണ് ശ്വേതയുടെ തീരുമാനം. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകന്റെ മകനാണ് ശ്രീവത്സന്‍

Wednesday, June 22, 2011

ഇതൊരു പ്രണയകഥയല്ല, ഒരു കൊലപാതക കഥ


PRO
രാം ഗോപാല്‍ വര്‍മ വീണ്ടും ഒരു യഥാര്‍ത്ഥ സംഭവം സ്ക്രീനിലേക്ക് പകര്‍ത്തുകയാണ്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നീരജ് ഗ്രോവര്‍ വധക്കേസാണ് ഇത്തവണ രാമു സിനിമയാക്കുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ ഉടന്‍ റിലീസ് ചെയ്യും.

ആമിര്‍ഖാന്‍ നിര്‍മ്മിക്കുന്ന ഡല്‍‌ഹി ബെല്ലി എന്ന സിനിമയ്ക്കൊപ്പം ട്രെയിലര്‍ തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് പദ്ധതി. കന്നഡ നടി മരിയ സുസൈരാജ് തന്‍റെ പൂര്‍വകാമുകനായ നീരജ് ഗ്രോവറിനെ നിലവിലുള്ള കാമുകന്‍റെ സഹായത്തോടെ വധിച്ച സംഭവമാണ് ‘നോട്ട് എ ലവ് സ്റ്റോറി’ക്ക് ആധാരം.

നീരജ് ഗ്രോവറിനെ വധിക്കുകയും മൃതദേഹം കഷണങ്ങളായി നുറുക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്ത സംഭവം രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നു. നീരജ് ഗ്രോവറിനെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത് അജയ് ഗേഹ്‌ല്‍ ആണ്. മഹി ഗില്‍, ദീപക് ദോബ്രിയാല്‍ എന്നിവരാണ് നായികാനായകന്‍‌മാര്‍.

നീരജ് ഗ്രോവറിന്‍റെ കൊലപാതകം നടന്ന അപ്പാര്‍ട്ടുമെന്‍റില്‍ തന്നെയാണ് ‘നോട്ട് എ ലവ് സ്റ്റോറി’ രാം ഗോപാല്‍ വര്‍മ ചിത്രീകരിച്ചത് എന്നതാണ് പ്രധാന സവിശേഷത. ഓഗസ്റ്റ് 19നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

രാം ഗോപാല്‍ വര്‍മ പറയുന്നത് ഈ സിനിമയ്ക്ക് നീരജ് ഗ്രോവര്‍ വധക്കേസുമായി യാതൊരു ബന്ധവുമില്ല എന്നാണ്. ഇതൊരു സാങ്കല്‍പ്പിക കഥയാണെന്നും രാമു പറയുന്നു.

Monday, June 20, 2011

നെറ്റില്‍ പറ്റിക്കാന്‍ ‘രതിച്ചേച്ചി’ ഇറങ്ങി!

‘രതി’ എന്ന വാക്ക് കേട്ടാല്‍ തന്നെ നെറ്റില്‍ ചാടിവീഴുന്നവരാണ് നമ്മുടെ യുവജനം. അപ്പോള്‍ പിന്നെ ‘രതിച്ചേച്ചി’ എന്ന് കേട്ടാല്‍ മലയാളി യുവത്വം നെറ്റില്‍ ഓടിക്കയറാതിരിക്കുമോ? ശ്വേതാ മേനോന്‍ നായികയായ ‘രതിനിര്‍‌വേദം’ എന്ന സിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളില്‍ റിലീസായത്. എന്നാല്‍ ശനിയാഴ്ച വെറുതെ ടോറന്റുകളിലും സിനിമാ സൈറ്റുകളിലും പരതിയവര്‍ ആഹ്ലാദജനകമായ ഒരു ലിങ്ക് കണ്ടു. അതെ, ‘രതിനിര്‍വേദം’ എന്ന സിനിമ ഡൌണ്‍‌ലോഡ് ചെയ്യാനായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. കണ്ട പാതി, കാണാത്ത പാതി രതിച്ചേച്ചിയുടെ ആരാധകര്‍ സിനിമ ഇറക്കാന്‍ തുടങ്ങി. എന്നാല്‍ മുഴുവന്‍ ഡൌണ്‍‌ലോഡ് ആയപ്പോഴാണ് രതിച്ചേച്ചി തങ്ങളെ പറ്റിച്ച കഥ അവരറിഞ്ഞത്.

എഴുന്നൂറോളം എം‌ബി വരുന്ന രതിനിര്‍വേദത്തിന്റെ ഫയല്‍ ഉറക്കമുണര്‍ന്ന് ഇറക്കിയവര്‍ കണ്ടത് ഒരു സന്ദേശമാണ് - ‘നിങ്ങള്‍ സിനിമയൊക്കെ ഇറക്കിയത് നല്ലതുതന്നെ, പക്ഷേ രതിച്ചേച്ചിയെ കാണണമെങ്കില്‍ കോറല്‍ പ്ലെയര്‍ നിങ്ങളുടെ മെഷീനില്‍ വേണം. അതില്ലെങ്കില്‍ ഇവിടെ ക്ലിക്കുചെയ്ത് കോറല്‍ പ്ലെയര്‍ ഡൌണ്‍‌ലോഡ് ചെയ്യുക!’ ഇതൊരു തട്ടിപ്പാണെന്ന് അറിയാത്തവര്‍ മൂന്ന് ദിവസത്തെ ട്രയലിനായി പണം നല്‍‌കി കോറല്‍ ഇറക്കിയിട്ടുണ്ടാകും. മൂന്ന് ദിവസത്തെ ട്രയല്‍ കഴിഞ്ഞാല്‍ ആയിരം രൂപയോളമാണ് കോറല്‍ പ്ലെയറില്‍ എന്തെങ്കിലും കാണണമെങ്കില്‍ ഇവര്‍ നല്‍‌കേണ്ടി വരിക. എന്നാല്‍ രതിനിര്‍വേദം തന്നെയാണോ തങ്ങള്‍ ഇറക്കിയതെന്ന് കണ്ടുപിടിക്കാന്‍ പണം നല്‍‌കാന്‍ പടമിറക്കിയ ഭൂരിഭാഗം പേരും ഒരുങ്ങിയിട്ടുണ്ടാകില്ല. രതിച്ചേച്ചിയെ ഡൌണ്‍‌ലോഡ് ചെയ്യാന്‍ തോന്നിയ നിമിഷത്തെ പ്രാകിക്കൊണ്ട് അവര്‍ ഇറക്കിയ ഫയല്‍ ഡെലീറ്റ് ചെയ്തുകാണും.

ചിലര്‍ക്കാകട്ടെ ‘രതിനിര്‍‌വേദം’ എന്ന പേരില്‍ ലഭിച്ചത് വൈറസാണ്. അഞ്ചോളം ടോറന്റ് സൈറ്റുകളിലാണ് ശനിയാഴ്ച തന്നെ ‘രതിനിര്‍‌വേദം’ പ്രത്യക്ഷപ്പെട്ടത്. കബളിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഈ ലിങ്ക് ഹോസ്റ്റുചെയ്ത സൈറ്റുകളെ ഡൌണ്‍‌ലോഡ് ചെയ്തവര്‍ ബന്ധപ്പെടുകയും ഈ തട്ടിപ്പിനെ പറ്റി വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ സൈറ്റുകള്‍ രതിച്ചേച്ചിയെ തങ്ങളുടെ ഡാറ്റാബേസില്‍ നിന്ന് എടുത്തുമാറ്റി. എങ്കിലും, വീണ്ടും മറ്റ് പല രൂപത്തിലും തങ്ങളുടെ സോഫ്റ്റ്‌വെയറിനെയും വൈറസിനെയും ‘പ്രമോട്ട്’ ചെയ്യാന്‍ നെറ്റിലെ വിരുതന്മാര്‍ ശ്രമിക്കുമെന്ന് തീര്‍ച്ച. ചുരുക്കത്തില്‍, നെറ്റില്‍ ‘രതിനിര്‍വേദം’ എന്ന് കണ്ടാല്‍ എടുത്തുചാടാതിരിക്കുക.

രതിനിര്‍വേദത്തിന്റെ പുതിയ പതിപ്പ് ഇറങ്ങിയതോടെ, പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ ഒരുക്കിയ പഴയ രതിനിര്‍‌വേദത്തിനും ആവശ്യക്കാര്‍ നെറ്റില്‍ കൂടിയിട്ടുണ്ട്. വിവിധ ടോറന്റ് സൈറ്റുകളില്‍ നിന്നായി ആയിരത്തോളം യൂസര്‍മാര്‍ പഴയ രതിച്ചേച്ചിയെ ഇറക്കിക്കൊണ്ടിരിക്കുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജീവ് കുമാറിന്റെ പുതിയ രതിനിര്‍‌വേദം തീയേറ്ററുകളില്‍ വിജയിക്കുമോ എന്നറിയാന്‍ ഒരാഴ്ച കൂടി കാത്തിരിക്കണമെങ്കിലും നെറ്റില്‍ ഇപ്പോള്‍ തന്നെ രതിച്ചേച്ചി അത്ഭുതവിജയം ആയിരിക്കുകയാണ്.

Fake 'Rathinirvedam' torrents on Net! | നെറ്റില്‍ പറ്റിക്കാന്‍ ‘രതിച്ചേച്ചി’ ഇറങ്ങി!

Fake 'Rathinirvedam' torrents on Net! | നെറ്റില്‍ പറ്റിക്കാന്‍ ‘രതിച്ചേച്ചി’ ഇറങ്ങി!

വാര്‍ത്തകള്‍: പറവൂര്‍ പെണ്‍വാണിഭം: സൂര്യനെല്ലി സംഭവത്തേക്കാള്‍ ഭ...

വാര്‍ത്തകള്‍: പറവൂര്‍ പെണ്‍വാണിഭം: സൂര്യനെല്ലി സംഭവത്തേക്കാള്‍ ഭ...: "സ്വന്തം ലേഖകന്‍ ..."

Sunday, June 19, 2011

അതു ദിലീപല്ല, വെറുമൊരു ഗോവാലക്രഷ്ണന്‍....

സ്വന്തം ലേഖകന്‍

കൊച്ചി: സൂപ്പര്‍സ്റ്റാര്‍ ദിലീപിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്താണെന്നു പറഞ്ഞുനടക്കുന്നവര്‍ ഓര്‍ക്കുക. ദിലീപിന് ഫെയ്‌സബുക്കില്‍ അക്കൗണ്ടില്ല. മാത്രമുവല്ല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കയറിയിറങ്ങി സമയംകളയുന്ന ടെക്‌നിബാധയുള്ള താരവുമല്ല അദ്ദേഹം. അതായത് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലുള്ള നിങ്ങളുടെ ചലചിത്രതാരം സുഹൃത്ത് വെറും ഡ്യൂപ്പാണെന്ന്. ദിലീപിന്റെ പേരും പടവുമായി ഫെയ്‌സബുക്കില്‍ ഏതോ ഒരു ഗോവാലക്രഷ്ണനാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ചലിചിത്രവാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഫെയ്‌സ്ബുക്ക് ഡ്യൂപ്പിനെക്കുറിച്ച് ദിലീപ് മനസുതുറന്നത്. ഒപ്പം കുറെ രഹസ്യങ്ങളും.

ചാറ്റിംഗോ ഇന്റര്‍നെറ്റ് ബ്രൗസിംഗോ ഒരിക്കലും തന്നെ ഭ്രമിപ്പിച്ചിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് പറയുന്നു. അതിനുള്ള സമയമൊന്നും തനിക്കില്ല. സിനിമയ്ക്കുവേണ്ടി ഇരുപത്തിനാല് മണിക്കൂറും ചിലവഴിക്കുന്ന ഒരാളാണ് ഞാന്‍. പിന്നെ ഇത്തരത്തിലുള്ള ഇന്റര്‍നെറ്റിലെ ചാറ്റിംഗിന് ഇരിക്കാന്‍ സമയം വേണ്ടെയെന്നാണ് താരത്തിന്റെ ചോദ്യം. ദിലീപ് ഗോപാലകൃഷ്ണന്‍ എന്ന പേരിലാണ് അപരന്‍ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഫെയ്ക്കാണെന്നറിയാതെ ആയിരക്കണക്കിന് ആരാധകരാണ് ദിലീപിന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളത്. സിനിമകളെക്കുറിച്ച് ചോദിക്കുന്നതിന് വ്യകതമായ മറുപടികളും അപരന്‍ നല്കുന്നുമുണ്ടത്രെ.

മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദിലീപ് ഇപ്പോള്‍ കൊച്ചിയിലാണ്. പ്രശസ്ത തമിഴ്‌നടന്‍ ഭാഗ്യരാജ് ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച സനുഷയാണ് നായിക. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ സന്ധ്യമോഹന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ മരുമകനില്‍ നായികയാവുന്നത്. ബിജുമേനോന്‍, നെടുമുടി വേണു, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരിശ്രീ അശോകന്‍, സായ്കുമാര്‍, ഖുശ്ബു, ഷീല, മല്ലിക, റിഷ, അംബിക മോഹന്‍ തുടങ്ങിയവരാണ് മിസ്റ്റര്‍ മരുമകനോടൊപ്പം ഈ ചിത്രത്തില്‍ എത്തുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ഹീറ്റ് ചിത്രത്തിനു ശേഷം ഉദയ്കൃഷ്ണ സിബി കെ. തോമസ് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാര്‍ നിര്‍വഹിക്കുന്നു. പി.ടി. ബിനു, സന്തോഷ് വര്‍മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് സുരേഷ് പീറ്റേഴ്‌സാണ്.

ഒരുകാലത്ത് വളരെ നല്ല നിലയില്‍ നടത്തിക്കൊണ്ടിരുന്ന ഭരതകലാക്ഷേത്രം ഡ്രാമസ്‌കോപ്പ് ട്രൂപ്പിന്റെ ചുമതല ഇപ്പോഴത്തെ ശോചനീയാവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അച്ഛന്റെ സമ്മതത്തോടെ മകന്‍ അശോക്‌രാജ് ഏറ്റെടുക്കുന്നു. സ്വന്തം പേര് മാറ്റി അശോക് ചക്രവര്‍ത്തിയെന്നാക്കി പുതിയ രൂപഭാവത്തില്‍ നാടകം അവതരിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. അതോടെ ബാധ്യത വര്‍ധിക്കുന്നു. എം.ബി.എ. പാസ്സായി വന്ന അശോക്‌രാജിന്റെ ചേട്ടന്‍ ബാബുരാജ് നാട്ടിലെത്തി വീടും പറമ്പുമൊക്കെ പണയപ്പെടുത്തി പുതിയ വ്യവസായത്തിന് തുടക്കം കുറിച്ചെങ്കിലും അതും നഷ്ടത്തിലാണ് കലാശിച്ചത്. കടക്കാരുടെ ശല്യം വര്‍ധിച്ചു. അതിനിടയിലാണ് വീട് ജപ്തി ചെയ്യാന്‍ ഒരു ഉയര്‍ന്ന ബാങ്ക് ഓഫീസര്‍ ബാലസുബ്രഹ്മണ്യം കടന്നുവരുന്നത്. വളരെ തന്ത്രപരമായി അശോക്‌രാജ്, ബാലസുബ്രഹ്മണ്യനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാവുന്നു.

ഇതിനിടയിലാണ് കളിക്കൂട്ടുകാരിയായിരുന്ന രാജലക്ഷ്മി പാരീസില്‍ നിന്ന് ഫാഷന്‍ ഡിസൈനില്‍ ഉന്നത ബിരുദം നേടിയെത്തുന്നത്. ഒന്നുരക്ഷപ്പെടാന്‍ രാജലക്ഷ്മിയെ ചെന്നു കാണാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അശോക്‌രാജിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരവും സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങളാണ് കുടുംബ പശ്ചാത്തലത്തില്‍ സന്ധ്യാമോഹന്‍ മിസ്റ്റര്‍ മരുമകനില്‍ ദൃശ്യവത്കരിക്കുന്നത്. അശോക്‌രാജായി ദിലീപും ബാലസുബ്രഹ്മണ്യമായി ഭാഗ്യരാജും ബാബുരാജായി ബിജുമേനോനും രാജലക്ഷ്മിയായി സനുഷയും അഭിനയിക്കുന്നു.

വിജയ് വീണ്ടും പൊലീസ് വേഷത്തില്‍

സ്വന്തം ലേഖകന്‍

വിജയ് വീണ്ടും പൊലീസ് വേഷത്തില്‍ തമിഴകത്തിന്റെ ഇളയ ദളപതി വിജയ് വീണ്ടും പൊലീസ് വേഷത്തില്‍. വന്‍ഹിറ്റായി മാറിയ പോക്കിരിക്ക് ശേഷം ഇതാദ്യമായാണ് വിജയ് പൊലീസ് വേഷമണിയുന്നത്. സീമാന്‍ സംവിധാനം ചെയ്യുന്ന 'പഗലവന്‍' എന്ന സിനിമയിലാണ് വിജയ് വീണ്ടും പൊലീസാകുന്നത്. അനീതിയോട് എതിര്‍ക്കാനായി പൊലീസാകുന്ന കഥാപാത്രത്തെയാണ് വിജയ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കാലഹരണപ്പെട്ടതും നിരോധിച്ചതുമായ മരുന്നുകള്‍ വന്‍ തോതില്‍ വിറ്റഴിക്കുന്ന മരുന്നുമാഫിയയ്‌ക്കെതിരെ പ്രതികരിക്കുന്ന പുകഴേന്തി എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്.

മരുന്നു മാഫിയയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു ഡോക്ടറാണ് ചിത്രത്തിന്റെ തുടക്കത്തില്‍ പുകഴേന്തി. എന്നാല്‍ ഒരു ഡോക്ടര്‍ക്ക് വന്‍ ശക്തികള്‍ക്കെതിരെ പോരാടുന്നതിന് പരിമിതിയുണ്ടെന്ന് മനസിലാക്കുന്ന നായകന്‍ പൊലീസാകാന്‍ തീരുമാനിക്കുന്നു. അയാള്‍ സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുകയും ഐ പി എസ് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടാനിറങ്ങുകയാണ് അയാള്‍. ഷങ്കര്‍ സംവിധാനം ചെയ്യുന്ന നന്‍പന്‍ എന്ന ചിത്രത്തിന് ശേഷം 'പഗല്‍വന്‍' ചിത്രീകരണം ആരംഭിക്കും.

ഹിന്ദിയില്‍ വന്‍ ഹിറ്റായി മാറിയ ത്രീ ഇഡിയറ്റ്‌സിന്റെ റീമേക്കാണ് നന്‍പന്‍. ചിത്രത്തില്‍ അമീര്‍ ഖാന്‍ അവതരിപ്പിച്ച നായക കഥാപാത്രമായാണ് വിജയ് എത്തുന്നത്. മാധവനും ശര്‍മാന്‍ ജോഷിയും അവതരിപ്പിച്ച സുഹൃത്തുക്കളുടെ റോളില്‍ ശ്രീകാന്തും ജീവയും എത്തും. ചിത്രത്തില്‍ ആദ്യം നായകനായി ആദ്യം നിശ്ചയിച്ചിരുന്നത് സൂര്യയെയായിരുന്നെങ്കിലും പിന്നീട് വിജയെ നിശ്ചയിക്കുകയായിരുന്നു. പോക്കിരിക്ക് ശേഷമിറങ്ങിയ ഒട്ടുമിക്ക വിജയ് ചിത്രങ്ങളും എട്ടുനിലയില്‍ പൊട്ടിയിരുന്നു. സുറ, അഴകിയ തമിഴ്മകന്‍, വേട്ടൈക്കാരന്‍, വില്ല് തുടങ്ങിയ ചിത്രങ്ങള്‍ ഒരേ അച്ചിലിട്ട് വാര്‍ത്തെടുത്തതാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയതും ഈ ബോക്‌സ് ഓഫീസ് പരാജയത്തിന് കാരണമായി.

ഒടുവില്‍ മലയാളത്തില്‍ ദിലീപ് നായക വേഷത്തിലെത്തി സൂപ്പര്‍ ഹിറ്റായോടിയ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവലനാണ് വിജയ്ക്ക് താരപരിവേഷം തിരികെ നല്‍കിയത്. ചിത്രത്തില്‍ അമാനുഷികനല്ലാത്ത സാധാരണക്കാരന്റെ റോളിലെത്തിയ വിജയെ ആരാധകര്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.

Tuesday, June 14, 2011

ഗണേഷ്‌കുമാറിന്റെ Herculean Task

K B Ganeshkumar
K B Ganeshkumar
വൃത്തിയുള്ള തിയറ്ററുകൾ, അന്തസുള്ള അന്തരീക്ഷം, ആ അന്തസ് കാത്തുസൂക്ഷിക്കുന്ന കാണികൾ.. ഇതൊക്കെ ലോകത്തെവിടെയുമുള്ള ചലച്ചിത്രപ്രേക്ഷകരെപ്പോലെ മലയാളികളുടെയും സ്വപ്നമാണ്. ആ സ്വപ്നം അങ്ങനെ സ്വപ്നമായിത്തന്നെ നിൽക്കുകയും സിനിമകാണൽ ഒരു ദുസ്വപ്നമായി തുടരുകയും ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് ഒരു സിനിമക്കാരനെത്തന്നെ സിനിമയുടെ മന്ത്രിയായി കേരളത്തിനു ലഭിച്ചത്. കെ ബി ഗണേഷ്‌കുമാറിന്റെ വരവ് മലയാളസിനിമയുടെ ഭാഗ്യമാണെന്നു കരുതേണ്ട നിലയിലേക്ക് കാര്യങ്ങൾ പോകുന്നുണ്ട്. സിനിമ കാണാന്‍ എത്തുന്ന സ്‌ത്രീകളെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. ഇത്തരത്തില്‍ സ്‌ത്രീകള്‍ക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെടുമ്പോള്‍ പോലീസ്‌ അധികാരികളെ വിവരം അറിയിക്കുന്നതിനായി എസ്‌.എം.എസ്‌. സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എസ്‌.എം.എസിലൂടെ സന്ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ പോലീസ്‌ തീയറ്ററുകളില്‍ എത്തി ശല്യക്കാരെ പിടികൂടും. നിലവാരം കുറഞ്ഞ സിനിമയും നിലവാരം എന്നാൽ എന്താണെന്ന് അറിയാത്ത തിയറ്ററുകളും പോലെ തന്നെ ജനങ്ങളെ സിനിമയിൽ നിന്ന് അകറ്റുന്ന കാര്യങ്ങളാണ് പൂവാലന്മാരുടെയും ഫാൻസ്‌കോമാളികളുടെയും ശല്യം.
കേരള ഫിലിം ഡവലപ്‌മെന്റ്‌ കോര്‍പറേഷന്റെ കീഴിലുള്ള തീയറ്ററുകളില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ മികച്ച അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എല്ലാ തിയേറ്ററുകളും എയര്‍കണ്ടീഷന്‍ തിയറ്ററുകളാക്കി മാറ്റും. അവാര്‍ഡ്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും.
മലയാളസിനിമയെ രക്ഷിക്കാൻ സഹായിക്കുമെന്ന് കരുതേണ്ട പല നടപടികൾക്കും സിനിമാമന്ത്രി നേരത്തെ തന്നെ തുടക്കമിട്ടു കഴിഞ്ഞു. പുതിയ മലയാള ചലച്ചിത്രങ്ങള്‍ നഗരങ്ങളിലെ എ ക്ലാസ് തിയെറ്ററുകളില്‍ മാത്രം റിലീസ് ചെയ്യുന്ന പരിപാടി അവസാനിപ്പിച്ച് വൈഡ് റിലീസിങ് പുനരാരംഭിക്കുകയാണ്. എസി, ഡിജിറ്റല്‍ സൗണ്ട് സിസ്റ്റം, ഡിജിറ്റല്‍ പ്രൊജക്റ്റര്‍, കഫറ്റീരിയ, മികച്ച ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ തിയറ്ററുകളിലാണ് വൈഡ് റിലീസിങ് നടപ്പാക്കുന്നത്. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്ത തിയെറ്ററുകള്‍ക്ക് മൂന്നുമാസം സമയം നല്‍കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മാനദണ്ഡമാക്കി തിയെറ്ററുകള്‍ക്കു ഗ്രേഡ് നല്‍കാന്‍ തീരുമാനിച്ചു. ഗ്രേഡിങ്ങിനുശേഷം തിയെറ്ററുകളുടെ മുതല്‍മുടക്ക് കണക്കിലെടുത്ത് ടിക്കറ്റ് നിരക്ക് നിശ്ചയിക്കും.
വ്യാജ സിഡി നിര്‍മിക്കുന്നവര്‍ക്കെതിരെ ഗൂണ്ടാ ആക്ട്‌ പ്രകാരം കേസെടുത്ത്‌ ശിക്ഷ ലഭിക്കുന്ന നിയമം കര്‍ശനമായി നടപ്പിലാക്കാനാണ് പരിപാടി. ഇത്തരം സിഡികളുടെ നിര്‍മാണം തടയുന്നതിന്‌ സ്‌പൈറസി സ്‌ക്വാഡ്‌ രൂപീകരിച്ച്‌ നടപടികളെടുക്കും. വ്യാജ സിഡി നിര്‍മിക്കാന്‍ സഹായിച്ച തീയറ്ററുകള്‍ ആറുമാസം പൂട്ടിയിടും. നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപയും ഈടാക്കും.
നിലവിലുള്ള തിയറ്ററുകള്‍ മറ്റാവശ്യങ്ങള്‍ക്കായി പൊളിച്ചുനീക്കുകയാണെങ്കില്‍ അതേ സ്ഥലത്ത് കുറഞ്ഞത് 200 പേര്‍ക്ക് ഇരിക്കാവുന്ന മിനി തിയറ്റര്‍ നിര്‍മിക്കണം എന്നൊരു നിയമവും വരുന്നുണ്ട്. അത് എത്രത്തോളം പ്രായോഗികമായ കാര്യമാണെന്നു മാത്രം കണ്ടറിയണം. ഭക്ഷണം, പാർപ്പിടം, വസ്ത്രം പോലെ അടിസ്ഥാന ആവശ്യങ്ങളിൽ പെടുന്ന ഒന്നല്ല സിനിമ എന്ന് നമ്മളും മന്ത്രിയും ഓർക്കാതെ പറ്റില്ലല്ലോ.
ഏതായാലും, ഈജിയൻ തൊഴുത്ത് വൃത്തിയാക്കാനുള്ള മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ ശ്രമങ്ങൾക്ക് വിജയം നേരുന്നു; പൂർണമായ പിന്തുണയും.

ചരിത്രത്തിലെ വീരപുരുഷന്‍


മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് - കേരള സ്വാതന്ത്ര്യ സമര ചരിത്രരേഖകളില്‍ ഈ പേരിന്റെ സ്ഥാനം ഏറെ പ്രാമുഖ്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു. അടിയുറച്ച കോണ്‍ഗ്രസ് വിശ്വാസി. ജനസേവനം ജീവിതസപര്യയായ ഉഴിഞ്ഞുവെച്ച മനുഷ്യസ്‌നേഹി. രാഷ്ട്രബോധം കര്‍മത്തില്‍ പ്രാവര്‍ത്തികമാക്കിയ തികഞ്ഞ രാജ്യസ്‌നേഹി. ജാതീയതയിലും വിശ്വാസങ്ങളിലും അന്ധമായി ജീവിക്കാതെ പുരോഗമന ചിന്തകള്‍ നടപ്പിലാക്കിയ മുസല്‍മാന്‍. അഭയമറ്റവര്‍ക്ക് ആശ്രയവും പ്രത്യാശയറ്റവര്‍ക്ക് പ്രതീക്ഷയുമായി നിലയുറച്ച വ്യക്തിത്വം. കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും കോണ്‍ഗ്രസ് നയങ്ങള്‍ക്കും പാര്‍ട്ടി തീരുമാനങ്ങള്‍ക്കും പിന്തുണ കല്പിച്ച അബ്ദുറഹ്മാന്‍ സാഹിബ് 1921-ലാണ് കേരളത്തില്‍ എത്തുന്നത്. ഇവിടെ അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി അല്‍-അമീന്‍ ലോഡ്ജ് മാറി. സൗമ്യന്‍, സുന്ദരന്‍. 1945-ല്‍ അദ്ദേഹം മരിക്കുമ്പോള്‍ ചരിത്രങ്ങള്‍ പലതും ആ വീരപുത്രന്റെ നാമത്തില്‍ കുറിച്ചുവെക്കപ്പെട്ടു. സാഹിബിന്റെ ധീരഗാഥകളും ജീവിതവും വിവരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും കവിതകളും എഴുതപ്പെട്ടിട്ടുണ്ട്. വരും തലമുറയ്ക്ക് വെളിച്ചം പകരുന്ന ആ രേഖകളില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഒരു പ്രഭാവമായി നിലകൊള്ളുന്നു.

ചരിത്രത്തിലെ സാഹിബിന്റെ ജീവിതയാത്രകള്‍ വെള്ളിത്തിരയിലേക്ക് പകര്‍ത്തുകയാണ് പി.ടി. കുഞ്ഞുമുഹമ്മദ് എന്ന ചലച്ചിത്രകാരന്‍. ചരിത്രം ഇതിനു മുന്‍പും പി.ടി. കുഞ്ഞുമുഹമ്മദ് ചലച്ചിത്ര വിഷയമാക്കിയിട്ടുണ്ട്. യാതൊരു വിട്ടുവീഴ്ചകള്‍ക്കും ഇടം നല്കാതെ ചരിത്രത്തോട് പരമാവധി നീതിപുലര്‍ത്തിത്തന്നെ.

ഇത്തവണ അബ്ദുറഹ്മാന്‍ സാഹിബിന്റെ 1921 മുതല്‍ 1945 വരെയുള്ള വ്യക്തി-സമര-രാഷ്ട്രീയ സാംസ്‌കാരിക ജീവിതമാണ് 'വീരപുത്രന്‍' എന്ന ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്.

ചരിത്രം സിനിമയാക്കാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു -പി.ടി. കുഞ്ഞുമുഹമ്മദ്

ചരിത്രസിനിമകള്‍ അധികം വന്നിട്ടില്ല എന്നതുതന്നെയാണ് ചരിത്രം സിനിമയാക്കാന്‍ എനിക്ക് പ്രചോദനമാകുന്നത്. സാധാരണ ചിത്ര നിര്‍മാണത്തേക്കാള്‍ ചെലവ് കൂടും ചരിത്രസിനിമകള്‍ ഒരുക്കുമ്പോള്‍. മണ്‍മറഞ്ഞുപോയ ഒരു കാലഘട്ടംതന്നെ നമ്മള്‍ പുനരാവിഷ്‌കരിക്കണമെന്നതുകൊണ്ട്. പക്ഷേ, അതും ഒരുതരത്തില്‍ രസമാണ്. നമുക്കുമുന്‍പേ കടന്നുപോയ കാലഘട്ടത്തെ അറിയാനും ചരിത്രഗ്രന്ഥങ്ങളിലൂടെയും ചരിത്രരേഖകളിലൂടെയും പുതിയ അറിവുകള്‍ സമ്പാദിക്കാനും സാധ്യമാകുന്നു. ഞാന്‍ ഏറെ ബഹുമാനിച്ച ഇഷ്ടപ്പെട്ട ഒരു ചരിത്രനായകനാണ് അബ്ദുറഹ്മാന്‍ സാഹിബ്. അദ്ദേഹത്തെ പറ്റി പ്രസിദ്ധീകരിച്ച നിരവധി ഗ്രന്ഥങ്ങളും കവിതകളും ഞാന്‍ ഇതിനോടകം വായിച്ചു.

അറിയുന്തോറും കൂടുതല്‍ ബഹുമാനം തോന്നുന്ന വ്യക്തിത്വം, കറകളഞ്ഞ രാഷ്ട്രസേവകന്‍. ഏറെ നാളായി ഈ ചിത്രം എന്റെ മനസ്സില്‍ ഉണ്ട്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമാകുന്നു. നരേനാണ് ചിത്രത്തില്‍ വീരപുത്രനാകുന്നത്. വളരെയധികം പൊട്ടന്‍ഷ്യല്‍ ഉള്ള ഒരു നടനാണ് നരേന്‍. വേണ്ടവിധം അദ്ദേഹത്തെ ഇതുവരെ സിനിമയില്‍ ഉപയോഗിച്ചിട്ടില്ല. വീരപുത്രന്‍ ഒരു ചരിത്രമായാല്‍ നരേന്‍ എന്ന നടന്റെ കരിയര്‍ഗ്രാഫ് ഏറെ ഉയരും. വളരെ നല്ല സഹകരണമാണ് അയാളില്‍ നിന്നും ലഭിക്കുന്നത്. 23 വയസ്സു മുതല്‍ 44 വയസ്സുവരെയുള്ള സാഹിബിന്റെ ജീവിതയാത്രയില്‍ നരേന്‍ തന്നെയാണ് അദ്ദേഹത്തിന്റെ യൗവനവും മധ്യവയസ്സും ചെയ്യുന്നത്.

എന്റെ ഭാഗ്യം -നരേന്‍
''നേരത്തെ പൃഥ്വിരാജ് എന്ന നടനെ വെച്ചായിരുന്നു വീരപുത്രന്‍ പ്ലാന്‍ ചെയ്തത്. എന്നാല്‍ പലകാരണങ്ങളാല്‍ പൃഥ്വിരാജിന് ചിത്രം ചെയ്യാന്‍ കഴിയാതെപോയി. പിന്നീട് ആ റോള്‍ എന്നെ തേടിയെത്തിയപ്പോള്‍ അതൊരു ഭാഗ്യമായാണ് കണ്ടത്. മലയാളത്തില്‍ ചുരുങ്ങിയ ചിത്രങ്ങളേ ഞാന്‍ ചെയ്തിട്ടുള്ളൂ. നല്ല വേഷങ്ങള്‍ വന്നെങ്കിലും തമിഴിലെ സിനിമാ ഷെഡ്യൂള്‍ കാരണം പലതും നഷ്ടപ്പെട്ടു. 'വീരപുത്രന്‍' ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത് എന്ന് തീരുമാനിച്ചതാണ്. അബ്ദുറഹ്മാന്‍ സാഹിബിനെ കുറിച്ച് കുറെയൊക്കെ അറിയാം. കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു. വല്ലാത്തൊരു പുരുഷസൗന്ദര്യത്തിനുടമയായിരുന്നു അദ്ദേഹം. എന്റെ പരമാവധി ഈ കഥാപാത്രം നന്നാക്കാന്‍ ഞാന്‍ ശ്രമിക്കും.''

അലിഗഡില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് സാഹിബ് 1921- ല്‍ കേരളത്തില്‍ തിരിച്ചെത്തുന്നത്. അന്ന് പ്രയം 23. മനുഷ്യനെയും മൃഗങ്ങളെയും ഒരുപോലെ സാഹിബ് സ്‌നേഹിച്ചു.

Monday, June 13, 2011

സ്വന്തം ലേഖകന്‍

മലയാളത്തിനും തമിഴിനും പിന്നാലെ ബോളിവുഡില്‍ റിലീസിങിനു മുന്‍പേ ബോഡിഗാര്‍ഡ് സൂപ്പര്‍ഹിറ്റ്



സല്‍മാന്റെ ബോഡിഗാര്‍ഡിന് വിതരാണവകാശമായി 75 കോടി ദിലീപില്‍ തുടങ്ങി ഇളയദളപതിയിലൂടെ സാക്ഷാല്‍ സല്‍മാന്‍ ഖാനിലെത്തി നില്‍ക്കുകയാണ് ബോഡിഗാര്‍ഡ്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ദിഖ് തന്റെ ആദ്യ ഹിന്ദി ചിത്രമായ ബോഡിഗാര്‍ഡിന്റെ തിരക്കിലാണ്. ഓഗസ്റ്റ് 31ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ഈ സിനിമയില്‍ സല്‍മാന്‍ ഖാനും കരീന കപൂറുമാണ് ജോഡി. വാണ്ടഡ്, ദബാംഗ്, റെഡി എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം എത്തുന്ന സല്‍മാന്‍ ഖാന്‍ ചിത്രം എന്ന പ്രത്യേകതയാണ് ബോഡിഗാര്‍ഡിനെ ബോളിവുഡിന്റെ ഹോട്ട് പ്രോപ്പര്‍ട്ടിയാക്കി മാറ്റുന്നത്. ചിത്രത്തിന്റെ ഇന്ത്യന്‍ വിതരണാവകാശമായി 75 കോടി രൂപ ലഭിച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഇത് ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് പ്രൈസാണ്.

സാറ്റലൈറ്റ്, മ്യൂസിക്, വീഡിയോ റൈറ്റുകള്‍ക്കെല്ലാം കൂടി ഇനിയും ഒരു 40 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഇന്ത്യയിലെ തിയേറ്ററുകളിലെ വിതരണാവകാശം മാത്രമാണ് 75 കോടി രൂപയ്ക്ക് വിറ്റിരിക്കുന്നത്. ലോകമെമ്പാടും റിലീസ് ചെയ്യുന്ന ഈ സിനിമയുടെ ഓവര്‍സീസ് അവകാശങ്ങളെല്ലാം കൂടി കണക്കിനെടുത്താല്‍ ബോഡിഗാര്‍ഡ് റിലീസിന് മുമ്പ് മൂന്നിരട്ടി ലാഭം നേടിയ ചിത്രമായി മാറുന്നു. പ്രിയദര്‍ശന് ശേഷം ഇത്രയും വിജയകരമായി ഒരു സിനിമ ബോളിവുഡില്‍ ഒരുക്കാന്‍ കഴിഞ്ഞ ആദ്യ മലയാള സംവിധായകനാണ് സിദ്ദിഖ്.

2010ല്‍ മലയാളത്തിലാണ് സിദ്ദിഖ് ബോഡിഗാര്‍ഡ് ആദ്യമെടുത്തത്. ആ ചിത്രം ഹിറ്റായി. തുടര്‍ന്ന് തമിഴില്‍ 'കാവലന്‍' എന പേരില്‍ ബോഡിഗാര്‍ഡ് വീണ്ടും ജനിച്ചു. സിനിമകളെല്ലാം തകര്‍ന്ന് വലിയ പ്രതിസന്ധിയിലായിരുന്ന ഇളയദളപതി വിജയിന് അപ്രതീക്ഷിതമായി ലഭിച്ച ഒരു സൂപ്പര്‍ഹിറ്റായിരുന്നു കാവലന്‍. എന്തായാലും ഹിന്ദി ബോഡിഗാര്‍ഡ് റിലീസിന് മുമ്പ് ലാഭമായെങ്കില്‍, റിലീസിന് ശേഷം ഈ ചിത്രം മെഗാഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.

Tuesday, June 7, 2011

കാസനോവ ഓണത്തിന്

സ്വന്തം ലേഖകന്‍

മോഹന്‍ലാലിന്റെ പ്രെസ്റ്റീജ് ചിത്രമായ കാസനോവയുടെ റിലീസിങ് എന്നതില്‍ തീരുമാനമായി. ആഗസ്റ്റ് 31ന് ഓണച്ചിത്രമായി കാസനോവ റിലീസ് ചെയ്യും. ഇതിന് മുന്‍പ് അനിശ്ചിതത്വങ്ങളുടെ പേരിലാണ് മോഹന്‍ലാല്‍ ആന്‍ഡ്രൂസ് ടീമിന്റെ കാസനോവ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഉയര്‍ന്ന ബജറ്റുള്ള ഈ വാണിജ്യചിത്രം ഒട്ടേറെ കടമ്പകള്‍ പിന്നിട്ടാണ് തുടങ്ങിയത്.

ദുബായിലും ബാങ്കോക്കിലുമായി പൂര്‍ത്തിയാവുന്ന ചിത്രം ഓണം റിലീസായി എത്തിക്കാന്‍ നിര്‍മാതാവ് സി ജെ റോയിയും വിതരണം നടത്തുന്ന മാക്‌സ് ലാബും(മോഹന്‍ലാലിന്റെ ഉടമസ്ഥതയില്‍ ഉള്ള) ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഈ വന്‍ ബഡ്ജറ്റ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിംഗ് അടുത്തിടെ ദുബായില്‍ പൂര്‍ത്തിയായിരുന്നു. അവശേഷിച്ച ഭാഗങ്ങള്‍ ബാങ്കോക്കില്‍ പൂര്‍ത്തിയാവുന്നു. ജൂലൈയിലാണ് കാസനോവ റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചത്. എന്നാല്‍ മോഹന്‍ലാലിന് ഓണച്ചിത്രം ഇല്ലാത്തത് മൂലം റിലീസ് നീട്ടുകയായിരുന്നു.

മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളും ഗാനസീനുകളും ലോക്കെഷനുകളും കാസനോവയുടെ ഹൈലൈറ്റാണ്. ആക്ഷന്‍ ഒരുക്കുന്നത് ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തരായ വില്യം ഫ്രാന്‍സ് സ്പില്‍ഹോസ് ടീമാണ്. അഞ്ച് ഗാനരംഗങ്ങളാണ് കാസനോവയിലുള്ളത്. ഗോപി സുന്ദര്‍, അല്‍ഫോണ്‍സ്, ഗൗരി എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ഇന്റര്‍നാഷണല്‍ ഫ്‌ലവര്‍ സെല്ലറാണ് കാസനോവ. ഇയാള്‍ക്ക് പൂക്കളെ പോലെ തന്നെയാണ് പ്രണയിനിമാരും. എവിടെച്ചെന്നാലും അവിടെ കാമുകിമാരുടെ നിരയും സൃഷ്ടിക്കപ്പെടും. ലക്ഷങ്ങള്‍ വിലയുള്ള ബ്രാന്‍ഡഡ് ഡ്രസുകള്‍ ധരിച്ചും കൂളിംഗ് ഗ്ലാസുകള്‍ മാറിമാറി വച്ചും വിലയേറിയ കാറുകളില്‍ സഞ്ചരിച്ചും പ്രണയിനിമാരെ വിസ്മയിപ്പിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റെ കാസനോവ. കാസനോവയുടെ പ്രണയജീവിതം കളര്‍ഫുളായി ചിത്രീകരിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.

റൊമാന്റിക് എന്റര്‍ടെയ്‌നറായ കാസനോവയില്‍ പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ വിഭവങ്ങളും ഉണ്ടാവുമെന്നും മോഹന്‍ലാലിന്റെ ഒരു പുതിയ മുഖമായിരിക്കും കാസനോവയിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവുകയെന്നും റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ തന്നെ ഉറപ്പുനല്‍കിയിരുന്നു. ലാലിന്റെ ആരാധകര്‍ കാണാന്‍ കൊതിയ്ക്കുന്ന, ലാല്‍ ഇതുവരെ ചെയ്തതില്‍ വെച്ച് തികച്ചും വ്യത്യസ്തമായ കഥാപാത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കാസനോവയിലെ നായകനെ വിശേഷിപ്പിക്കുന്നത്.

ചിത്രത്തില്‍ തെന്നിന്ത്യലെ പ്രധാന ഗ്ലാമര്‍ നായികമാരാണ് അണിനിരക്കുന്നത്. ശ്രീയ ശരണ്‍, ലക്ഷ്മി റായി, റോമ, സഞ്ജന എന്നിവര്‍ നായികമാര്‍. ജഗതി ശ്രീകുമാര്‍, ലാലു അലക്‌സ്, റിയാസ് ഖാന്‍, ശങ്കര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നൂറിലേറെ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ജഗതി ഇതില്‍ നായകന്റെ അസിസ്റ്റന്റ്‌റ് ആയാണ് പ്രത്യക്ഷപ്പെടുന്നത്. ട്രാഫിക്കിന് ശേഷം ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയില്‍ വരുന്ന സിനിമയാണ് കാസനോവ.

ശ്വേതയ്ക്ക് മാംഗല്യം 18 ന്

സ്വന്തം ലേഖകന്‍

മലയാള സിനിമയിലെ ഗ്ലാമര്‍ സുന്ദരി ശ്വേത മേനോന്‍ വിവാഹിതയാകുന്നു. വിവാഹ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നശേഷം ഒരു മാസത്തിനകമാണ് വിവാഹമെന്നത് രസകരം. ജൂണ്‍ 18ന് വളാഞ്ചേരിയിലെ അച്ഛന്റെ തറവാട്ടില്‍ വച്ച് സുഹൃത്തും മാദ്ധ്യമപ്രവര്‍ത്തകനുമായ ശ്രീവത്സന്‍ മേനോനുമായുള്ള ശ്വേതയുടെ വിവാഹം നടക്കും.

മുഹൂര്‍ത്തം രാവിലെ 10 മണി. മഹാകവി വള്ളത്തോളിന്റെ ചെറുമകനാണ് ശ്രീവത്സന്‍ മേനോന്‍. കഴിഞ്ഞ മാസം 18ന് ശ്വേതയുടെ വിവാഹം ഇതേ സ്ഥലത്ത് ഇതേ ആളുമായി നടക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപ്പോള്‍ സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ശ്വേത അമേരിക്കയിലായിരുന്നു. അവിടെ വച്ച് വിവാഹവാര്‍ത്തകള്‍ നടി നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീവല്‍സന്‍ മേനോനുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം ശ്വേത മേനോന്‍ അന്ന് സമ്മതിച്ചിരുന്നു.

പക്ഷെ ഉടന്‍ വിവാഹമുണ്ടാകുമെന്ന വാര്‍ത്ത ശരിയല്ലെന്നും അവര്‍ പറഞ്ഞിരുന്നു. മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രതിനിര്‍വേദം എന്ന സിനിമയുടെ റീമേക്കിലെ നായികയാണ് ശ്വേത. സിനിമ ഈ മാസം മൂന്നാം തിയതി റിലീസ് ചെയ്യാനിരുന്നതാണെങ്കിലും 16ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സിനിമ റിലീസ് ചെയ്ത ഉടന്‍ തന്നെയാകും അങ്ങനെ വരുമ്പോള്‍ ശ്വേതയുടെ വിവാഹം.

ആദ്യം നിഷേധിച്ചെങ്കിലും തങ്ങളുടെ വിവാഹം നടക്കണമെങ്കില്‍ ജാതകപ്പൊരുത്തം കൂടിയേ തീരൂവെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നും 10 ദിവസം മുമ്പാണ് ജാതകപ്പൊരുത്തം നോക്കിയതെന്നും പൊരുത്തമെല്ലാം ശരിയായെന്നും ശ്വേത പറയുന്നു. അച്ഛന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതുകൊണ്ടാണ് വിവാഹത്തീയതി ആരോടും പറയാതിരുന്നതെന്നാണ് ശ്വേതയുടെ വിശദീകരണം.

വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. ഇക്കാര്യം ഇരു വീട്ടുകാരും തീരുമാനിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കായി പിന്നീട് വിരുന്നുസത്കാരം നടത്തും. പരസ്പരം മനസ്സിലാക്കുന്ന നല്ല സുഹൃത്തുക്കളാണ് തങ്ങള്‍ എന്ന് പറയുന്ന ശ്വേത വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്താന്‍ പോകുന്നില്ലെന്നും വ്യക്തമാക്കി.

മിസ് ഇന്ത്യ മത്സരത്തില്‍ സുസ്മിത സെന്നിനും ഐശ്വര്യ റായിയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്തെത്തിയതോടെയാണ് ശ്വേത മേനോനെന്ന പെണ്‍കുട്ടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി അനശ്വരമെന്ന സിനിമയില്‍ അരങ്ങേറിയെങ്കിലും ശ്വേത ക്ലിക്കായില്ല. തുടര്‍ന്ന് തന്റെ തട്ടകം ബോളിവുഡിലേക്ക് മാറ്റിച്ചവിട്ടി ഈ താരം. അവിടെയെത്തി കാമസൂത്രയടക്കമുള്ള പരസ്യങ്ങളില്‍ അഭിനയിച്ച് വിവാദ നായികയുമായി.

ഇതിനിടെ അന്യ നാട്ടുകാരനായ ഒരു ബോയ് ഫ്രണ്ടും ശ്വേതയ്ക്കുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട ഈ ബന്ധം പക്ഷേ തകര്‍ന്നു. ഐറ്റം ഡാന്‍സറായി ഒതുങ്ങുമായിരുന്ന ശ്വേത മലയാളത്തില്‍ തിരികെയെത്തിയതോടെയാണ് അഭിനേത്രിയെന്ന് അംഗീകരിക്കപ്പെട്ടു തുടങ്ങിയത്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത്- മമ്മൂട്ടി ചിത്രത്തിലെ അഭിനയത്തിന് ശ്വേതയ്ക്ക് മികച്ച നടിയടക്കമുള്ള അവാര്‍ഡുകളും ലഭിച്ചു.