Pages

Monday, December 10, 2012

റോസി സെല്ലുലോയ്ഡിലൂടെ വീണ്ടും


മലയാള സിനിമയിലെ ആദ്യ നായിക എന്ന വിശേഷണത്തിനര്‍ഹയായി ജീവിതത്തിലെ ദുരന്തനായികയായി മാറിയ പി.കെ. റോസിയുടെയും ജെ.സി. ഡാനിയേലിന്റെയും ജീവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെല്ലുലോയ്ഡ്. പൃഥ്വിരാജ് ജെ.സി. ഡാനിയേല്‍ എന്ന മലയാള സിനിമയുടെ പിതാവായ, സംവിധായക വേഷമണിയുന്ന ചിത്രത്തില്‍ പുതുമുഖം ചാന്ദ്‌നിയാണ് നായിക. മംമ്ത, മോഹന്‍ദാസും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിനു എബ്രഹാമിന്റെ 'നഷ്ടനായിക' എന്ന നോവലിനെയും, ചേലങ്ങാട് ഗോപാലകൃഷ്ണന്റെ ജെ.സി. ഡാനിയേല്‍ ജീവചരിത്രത്തെയും ആധാരമാക്കിയാണ് കമല്‍ 'സെല്ലുലോയ്ഡ്' ഒരുക്കുന്നത്. ചിത്രത്തിന്റെ സംവിധാനത്തിനൊപ്പം തിരക്കഥയും, നിര്‍മാണവും കമല്‍ നിര്‍വഹിക്കുന്നു.

1928 ലെ കേരള ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന് ഏറെ ഹോംവര്‍ക്ക് നടത്തിയതായി കമല്‍ പറഞ്ഞു. കാലത്തെ തിരിച്ചു പിടിക്കുന്ന ചിത്രമെന്ന നിലയില്‍ കഥാപാത്ര രൂപീകരണത്തിലും, വേഷവിധാനത്തിലും, പശ്ചാത്തലത്തിലും, സംഭാഷണത്തിലും കാലികബന്ധം നിലനിര്‍ത്താന്‍ കമല്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തിന്റെ പൂജാ ചടങ്ങിനുശേഷം തിരുവനന്തപുരം ഫോര്‍ട്ട് ഹോസ്പിറ്റലിനടുത്തുള്ള സുന്ദരവിലാസം പാലസിലാണ് ചിത്രീകരണം നടന്നത്. പൃഥ്വിരാജും മംമ്ത മോഹന്‍ദാസും ചേര്‍ന്ന സീനാണ് ചിത്രീകരിച്ചത്. ചിത്രത്തില്‍ ജെ.സി. ഡാനിയേലിന്റെ ഭാര്യ ജാനറ്റായാണ് മംമ്ത വേഷമിടുന്നത്. പൃഥ്വിരാജിനെ ഒന്നര മണിക്കൂര്‍ നേരത്തെ ചമയം കൊണ്ടാണ് പട്ടണം റഷീദ്, ജെ.സി. ഡാനിയേലാക്കി മാറ്റിയത്. ആ കാലഘട്ടത്തിലെ ഭാഷാപ്രയോഗം വശത്താക്കാന്‍ ഒരു സ്‌പെഷല്‍ ഭാഷാവിദഗ്ധനെ കമല്‍ സെറ്റില്‍ നിയോഗിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ പുതുമകളെക്കുറിച്ച് സംവിധായകന്‍ കമല്‍ സംസാരിക്കുന്നു.
 
എങ്ങനെയാണ് മലയാള സിനിമയിലെ ആദ്യനായികയായ റോസിയെയും ആ ചിത്രത്തിന്റെ സംവിധായകനായ ജെ.സി. ഡാനിയേലിനെയും കേന്ദ്രീകരിച്ച് ഒരു ചിത്രം ഒരുക്കാനുള്ള ചിന്ത മനസ്സില്‍ കടന്നു വന്നത്?
 

എന്റെ ഒരു സുഹൃത്തിന്റെ പ്രേരണയിലാണ് വിനുവിന്റെ 'നഷ്ടനായിക' എന്ന നോവല്‍ വായിക്കാനിടയായത്. ആദ്യ നായികയുടെ കഥ പറയുന്നതിനൊപ്പം ആദ്യ ചിത്രമൊരുക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ജെ.സി. ഡാനിയേല്‍ എന്ന സംവിധായകനെയും ഞാന്‍ അതില്‍ കണ്ടു. ജീവിച്ചിരുന്നപ്പോള്‍ അവഗണനകള്‍ മാത്രം നേടി, മരിച്ചപ്പോള്‍ നിരവധി അംഗീകാരങ്ങള്‍ നേടിയ കലാകാരന്‍. ജെ.സി. ഡാനിയേല്‍ എന്നൊരു ഫിലിം മേക്കര്‍ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് റോസി ഉണ്ടായത്. ഈ രണ്ട് ജീവിതങ്ങളെയും ചേര്‍ത്ത് വായിച്ചപ്പോള്‍ നല്ലൊരു സിനിമയുടെ സാധ്യത ഞാന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ചേലങ്ങാടിന്റെ ജെ.സി. ഡാനിയേലിന്റെ ജീവിതം അടിസ്ഥാനമാക്കി എഴുതിയ പുസ്തകവും ഞാന്‍ വായിച്ചു. ആ പുസ്തകങ്ങള്‍ സമ്മാനിച്ച പ്രേരണയില്‍ നിന്നാണ് ഈ ചിത്രം പിറവി എടുത്തത്. മൂന്ന് വര്‍ഷത്തെ ഹോം വര്‍ക്ക് ഈ ചിത്രത്തിന് പിന്നിലുണ്ട്.
 

ഈ ചിത്രത്തിന്റെ നിര്‍മാതാവായും കമല്‍ എത്തിയല്ലോ? വിജയം ഉറപ്പിച്ചതുകൊണ്ടാണോ?
 

അങ്ങനെയല്ല. ഈ ചിത്രവുമായി പല നിര്‍മാതാക്കളോടും ഞാന്‍ സംസാരിച്ചു. അവര്‍ക്കൊന്നും ഇത്തരം ചിത്രത്തോട് താത്പര്യം ഉണ്ടായില്ല. ഈ വിഷയവുമായി ഇനിയും കാത്തിരിക്കാനുള്ള ക്ഷമ എനിക്കുണ്ടായില്ല. അങ്ങനെയാണ് നിര്‍മാണത്തിന് ഞാന്‍ ഇറങ്ങിയത്. എനിക്കൊപ്പം ചില സുഹൃത്തുക്കളും ഇറങ്ങിയപ്പോള്‍ അക്കാര്യവും എളുപ്പമായി.
 

ഈ ചിത്രത്തിലെ നായകനായി പൃഥ്വിരാജ് എത്തുന്നത് എങ്ങനെയാണ്?
 

ജെ.സി. ഡാനിയേലിന്റെ ജീവിതകഥ വായിച്ച കാലം മുതല്‍ ആ കഥാപാത്രത്തിന് അനുയോജ്യമായ മുഖമായി മനസ്സില്‍ കടന്നുവന്ന താരമുഖം പൃഥ്വിരാജിന്റേതായിരുന്നു. 28 വയസ്സുള്ള നായകന്റെ ജീവിതം അവതരിപ്പിക്കാന്‍ മമ്മൂട്ടിയോ, മോഹന്‍ലാലോ പറ്റില്ല. പിന്നീട് എന്റെ ആഗ്രഹം പൃഥ്വിയെ അറിയിച്ചപ്പോള്‍ അദ്ദേഹം ത്രില്‍ഡായി. അങ്ങനെയാണ് ജെ.സി. ഡാനിയേലായി പൃഥ്വി എത്തിയത്. വേറിട്ട ചിന്തകള്‍ക്കൊപ്പം സഞ്ചരിച്ച ജെ.സി. ഡാനിയേലിന്റെ തികച്ചും വേറിട്ട ജീവിതാവസ്ഥകളിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്. 'സെല്ലുലോയ്ഡ്' ഡാനിയേലിന്റെ കഥയാണ്; ഒപ്പം റോസിയുടേയും.
ഈ ചിത്രത്തിലെ നായികയായ റോസിയെ അവതരിപ്പിക്കാന്‍ ഒരു പുതുമുഖത്തെ തേടിയതിനു പിന്നില്‍? 
കഥാപാത്രത്തിനനുസരിച്ച മുഖം തേടിയുള്ള ഒരു യാത്രയിലായിരുന്നു ഞാന്‍.
അതിനു വേണ്ടിയുള്ള അന്വേഷണം ഒരു വഴിക്ക് നടക്കുമ്പോഴാണ് ഒരു ചാനലിലെ മ്യൂസിക് പ്രോഗ്രാമില്‍ ചാന്ദ്‌നിയുടെ ഫെര്‍ഫോമെന്‍സ് എന്റെ ഭാര്യ കണ്ടത്. ഭാര്യയുടെ നിര്‍ദേശത്താല്‍ ആ പ്രോഗ്രാം ഞാനും കണ്ടു. ഞങ്ങള്‍ അന്വേഷിച്ച മുഖം അത് തന്നെയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഇനിയുള്ള നാളുകളില്‍ എന്റെ മറ്റ് നായികമാരെപ്പോലെ ചാന്ദ്‌നിയും മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.

ചിത്രം സംഗീതസാന്ദ്രമാണോ?
 

ഒരു കാലഘട്ടത്തിന്റെയും, അതിലെ പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രമെന്ന നിലയില്‍ സംഗീതത്തിന് ഇവിടെ വലിയ പ്രാധാന്യമില്ല. എം. ജയചന്ദ്രന്‍ ഒരുക്കിയ രണ്ട് ഗാനങ്ങള്‍ അഥവാ നാടന്‍ പാട്ടുകള്‍ ചിത്രത്തിലുണ്ട്.

എങ്ങനെയാണ് 'സെല്ലുലോയ്ഡ്' എന്ന ടൈറ്റിലില്‍ എത്തിയത്?
 

ഡാനിയേലിന്റെ കഥപോലെത്തന്നെ ഇന്നത്തെ ലോകം മറക്കുന്ന ഒന്നാണ് 'സെല്ലുലോയ്ഡ്' (ഫിലിം). ഡിജിറ്റല്‍ യുഗത്തില്‍ സിനിമയ്ക്ക് വേണ്ടി ജീവിച്ച ഡാനിയേലും ഫിലിമും ഇന്ന് ഒരുതരം നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നവയാണ്. ഈ ചിത്രത്തിന് അതിനേക്കാള്‍ യോജിച്ച മറ്റൊരു ടൈറ്റിലില്ല.

ചിത്രത്തിലെ താരങ്ങള്‍

പൃഥ്വിരാജ്, ശ്രീനിവാസന്‍, മംമ്ത, ചാന്ദ്‌നി, ടി.ജി. രവി, ശ്രീജിത് രവി, ജയരാജ്, തമ്പി ആന്റണി, തലൈ വാസല്‍ വിജയ്, നെടുമുടി വേണു, സിദ്ധിക്, ജയരാജ് വാര്യര്‍, ജയന്‍, ചെമ്പില്‍ അശോകന്‍, കുമാര്‍. ജി. പൊന്നാട്, വേണു മച്ചാട്, ഇര്‍ഷാദ്, കൃഷ്ണന്‍ കാവാലം, വിജയന്‍ പെരുങ്ങോട്.

ട്രിവാന്‍ഡ്രം ലോഡ്ജ്




കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല, കഥ പറഞ്ഞു കഥ പറഞ്ഞു തന്നെ കഥാകാരനാക്കിയ അമ്മയെ കുറിച്ച് പദ്മരാജന്‍ പറഞ്ഞിട്ടുണ്ട്. കഥകളോടുള്ള ഈ പ്രണയമാവും സിനിമകളുടെ ശബ്ദരേഖ പോലും നാം ഇഷ്ട്ടപെടാന്‍ കാരണം. തുടക്കവും ഒടുക്കവും ഒക്കെയുള്ള കഥകള്‍ ഒരുപാട് പറഞ്ഞ മലയാള സിനിമയില്‍ ഒരു പറ്റം ആളുകളുടെ ജീവിതത്തിലെ കുറെ നിമിഷങ്ങള്‍, പ്രഖ്യാപിത ചട്ടക്കൂടുകള്‍ ഒന്നും ഇല്ലാതെ പറയുകയാണ് അനൂപ് മേനോന്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ചു വി കെ പ്രകാശ് സംവിധാനം നിര്‍വഹിച്ച ട്രിവാന്‍ഡ്രം ലോഡ്ജില്‍.... ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉള്ള ഈ ലോഡ്ജില്‍ വേരുകളില്ലാത്ത കുറെ മനുഷ്യര്‍, പല പ്രായക്കാര്‍, പല തരക്കാര്‍.. ഈ ലോഡ്ജ് പോലെ അവരെ ഒന്നിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്, കാമം. 

കാഴ്ചയിലും പെരുമാറ്റത്തിലും ഒരു വൃത്തിയും മെനയുമില്ലാത്ത അബ്ദുവിന് (ജയസൂര്യ) തനിക്കു മാത്രം ഒന്നും താരമാവാത്തതിന്റെ ചൊരുക്കാണ്. അതവന്‍ തീര്‍ക്കുന്നത് കൊച്ചു പുസ്തകങ്ങള്‍ വായിച്ചും പെണ്ണിന്റെ അടിവസ്ത്രം സൂക്ഷിച്ചു വച്ച്‌മൊക്കെയാണ്. അവനു പെണ്ണ് എന്നാല്‍ ശരീരം മാത്രമാണ്, അല്ലെങ്കില്‍ ചില അവയവങ്ങള്‍!!!!!!.. അടക്കിപ്പിടിച്ച കാമനകളുടെ സമൂഹമായത് കൊണ്ട് എളുപ്പത്തില്‍ വിറ്റുപോവാന്‍ സാധ്യതയുള്ള ഒരു വിഷയമാണ് ട്രിവാന്‍ഡ്രം ലോഡ്ജ് കൈകാര്യം ചെയ്യുന്നത്. അബ്ദുവും കൂട്ടരും പറയുന്ന 'സഭ്യ'മല്ലാത്ത (സഭ്യത ആര് നിര്‍ണ്ണയിക്കുന്നു എന്നുള്ളത് മറുചോദ്യം) ഉരിയാടലുകള്‍ തിയെറ്ററിനുള്ളില്‍ ആരവങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കൂട്ടത്തില്‍ സ്ത്രീ ലൈംഗിഗതയുടെ തുറന്നു പറച്ചിലുകളും!

പ്രധാനമായും മൂന്നു സ്ത്രീ കഥാപാത്രങ്ങളാണ് ഈ സിനിമയില്‍... 'ഇന്നെനിക്കൊരു മൂഡില്ല സാറേ' എന്ന് ബ്യൂട്ടിഫുള്‍ കന്യക പറയുമ്പോള്‍ അതിനൊരു സ്വാഭാവികതയുണ്ടായിരുന്നു, ഭംഗിയും, ലോഡ്ജിലെ വേശ്യയാവാന്‍ അവള്‍ക്കു തളര്‍ന്നു കിടക്കുന്ന ഒരു ഭര്‍ത്താവ് വേണം. പ്രശസ്തമായ കോളേജില്‍ നിന്നു ബിരുദാനന്ദ ബിരുദം നേടിയ സറീനയ്ക്ക് (ദേവി അജിത്)) ജീവിത പങ്കാളിയായി ഒമ്പതില്‍ തോറ്റ 'മുക്കുവനും' , അവന്റെ അളവറ്റ സമ്പാദ്യവും ആന കരിമ്പിന്‍ കാട്ടില്‍ കയറിയ പോലെയുള്ള പ്രകടനവും മതി! നായികയായി വരുന്ന ധ്വനിയ്ക്ക് (ഹണി റോസ്)) വിവാഹമോചനം നല്‍കുന്ന സ്വാതന്ത്ര്യം രമിച്ചു തീര്‍ക്കണം. 'അയ്യോ ചേട്ടാ വിവാഹത്തിന് മുന്പ് ഒന്നും വേണ്ട' എന്ന് പറഞ്ഞിരുന്ന നായികാ കാലത്തും വിവാഹ പൂര്‍വബാഹ്യ ബന്ധങ്ങള്‍ സിനിമയ്ക്ക് പ്രമേയമായിട്ടുണ്ട് (കെ ജി ജോര്‍ജിന്റെ ആദമിന്റെ വാരിയെല്ല് ഒരു ഉദാഹരണം). പക്ഷേ അന്നൊന്നും നായിക സ്വാതന്ത്ര്യമെന്നാല്‍ 'to fornicate, to have one night stands' എന്ന് ഇംഗ്ലീഷില്‍ പേച്ചി ന്യൂ ജനറേഷന്‍ ആയിട്ടുണ്ടായിരുന്നില്ല എന്ന് മാത്രം. (നായകന്റെ ബര്‍മുഡ പോലെ ഇനി നായികയുടെ ചുരുണ്ട തലമുടി, കണ്ണട, വല്യ കോഫി മഗ് എന്നിവയും ഫോര്‍മുല ആയി മാറുമോ എന്തോ?!) 


വിവാഹമോചനം എന്ന സ്വാതന്ത്ര്യം നേടി ഒരു നോവല്‍ രചിക്കാന്‍ നായിക ചേക്കേറുന്നത് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത കുറെ ചെറുപ്പക്കാര്‍ മാത്രം താമസിക്കുന്ന വന്യതയിലേക്ക് (അതും കേരളത്തില്‍!) !) ഇരുണ്ട നിറത്തിലുള്ള വെളിച്ച സംവിധാനം, ഹെലി ക്യാം (helicam) ഷോട്ടുകള്‍ വ്യത്യസ്തമായ പറച്ചിലുകള്‍, പ്രദീപ് നായരുടെ ക്യാമറ, ബിജിബാലിന്റെ പശ്ചാത്തല സംഗീതം, ജയചന്ദ്രന്റെ ഈണങ്ങള്‍, വേരുകള്‍ പടര്‍ന്ന ചുമര്‍, ഇരുട്ടിനെയും വെളിച്ചത്തിനെയും അതിര്‍വരമ്പിട്ടുകൊണ്ട് തുറന്നു കിടക്കുന്ന വാതില്‍ എന്നിവയൊക്കെ സിനിമയ്ക്ക് ഒരു പ്രത്യേക ഫീല്‍ പ്രദാനം ചെയ്യുന്നുണ്ട്. ഇവിടെ നടക്കുന്നതൊന്നും അസ്വാഭാവികമല്ല എന്ന് സിനിമ കാണുമ്പോള്‍ തോന്നാന്‍ അതുപകരിക്കുന്നുണ്ട്. 

ബ്യൂട്ടിഫുള്‍, തൂവാനതുമ്പികള്‍, Singing in the Rain എന്നിങ്ങനെ മറ്റു സിനിമകളെ കുറിച്ചുള്ള റെഫറന്‍സ് വരുന്നുണ്ട് ഈ ചിത്രത്തില്‍, അതില്‍ ഏറ്റവും മനോഹരമായി തോന്നിയത് സുഹൃത്തിന്റെ ചേച്ചി ആണെന്ന് കരുതി കന്യകയെ വളയ്ക്കാന്‍ ശ്രമിക്കുന്ന ഷിബു വെള്ളായണി (സൈജു കുറുപ്) എന്ന ചെറുകിട സിനിമ പത്രപ്രവര്‍ത്തകന്‍ അവളുമായി സല്ലപിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന singing in the rain ആണ്. എന്നാല്‍ മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ചിത്രങ്ങളില്‍ ഒന്നായ തൂവാന തുമ്പികള്‍ തങ്ങള്‍ എന്ന പിമ്പിലൂടെ ഓര്‍ക്കപ്പെട്ടത് എന്തിനായിരുന്നു? (ബ്യൂട്ടിഫുളില്‍ മഴയും ക്ലാരയും നായികയും എന്ന ചേരുവയ്ക്ക് അതിന്റെ ചാരുത ഉണ്ടായിരുന്നു , ഇവിടെ നഷ്ട്ടപ്പെടുന്നതും അത് തന്നെ). 


കോക്‌ടെയില്‍, ബ്യൂട്ടിഫുള്‍ എന്നിവയില്‍ പരീക്ഷിച്ച ഭൂമാഫിയ, അവിഹിതം, ആസക്തി, മദ്യപാനം തുടങ്ങിയവ ഈ സിനിമയിലും ഉപേക്ഷിച്ചിട്ടില്ല. അനൂപ് മേനോന്റെ രവിശങ്കര്‍ പക്ഷേ ഏക സ്ത്രീ വ്രതക്കാരനാണ്, ഭാര്യ മരിച്ചു പോയെങ്കിലും അവളെ മാത്രം പ്രണയിച്ചു കഴിയുന്നവന്‍, സ്‌കൂളില്‍ പഠിക്കുന്ന മകന്റെ 'പ്രണയം' മനസ്സിലാക്കുന്ന സ്‌നേഹനിധിയായ അച്ഛന്‍... (കുട്ടികളുടെ ഈ 'അടുപ്പം' പറഞ്ഞു ഫലിപ്പിക്കാനാണ് ചിത്രത്തിന്റെ ആദ്യ പകുതിയിലെ നല്ലൊരു ഭാഗവും ചിലവഴിക്കുന്നത്), അമ്മയുടെ ചെയ്തികളെ അവരൊരു ഫീമെയില്‍ കാസനോവ എന്ന് ന്യായീകരിക്കാനും അയാള്‍ക്കാവുന്നുണ്ട്. 

ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രം, ഹണി റോസ്, സൈജു കുറുപ്പ്, ബാലചന്ദ്രന്‍ തുടങ്ങിയവരുടെ സ്വാഭാവിക അഭിനയം, ഭംഗിയുള്ള വിഷ്വല്‍സ്, പാട്ടുകള്‍, തെറി ഇവ ചേര്‍ന്നാല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന് ചുരുക്കാം

ലൈഫ് ഓഫ് പൈ'


കടുവയ്ക്കും കടലിനുമിടയില്‍ ഒരു ത്രിമാനസൗന്ദര്യം

സാഹസികതയും വിസ്മയവും അതിശയങ്ങളും പ്രതീക്ഷയും കാത്തുവെക്കുന്ന 
മനോഹരമായ ത്രിമാന ചിത്രമാണ് ആങ് ലീയുടെ 'ലൈഫ് ഓഫ് പൈ'. 



കാഴ്ചയുടെ ഭാഷയെ പരമാവധി സൗന്ദര്യത്തോടെ അനുഭവിപ്പിക്കുക-അതാണ് ചലച്ചിത്രത്തിന്റെ ആത്യന്തിക ലക്ഷ്യം. ചില സൃഷ്ടികള്‍ ആ ഭാഷയെ തന്നെ നവീകരിക്കും. അത് അപൂര്‍വം. അങ്ങനെയൊന്നാണ് തായ്‌വാനീസ് സംവിധായകനായ ആങ് ലീയുടെ പുതിയ ചിത്രം 'ലൈഫ് ഓഫ് പൈ.' ത്രീഡി സിനിമയാണിത്. അതിലുമപ്പുറം അത് ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. നായകനായി അഭിനയിച്ചത് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് വിദ്യാര്‍ഥിയായ സൂരജ് ശര്‍മ. 

കൂടാതെ ഇര്‍ഫാന്‍ ഖാനും തബുവും. പത്തൊമ്പതുകാരനായ സൂരജിന്റെ ആദ്യചിത്രമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രമായിരുന്നു ഈ ചിത്രം. വെറും സാഹസികതയ്ക്കപ്പുറം ഭാരതീയ സംസ്‌കാരത്തിന്റെയും തത്വചിന്തയുടെയും ചേരുവകളുള്ള ചിത്രം എന്ന നിലയില്‍ കണ്ടിരിക്കേണ്ടതാണ് ഇത്; പറ്റുമെങ്കില്‍ ത്രീഡിയില്‍ തന്നെ. 

2001-ലെ ബുക്കര്‍ പുരസ്‌കാരത്തിനര്‍ഹമായ യാന്‍ മാര്‍ട്ടലിന്റെ 'ലൈഫ് ഓഫ് പൈ' എന്ന നോവലിനെ ആസ്പദമാക്കി ഡേവിഡ് മഗീ ആണ് തിരക്കഥ തയാറാക്കിയത്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ നിര്‍മാണ കമ്പനിയായ ട്വന്‍ടീത് സെഞ്ചുറി ഫോക്‌സ് മനോജ് നൈറ്റ് ശ്യാമളനെ സമീപിച്ചിരുന്നു, ചിത്രം സംവിധാനം ചെയ്യാന്‍. പക്ഷേ അദ്ദേഹം പിന്‍മാറി. 

പിന്നീട് മെക്‌സിക്കന്‍ സംവിധായകനായ അല്‍ഫോന്‍സോ കുആറോണിനെ സമീപിച്ചു. (രണ്ടു കൗമാരക്കാരുടെ രതിസാഹസങ്ങളുടെ യാത്ര ചിത്രീകരിച്ച 'വൈ തു മാമ താംബിയന്‍' എന്ന രസകരമായ ചിത്രത്തിന്റെ സംവിധായകനാണ് കുആറോണ്‍). പക്ഷേ കുആറോണും പിന്മാറി. പിന്നീടാണ് ഇത് ഹോങ്കോങ്ങുകാരനായ ആങ് ലീയുടെ കൈയിലെത്തുന്നത്. 


യാന്‍ മാര്‍ട്ടലിന്റെ നോവലിന് പ്രധാനമായി രണ്ടുഭാഗങ്ങളാണുള്ളത്. ആദ്യഭാഗം പോണ്ടിച്ചേരിയിലാണ്. പൈ പട്ടേലിന്റെ ബാല്യകാല കഥയാണത്. പൈയുടെ മാമാജി നീന്തല്‍ കമ്പക്കാരനാണ്. നീന്തല്‍ക്കുളങ്ങള്‍ അദ്ദേഹത്തിന്റെ വീക്ക്‌നെസ്സാണ്. ഒരിക്കല്‍ പാരീസിലെ 'പിസന്റ് മോളിറ്റര്‍' എന്ന നീന്തല്‍ക്കുളം സന്ദര്‍ശിച്ചതിന്റെ ഓര്‍മയ്ക്കായാണ് പേരിട്ടത്-പിസന്റ് മോളിറ്റര്‍ പട്ടേല്‍. പക്ഷേ അത് വിനയായി. സ്‌കൂളില്‍ കുട്ടികള്‍ അവനെ 'പിസ്സിങ്(മൂത്രമൊഴിക്കുന്ന) പട്ടേല്‍' എന്നു കളിയാക്കാന്‍ തുടങ്ങി. 

ഹൈസ്‌കൂളിലെത്തിയപ്പോള്‍ പിസന്റ് പട്ടേല്‍ എന്ന തന്റെ പേര് സ്വയം 'പൈ പട്ടേല്‍' എന്ന് ക്ലാസില്‍ വിവരിക്കാന്‍ തുടങ്ങി. കണക്കില്‍ വൃത്തത്തിന്റെ ചുറ്റളവുകാണാനുള്ള സൂത്രവാക്യത്തിലെ സ്ഥിരാങ്കമാണ് പൈ. അങ്ങനെ അവന്‍ പൈ പട്ടേലായി. പൈയുടെ കുടുംബത്തിന് പോണ്ടിച്ചേരിയില്‍ മൃഗശാലയുണ്ട്. അതില്‍ ഒരു കടുവയുമുണ്ട്-അതിന്റെ പേര് 'റിച്ചാര്‍ഡ് പാര്‍ക്കര്‍' ആണ്. ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നടത്തിയ കണക്കെടുപ്പില്‍ 'ക്ലറിക്കല്‍ മിസ്റ്റേക്ക്' കാരണമാണ് കടുവയ്ക്ക് റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന പേരുവന്നത്. 

എഴുപതുകളില്‍ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ നിയമങ്ങളില്‍ അസ്വസ്ഥനായി പൈയും കുടുംബവും മൃഗങ്ങളുമായി ചരക്കുകപ്പലില്‍ കാനഡയിലേക്ക് പോകാന്‍ തീരുമാനിച്ചു. അങ്ങനെ 'സിംസും' എന്ന ജപ്പാന്‍ കപ്പലില്‍ അവര്‍ യാത്ര തിരിച്ചു. പക്ഷേ, ആ കപ്പല്‍ കൊടുങ്കാറ്റില്‍ പെട്ട് മുങ്ങുകയാണ്. അതാണ് നോവലിന്റെ ആദ്യഭാഗം. സിനിമയുടെ ആദ്യപകുതിയുടെ പാതിഭാഗമാണ് ഇതുള്ളത്. ചിത്രത്തിലെ ഏറ്റവും ആകര്‍ഷകമായ ഭാഗമാണ് കപ്പല്‍ഛേദം. കൊടുങ്കാറ്റിനു നടുവില്‍ ആടിയുലയുകയും മുങ്ങുകയും ചെയ്യുന്ന കപ്പല്‍ നേരിട്ടെന്ന പോലെ കാണുക എന്നത് ഒരനുഭവം തന്നെയാണ്. ആദ്യഭാഗത്ത് പോണ്ടിച്ചേരിക്കു പുറമെ കേരളത്തിലെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. 

'മൃഗങ്ങള്‍ക്ക് ആത്മാവുണ്ട്' എന്നാണ് പൈയുടെ വാദം. 'നമ്മുടെ മാനസികാവസ്ഥ കടുവയുടെ കണ്ണുകളില്‍ പ്രതിഫലിക്കും. അതുകൊണ്ടാണ് കടുവയെ ചിലപ്പോള്‍ പാവമായി തോന്നുന്നതെന്ന് അച്ഛന്‍ സന്തോഷ് പറഞ്ഞുമനസിലാക്കുന്നു. ഇത് സിനിമയിലെ പ്രധാനപ്പെട്ട ഒരു വാചകമാണ്. കടുവ നമ്മുടെ തന്നെ മൃഗീയതയുടെ ഭാഗമാണോ അതോ ആത്മാവുള്ള ഒരു കടുവ ഉണ്ടായിരുന്നോ എന്ന ചോദ്യം സിനിമയുടെ അവസാന ഭാഗത്ത് ഉന്നയിക്കപ്പെട്ടേക്കാം. കപ്പല്‍ ഛേദത്തിനുശേഷമുള്ള ബാക്കി ഭാഗം രക്ഷാ ബോട്ടില്‍ കടലിനുനടുവില്‍ അകപ്പെട്ട പൈയുടെയും കടുവയുടെയും ജീവിതമാണ്. മുങ്ങുന്ന കപ്പലില്‍ നിന്ന് ഒരു ബോട്ടില്‍ രക്ഷാപ്രവര്‍ത്തകര്‍ എടുത്തെറിഞ്ഞതാണ് പൈ പട്ടേലിനെ. അച്ഛനുമമ്മയ്ക്കുമായി കേണെങ്കിലും രക്ഷാ പ്രവര്‍ത്തകര്‍ക്ക് അകത്തെത്താനായില്ല. 

പിന്നീടുള്ളത് കടുവയ്ക്കും കടലിനും നടുവിലുള്ള പൈയുടെ സാഹസിക ജീവിതമാണ്. അതാണ് സിനിമയുടെ അവസാനം വരെ. അതിനിടയില്‍ ഒരുപാടുസംഭവങ്ങളുണ്ട്. കടുവയുടെ മുന്നില്‍ ജീവിതം സംരക്ഷിക്കാനുള്ള പൈയുടെ തത്രപ്പാടുകള്‍, ഭക്ഷണം കണ്ടെത്താനുള്ള ശ്രമങ്ങള്‍, തീരം കാണുമെന്ന പ്രതീക്ഷ, അപ്രതീക്ഷിതമായ തിരിച്ചടികള്‍, അത്താണിയായി കണ്ടെത്തുന്ന തീരത്തിലെ ഭീഷണികള്‍ എല്ലാം. കടലിന്റെ പലതരം വിസ്മയങ്ങളും ആങ് ലീ കാത്തുവെച്ചിട്ടുണ്ട്. 

കാലിഫോര്‍ണിയ ആസ്ഥാനമായ റിതം ആന്‍ഡ് ഹ്യൂസ് കമ്പനിയാണ് ചിത്രത്തിന്റെ അനിമേഷന്‍ നിര്‍വഹിച്ചത്. റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന കടുവയെ അനിമേഷനിലൂടെ നിര്‍മിച്ചതാണ്. സംവിധായകനായ ആങ് ലീക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ ചിത്രമാണിത്. തായ്‌വാനിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവളത്തിലെ ടാങ്ക് ആണ് ഇതില്‍ കടലും തിരമാലകളും നിര്‍മിക്കാന്‍ ഉപയോഗിച്ചത്. ആര്‍ ആന്‍ഡ് എച്ച് കമ്പനിക്ക് മുംബൈയിലും ഹൈദരാബാദിലും ഉള്‍പ്പെടെ ലോകത്തെമ്പാടും സ്റ്റുഡിയോകളുണ്ട്.
പലയിടങ്ങളിലായാണ് ഇതിന്റെ അനിമേഷന്‍ പൂര്‍ത്തിയാക്കിയത്. 2011-ല്‍ പോണ്ടിച്ചേരിയിലെ മുതിയാല്‍പേട്ടിലെ ഹോളി റോസരി ചര്‍ച്ചിലാണ് ചിത്രീകരണം തുടങ്ങിയത്. പിന്നീട് തയ്‌വാന്‍, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലും ചിത്രീകരിച്ചു. 

ജെയിംസ് കാമറൂണിന്റെ 'അവതാര്‍' ആയിരുന്നു ഇതിനുമുമ്പ് ലോകമെമ്പാടും റിലീസ് ചെയ്ത ത്രീഡി ചിത്രം. എന്നാല്‍ കാഴ്ചയുടെയും ഉള്ളടക്കത്തിന്റെയും ജീവിതബന്ധംകൊണ്ട് 'ലൈഫ് ഓഫ് പൈ' 'അവതാറി'നെക്കാള്‍ മികച്ചു നില്‍ക്കുന്നു എന്നുപറയാം. കനഡയില്‍ താമസമായ പൈ പട്ടേലി(ഇര്‍ഫാന്‍ ഖാന്‍)നെത്തേടിയെത്തുന്ന കനേഡിയന്‍ നോവലിസ്റ്റി(റാഫെ സ്പാല്‍)നോട് കഥപറയുന്ന രീതിയിലാണ് ചിത്രത്തിന്റെ ആഖ്യാനം. ബെന്യാമിന്റെ 'ആടുജീവിത'ത്തിലെ ഒരു പരാമര്‍ശം ഓര്‍മവരുന്ന രീതിയിലാണ് ചിത്രത്തിന്റെ അവസാനം. 'നാം അനുഭവിക്കാത്ത ജീവിതമെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.' 

മെക്‌സിക്കോയില്‍ എത്തിയ പൈയെ തേടി ജപ്പാന്‍ കാര്‍ഗോ കപ്പലിനെ സംബന്ധിച്ച വിവരങ്ങളറിയാന്‍ ഇന്‍ഷുറന്‍സ് അധികൃതര്‍ എത്തുന്നുണ്ട്. എന്നാല്‍ പൈയുടെ കഥ അവര്‍ക്ക് വിശ്വാസമാവുന്നില്ല. കുറച്ചുകൂടി ലളിതമായ, വിശ്വസിക്കാനാകുന്ന ഒരു കഥപറയാന്‍ അവര്‍ ആവശ്യപ്പെടുന്നു. അങ്ങനെ അയാള്‍ ഭാവനയില്‍ നിന്നൊരു കഥയുണ്ടാക്കി അവരോട് പറയുന്നു. അവിശ്വാസിക്കും വിശ്വാസിക്കും തന്റെ ബോധത്തിനനുസരിച്ച് വ്യാഖ്യാനിക്കാന്‍ അവസരം നല്‍കുന്നതാണ് യാന്‍ മാര്‍ട്ടലിന്റെ നോവല്‍. ആ സാധ്യതകള്‍ സിനിമയിലും ആങ് ലീ സൂക്ഷിച്ചിട്ടുണ്ട്. ചിത്രത്തില്‍ കുറച്ച് തമിഴ് സംഭാഷണങ്ങളുണ്ട്. 

പ്രധാനമായും പൈയുടെ അമ്മ ഗിതാ പട്ടേലി(തബു)ന്റേതും കൗമാരക്കാരിയായ കൂട്ടുകാരി ആനന്ദി(ശ്രാവന്തി സായ്‌നാഥ്) എന്നിവരുടേതുമാണത്. സംവിധായകനായ ആങ് ലീ ഇന്ത്യയിലെത്തി ഓഡിഷന്‍ നടത്തി കണ്ടെത്തിയ ആളാണ് നായകനായ സൂരജ് ശര്‍മ. 

പൈയുടെ വേഷം പൂര്‍ണമാക്കാനായി പച്ചമീന്‍ തിന്നുകവരെ ചെയ്തിട്ടുണ്ടെന്ന് സൂരജ് പറയുന്നു. ജനപ്രിയ ചിത്രങ്ങളും കലാചിത്രങ്ങളും ലീ സംവിധാനം ചെയ്തിട്ടുണ്ട്. 'സെന്‍സ് ആന്‍ഡ് സെന്‍സിബിലിറ്റി', 'ക്രൗച്ചിങ് ടൈഗര്‍ ഹിഡണ്‍ ഡ്രാഗണ്‍', 'ലസ്റ്റ് ആന്‍ഡ് കോഷന്‍' തുടങ്ങിയ സിനിമകള്‍ അവയില്‍ പ്രധാനമാണ്. 'ബ്രോക്ക്ബാക്ക് മൗണ്ടന്‍' എന്ന ചിത്രത്തിന് ലീക്ക് മികച്ച സംവിധായകനുള്ള ഓസ്‌കാറും ലഭിച്ചിട്ടുണ്ട്.

ലേ ഹാവര്‍-(കൗറിസ്മാകിയുടെ തുറമുഖങ്ങള്‍)




കാഴ്ചയിലും ജീവിതത്തിലും സ്വന്തമായ അഭിരുചികള്‍ സൂക്ഷിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടാതിരിക്കാനാവില്ല, അകി കൗറിസ്മാക്കിയുടെ സിനിമകള്‍. അദ്ദേഹത്തിന്റെ ലേ ഹാവര്‍ എന്ന ചിത്രം ഇത്തവണ കേരള ചലച്ചിത്രോത്സവത്തിലുണ്ട്

സിനിമയില്‍ സ്വതസിദ്ധമായ ശൈലിയും നിലപാടുകളും കൊണ്ട് ശ്രദ്ധേയനാണ് ഫിന്നിഷ് സംവിധായകനായ അകി കൗറിസ്മാകി. ഏകാകികളും ദരിദ്രരും താഴ്ന്നവര്‍ഗക്കാരുമായ നായികാനായകന്‍മാര്‍, സ്ഥിരം അഭിനേതാക്കള്‍, വിഷാദഛായയുള്ളതും എന്നാല്‍ പ്രസാദാത്മകവുമായ അന്തരീക്ഷം, ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന കറുത്ത ഹാസ്യം, ചിത്രീകരണത്തില്‍ പതിഞ്ഞ കീ ലൈറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇരുള്‍ പടര്‍ന്നതും നിഴല്‍ വീണുകിടക്കുന്നതുമായ ഫ്രെയിമുകള്‍, കറുപ്പിലലിഞ്ഞ് അവസാനിക്കുന്ന സീനുകള്‍, പഴമയുടെ മിശ്രണമുള്ള ലൊക്കേഷനും അതിനനുസരിച്ച വേഷങ്ങളുള്ള കഥാപാത്രങ്ങളും, അപരിചിതരായ മനുഷ്യര്‍ക്കിടയില്‍ രൂപപ്പെടുന്ന നന്മയിലധിഷ്ഠിതമായ ആത്മബന്ധം, അധസ്ഥിതരും നിരാലംബരുമായവരോടുള്ള അനുതാപം, അമ്പതുകളിലും അറുപതുകളിലും വ്യാപകമായിരുന്ന റോക്ക് എന്‍ റോള്‍ സംഗീതം... അങ്ങനെ ആസ്വാദകര്‍ക്ക് എളുപ്പം തിരിച്ചറിയാനാവുന്നവയാണ് കൗറിസ്മാകി സിനിമകള്‍.

തകര്‍ന്നു തുടങ്ങിയ ഫിന്‍ലന്‍ഡ് സിനിമ ഉയിര്‍ത്തെഴുന്നേറ്റത് കൗറിസ്മാകിയുടെ വരവോടെയാണ്. എണ്‍പതുകള്‍ക്കുശേഷമുള്ള ഫിന്നിഷ് സിനിമയെ 'കൗറിസ്മാകി യുഗം' എന്നാണ് വിശേഷിപ്പിക്കുന്നത്. അകിയും സഹോദരന്‍ മീക്ക കൗറിസ്മാകിയും സിനിമാ രംഗത്തേക്ക് വരുന്നത് ഇക്കാലത്താണ്. 

ലോകസിനിമയില്‍ തൊണ്ണൂറുകളോടെ തുടക്കം കുറിച്ച കലാസിനിമാ വിരുദ്ധ(ആന്റി ആര്‍ട്ട് സിനിമ) പ്രവണതയുടെ വക്താക്കളില്‍ പ്രമുഖനാണ് അകി കൗറിസ്മാകി. വാണിജ്യവിജയം പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അകിയുടെ ലെനിന്‍ഗ്രാഡ് കൗബോയ് സിനിമകള്‍(ലെനിന്‍ഗ്രാഡ് കൗബോയ് ഗോസ് ടു അമേരിക്ക, ലെനിന്‍ഗ്രാഡ് കൗബോയ്‌സ് മീറ്റ് മോസസ്, കലമാരി യൂണിയന്‍) യൂറോപ്പിലും അമേരിക്കയിലും വന്‍ ഹിറ്റായിരുന്നു. പക്ഷേ ഇന്ന് ഇദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ലോകമെമ്പാടുമുള്ള ഫിലിംഫെസ്റ്റിവലുകളിലെത്തുന്നവര്‍ കാത്തിരിക്കുന്നുവെന്നത് വേറൊരു കാര്യം. മീക്കയും അകിയും സിനിമ പഠിച്ചവരാണ്. 

മ്യൂണിച്ചിലെ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് മീക്ക ഫിലിം പഠിച്ചത്. അകി ടാംപിയര്‍ യൂണിവേഴ്‌സിറ്റിയില്‍ മീഡിയ സ്റ്റഡീസിന് ചേര്‍ന്നു. എന്നാല്‍ മീക്ക മാത്രമാണ് പഠനം പൂര്‍ത്തിയാക്കിയത്. അകി പകുതിക്കുവെച്ച് നിര്‍ത്തി പോസ്റ്റ്മാന്റെയും ഹോട്ടല്‍പ്പണിക്കാരന്റെയും ജോലികള്‍ ചെയ്തു. ഇതിന്റെ സൂചനകള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ ഉണ്ടാകാറുണ്ട്. ഹോട്ടല്‍ രംഗങ്ങള്‍ അകിസിനിമയിലെ പതിവുചേരുവയാണ്. 

ആദ്യകാലത്ത് കൗറിസ്മാകി സഹോദരന്മാര്‍ ഒരുമിച്ചാണ് സിനിമയെടുത്തിരുന്നത്. ഇപ്പോള്‍ ഇരുവര്‍ക്കും സ്വന്തം സിനിമാ കമ്പനികളുണ്ട്. ഡോസ്റ്റയോവ്‌സ്‌കിയുടെ 'ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്' നോവലാണ് അകി ആദ്യം സിനിമയാക്കിയത്. 1983-ല്‍ ആയിരുന്നു അത്. 'ആ പുസ്തകം തൊടാന്‍ എനിക്ക് പേടിയാണ്' എന്ന ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് ഒരിടത്ത് എഴുതിയിരുന്നു. അതിന്റെ മറുപടിയെന്നോണം 'ഇയാള്‍ക്ക് ഞാന്‍ കാണിച്ചുകൊടുക്കാം എങ്ങനെയാണ് പുസ്തകം സിനിമയാക്കുക' എന്ന് മനസിലുറപ്പിച്ചാണ് 'ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്' തുടങ്ങിയത്. പക്ഷേ ഹിച്ച്‌കോക്ക് പറഞ്ഞത് ശരിയാണെന്ന് അദ്ദേഹത്തിന് മനസിലായി. എങ്കിലും 'ക്രൈം ആന്‍ഡ്' പണിഷ്‌മെന്റ്' മികച്ച സിനിമയായിരുന്നു. (യുട്യൂബില്‍ ഈ സിനിമ മുഴുവനായും കാണാം). 

ഡോസ്റ്റയോവ്‌സ്‌കിയുടെ നോവലില്‍ നിന്ന് വ്യത്യസ്തമായി ഹെല്‍സിങ്കിയിലെ ഒരുതൊഴിലുടമയുടെ കൊലപാതകവും അതിന്റെ അന്വേഷണവും പശ്ചാത്തലമാക്കിയാണ് ഈ സിനിമ. ലോ സ്‌കൂളില്‍ നിന്ന് ഡ്രോപ്പൗട്ടായി ഇറച്ചിഫാക്ടറിയില്‍ ജോലി ചെയ്യുന്ന യുവാവാണ് ഇതിലെ റാസ്‌കോള്‍നിക്കോഫ്. ഇറച്ചിവെട്ടുന്ന പലകയിലൂടെ നീങ്ങുന്ന പ്രാണിയുടെ മീതെ വെട്ടുകത്തി വീഴുന്ന ക്ലോസ് അപ്പ് ഷോട്ടിലാണ് സിനിമ തുടങ്ങുന്നത്. പിന്നീട് റാസ്‌ക്കോള്‍നിക്കോഫ് ഇറച്ചി അരിഞ്ഞുതള്ളുന്നതാണ് നാം കാണുക. സാഹിത്യകൃതികളിലെ കലാമൂല്യം നഷ്ടപ്പെടാതെ അഭ്രപാളികളില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നുവെന്നു നടിക്കുന്ന ചലച്ചിത്രബുദ്ധിജീവികളുടെ നാട്യങ്ങളെ പരിഹസിക്കുന്ന രീതിയിലാണ് അകി തന്റെ ആദ്യചിത്രം ഒരുക്കിയത്. അദ്ദേഹത്തിന്റെ ശൈലിക്കനുസരിച്ച് നോവലിനെ വഴക്കിയെടുക്കുകയാണ് അദ്ദേഹം ചെയ്തത്. വരേണ്യശ്രേണിയിലെ ജോലി ഉപേക്ഷിച്ച് താഴ്ന്ന (കൗറിസ്മാക്കിയുടെ കണക്കില്‍ യഥാര്‍ഥ തൊഴില്‍) തൊഴില്‍ ചെയ്യുന്ന നായികാ നായകന്മാര്‍ ഇദ്ദേഹത്തിന്റെ സിനിമയിലെ പ്രത്യേകതകളാണ്. 

'ലെ ഹാവറി'ലെ മാര്‍സല്‍ മാര്‍ക്‌സ് എന്ന കഥാപാത്രം അരാജക ബുദ്ധിജീവിയുടെ വേഷം ഉപേക്ഷിച്ചാണ് ഷൂപോളിഷ് ചെയ്യുന്ന ജോലി സ്വീകരിച്ചത്. 'നല്ല ജോലികള്‍ ഇല്ലാഞ്ഞിട്ടല്ല. ആളുകളെ കൂടുതല്‍ അറിയാന്‍ ഈ തൊഴിലാണ് നല്ലത്' എന്നാണ് മാര്‍സലിന്റെ അഭിപ്രായം. 'മാന്‍ വിത്തൗട്ട് എ പാസ്റ്റ്' എന്ന സിനിമയില്‍ ഓര്‍മനഷ്ടം വന്ന നായകന്റെ കൈ നോക്കി സുഹൃത്ത് പറയുന്നു 'നല്ല ശാരീരികാധ്വാനമുള്ള തൊഴില്‍ ചെയ്യുന്നയാളാണ് നിങ്ങള്‍. അധികം വായിക്കുന്ന കൂട്ടത്തിലല്ല' എന്ന്. 'ഡ്രിഫ്റ്റിങ് ക്ലൗഡ്‌സി'ല്‍ ഹോട്ടലില്‍ വെയിട്രസ് ആയ ഇലോണ ആണ് നായിക. തീപ്പെട്ടിക്കമ്പനിയിലെ ജീവനക്കാരിയുടെ കഥയാണ് 'മാച്ച് ഫാക്ടറി ഗേള്‍'. 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌ക്' സെക്യൂരിറ്റി ജീവനക്കാരനായ ചെറുപ്പക്കാരന്റെ കഥയാണ്.

ഇല്ലായ്മയുടെ രംഗങ്ങള്‍ വളരെ വ്യത്യസ്തമായാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. 'മാന്‍ വിത്തൗട്ട് എ പാസ്റ്റി'ലെ നായകന്റെ ദാരിദ്ര്യം പറയുന്ന രംഗം ഹൃദയസ്പര്‍ശിയാണ്. ഒരു ചായ കുടിക്കണമെന്ന് അദ്ദേഹത്തിനുണ്ടെങ്കിലും അതിനുള്ള പൈസ കൈയിലില്ല. ഹോട്ടലില്‍ ചെന്ന് അല്പം ചൂടുവെള്ളമാണ് അദ്ദേഹം ചോദിക്കുന്നത്.
അതിന് പണം കൊടുക്കേണ്ട. കസേരയില്‍ ചെന്നിരുന്ന് ഒരു സിഗരറ്റ് വലിക്കാനെന്നോണം ഒരു തീപ്പെട്ടി കീശയില്‍ നിന്നെടുക്കുന്നു. അതില്‍ നിന്ന് പുറത്തെടുക്കുന്നത് ഉപയോഗിച്ചുകഴിഞ്ഞ ഒരു ടീബാഗാണ്. ആരും കാണാതെ അതു ചൂടുവെള്ളത്തില്‍ കലക്കി ചായയാക്കി കുടിക്കുന്നു. ഇതു കണ്ട് ഹോട്ടലുടമയായ സ്ത്രീ അയാള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്. ഇല്ലായ്മയെ തന്നെ സൗന്ദര്യമാക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമകള്‍.

ലളിതമായ കഥ, പ്രേക്ഷകരെ സ്പര്‍ശിക്കുന്ന രീതിയില്‍ പറയുക അതാണ് കൗറിസ്മാകിയുടെ രീതി. വിശദീകരണമോ പശ്ചാത്തലവിവരണമോ ഇല്ലാതെ തന്നെ ആര്‍ക്കും മനസിലാക്കാവുന്നതാണ് സിനിമകള്‍. ഒന്നരമണിക്കൂറിലധികം ദൈര്‍ഘ്യമുണ്ടായാല്‍ പ്രേക്ഷകരെ ബോറടിപ്പിക്കും എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. 2011-ല്‍ പുറത്തിറങ്ങിയ 'ലേ ഹാവര്‍' ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 'ലേ ഹാവര്‍' ഫ്രാന്‍സിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ തുറമുഖമാണ്. അവിടെ കണ്ടെയ്‌നറില്‍ രേഖകളില്ലാതെ കോംഗോയില്‍ നിന്നെത്തുന്ന ഇദ്രിസെ എന്ന ആഫ്രിക്കന്‍ ബാലനും അവനെ രക്ഷിക്കാനുള്ള ഷൂ പോളിഷറായ മാര്‍സല്‍ മാര്‍ക്‌സിന്റെ ശ്രമവും ആണ് ഈ സിനിമയുടെ ഇതിവൃത്തം. ബാലനെ പിന്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ മോനെ കൂടിയെത്തുമ്പോള്‍ കഥ ആകാംക്ഷാഭരിതമാകുന്നു. യൂറോപ്പിനെ അലട്ടുന്ന സമകാലിക പ്രശ്‌നങ്ങളിലൊന്നാണ് അനധികൃത കുടിയേറ്റം. ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന് അദ്ദേഹം മാര്‍സല്‍ മാര്‍ക്‌സ് എന്നും ഭാര്യയ്ക്ക് ആര്‍ലെറ്റി മാര്‍ക്‌സ് എന്നും ആണ് പേരിട്ടത്. മാര്‍ക്‌സിന്റെ പിന്‍മുറക്കാര്‍ എന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ ഇതുവഴി കഴിയുന്നുണ്ട്. മെച്ചപ്പെട്ട സൗകര്യങ്ങള്‍ തേടിയുള്ള തൊഴിലാളികളുടെ ദേശാന്തര കുടിയേറ്റത്തെ യഥാര്‍ഥ കാള്‍ മാര്‍ക്‌സ് എങ്ങനെയാകും വിശദീകരിക്കുക? കുടിയേറ്റവുമായി ബന്ധപ്പെട്ട മനുഷ്യാവകാശപ്രശ്‌നങ്ങള്‍ക്ക് മാര്‍ക്‌സിയന്‍ പോംവഴി വേണമെന്നാവാം സംവിധായകന്‍ ഉദ്ദേശിക്കുന്നത്. ഫിന്‍ലന്‍ഡിലെ അഞ്ചിലൊന്നു ഭാഗം ഇപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവമുള്ളവരാണ്. പഴയ സോവിയറ്റ് യൂണിയനോടുള്ള ഗൃഹാതുരത്വം അവര്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. 

ആഖ്യാനത്തിലുടനീളം ആകാംക്ഷ സൂക്ഷിക്കുന്നവയാണ് കൗറിസ്മാകി സിനിമകള്‍. ബോറടിപ്പിക്കില്ല. അതാണ് അവയുടെ വാണിജ്യവിജയത്തിന്റെ രഹസ്യവും. 2002-ല്‍ കാന്‍ ചലച്ചിത്രമേളയില്‍ പുരസ്‌കാരം നേടിയ 'ദി മാന്‍ വിത്തൗട്ട് എ പാസ്റ്റ'് ആണ് ലോകശ്രദ്ധനേടിയ കൗറിസ്മാകിയുടെ മറ്റൊരു സിനിമ. ഒരു തീവണ്ടിയാത്രയ്ക്കിടയില്‍ കവര്‍ച്ചക്കാരുടെ അടിയേറ്റ് ഓര്‍മ നഷ്ടപ്പെടുന്ന ഒരാളുടെ കഥയാണിത്. കഥയുടെ അവസാനം വരെ അയാള്‍ക്ക് പേരില്ല. ഹെല്‍സിങ്കിയിലെ അപരിചിതമായ ദേശത്ത് എത്തിപ്പെടുന്ന അയാള്‍ ബന്ധങ്ങള്‍ രൂപപ്പെടുത്തുകയും പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് കഥ. പേരില്ലാതാവുന്നതോടെ അധികാര സ്ഥാപനങ്ങള്‍ക്കുമുന്നില്‍ അയാള്‍ നേരിടുന്ന പ്രതിസന്ധിയും ഓര്‍മയില്ലായ്മയുടെ നിസ്സഹായാവസ്ഥയും എല്ലാം വിഷയമാകുന്നു. അതിനിടെ സന്നദ്ധസംഘടനയിലെ പ്രവര്‍ത്തകയുമായി പ്രണയവും രൂപപ്പെടുന്നു. എന്നാല്‍ ഓര്‍മയിലെ അയാളുടെ ജീവിതം അത്ര നല്ലതൊന്നുമല്ല. വിവാഹ മോചനത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു അയാളും ഭാര്യയും. 

തുറമുഖങ്ങളിലാണ് അകിയുടെ സിനിമകള്‍ അധികവും ചിത്രീകരിച്ചിരിക്കുന്നത്. എഴുത്തുകാര്‍ കൃതികളില്‍ സങ്കല്‍പദേശങ്ങള്‍ നിര്‍മിക്കാറുള്ളതുപോലെ അദ്ദേഹവും സിനിമകളില്‍ സ്വന്തമായി ഒരു ദേശം നിര്‍മിക്കുന്നുണ്ട്. നിരൂപകര്‍ അതിനെ 'അകിലാന്‍ഡ്' എന്ന് വിളിക്കാറുണ്ട്. 'മാന്‍ വിത്തൗട്ട് എ പാസ്റ്റ്', 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌ക്', 'ഡ്രിഫ്റ്റിങ് ക്ലൗഡ്‌സ്', 'ലേ ഹാവര്‍' എന്നിവയെല്ലാം തുറമുഖങ്ങളില്‍ നടക്കുന്ന കഥകളാണ്. ഇതില്‍ ആദ്യത്തെ മൂന്നും ഹെല്‍സിങ്കിയിലാണ്. ലേ ഹാവറിനുവേണ്ടി അകി യൂറോപ്പിലെ മുപ്പതോളം തുറമുഖങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒടുവിലാണ് ഫ്രാന്‍സിലെത്തിയത്. ആദ്യസിനിമയായ 'ക്രൈം ആന്‍ഡ് പണിഷ്‌മെന്റും' ഹെല്‍സിങ്കി സിനിമയാണ്. 
അകിയുടെ സിനിമകളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ചില നടീനടന്‍മാരുണ്ട്. കാത്തി ഊട്ടിനെന്‍ എന്ന നടിയെ മിക്കവാറും ചിത്രങ്ങളില്‍ കാണാം. മാട്ടി പെലോന്‍പ, കാരി വായ്‌നാനെന്‍, മാര്‍ക്കു പെല്‍ടോല എന്നിവരും അകി ചിത്രങ്ങളിലെ പതിവുകാരാണ്. ടിമോ സാല്‍മിനെന്‍ ആണ് മിക്കവാറും ചിത്രങ്ങളുടെ ഛായാഗ്രഹണം. സംഭാഷണങ്ങള്‍ വളരെ കുറച്ചുമാത്രമേ സിനിമകളില്‍ കാണാനാകൂ. മാച്ച് ഫാക്ടറി ഗേളില്‍ ആദ്യത്തെ 13 മിനിറ്റു കഴിഞ്ഞാണ് സംഭാഷണം വരുന്നതുതന്നെ. ഇത് ഫിന്‍ലാന്‍ഡിലെ ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ടാണെന്ന് ചില ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്. വലിപ്പത്തില്‍ 64-ാം സ്ഥാനത്താണ് ഈ രാജ്യം. 3,38,424 ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്തൃതി. പക്ഷേ 5.42 കോടിയാണ് ജനസംഖ്യ. ഒരു ചതുരശ്ര കിലോമീറ്ററില്‍ 16 പേര്‍ ആണ് ജനസാന്ദ്രത. (38,363 ചതുരശ്ര കി.മീ മാത്രം വിസ്തൃതിയുള്ള കേരളത്തില്‍ 860 ആണ് ചതുരശ്ര കിലോമീറ്ററിലെ ജനസാന്ദ്രത.) അങ്ങനെയൊരു രാജ്യത്ത് ആളുകളുടെ ഏകാന്തതയെക്കുറിച്ചു പറയാനുണ്ടോ?

കഥാപാത്രങ്ങളിലധികവും നിസംഗവും നിര്‍വികാരവുമായ മുഖഭാവത്തോടെയുള്ളവരായിരിക്കും. പക്ഷേ അവരുടെ ഉള്ളിലെ വികാരത്തിന്റെ കടല്‍ നമുക്കുവായിച്ചെടുക്കാനാകും. വൈകാരികമായ തീവ്രത ഉള്ളില്‍ സൂക്ഷിക്കുന്നവരാണ് അകിയുടെ കഥാപാത്രങ്ങളിലധികവും. 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌ക്' എന്ന സിനിമയില്‍ തന്റെ പരിചയക്കാരിയായ യുവതിയില്‍ നിന്ന് പല തവണ വഞ്ചിക്കപ്പെട്ടിട്ടും നായകനായ കോയിസ്റ്റനന്‍ അവള്‍ക്കെതിരെ പ്രതികരിക്കുന്നില്ല. അയാള്‍ 'ഒരു സെന്റിമെന്റല്‍ ഫൂള്‍' ആണെന്നാണ് വില്ലനായ കഥാപാത്രം അവളോട് പറയുന്നത്. മാന്‍ വിത്തൗട്ട് പാസ്റ്റ് എന്ന സിനിമയില്‍ മനോഹരമായ ഒരു രംഗമുണ്ട്.
നായികയായ ഇര്‍മയെ താമസസ്ഥലത്തുവരെ പേരില്ലാത്ത നായകന്‍ അനുഗമിക്കുന്നു. വിടപറയുന്ന സമയത്ത് അയാള്‍ ' നോക്കൂ, നിങ്ങളുടെ കണ്ണുകളില്‍ എന്തോ ഉണ്ട്' എന്ന് ഇര്‍മയോട് പറയുന്നു. ഒരു നിമിഷം എന്തോ ഓര്‍ത്തിരിക്കെ പെട്ടെന്ന് അവളുടെ കവിളില്‍ അയാള്‍ മൃദുവായി ചുംബിക്കുന്നു. 'നിങ്ങള്‍ ഒരു ചുംബനം മോഷ്ടിച്ചു' എന്നാണ് ഇര്‍മ അയാളോട് പ്രതികരിച്ചത്. 'ഞാന്‍ അത്ര മാന്യനൊന്നുമല്ല' എന്ന് അയാളുടെ മറുപടി. 

സ്‌ക്രീനിലെ പുകവലിയെക്കുറിച്ചുള്ള നിയമങ്ങള്‍ പിന്തുടര്‍ന്നാല്‍ അകിയുടെ ഒരു സിനിമയും കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനാവില്ല. അത്രയേറെ പുകവലി രംഗങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളിലുണ്ടാകും. 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌കി'ല്‍ ആളുകള്‍ ജയിലില്‍ പോലും സിഗററ്റുവലിക്കുന്നതുകാണാം. അതുപോലെ തന്നെയാണ് മദ്യപാനത്തിന്റെയും കാര്യം. 

കൗറിസ്മാക്കിയുടെ പ്രശസ്തമായ ചില പ്രതിഷേധങ്ങളുണ്ട്. 2003-ല്‍ 'മാന്‍ വിത്തൗട്ട് എ പാസ്റ്റ്' ഓസ്‌കാറിനു നോമിനേറ്റ് ചെയ്യപ്പെട്ടങ്കെിലും ആ ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയാറായില്ല. യുദ്ധക്കൊതിയുള്ള ഒരു രാജ്യത്ത് ആഘോഷത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല എന്നാണ് അദ്ദേഹം അറിയിച്ചത്. 2006-ല്‍ 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌കി'നും നോമിനേഷന്‍ ലഭിച്ചപ്പോള്‍ ജോര്‍ജ് ബുഷിന്റെ വിദേശ നയങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹം പോയില്ല. 2003-ല്‍ തന്നെ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമിക്ക് വിസ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ രണ്ടുമണിക്കൂര്‍ വിമാനത്തില്‍ പുകവലിക്കാതിരിക്കാന്‍ കൗറിസ്മാക്കിക്ക് പറ്റാത്തതിനാലാണ് പോകാത്തതെന്ന് ചില നിരൂപകര്‍ പറയാറുണ്ട്. 

കൗറിസ്മാക്കിയുടെ മിക്കവാറും ചിത്രങ്ങളില്‍ പട്ടി പ്രധാന കഥാപാത്രമായി വരാറുണ്ട്. 'ലേ ഹാവറി'ല്‍ 'ലൈക' എന്നൊരു പട്ടിയുണ്ട്. റഷ്യയുടെ ഉപഗ്രഹമായ സ്പുട്‌നിക്ക് രണ്ടില്‍ ബഹിരാകാശത്തേക്ക് അയച്ച പട്ടിയായിരുന്നു ലൈക്ക. ആ പേരാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. 'മാന്‍ വിത്തൗട്ട് എ പാസ്റ്റി'ലെ താഹ്തിക്ക് 2003-ല്‍ കാനില്‍ പാംഡോഗ് പുരസ്‌കാരം ലഭിച്ചിരുന്നു. 'മനുഷ്യരേക്കാള്‍ എനിക്കിഷ്ടം പട്ടികളെയാണ്. മനുഷ്യരെ നമുക്കിഷ്ടപ്പെടേണ്ടിവരും. നമ്മള്‍ അതില്‍പ്പെടുന്നയാളാണല്ലോ. പക്ഷേ പട്ടികളോട് എനിക്ക് കൂടുതല്‍ ഇഷ്ടമുണ്ട്. അവ സത്യസന്ധരാണ്. കളവുപറയില്ല' എന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. 'ലൈറ്റ്‌സ് ഇന്‍ ദി ഡസ്‌കി'ലെ കോയിസ്റ്റിനന്‍, ഹോട്ടലിനു പുറത്ത് പട്ടിയെകെട്ടിയിട്ടിട്ടുപോയ ഉടമസ്ഥനോട് കലഹിക്കുന്നുണ്ട്. 'ഡ്രിഫ്റ്റിങ് ക്ലൗഡ്‌സി'ലും ദരിദ്രരായ നായികാനായകന്‍മാര്‍ക്ക് കൂട്ടായി ഒരുനായയുണ്ട്.

പാട്ടുകളാണ് കൗറിസ്മാക്കി സിനിമകളുടെ മറ്റൊരു പ്രത്യേകത. മിക്കവാറും സിനിമകളില്‍ രണ്ടോമൂന്നോ പാട്ടുകള്‍ ഉണ്ടാകും. പഴയ റേഡിയോയില്‍ നിന്നുവരുന്ന പാട്ടുകള്‍ പല സിനിമകളിലും കാണാം. വിഷാദം കലര്‍ന്ന പാട്ടുകളാണ് ഏറെയും. റോക്ക് എന്‍ റോളിനോടുള്ള ഇഷ്ടവും അദ്ദേഹം സിനിമയില്‍ കൈവിടാറില്ല.

തന്റെ സിനിമകളൊന്നും മാസ്റ്റര്‍ പീസുകളല്ല എന്നാണ് അദ്ദേഹം പറയുന്നത്. മാസ്റ്റര്‍പീസ് നിര്‍മിക്കാമെന്നുവച്ചാലും അതിനുപറ്റില്ല. സ്വന്തം സിനിമകളില്‍ കാലത്തിന്റെ അടയാളങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ചിലപ്പോള്‍ ഭ്രാന്തന്‍ രീതിയിലും അദ്ദേഹം പ്രതികരിക്കാറുണ്ട്. ഇരുപതു സിനിമകള്‍ ചെയ്താല്‍ സിനിമയില്‍ നിന്ന് വിരമിക്കും എന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ആകെ 17 ഫീച്ചര്‍ സിനിമകള്‍ അദ്ദേഹം ഇതുവരെ ചെയ്തിട്ടുണ്ട്. 

റെഡ് വൈനിന്റെ വീര്യത്തില്‍





തലയില്‍ ചെരിച്ചുവെച്ച നീലത്തൊപ്പി. കാക്കി യൂണിഫോം. തിളങ്ങുന്ന ബ്രൗണ്‍ ഷു. മുഖത്ത് ഗൗരവഭാവം. കോഴിക്കോട് ബീച്ചിനഭിമുഖമായി നില്‍ക്കുന്ന പോര്‍ട്ട് ഗസ്റ്റ് ഹൗസിലെ വി.ഐ.പി. മുറിയില്‍ കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു മോഹന്‍ലാല്‍. നവാഗത സംവിധായകനായ സലാംബാപ്പു ഒരുക്കുന്ന 'റെഡ് വൈന്‍' എന്ന ചിത്രത്തിലെ രതീഷ് വാസുദേവന്‍ എന്ന അന്വേഷണോദ്യോഗസ്ഥനായി ലാല്‍ കാമറയ്ക്ക് മുമ്പിലെത്തി. ഒറ്റ ടേക്കില്‍ എല്ലാം ഓക്കേ...

അല്പം മുമ്പുവരെ എ.സി. മുറിയില്‍ ചിരികളികളും നര്‍മം തുളുമ്പുന്ന സംഭാഷണ ശകലങ്ങളുമായി സജീവമായിരുന്നു ലാല്‍. സംവിധായകന്‍ ഷോട്ട് റെഡി എന്നു പറഞ്ഞതോടെ മേക്കപ്പിട്ടപ്പോഴേക്കും അതെല്ലാം അറബിക്കടല്‍ കടന്നു. ലാല്‍ കഥാപാത്രമായി. പിന്നെ അഭിനയ സാക്ഷാത്കാരം മാത്രം... ആസ്വാദകലോകം എത്രയോ തവണ കണ്ടതാണ് ഈ കഥാപാത്രത്തിലേക്കുള്ള പകര്‍ന്നാട്ടം. 

ഒരു ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ കോഴിക്കോട്ട് വീണ്ടും എത്തുന്നത്. അഞ്ചു വര്‍ഷം മുമ്പ് ചിത്രീകരിച്ച' അലിഭായി' ആണ് ഇവിടെ ഒടുവില്‍ ചെയ്ത ചിത്രം. കോഴിക്കോട് എന്റെ ഇഷ്ടനഗരമാണ്. ഒട്ടേറെ നല്ല സുഹൃത്തുക്കള്‍ ഇവിടെയുണ്ട്. 'ഛായാമുഖി' നാടകം ചെയ്യാനും മാസങ്ങള്‍ക്ക് മുമ്പ് അമ്മയുടെ ഷോയ്ക്കായും ഇവിടെ വന്നിരുന്ന ലാല്‍ ഓര്‍മകളിലേക്ക് ഊളിയിട്ടു. ഇടയ്ക്ക് മൂളിപ്പാട്ട്. കുശലാന്വേഷണം. വീണ്ടും ഷോട്ടിനായി കാമറയ്ക്ക് മുന്നിലേക്ക്. തിരിച്ചെത്തിയപ്പോഴേക്കും കുസൃതികളും നര്‍മബോധവും അറബിക്കടല്‍ കടന്ന് മടങ്ങിയെത്തി....ഷോട്ടുകളുടെ ഇടവേളയില്‍ ലാല്‍ മനസ്സു തുറന്നു. 

* 'റെഡ് വൈനി'ലെ കഥാപാത്രത്തെക്കുറിച്ച്? 


സംവിധായകനല്ലേ അതൊക്കെ പറയേണ്ടത്. ഒരുപാട് മിസ്റ്ററിയും സസ്‌പെന്‍സുമൊക്കെച്ചേര്‍ന്ന പുതുമയുള്ള സിനിമയാണ് ഇത് എന്നുമാത്രം പറയാം. ഒരുപാട് സംഭവവികാസങ്ങളിലൂടെയാണ് കഥ വളരുന്നത്. 


* റോഷന്‍ ആന്‍ഡ്രൂസിനുശേഷം ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ ആദ്യമല്ലേ? 


അതെ. 

*സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഫാസിലിന്റെ മകനൊപ്പം ഈ ചിത്രത്തില്‍ വേഷമിടുമ്പോള്‍? 


'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' ഒക്കെ ചെയ്യുമ്പോള്‍ ഫഹദ് പയ്യനല്ലേ. കഴിവുള്ള ചെറുപ്പക്കാരന്‍. പക്ഷേ, ഈ ചിത്രത്തില്‍ ഞങ്ങളുടെ കോമ്പിനേഷന്‍ സീന്‍സ് കുറവാണ്. 

* 'പ്രണയ'ത്തിലെ കഥാപാത്രത്തിനും ഭ്രമരത്തിലെ വേഷത്തിനും ദേശീയ അവാര്‍ഡ് കിട്ടാത്തതിനെപ്പറ്റി? 


നമ്മള്‍ അവാര്‍ഡിന് വേണ്ടിയല്ലല്ലോ ഇതൊന്നും ചെയ്യുന്നത്. അതൊക്കെ അങ്ങനെ സംഭവിക്കുകയല്ലേ. പിന്നെ ഇതൊക്കെ വിലയിരുത്തുന്ന ജൂറിയുടെ തീരുമാനത്തിന് വിധേയമാണ് എല്ലാം. അത് എല്ലാവരും അംഗീകരിക്കേണ്ടേ? 

* എങ്കിലും മനുഷ്യമനസ്സുകളെ ഏറെ വേട്ടയാടുന്ന കഥാപാത്രമാണ് 'ഭ്രമര'ത്തിലെ ശിവന്‍കുട്ടി. എന്നിട്ടും അവാര്‍ഡ് തലത്തില്‍ തഴയപ്പെട്ടില്ലേ? 


അത്തരം ചിത്രങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നതുകൊണ്ടാവാം അങ്ങനെ തോന്നുന്നത്. അവാര്‍ഡ് കമ്മിറ്റിക്ക് മുമ്പാകെ വേറെയും നല്ല ചിത്രങ്ങള്‍ എത്തുന്നുണ്ടല്ലോ? അതുകൊണ്ടാവും. ദേശീയ പുരസ്‌കാരത്തിന് നേരത്തേയും എന്റെ ചിത്രങ്ങള്‍ അവസാനഘട്ടം വരെയുണ്ടായിരുന്നു. പരദേശി, ഇരുവര്‍..അങ്ങനെയങ്ങനെ. പക്ഷേ അവാര്‍ഡങ്ങനെ മാറിപ്പോയി. പ്രണയത്തില്‍ എനിക്കും അനുപംഖേറിനും തുല്യപ്രാധാന്യമാണെന്നാണ് പറഞ്ഞത്. 


*ഇരുവര്‍ പരിഗണിച്ചപ്പോഴും ഇതേപ്രശ്‌നമുണ്ടായില്ലേ? 


ഉവ്വ്. അതൊക്കെ അങ്ങനെ സംഭവിക്കും. ജൂറിയല്ലേ എല്ലാം തീരുമാനിക്കേണ്ടത്. 

* 2012 ഭാഗ്യവര്‍ഷമാണല്ലോ? 'ഗ്രാന്‍ഡ് മാസ്റ്റര്‍', 'സ്പിരിറ്റ്', 'റണ്‍ബേബി റണ്‍' ഹാട്രിക്ക് ഹിറ്റുകള്‍. എന്തുതോന്നുന്നു? 


സന്തോഷംതന്നെ. എല്ലാ സിനിമകളും 365 ദിവസം കളിക്കട്ടെ എന്നാണ് ആഗ്രഹവും പ്രാര്‍ഥനയും. വിജയിച്ച ഈ ചിത്രങ്ങളിലെല്ലാം നല്ല കഥയുണ്ടായിരുന്നു. 

* 2013ലെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്? 


ഒന്നും പ്രതീക്ഷിക്കുന്നില്ല. പ്രതീക്ഷകളില്ലാതെ തന്നെ നല്ലതു സംഭവിക്കട്ടെ എന്നാണ് ആഗ്രഹം. കുറേ പ്രോജക്ടുകള്‍ കാത്തു കിടക്കുന്നുണ്ട്. ഉടനെ ചെയ്യാന്‍ പോകുന്ന ചിത്രം സിദ്ദിഖിന്റെ ലേഡീസ് ആന്‍ഡ് ജന്റില്‍മാനാണ്. ജയഭാരതിയമ്മയുടെ മകന്‍ കൃഷ് സത്താറും ഇതില്‍ അഭിനയിക്കുന്നു. പിന്നെ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഷാജി. എന്‍. കരുണ്‍, ടി.കെ. രാജീവ് കുമാര്‍..അങ്ങനെ ഒത്തിരിപ്പേരുടെ കൂടെ പടം ചെയ്യുന്നുണ്ട്.





പിന്നെ വെറുതെ ആ ചിത്രമുണ്ട്, ഈ ചിത്രമുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. നല്ല തിരക്കഥയും സംവിധായകരും ഒന്നിക്കണം. താരങ്ങള്‍വേണം. ഇതൊക്കെ ചേരുമ്പോഴേ പ്രോജക്ടായി എന്നു പറയാനാവൂ. അങ്ങനെയേ പറയൂ. 

*20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സിദ്ധിഖുമായി ചേര്‍ന്ന് മറ്റൊരു ചിത്രം ഇറങ്ങുന്നത്? 


അതെ. വിയ്റ്റ്‌നാം കോളനിക്ക് ശേഷം ഞങ്ങള്‍ വലിയൊരിടവേളയ്ക്കുശേഷം ഒന്നിക്കുകയാണ്. നല്ല സിനിമ സംഭവിക്കുമെന്ന്തന്നെ കരുതണം. 

* മോഹന്‍ലാല്‍-ദുല്‍ഖര്‍സല്‍മാന്‍ സിനിമ, മോഹന്‍ലാല്‍-വിജയ് സിനിമ ഇതൊക്കെ ഉടന്‍ ഉണ്ടാകുമോ? 


ഈ പ്രോജക്ടുകളെക്കുറിച്ചൊന്നും ഞാനറിഞ്ഞിട്ടില്ല. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും എനിക്കറിയില്ല. ഞാന്‍ നേരത്തേ പറഞ്ഞില്ലെ. തിരക്കഥയും സംവിധായകനും നടീനടന്മാരും ഒന്നിച്ച് വരുന്ന ഘട്ടത്തിലേ പ്രോജക്ടുകള്‍ ആയി എന്ന് പറയാനാവൂ.

* ഷാജി കൈലാസ്, ലാല്‍ ജോസ് എന്നിവരോടൊപ്പമുള്ള പ്രോജക്ടുകളെക്കുറിച്ചും കേള്‍ക്കുന്നുണ്ടല്ലോ? 


ഇല്ല ഷാജിക്കൊപ്പം ഇപ്പോള്‍ പടമൊന്നും ചെയ്യുന്നില്ല. ലാല്‍ജോസ് പ്രോജക്ടും ഞാന്‍ നേരത്തേപ്പറഞ്ഞ ഊഹാപോഹങ്ങളില്‍പ്പെട്ടതാണ്. 

* രണ്ടാമൂഴം എന്ന പ്രോജക്ടിനെപ്പറ്റി? 


ഒരുപാട് തയ്യാറെടുപ്പുകള്‍വേണ്ട പ്രോജക്ടാണ്. വലിയ കാന്‍വാസില്‍ ഒരുക്കേണ്ട ചിത്രമാണ്. 

ഈ സമയം അടുത്തിരുന്ന സുഹൃത്തിനോട് പറഞ്ഞു. ''ഒത്തിരി വര്‍ഷങ്ങളായല്ലോ ഹരിഹരനോടൊപ്പം ഒരുപടം ചെയ്തിട്ട്. അമൃതംഗമയയ്ക്ക് ശേഷം ഹരിഹരന്‍-എം.ടി ടീമിനൊപ്പം ഒരു പടവും ചെയ്തിട്ടില്ല. ഞാനും സുകുമാരനും വേഷമിട്ട ഒരുചിത്രം ഹരിഹരന്‍ തുടങ്ങിയിരുന്നെങ്കിലും പിന്നീട് നിന്നുപോയി''. 

* മോഹന്‍ലാല്‍ കാത്തിരിക്കുന്ന ഡ്രീം റോള്‍ ഏതാണ്? 


അങ്ങനെയൊന്നുമില്ല. ഇനിയും ഒത്തിരി കഥാപാത്രങ്ങള്‍ ചെയ്യാനില്ലേ. പിന്നെ ഡ്രീം റോള്‍ ചെയ്താല്‍ പിന്നെ അതോടെ സ്വപ്നം കാണലൊക്കെ നില്‍ക്കില്ലെ? അതുകൊണ്ട് അത്തരം വേഷങ്ങളൊന്നും മനസ്സിലില്ല.

വികാരിയുടെ പ്രണയം




എണ്‍പതുകളിലെ കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ ലിജോ ജോസ് പെല്ലിശേരി അണിയിച്ചൊരുക്കുന്ന പ്രണയ കഥയാണ് 'ആമേന്‍'.

നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. സ്വാതി റെഡ്ഢി നായികയും. സുബ്രഹ്മണ്യപുരം, നാടോടികള്‍ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ നടിയാണ് സ്വാതി റെഡ്ഢി. ഇന്ദ്രജിത്തും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഗ്രാമത്തിലെ ഒരു പള്ളിയും അതുമായി ബന്ധപ്പെട്ടവരുമൊക്കെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. കുവറങ്കരി എന്ന ഗ്രാമത്തിലെ ഏറെ പഴക്കമുള്ള ഒരു പള്ളിയിലെ കപ്യാരാണ് യുവാവായ സോളമന്‍. വലിയ കപ്യാര്‍ വേറെയുമുണ്ട്. പള്ളിയില്‍ ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ കുര്‍ബാനക്കെത്തിയ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ കണ്ണും സോളമന്റെ കണ്ണും ഉടക്കി നിന്നത് വികാരിയച്ചനായ ഫാദര്‍ വട്ടോളി അറിയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വട്ടോളിയച്ചന്റെ മുന്നില്‍ സോളമനും ഒന്നും മറച്ചുവക്കാനുണ്ടായിരുന്നില്ല.

ശോശന്ന നാട്ടിലെ പ്രമുഖനായ ഫിലിപ്പോസ് കോണ്‍ട്രാക്ടറുടെ ഏക പുത്രിയാണ്. ഇവര്‍ തമ്മിലുള്ള പ്രണയം അവരില്‍ മാത്രമായി ഒതുങ്ങിയില്ല. അത് പള്ളിയുടെയും കുവറങ്കരി ഗ്രാമത്തിന്റെയും പ്രശ്‌നമാവുകയായിരുന്നു. ഈ പ്രണയത്തിന്റെ കടമ്പകള്‍ പ്രതീക്ഷിക്കുംവിധത്തിലായിരുന്നില്ല. അതു മറികടക്കാനുള്ള കമിതാക്കളുടെ ശ്രമങ്ങളാണ് 'ആമേന്‍' അവതരിപ്പിക്കുന്നത്.

ഫഹദ് ഫാസിലും സ്വാതിയും സോളമനെയും ശോശന്നയെയും അവതരിപ്പിക്കുന്നു. ഇന്ദ്രജിത്താണ് ഫാദര്‍ വട്ടോളിയെ അവതരിപ്പിക്കുന്നത്.

സുധീര്‍ കരമന, അസീസ്, സാന്ദ്രാ തോമസ്, ശശി കലിംഗ, ചാലി പാല, വിനോദ് കോഴിക്കോട്, നിഷാ സാരംഗ്, രുഗ്മിണി, രജിത എന്നിവരും ചിത്രത്തിലഭിനയിക്കുന്നു.

സംവിധായകന്റെ കഥയ്ക്ക് പി.എസ്. റഫീഖ് തിരക്കഥയും സംഭാഷണവും രചിക്കുന്നു. കാവാലം നാരായണപ്പണിക്കര്‍, പി.എസ്. റഫീഖ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. അഭിനന്ദന്‍ ഛായാഗ്രഹണവും മനോജ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

കലാസംവിധാനം ബാവ. മേക്കപ്പ്: രഞ്ചിത്ത് അമ്പാടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷേക് അഫ്‌സല്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷാജി കോഴിക്കോട്. വൈറ്റ്‌സാന്‍ഡ് വീഡിയോയുടെ ബാനറില്‍ ഷരീഫ്ഖാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കാവാലം, പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, വൈപ്പിന്‍ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.

ബ്ലാക്ക് ബട്ടര്‍ഫ്ലൈസ്‌




നിര്‍മാതാവ് എം. രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ബ്ലാക്ക് ബട്ടര്‍ഫ്ലൈസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം മണിയന്‍പിള്ള രാജുവാണ് നിര്‍മിക്കുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം യൗവനത്തിന്റെ പുതിയ മുഖം പ്രദര്‍ശിപ്പിക്കുന്ന ഒരു കഥയാണ് സ്‌ക്രീനിലെത്തിക്കുന്നത്.
നിര്‍മ്മാതാവിനു പുറമെ നിര്‍മാണകാര്യദര്‍ശി, അഭിനേതാവ്, യൂണിറ്റുടമ എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചെടുത്ത വ്യക്തിയാണ് രഞ്ജിത്ത്.

''സിനിമയുടെ എല്ലാ വശങ്ങളേയുംകുറിച്ച് പഠിക്കുവാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയായിട്ടാണ് എനിക്ക് രഞ്ജിത്തിനെ അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. രഞ്ജിത്ത് ഈ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ ഇത് ഞാന്‍ തന്നെ നിര്‍മിച്ചുകൊള്ളാം എന്ന് പറയുകയായിരുന്നു'', മണിയന്‍പിള്ള രാജു പറഞ്ഞു.

പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഇടയിലെ ഏതാനും കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. അവരുടെ വികാര-വിചാരങ്ങള്‍ക്കാണ് ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നത്. നായകനും വില്ലനും പ്രണയവുമെല്ലാം ഈ ചിത്രത്തിലുണ്ട്. അങ്ങനെ എല്ലാവിധമായ കൊമേഴ്‌സ്യല്‍ ഘടകങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.

നിര്‍മാതാവുകൂടിയായ മണിയന്‍പിള്ള രാജുവിന്റെ മകനടക്കം നാല് പുതുമുഖങ്ങളെ രഞ്ജിത്ത് രംഗത്തവതരിപ്പിക്കുന്നു. നിരഞ്ജനാണ് മണിയന്‍ പിള്ള രാജുവിന്റെ മകന്‍. മിഥുന്‍ മുരളി, മാളവിക, സംസ്‌കൃതി എന്നിവരാണ് മറ്റു മൂന്നുപേര്‍. 

''നിരഞ്ജനെ നന്നേ ചെറുപ്പം മുതല്‍ എനിക്കറിയാം. സിനിമയോടുള്ള നിരഞ്ജന്റെ ശ്രദ്ധയും താല്പര്യവും അഭിനയ രംഗത്തും അവന് പ്രതിഫലിപ്പിക്കുവാന്‍ കഴിയും എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് നിരഞ്ജനെ അഭിനയ രംഗത്തേക്കെത്തിച്ചത്. ഇങ്ങനെയൊരാവശ്യം എന്റെയായിരുന്നു.'', സംവിധായകനായ രഞ്ജിത്ത് പറഞ്ഞു.

മിഥുന്‍ മുരളി കൊച്ചി സ്വദേശിയാണ്. സഹോദരി മൃദുല മുരളി റെഡ് ചില്ലീസ്, എത്സമ്മ എന്ന ആണ്‍കുട്ടി എന്നീ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മനുവിന്റെ '10.30 എ.എം. ലോക്കള്‍ കോള്‍' എന്ന ചിത്രത്തിലെ നായികയുമാണ്. മിഥുന്‍ മുരളി ഒരു തമിഴ് ചിത്രത്തിലും ഇതിനകം അഭിനയിച്ചുകഴിഞ്ഞു. പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഏതാനും പേര്‍ നിര്‍ദോഷമായി ചെയ്യുന്ന കാര്യം ഒരു വലിയ കുറ്റകൃത്യത്തിലേക്ക് ചെന്നെത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

ജനാര്‍ദ്ദനന്‍ മണിയന്‍പിള്ള രാജു, ഇര്‍ഷാദ്, നെല്‍സണ്‍, സീമാ നായര്‍, സുകുമാരി, ഗണപതി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ജെ. പെള്ളാശ്ശേരിയുടേതാണ് തിരക്കഥ. രാജീവ് ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക് എം.ബി. ശിവകുമാര്‍ സംഗീതം പകരുന്നു. അഴകപ്പന്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കലാസംവിധാനം: ഗോകുല്‍ദാസ്, മേക്കപ്പ്: പട്ടണം ഷെമി, വസ്ത്രാലങ്കാരം: എസ്. ബി. സതീശന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രജിത്ത്, സഹസംവിധാനം: വി.ജെ.എസ്. ലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിച്ചി പൂജപ്പുര, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റാം.

Sunday, October 21, 2012

ഡാ, തടിയാ..



ഡാഡികൂളും സോള്‍ട്ട് ആന്റ് പെപ്പറും 22 ഫീമെയില്‍ കോട്ടയവും കഴിഞ്ഞ് ആഷിഖ് അബു കൂളായി പുതിയ കഥയും പരീക്ഷണവുമായി വീണ്ടും എത്തുകയാണ്; 'ഡാ തടിയ'നിലൂടെ. ഏതൊരു തടിയനും കേള്‍ക്കാന്‍ സാധ്യതയുളള വിളിയാണ് ഡാ തടിയാ. കളിയാക്കിയും സ്‌നേഹത്തോടെയും പലരും അങ്ങനെ വിളിക്കും. ശരീരം കുറച്ചു വലുപ്പമുളളവരുടെ ജീവിതത്തില്‍ നടക്കുന്ന കുറച്ചു കാര്യങ്ങളുടെ രസകരമായ ആവിഷ്‌ക്കാരമാണ് ഡാ തടിയനിലൂടെ ആഷിഖ് അബു സ്‌ക്രീനിലെത്തിക്കുന്നത്.

അഭിലാഷ് കുമാര്‍, ശ്യാം പുഷ്‌കര്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഡി.ജെയായ പുതുമുഖം ശേഖര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു ആന്‍ അഗസ്റ്റിനാണ് നായിക. നിവിന്‍പോളി, ശ്രീരാമന്‍, കുഞ്ചന്‍, ശ്രീനാഥ് ഭാസി, മണിയന്‍ പിള്ളരാജു, ഇടവേളബാബു, എന്‍.എല്‍.ബാലകൃഷ്ണന്‍, ജയരാജ് വാര്യര്‍,കന്നട താരം അരുന്ധതി നാഗ്, തെസ്‌നിഖാന്‍, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. നര്‍മ്മത്തിന്റെ നിറവില്‍ കഥ പറയുന്ന ചിത്രം തടിയന്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്്‌നങ്ങള്‍ പറയുന്നതിനൊപ്പം ഈ കാലത്തിന്റെ കുറേ കാര്യങ്ങളിലേക്കും ഫോക്കസ് ചെയ്യുന്നു. 

ഒരു തടിയന്റെ പ്രണയ കഥ 

''ഞങ്ങള്‍ 22 ഫീമെയില്‍ കോട്ടയം എഴുതുന്ന സമയത്ത് യാദൃച്ഛികമായി കിട്ടിയ സ്പാര്‍ക്കാണ് ഡാ തടിയന്റേത്.പിന്നീട് അടുത്ത ചിത്രത്തിന്റെ കഥയായി അതിനെ ഒരുക്കിയെടുക്കുകയായിരുന്നു. എല്ലാ സൗഹൃദ വലയങ്ങള്‍ക്കിടയിലും ഒരു തടിയനുണ്ടാകും. എനിക്ക് അറിയാവുന്ന എല്ലാ തടിയന്‍മാരും ബേസിക്കലി നല്ല മനസ്സുളള മനുഷ്യന്‍മാരാണ്. ഭക്ഷണം കൊടുക്കാനാണെങ്കിലും ആരെ സഹായിക്കാനും അവര്‍ മുന്നിലായിരിക്കും. അത്തരം കാര്യങ്ങളാണ് ഡാ തടിയനിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത്.'', ആഷിഖ് തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പറയുന്നു. 

'ഡാതടിയാ' എന്ന സിനിമയുടെ സ്വഭാവം?
 

ഞാന്‍ ഡാ തടിയനെ ഒരു ഫണ്ണി ഫിലിമായിട്ടാണ് ഒരുക്കുന്നത്. പക്ഷേ, ഒരു പൊളിറ്റിക്കല്‍ ബാക്ഗ്രൗണ്ടിലൂടെയാണ് കഥയുടെ വികാസം. പലപ്പോഴും പറയണമെന്ന് കരുതിയ, പലരും പറയാന്‍ ആഗ്രഹിക്കുന്ന കുറച്ചു രാഷ്ട്രീയ കാര്യങ്ങളും അതിനിടയില്‍ വരുന്നു. അടിസ്ഥാന പരമായി ഒരു തടിയന്റെ പ്രണയ കഥയാണിത്. 

ഒരു പുതിയ സബ്ജക്ട് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണോ തടിയന്റെ മനോവ്യാപാരങ്ങള്‍ സ്‌ക്രീനിലെത്തിക്കുന്നത്?
എല്ലാവിധ പ്രേക്ഷകര്‍ക്കും രസിക്കാന്‍ കഴിയുന്ന ഒരു സിനിമ ഒരുക്കുമ്പോഴും എന്തെങ്കിലും ഒരു പുതിയ കാര്യങ്ങല്‍ അവതരിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അങ്ങനെയാണ് തടിയന്‍മാരുടെ ജീവിതകഥയിലേക്ക് ഇറങ്ങിയത്. ഭക്ഷണത്തോടുളള ഇഷ്ടം കൊണ്ട് കൂടുതല്‍ കഴിച്ച് തടിയന്‍മാരായവരും പാരമ്പര്യമായി തടി കൂടിയവരുമുണ്ടാകും. തടിയന്‍മാരെ തുടച്ചു നീക്കുക എന്ന രീതിയിലുളള പരസ്യങ്ങളൊക്കെ പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. ഇവരെ വല്ലാതെ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കുന്ന സംഭവമാണ്. അതിനാല്‍ ഞങ്ങള്‍ തടിയന്‍മാര്‍ക്കു പിന്തുണ നല്കി ചിത്രത്തില്‍ ഒരു പാട്ടു തന്നെ ചെയ്യുന്നുണ്ട്.

'പാലം തൂണിലാണ് ഭായ് 
അതിനെന്താണ് ഭായ് 
ഞാന്‍ ഇങ്ങനെയാണ് ഭായ്
അതിനെന്താണ് ഭായ് 
പൂക്കള്‍ മഞ്ഞയാണ് ഭായ് 
ഇലകള്‍ പച്ചയാണ് ഭായ്
ഞാനിങ്ങനെയാണ് ഭായ് 
അതിനെന്താണ് ഭായ് 
ഇവിടെ പല്ലിയുണ്ട് ഭായ് 
ചീങ്കണ്ണിയുണ്ട് ഭായ് 
ഞാനിങ്ങനെയാണ് ഭായ് 
അതിനെന്താണ് ഭായ് '-എന്നിങ്ങനെ പോകുന്ന ഒരു പാട്ട്. 

ഡാ തടിയന്‍ എന്ന സിനിമയിലൂടെ ആഷിഖ് സംവിധായകന്‍ എന്ന നിലയില്‍ ഏത് രീതിയിലാണ് സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നത്?
 

എല്ലാവരും ഈ ലോകത്ത് സന്തോഷകരമായി ജീവിക്കാന്‍ അര്‍ഹതയുള്ളവരാണ്. അതിനകത്ത് വലിപ്പച്ചെറുപ്പങ്ങളില്ല. കച്ചവടവല്‍ക്കരിക്കപ്പെടുന്ന നമ്മുടെ സമൂഹത്തില്‍ പല കാര്യങ്ങളും അറിയാതെ അടിച്ചേല്‍പ്പിക്കുന്നതാണ്. എല്ലാവരും തടിയന്മാരെ നോക്കും. ചിലര്‍ക്ക് സഹതാപമുണ്ടാകും. ചിലര്‍ ഉപദേശിക്കും. ഇവരുടെ ജീവിതത്തെ നിരീക്ഷിച്ചാല്‍ കുട്ടിക്കാലം മുതലേ വ്യത്യസ്ത അനുഭവങ്ങളിലൂടെയായിരിക്കും അവരുടെ യാത്ര.
 

ശേഖറിനെ എങ്ങനെയാണ് കണ്ടെത്തുന്നത്?
 

എന്റെ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ തടിയന്മാരായിട്ടുണ്ട്. അമലിനെ (സംവിധായകന്‍ അമല്‍ നീരദ്) ഞങ്ങള്‍ തടിയാ എന്നാണ് വിളിക്കുന്നത്. എന്റെ സൗണ്ട് എഞ്ചിനിയര്‍ ഡാനിയും നല്ല തടിയുള്ളവനാണ്. പക്ഷേ ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും തടിയുള്ളത് ശേഖറിനാണ്. അതുപോലെ ആര്‍ക്കും ഇഷ്ടംതോന്നുന്ന ഒരു മുഖവും അവനുണ്ട്. ഏതാണ്ട് 135 കിലോഗ്രാം ഭാരവും അവനുണ്ട്. അങ്ങനെയാണ് ശേഖറിനെ ഡാ തടിയനിലെ കേന്ദ്രകഥാപാത്രമാകാന്‍ വിളിക്കുന്നത്. 


ഡി.ജെ.ശേഖര്‍ ഇനി ആക്ടര്‍ 

കൊച്ചി നഗരത്തിലെ ചെറുപ്പക്കാര്‍ക്ക് സുപരിചിതനായ ഡി.ജെ യാണ് ശേഖര്‍. സദാ പുഞ്ചിരി പൊഴിയുന്ന മുഖമുള്ള ഈ തടിയന്റെ സംഗീതത്തില്‍ ചുവടുകള്‍ വെക്കാത്തവര്‍ അവരില്‍ ചുരുക്കമായിരിക്കും.റമദാ റിസോ ര്‍ട്ടിലും ഡ്രീംസ് ഹോട്ടലിലും നിശാപാര്‍ട്ടികള്‍ക്ക് പങ്കെടുത്തവര്‍ക്ക് ഈ ഡി.ജെ യെ അങ്ങനെ മറക്കാന്‍ പറ്റില്ല. അത്ര വേഗം ഈ ചെറുപ്പക്കാരന്‍ മനസ്സില്‍ ഇടം നേടും. ഡ്രീംസ് ഹോട്ടലില്‍ ഡി.ജെ യായ ഈ സൗണ്ട് എഞ്ചിനിയര്‍ ഇനി അഭിനേതാവു കൂടിയാണ്. ആഷിഖിന്റെ ഡാ തടിയനില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശേഖരിന്റെ മനസ്സിലൂടെ...

ഡാ തടിയനിലേക്ക് എങ്ങനെയാണ് എത്തുന്നത്?
 

ഞാനാണ് ആഷിഖ് ചേട്ടന്റെ സോള്‍ട്ട് ആന്റ് പെപ്പറില്‍ ആനക്കള്ളന്‍ എന്ന പാട്ട് റീ മിക്‌സ് ചെയ്തത്. അന്നു മുതല്‍ ആഷിഖേട്ടനുമായി നല്ല പരിചയമാണ്.
അങ്ങനെ ഡാ തടിയാ എന്ന ചിത്രം ചെയ്യുമ്പോള്‍ എന്നെ വിളിച്ചിട്ട് അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന ചോദിക്കുകയായിരുന്നു. എനിക്ക് അഭിനയത്തില്‍ താല്പര്യമുണ്ടായിരുന്നില്ല. പിന്നെ ആഷിഖേട്ടന്റെ ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കാന്‍ വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഒന്ന് അഭിനയിച്ചു നോക്കാമെന്ന് വിചാരിച്ച് വന്നതാണ്. 

സിനിമയോട് താല്പര്യമില്ലേ?
 

സിനിമ ഒരു പാട് ഇഷ്ടമാണ്. ഫ്രീടൈമില്‍ ഒരു ദിവസം നാലു സിനിമകളൊക്കെ കാണാറുണ്ട്.

ആദ്യ സിനിമാനുഭവം?
 

ഞാന്‍ ഡാ തടിയനില്‍ അഭിനയിക്കുന്നതിന് മുമ്പ് ഒരു സെക്കന്റ് സമയം ഒരു സിനിമയില്‍ വന്നിട്ടുണ്ട്. ശ്യാമപ്രസാദ് സാര്‍ സംവിധാനം ചെയ്ത ഋതുവില്‍ ഒരു ഡിജെയുടെ വേഷം തന്നെയായിരുന്നു. 

അഭിനയം എന്‍ജോയ് ചെയ്യുന്നുണ്ടോ?
 

ഞാന്‍ ഇങ്ങനെ ബിസി ഷെഡ്യൂളില്‍ വര്‍ക്ക് ചെയ്തിട്ടില്ല എന്റെ കാര്യത്തില്‍ സാധാരണ ആഴ്ചയില്‍ രണ്ടു ദിവസമോ മൂന്നു ദിവസമോ മാത്രമേ വര്‍ക്കുണ്ടാവൂ. ബാക്കി ദിവസങ്ങളില്‍ വീട്ടിലിരുന്ന് മ്യൂസിക് പ്രൊഡക്ഷന്‍ ചെയ്യും. അങ്ങനെയൊക്കെയാണ്.
അഭിനയം ഒരു സംഭവാ. വീട്ടില്‍നിന്ന് മാറിനില്‍ക്കണം. ഞാന്‍ വല്ലാതെ ഹോംലി മാനാണ്. എവിടെപ്പോയാലും എത്രയും വേഗം വീട്ടിലെത്താന്‍ തിടുക്കം കാണിക്കുന്ന ആളാണ്. 

എപ്പോഴെങ്കിലും തടി ഒരു പ്രശ്‌നമായി തോന്നിയിട്ടുണ്ടോ?
 

ഇല്ല. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ എനിക്ക് നല്ല തടിയുണ്ടായിരുന്നു. സാധാരണ ആളുകള്‍ ചെയ്യുന്നതുപോലെ എല്ലാ കാര്യങ്ങളും ചെയ്യാറുണ്ട്. നടക്കാനൊക്കെ അല്‍പം സ്പീഡ് കുറയുമെന്നേയുള്ളൂ.

തടി കുറക്കാനൊന്നും നോക്കിയില്ലേ?
 

എന്റെ തടി പാരമ്പര്യമാണ്. ഫുഡ് കുറക്കാനൊന്നും നോക്കിയിട്ടില്ല. പറ്റുന്ന സമയമൊക്കെ നാല്പത്തിയഞ്ചു മിനിറ്റ് ജിമ്മില്‍പോയി വര്‍ക്കൗട്ട് ചെയ്യും. സാധാരണ ആള്‍ക്കാര്‍ കഴിക്കുന്ന രീതിയിലും അളവിലുമേ കഴിക്കാറുള്ളൂ. പിന്നെ എന്റെ ശരീരപ്രകൃതി അങ്ങനെയായതുകൊണ്ട് എളുപ്പം ഇഫക്റ്റ് ചെയ്യും. ഈ ബോഡി എനിക്കൊരു പ്രയാസമായി തോന്നിയിട്ടില്ല. എന്റെ മുത്തശ്ശിക്കും അമ്മയ്ക്കുമൊക്കെ അത്യാവശ്യം നല്ല തടിയുണ്ട്. ആ പ്രകൃതമാണ് എനിക്ക് കിട്ടിയത്.

തടിയാ എന്ന് വിളിച്ച് ആരെങ്കിലും കളിയാക്കാറുണ്ടോ?
 

കുട്ടിക്കാലത്തൊക്കെ എല്ലാവരും തടിയാ എന്നു വിളിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ഡാ തടിയാ എന്നാണ് വിളിക്കാറ്. ജിമ്മിലൊക്കെ പോയാല്‍ തടി കുറക്കാന്‍ ഫ്രീയായി പലരും അഡൈ്വസ് തരും. അവര്‍ നല്ല രീതിയിലാണ് അതൊക്കെ ചെയ്യുന്നത്. പക്ഷേ, ഒരുപാട് ഉപദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്കൊരു ബുദ്ധിമുട്ടാകും.

കൊളസ്‌ട്രോള്‍, ബി.പി. എന്നിവയൊക്കെ ചെക്ക് ചെയ്യാറുണ്ടോ?
 

ബി.പി.യും കൊളസ്‌ട്രോളുമൊക്കെ നോര്‍മലാണ്. അധിക സമയത്തും ഇരുന്ന് ജോലി ചെയ്യുന്നതിനാല്‍ എല്ലാ ദിവസവും അല്‍പനേരം നടക്കും. അതൊക്കെയായിരിക്കാം കൊളസ്‌ട്രോള്‍ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നത്. ഇപ്പോള്‍ എനിക്ക് 29 വയസ്സേ ആയിട്ടുള്ളൂ. അതുകൊണ്ട് കൊളസ്‌ട്രോളും ഷുഗറുമൊക്കെ കണ്‍ട്രോള്‍ ചെയ്യണം.

ബാങ്കിംഗ് അവേഴ്‌സ്


പ്രണയം, പ്രതികാരം, കൊലപാതകം, മൊബൈല്‍ ദുരുപയോഗം, കൊള്ളയടിക്കാനുള്ള ശ്രമം, സൗഹൃദം, കുടുംബങ്ങളിലെ അസ്വാരസ്യം, കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെടല്‍, പോലീസുകാരും കുറ്റം തെളിയിക്കലും. ഇതെല്ലാം ചേര്‍ന്നാല്‍ കെ. മധുവുവിന്റെ ബാങ്കിങ് അവേഴ്‌സ് എന്ന മലയാള സിനിമയായി.

നഗര മധ്യത്തിലെ ലിമോ ബാങ്കില്‍ ഒരു പ്രവര്‍ത്തി ദിവസം രാവിലെ പത്തു മുതല്‍ നാല് മണി വരെ അരങ്ങേറുന്ന സംഭവ പരമ്പരകളാണ് ഈ സിനിമയുടെ കഥാ തന്തു. നാല് ചെറുപ്പക്കാര്‍ ഈ ബാങ്ക് കൊള്ളയടിക്കുക എന്ന ഉദ്ദേശവുമായി അവിടെ എത്തുന്നു, ഇവരുടെ ബുദ്ധി കേന്ദ്രമായ അഞ്ചാമത്തെ ആള്‍ വേഷം മാറി ആരും സംശയിക്കാത്ത മട്ടില്‍ ഇവരുടെ കൂടെ ചേരുന്നുമുണ്ട്. കൂട്ടത്തില്‍ പ്രണയം ഉള്ളില്‍ പേറുന്നവര്‍, കൊള്ള തടയാനായി ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ അങ്ങനെ കുറേ ആളുകള്‍. എല്ലാത്തിനുമൊടുവില്‍ അനൂപ് മേനോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബാങ്കിംഗ് അവേഴ്‌സിനുള്ളില്‍ നടന്ന കാര്യങ്ങളുടെ ചുരുളഴിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

ഒരു suspense thriller / murder mystery ക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ആളുകളെ പിടിച്ചിരുത്തുന്ന, ആകാംക്ഷ നിറഞ്ഞ ഒരു കഥാ ഘടന, ചടുല താളത്തില്‍ ഉള്ള അവതരണം. എന്നാല്‍ ബാങ്കിങ് അവേഴ്‌സില്‍ അബദ്ധങ്ങള്‍ നിരവധിയാണ്. ഈ സിനിമ സംഭവിക്കുന്നത് തന്നെ ബാങ്കിനുള്ളില്‍ അല്പനേരത്തേക്ക് വൈദ്യുതി വിച്ചേദിക്കപ്പെടുമ്പോള്‍ നടക്കുന്ന ഒരു സംഭവത്തില്‍ നിന്നാണ്. പകല്‍ നേരത്ത് കറന്റ് പോയാല്‍ കൂരിരുട്ടാകുന്ന ബാങ്ക് എവിടെയാണാവോ ഉള്ളത്! കൈയില്‍ മൊബൈല്‍ ഫോണ്‍ ഉള്ള ഏതൊരാളും ആദ്യം ചെയ്യുന്ന ഒന്നാണ് ഇരുട്ടത്ത് മൊബൈല്‍ ഓണ്‍ ആക്കുക എന്നത്, ഈ ബാങ്കില്‍ വന്ന ആരും തന്നെ ഫോണ്‍ കൈ കൊണ്ട് തൊട്ടതു പോലുമില്ല! 

ബാങ്കിലെ ചെറിയൊരു ഇടത്തില്‍ കവര്‍ച്ച നടത്താനെത്തിയ മൂന്നുപേര്‍, വേഷം മാറി വന്ന നാല് പോലീസുകാര്‍, പള്ളീലച്ചന്‍ എന്നിങ്ങനെ കുറെ പേര്‍ തേരാ പാര നടന്നിട്ടും ആരും അന്വേഷിക്കുന്നില്ല, അതും നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വേണ്ടി മാത്രം ഉദ്യോഗസ്ഥന്‍ ഉള്ള ബാങ്കില്‍! 

ഇതിനിടയ്ക്ക് സി സി ടി വി ക്യാമറയ്ക്ക് താഴെ നിന്ന് കൊള്ളയടിക്കാന്‍ വന്ന പയ്യന്മാര്‍ തോക്ക് ലോഡ് ചെയ്യുന്നുമുണ്ട്! ആകെ നാലഞ്ചു പേര്‍ കാത്തു നില്‍ക്കുന്ന ബാങ്കില്‍ ടോക്കണ്‍ നമ്പര്‍ നൂറിനു പുറത്ത്! (ഒരു മാസത്തേക്കുള്ള ടോക്കണ്‍ ക്രമമായി വിളിക്കുന്നതാണോ എന്നറിയില്ല! കെട്ടിലും മട്ടിലും പുതുമയുള്ള, കടും പച്ച, മജന്ത വര്‍ണ്ണങ്ങള്‍ വാരി തൂവിയ ചുമരുകള്‍ ഒക്കെയുള്ള ഈ ന്യൂ ജനറേഷന്‍ ലിമോ ബാങ്കില്‍ അങ്ങനെയുമാവാം കാര്യങ്ങള്‍!). 

ചെറിയ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതായി കാണിക്കുന്നുണ്ട് ഈ ചിത്രത്തില്‍, അഞ്ചാറ് തടിമാടന്‍ ഗുണ്ടകള്‍ കുട്ടിയുടെ വാ പൊത്തിപ്പിടിച്ചു തോക്കും ചൂണ്ടി ഒരു കാറില്‍ ഇരുന്നു അവളുടെ അച്ഛനെ ഫോണ്‍ ചെയ്തു ഭീഷണിപ്പെടുത്തുന്ന രംഗങ്ങളും കാണിച്ചു. ഈ കുരുന്നിനെ പേടിപ്പിക്കാനാവുമോ തോക്ക് ചൂണ്ടി ഇരിക്കുന്നത്? അതോ പ്രേക്ഷകരെ പേടിപ്പിക്കാനോ!

അമിതാഭിനയത്തിന്റെ പരിശീലനക്കളരി പോലെ ആയിരുന്നു ഈ ബാങ്ക്. ശങ്കര്‍, കൈലാഷ്, ജിഷ്ണു, അശോകന്‍, ഇര്‍ഷാദ് തുടങ്ങിയവരൊക്കെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു ഇതില്‍. പോലീസ് വേഷം തന്നെ താങ്ങാന്‍ കെല്‍പ്പില്ലാത്ത പോലെ തോന്നിച്ച കമ്മീഷണര്‍ നായിക (മേഘ്‌ന രാജ് ) തോക്ക് ചൂണ്ടി നില്‍ക്കുന്നവനോട് 'സ്‌റ്റോപ്പിറ്റ്' ' എന്ന് പറഞ്ഞു ഈ കൂട്ടത്തില്‍ ചേരുന്നുണ്ട്. ടിനി ടോം മാത്രമായിരുന്നു കൂട്ടത്തില്‍ മികച്ചു നിന്നത്. ബ്ലൂ ടൂത്തും ചെവിയില്‍ തിരുകി പോലീസുകാര്‍ തലങ്ങും വിലങ്ങും നടന്നു ബോറടിപ്പിച്ചുവെങ്കിലും അനൂപ് മേനോന്റെ ബുദ്ധിയുള്ള പോലീസുകാരന്‍ നല്ല ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രേക്ഷകര്‍ക്ക് കഥ മുഴുവന്‍ പറഞ്ഞു തന്നു കാര്യങ്ങള്‍ വെളിച്ചത് കൊണ്ട് വന്നു എന്നത് ആശ്വാസം പകരുന്നു. 

എസ് എന്‍ സ്വാമിയോടൊപ്പം ഇരുപതാം നൂറ്റാണ്ടും സി ബി ഐ ഡയറിക്കുറിപ്പുകളും ഒക്കെ സമ്മാനിച്ച സംവിധായകന്‍ കെ മധു 
സുമേഷ്, അമല്‍ എന്നീ പുതുമുഖങ്ങളുടെ ദുര്‍ബലമായ തിരക്കഥ അതേ പടി സിനിമയാക്കിയിരിക്കുന്നു.

Tuesday, September 18, 2012

'ട്രിവാന്‍ഡ്രം ലോഡ്ജ്




ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'ട്രിവാന്‍ഡ്രം ലോഡ്ജ്' സപ്തംബര്‍ 20-ന് തിയേറ്ററിലെത്തുന്നു. ജയസൂര്യ, അനൂപ് മേനോന്‍, അരുണ്‍, സൈജുകുറുപ്പ്, കൊച്ചുപ്രേമന്‍, ജനാര്‍ദനന്‍, പി. ബാലചന്ദ്രന്‍, ജോജോ, നവീന്‍, മാസ്റ്റര്‍ ധനഞ്ജയന്‍, ധ്വനി, സുകുമാരി, തെസ്‌നിഖാന്‍, ബേബി നയന്‍താര തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. 

ഒപ്പം ഭാവന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരക്കഥ: അനൂപ്‌മേനോന്‍, ഛായാഗ്രഹണം: പ്രദീപ് നായര്‍, സംഗീതം: എം. ജയചന്ദ്രന്‍, ഗാനരചന: അനൂപ് മേനോന്‍, നിര്‍മാണം: പി.എ. സെബാസ്റ്റ്യന്‍, വാര്‍ത്താപ്രചാരണം: എ.എസ്. ദിനേശ്.

സാമ്രാജ്യം-2, സണ്‍ ഓഫ് അലക്‌സാണ്ടര്‍



കൊച്ചി: മമ്മൂട്ടി നായകനായി തിളങ്ങിയ ഹിറ്റ് ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. തിരുപ്പാച്ചി, ശിവകാശി, തിരുപ്പതി തുടങ്ങി ആക്ഷന്‍ ചിത്രങ്ങളിലൂടെ തമിഴ് സിനിമ ലോകത്ത് മേല്‍വിലാസമുണ്ടാക്കിയ പേരരശാണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുക. 'സാമ്രാജ്യം2, സണ്‍ ഓഫ് അലക്‌സാണ്ടര്‍' എന്നാണ് ചിത്രത്തിന് പേര്. എന്നാല്‍ ഇതുവരെയും നായകനായി എത്തുക ആരെന്ന സസ്‌പെന്‍സ് തുടരുകയാണ്. ദുല്‍കര്‍ സല്‍മാന്‍, പൃഥ്വിരാജ്, അല്ലു അര്‍ജ്ജുന്‍, ആര്യ തുടങ്ങിയവരുടെ ഒക്കെ പേരുകള്‍ പ്രചരിച്ചു. ഏതായാലും ഒക്‌ടോബര്‍ അഞ്ചിന് ദുബായില്‍ നടക്കുന്ന ചടങ്ങിലാകും നായകനും നായികയും ആരൊക്കെയെന്ന ചോദ്യത്തിന് ഉത്തരമാകുക. 

ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാവായ അജ്മല്‍ ഹസ്സനും, വ്യവസായിയായ ബൈജു ആദിത്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സാമ്രാജ്യം രണ്ട് വമ്പന്‍ ബജറ്റിലാകും ഒരുക്കുക. ആദ്യ ചിത്രത്തില്‍ ഉണ്ടായിരുന്ന മധു ഈ ചിത്രത്തിലും ഉണ്ടാകും. പ്രകാശ് രാജ്, അര്‍ജുന്‍, മനോജ്.കെ.ജയന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

22 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അധോലോകത്തിന്റെ കഥയുമായി സാമ്രാജ്യം പ്രദര്‍ശനത്തിനെത്തിയത്. ജോമോനായിരുന്നു സംവിധായകന്‍. ഒന്നാം ഭാഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ മകന്റെ വരവാണ് രണ്ടാം ഭാഗത്തിലെ ഹൈലൈറ്റ്. 

വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് ആര്‍.എ ഷഫീറാണ് സംഗീതം ഒരുക്കുക. ഇളയരാജ വ്യത്യസ്ഥമായ രീതിയില്‍ സംഗീത സംവിധാനം ചെയ്ത ചിത്രമായിരുന്നു സാമ്രാജ്യം. പുതിയ ചിത്രത്തില്‍ അദ്ദേഹം പാശ്ചാത്തല സംഗീതം നിര്‍വഹിക്കും.ഛായാഗ്രഹണം ശേഖര്‍ വി ജോസഫ്. ക്രിസ്മസിന് റിലീസായി സാമ്രാജ്യം2, സണ്‍ ഓഫ് അലക്‌സാണ്ടര്‍ തിയ്യേറ്ററുകളിലെത്തിക്കുവാനാണ് തീരുമാനം.

ശ്യാമപ്രസാദിന്റെ 'ഇംഗ്ലീഷില്‍' നദിയമൊയ്തുവും




മലയാള സിനിമയുടെ ഭാഗമാകാന്‍ നദിയമൊയ്തു വീണ്ടുമെത്തുന്നു. വിദേശ മലയാളികളുടെ ജീവിതക്കാഴ്ചകളിലൂടെ ശ്യാമപ്രസാദ് കഥപറയുന്ന ഇംഗ്ലീഷ് എന്ന ചിത്രത്തിലാണ് നദിയമൊയ്തു ഒരു പ്രധാന കഥാപാത്രമാകുന്നത്. മലയാളത്തിലേക്കുള്ള മടങ്ങിവരവില്‍ ഡബിള്‍സ്, സെവന്‍സ് എന്നീ ചിത്രങ്ങളിലൂടെ കഴിഞ്ഞ വര്‍ഷം അവര്‍ സാന്നിധ്യം അറിയിച്ചിരുന്നു.

നവരംഗ് ക്രിയേഷന്‍സിനു വേണ്ടി ബിനുദേവ് നിര്‍മ്മിക്കുന്ന ഇംഗ്ലീഷിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'അക്കരക്കാഴ്ച' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ മലയാളി അജയന്‍ വേണുഗോപാലാണ്. പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിക്കപ്പെടുന്ന ഇംഗ്ലീഷിന്റെ ഷൂട്ടിംഗ് ഒക്‌ടോബറില്‍ തുടങ്ങും. നാടിനെക്കുറിച്ചുള്ള അവരുടെ ഗൃഹാതുരത്വവും പ്രവാസി ജീവിതത്തിലെ അരക്ഷിതാവസ്ഥയും പ്രണയവും വിരഹവും മാതൃത്വവും വ്യക്തിബന്ധങ്ങളും തുടങ്ങി ജീവിതത്തിന്റെ വിവിധതലങ്ങള്‍ ഒരു കലൈഡ്‌സ്‌കോപ്പിലെന്നപോലെ 'ഇംഗ്ലീഷില്‍' വിഷയമാവുന്നു. 

ജയസൂര്യ, നിവിന്‍പോളി, മുകേഷ്, നദിയാമൊയ്തു, രമ്യാ നമ്പീശന്‍, സോനാനായര്‍, മുരളീമേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ലണ്ടനില്‍ താമസമാക്കിയ മലയാളികളുടെ ജീവിതകഥയാണ് സിനിമ പറയുന്നത്. അക്കരക്കാഴ്ചയിലിത് അമേരിക്കന്‍ മലയാളിയുടേതായിരുന്നു. പ്രവാസി മലയാളിക്ക് നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വവും, പ്രവാസി ജീവിതത്തിലെ അരക്ഷിതാവസ്ഥയും പ്രണയവും വിരഹവും വ്യക്തിബന്ധങ്ങളും ഇംഗ്ലീഷിന്റെ വിഷയമാണ്. പ്രധാന നാലുകഥാപാത്രങ്ങളാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു നയിക്കുന്നത്. ഷിബുചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് റെക്‌സ് വിജയന്‍ ഈണമിടുന്നു. ക്യാമറ ഉദയന്‍ അമ്പാടി, എഡിറ്റര്‍ വിനോദ് സുകുമാരന്‍.

സെപ്തംബര്‍ 17 ന് തിരുവനന്തപുരത്ത് ചിത്രത്തിന്റെ പൂജ നടക്കും

Friday, September 14, 2012

റണ്‍ ബേബി റണ്‍




കാലത്തിനൊത്ത പ്രമേയം തിരഞ്ഞെടുക്കുന്നതും ഡയലോഗുകളിലൂടെ മാത്രമല്ലാതെ ദൃശ്യങ്ങളിലൂടെയും കഥ പറയാം എന്ന ചിന്താഗതിയുമാണ് എന്തൊക്കെ പേരിട്ട് വിളിച്ചാലും മലയാള സിനിമയിലെ നവവസന്തത്തിന്റെ മുഖമുദ്ര. ഒരുപറ്റം യുവസംവിധായകരാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെങ്കില്‍ എപ്പോഴും അപ്‌ഡേറ്റഡായി കാലത്തിനൊപ്പം സഞ്ചരിക്കുന്നതില്‍ മിടുക്ക് കാട്ടാറുള്ള ഡയറക്ടറാണ് ജോഷി.

ഓണക്കാലത്ത് ജോഷി ഒരുക്കിയ 'റണ്‍ ബേബി റണ്‍' ന്യൂജനറേഷന്റേയും ഓള്‍ഡ് ജനറേഷന്റേയും ഇഷ്ടം ഒരുപോലെ സമ്പാദിക്കുന്നു. ഒരു പെര്‍ഫക്ട് ചിത്രത്തില്‍ നിന്ന് അകലെയാണെങ്കിലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ റണ്‍ ബേബി റണ്‍ കണ്ട ജനം നിരാശരാകില്ല. കഥ ഒറ്റവരിയില്‍ ചേര്‍ക്കാനുള്ളതേയുള്ളൂ. എന്നാല്‍ സിനിമയുടെ ചടുലമായ ആഖ്യാനമാണ് ഈ ത്രില്ലര്‍ സിനിമയെ വേറിട്ടുനിര്‍ത്തുന്നത്. 

ടെലിവിഷന്‍ ജേര്‍ണലിസത്തിന്റെ അന്തരീക്ഷമാണ് റണ്‍ ബേബി റണ്ണിന്റെ കഥാപരിസരം. ടി.വി ജേര്‍ണലിസ്റ്റുകള്‍ മുമ്പം കഥാപാത്രമായി മലയാളിക്ക് മുമ്പിലെത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമായി അവരുടെ ജോലിയില്‍ കേന്ദ്രീകരിച്ചാണ് റണ്‍ ബേബി റണ്‍ നീങ്ങുന്നത്. വാര്‍ത്ത എങ്ങനെ കണ്ടെത്തുന്നു. അതിന്റെ ഉറവിടമെന്തൊക്കെയാകാം, ഉറവിടം വിശ്വസിക്കാവുന്നതാണോ, അതില്‍ അപകടസാധ്യത എങ്ങനെയൊക്കെ, ചതിയും വഞ്ചനയ്ക്കുമുള്ള സ്ഥാനം എല്ലാം സിനിമ അക്കമിട്ട് നിരത്തുന്നു. മുമ്പ് പാസഞ്ചര്‍ എന്ന ചിത്രത്തില്‍ രഞ്ജിത് ശങ്കര്‍ ഒരു പത്രപ്രവര്‍ത്തകയുടെ ജോലിയും വെല്ലുവിളികളും ഭീഷണികളും കുറച്ചൊക്കെ വിശദീകരിച്ചിരുന്നു. 

കെട്ടുറപ്പുള്ള തിരക്കഥയാണ് റണ്‍ ബേബി റണ്ണിന്റെ ബലം. ദൃശ്യമാധ്യമലോകത്തെക്കുറിച്ച് തിരക്കഥാകൃത്തായ സച്ചി നല്ല ഗൃഹപാഠം ചെയ്തുവെന്ന് സിനിമ വിളിച്ചുപറയുന്നു. മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഈ മാധ്യമലോകത്തിന്റെ പിന്നാമ്പുറ കഥകളും സാങ്കേതിക ഉപകരണങ്ങളുടെ വിന്യാസവും അവയുടെ ഉപയോഗവും ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ കൗതുകവും ജനിപ്പിക്കും. ടി.വി സ്‌ക്രീനില്‍ തെളിയുന്ന ബ്രേക്കിങ്‌ന്യൂസിനും എക്‌സ്‌ക്ലൂസീവിനും പിന്നിലെ അധ്വാനവും തന്ത്രവും ആസൂത്രണവും സൃഷ്ടിക്കുന്ന വാര്‍ത്തകളും ഒക്കെ ഇതില്‍ കാണാം.

റോയിട്ടേഴ്‌സിന്റെ സ്ട്രിങ്ങര്‍ പാനലിലുള്ള കാമറാമാനാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന വേണു എന്ന കഥാപാത്രം. വ്യക്തിജീവിതത്തിലുണ്ടായ ഒരു സംഭവത്തോടെ കേരളം വിട്ട് ഡല്‍ഹിയിലും മുംബൈയിലുമായി ജോലിചെയ്യുന്ന വേണു പഴയൊരു കേസില്‍ മൊഴികൊടുക്കാനായി കേരളത്തിലെത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടറാണ് അമല പോള്‍ അവതരിപ്പിക്കുന്ന രേണുക. ചാനല്‍ പോരില്‍ എക്‌സ്‌ക്ലൂസീവിനായുള്ള ഒരു റിപ്പോര്‍ട്ടറുടെയും കാമറാമാന്റെയും ഓട്ടം പിന്നീടങ്ങോട്ട് നിര്‍ത്താതെയുള്ള ഓട്ടത്തിന് കാരണമാകുന്നതെങ്ങനെയാണ് ചിത്രം കാട്ടിത്തരുന്നു. മലയാള വാര്‍ത്താ ചാനല്‍ പോരില്‍ പകച്ചുനില്‍ക്കുന്ന മലയാളിക്ക് എന്താണ് ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ ലോകമെന്നും അവിടെ നടക്കുന്നതെന്തൊക്കെയാണെന്നും കൃത്യമായ വിവരം പകരുകയും ഒപ്പം വിമര്‍ശന രൂപമവുമാകുന്നു സിനിമ. 

പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്താന്‍ പോന്ന ചേരുവകളെല്ലാം സിനിമയില്‍ അടങ്ങിയിരിക്കുന്നു. വലിയ അഭിനയസാധ്യതയോ വെല്ലുവിളിയോ നിറഞ്ഞ വേഷമോ അല്ല മോഹന്‍ലാലിന്റെ വേണു. എന്നാല്‍ കഥാപാത്രമായി ഒതുങ്ങി പക്വതയുള്ള അഭിനയം അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നു. അനായാസ അഭിനയശൈലി ലാലിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ആനന്ദം പകരും. ലാലിനൊപ്പം തന്നെ മുഴുനീള വേഷമാണ് അമല പോളിന്റെ രേണുകയ്ക്കും. ബിജുമേനോന്റെ ഹൃഷിശേഖറും ലാലിന്റ വേണുവും ചേര്‍ന്നുള്ള മുഹൂര്‍ത്തങ്ങളാണ് സിനിമയുടെ നര്‍മ്മരംഗങ്ങള്‍. ബിജുമേനോന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചപ്പെട്ടുവരുന്നു. സിനിമ നായക കേന്ദ്രീകൃതമാകുന്നില്ല. ഇവിടെ നായകന്റെ വിജയവും പരാജയവും നിങ്ങള്‍ക്ക് കാണാം.

സായ്കുമാറിന്റെ രാഷ്ട്രീയക്കാരനും സിദ്ദിഖിന്റെ ബിസിനസ്സ് പ്രമുഖനും വേഷഭൂഷാദികളിലും ഭാവപ്രകടനങ്ങളിലും ഒന്നും പുതുമ നല്‍കാതെ കടന്നുപോകുന്നു. ഏറെക്കാലത്തിന് ശേഷം ഷമ്മിതിലകനും ചിത്രം ശ്രദ്ധിക്കപ്പെടുന്ന വേഷം നല്‍കി. ആര്‍.ഡി രാജശേഖറാണ് കൈയടി നേടുന്ന മറ്റൊരാള്‍. അത്ര സുന്ദരദൃശ്യങ്ങളാണ് ഈ ഛായാഗ്രാഹകന്റെ സംഭാവന. പ്രത്യേകിച്ചും ആറ്റുമണല്‍ പായയില്‍...എന്ന് തുടങ്ങുന്ന ഗാനരംഗം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ് വേഗ ഈണമിട്ട ഈ ഗാനം ഇതിനോടകം തന്നെ മലയാളികളുടെ ചുണ്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു.

പ്രണയും തെറ്റിദ്ധാരണയും, ക്ലൈമാക്‌സിന് മുമ്പ് മാത്രം സത്യാവസ്ഥ തിരിച്ചറിയുന്നതും അങ്ങനെ ചില ക്ലീഷേകള്‍ റണ്‍ ബേബി റണ്ണും ആവര്‍ത്തിക്കുന്നു. ഗ്രാന്‍ഡ്മാസ്റ്റിലെ അന്തരീക്ഷത്തോട് സാമ്യമുണ്ട് നായികയും നായികനുമായുള്ള ബന്ധത്തിനും തെറ്റിദ്ധാരണയ്ക്കുമൊക്കെ.
സച്ചിയുടെ സ്‌ക്രിപ്റ്റില്‍ യുക്തിരാഹിത്യങ്ങളും പിഴവുകളും അങ്ങിങ്ങ് കടന്നുകൂടിയിട്ടുണ്ടെങ്കിലും അതിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധപതിയാനുള്ള സമയം നല്‍കാതെ തിടുക്കത്തില്‍ കഥപറഞ്ഞുപോകാന്‍ ജോഷിക്ക് കഴിയുന്നു. നായകനും നായികയുമായുള്ള പ്രണയം ഒഴിവാക്കിയാലും സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലായിരുന്നു. ഈ കുറവുകളൊക്കെയുണ്ടെങ്കിലും കെട്ടുറപ്പുള്ള തിരക്കഥ ലഭിച്ചാല്‍ തന്റെ ക്രാഫ്റ്റുകൊണ്ട് എങ്ങനെയൊരു ദൃശ്യാനുഭവമാക്കാമെന്ന് ജോഷി റണ്‍ ബേബി റണ്ണിലൂടെ വ്യക്തമാക്കുന്നു. സച്ചിയും സേതുവും സ്വതന്ത്രരായപ്പോള്‍ മല്ലുസിങ്ങുമായെത്തിയ സേതുവിനെ അപേക്ഷിച്ച് ആദ്യ സ്വതന്ത്ര സംരംഭത്തില്‍ സച്ചി മികച്ചൊരു തിരക്കഥയൊരുക്കി പ്രശംസ അര്‍ഹിക്കുന്നു

2005 ല്‍ മോഹന്‍ലാലിനെ നായകനാക്കി തന്നെയെടുത്ത നരന്‍ എന്ന ചിത്രത്തിന് ശേഷം ജോഷിയില്‍ നിന്നും ഇത്ര മികച്ചൊരു ചിത്രമുണ്ടായിട്ടില്ല. ഏതായാലും ഓണക്കാലത്തെ ബംബര്‍ തന്നെയാണ് റണ്‍ ബേബി റണ്‍.

എം.കെ 



മുഖാമുഖം (ഫേസ് ടു ഫേസ്)


മുഖാമുഖം കാണുമ്പോള്‍...

ഒരു കൊലപാതകത്തിന്റെ അന്വേഷണവഴിയില്‍ യാദൃച്ഛികമായി ഒരാള്‍ എത്തുമ്പോള്‍ എന്തൊക്കെ അഭിമുഖീകരിക്കേണ്ടി വരും? അതും പോലീസ് സര്‍വ്വീസിലുണ്ടിരുന്ന ഒരാളായാല്‍. മമ്മൂട്ടിയെ നായകനാക്കി വി.എം.വിനു. ഒരുക്കന്ന 'ഫേസ് ടു ഫേസ്' അത്തരമൊരു അന്വേഷണകഥയാണ് പറയുന്നത്. 

ഈ ചിത്രത്തിലൂടെ കാലത്തിനൊപ്പം പുതിയ പാതയില്‍ സഞ്ചരിക്കുകയാണ് വി.എം.വിനു. ഇതു വരെ താന്‍ സംവിധാനം ചെയ്യാത്ത രീതിയിലുളള ഒരു മമ്മൂട്ടിച്ചിത്രം എന്ന് തീര്‍ത്തും അവകാശപ്പെടാവുന്ന ഒരു സിനിമയാണ് വിനുവിനെ സംബന്ധിച്ച് ഫേസ് ടു ഫേസ്. മമ്മൂട്ടി നായകനായ പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ്‌കണ്ടക്ടര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് യുവതിരക്കഥാകൃത്തായ മനോജാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്കാ'ണ് ഇതിനു മുന്‍പ് മനോജ് തിരക്കഥയെഴുതിയത്. 

അജയന്‍ വിന്‍സന്റ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയെക്കൂടാതെ സിദ്ധിക്ക്, കലാഭവന്‍ മണി, വിജയരാഘവന്‍, മാമുക്കോയ, പ്രതാപ് പോത്തന്‍, വിനീത് കുമാര്‍ , നിഷാന്ത് സാഗര്‍, ഫിറോസ് ഖാന്‍, റോമ, വനിത തുടങ്ങിയവരും വേഷമിടുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

ഇന്നിന്റെ സത്യങ്ങള്‍-വിഎം.വിനു

'ഞാന്‍ ഇതു വരെ ചെയ്യാത്ത രീതിയിലുളള സിനിമ എന്ന് എനിക്ക് പറയാന്‍ കഴിയുന്ന സിനിമയാണിത്. ഞാന്‍ ചെയ്തു വന്ന സിനിമകളിലെ ഫാമിലി അന്തരീക്ഷത്തിനൊപ്പം ഈ കാലഘട്ടത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍, ഇപ്പോഴത്തെ തലമുറ എന്തു കൊണ്ട് ഇങ്ങനെയായിപ്പോകുന്നു എന്ന വേവലാതി, വേദന എന്നിവയെല്ലാം ഈ ചിത്രം പങ്കുവെക്കുന്നു. നമ്മള്‍ കുട്ടികളെ എങ്ങനെയെല്ലാം ശ്രദ്ധിച്ചാല്‍ അവര്‍ കുഴപ്പത്തില്‍പോയി ചാടാതിരിക്കും എന്ന് പറയാനുളള ശ്രമവും ഇതില്‍ നടത്തിയിരിക്കുന്നു. രക്ഷിതാക്കളുടെ ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇല്ലാത്തതാണ് കുട്ടികള്‍ വഴിതെറ്റുന്നതിന് ഒരു പ്രധാന കാരണം. നമ്മളുടെ സ്‌നേഹവും പരിചരണവും നല്ല രീതിയില്‍ വന്നാല്‍ തന്നെ കുട്ടികള്‍ നേര്‍വഴിക്കു വരും. അനാവശ്യമായ കാര്യങ്ങളില്‍പെട്ട് കുഴപ്പക്കാരാവുകയില്ല. ഇത്തരം കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്ന ഒരു സബ്ജക്ടാണിത്.' വി.എം.വിനു വിശദീകരിച്ചു. 


താങ്കള്‍ ഇതു വരെ ചെയ്യാത്ത രീതിയിലുളള ഒരു സിനിമ ചെയ്യുമ്പോള്‍ ഷൂട്ടിങ്ങില്‍ എന്തെല്ലാം പ്രത്യേകതകളുണ്ട്?
 

ഞാന്‍ സ്ഥിരം ചെയ്യുന്ന സിനിമയുടെ രീതിയും സബ്ജക്ടുമല്ലാത്തതിനാല്‍ മേക്കിങ്ങില്‍ കുറേ മാറ്റങ്ങള്‍ ഉണ്ട്. എനിക്കൊപ്പം പ്രവര്‍ത്തിക്കാറുളള സ്ഥിരം സാങ്കേതിക പ്രവര്‍ത്തകരല്ല ഫേസ് ടു ഫേസില്‍ ഉള്ളത്. ന്യൂ ജനറേഷന്‍ സിനിമ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. സബ്ജക്ടിലെ പുതുമയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ രീതിയില്‍ ഫേസ് ടു ഫേസിന് തികച്ചും ഒരു പുതുമയുണ്ട്. 

മമ്മൂട്ടി എന്ന അഭിനേതാവിനൊപ്പം നാലാമത്തെ തവണ എത്തുമ്പോള്‍ അദ്ദേഹത്തിന് നല്കിയ കഥാപാത്രത്തിന് എന്തെല്ലാം പുതുമകള്‍ നല്കാനായിട്ടുണ്ട്? 

മമ്മൂക്കയുടെ പതിവു അന്വേഷണ സിനിമയില്‍ നിന്ന് ഏറെ അകലം പ്രാപിക്കാന്‍ സാധിക്കുന്നു. മമ്മൂക്ക വേഷമിടുന്ന ബാലചന്ദ്രന്‍ എന്ന കഥാപാത്രം പോലീസ് സര്‍വ്വീസില്‍ ഇപ്പോഴില്ലാത്ത ആളാണ്. പക്ഷേ , അദ്ദേഹത്തിന് ഒരു കൊലപാതകത്തിന്റെന്റെ അന്വേഷണ വഴിയില്‍ എത്തേണ്ടി വരുന്നു. അദ്ദേഹത്തിന്റെ അന്വേഷണ വഴികളെല്ലാം തികച്ചും പുതിയ രീതിയിലാണ്. അത് മമ്മൂക്ക ഇതു വരെ ചെയ്യാത്ത് കഥാപാത്രത്തിന്റെ രീതിയിലാണ്
പെണ്‍പട്ടണം കഴിഞ്ഞതിനു ശേഷം ചെയ്യുന്ന സിനിമയാണ് ഫേസ് ടു ഫേസ് . നല്ലൊരു കഥയ്ക്കുളള കാത്തിരിപ്പിലായിരുന്നോ? 
അതെ പെണ്‍പട്ടണത്തിനു ശേഷം നല്ലൊരു കഥ കിട്ടിയിട്ടില്ലെങ്കില്‍ സിനിമ ചെയ്യേണ്ടെന്ന് കരുതിയതായിരുന്നു. നമ്മള്‍ സിനിമ ചെയ്തിട്ടില്ലെങ്കില്‍ പ്രേക്ഷകര്‍ക്ക് ഒന്നും സംഭവിക്കുകയില്ല. അതേ സമയം നമ്മള്‍ ഒരു മോശം സിനിമയുമായി വന്നാല്‍ പ്രേക്ഷകര്‍ തിരസ്‌ക്കരിക്കും. അതിനാല്‍ എനിക്ക് മനസ്സിന് ഇഷ്ടപ്പെടാത്ത ഒരു സിനിമ ചെയതില്ല. ഈ സബ്ജക്ട് വന്നപ്പോള്‍ കഥ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ ഇഷ്ടമായി. അങ്ങനെ നല്ലൊരു തിരക്കഥയാകുന്നതു വരെ കാത്തിരിക്കുകയായിരുന്നു.

പുതിയ ചിത്രത്തെക്കുറിച്ചുളള പ്രതീക്ഷ?
 

വലിയ അവകാശവാദങ്ങളൊന്നുമില്ല. എന്റെ മുന്‍ സിനിമകളിലേതു പോലെ കുടുംബാന്തരീക്ഷത്തിന്റെ സ്‌നേഹക്കാഴ്ചകളുണ്ടെങ്കിലും ഇന്നിന്റെ കുറേ സത്യങ്ങള്‍ ഈ ചിത്രത്തില്‍ കൊണ്ടു വരാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം.

കാത്തിരുന്ന ഫേസ് ടു ഫേസ് 

സീരിയല്‍ രംഗത്തു നിന്ന് സിനിമയുടെ വഴികളിലേക്ക് എത്തിയ എഴുത്തുകാരനാണ് മനോജ്. ഉണ്ണിയാര്‍ച്ച സീരിയലിന്റെ തിരക്കഥാകൃത്ത് എന്ന ലേബലോടെ സിനിമയിലേക്ക് എത്തിയ മനോജ് രഞ്ജിത്തിന്റെ കഥയ്ക്ക് തിരക്കഥയെഴുതിയാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി സിനിമയുടെ വിശാലമായ ലോകത്ത് എത്തുന്നത്. താന്‍ കഥയും തിരക്കഥയുമെഴുതിയ ഒരു മമ്മൂട്ടിച്ചിത്രം സാക്ഷാത്ക്കരിക്കുന്നതിന്റെ സന്തോഷത്തിലാണ ഈ യുവ എഴുത്തുകാരന്‍.

'എന്റെ മനസ്സില്‍ ഒരു കഥയുടെ എലമെന്റ്് ഉണ്ടായപ്പോള്‍ വിനുവേട്ടനോട് (വി.എം.വിനു) പറയുകയായിരുന്നു. അങ്ങനെ അതിലെ പ്രധാന കഥാപാത്രം മമ്മൂട്ടി എന്ന അഭിനേതാവിന് അനുയോജ്യമാണെന്ന് ഞങ്ങളുടെ ചര്‍ച്ചയില്‍ വന്നു. മമ്മൂക്ക് കഥ കേട്ട് ഇഷ്ടമായെന്ന് പറഞ്ഞപ്പോള്‍ ഉത്തരവാദിത്വവും ആവേശവുമായി. അങ്ങനെയാണ് ഫേസ് ടു ഫേസ് എന്ന് സിനിമയിലൂടെ ഞാന്‍ ഒരു മമ്മൂട്ടിച്ചിത്രത്തിന്റെ ഭാഗമായി മാറുന്നത്. ഈ അവസരം എനിക്ക് കിട്ടിയ വലിയ ഭാഗ്യമായി കരുതുകയാണ്.
ഫേസ് ടു ഫേസ് എന്ന കഥയുടെ സ്പാര്‍ക്ക് ? 
യങ്ങ് ജനറേഷന്റെ ജീവിതം പലരും നെഗറ്റീവായിട്ടോണ് കാണുക. പക്ഷേ, അവരുടെ ജീവിതത്തില്‍ വളരെ എഫക്ടീവായിട്ട് വരുന്ന കുറേ കാര്യങ്ങളുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളെല്ലാം നമ്മളില്‍ ഭൂരിഭാഗവും മോശം എന്ന രീതിയിലാണ് കാണുന്നത്.


ചില സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാനോ റിലേഷന്‍ഷിപ്പിനോ ആളില്ലാതാകുമ്പോള്‍ അവരുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയുന്നത് ഫേസ് ബുക്കിലെ സുഹൃത്തായിരിക്കും. ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ തന്നെയാണ് ഈ വ്യഗ്രത കാണിക്കുന്നത്. ബന്ധങ്ങള്‍ നില നിര്‍ത്താതെ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല.

ഒരു ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി മനോജ് എന്ന എഴുത്തുകാരനില്‍ നിന്ന് ആദ്യമായി വരികയാണ്. ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി ചെയ്യാം എന്ന് പ്ലാനിലാണോ ഫേസ് ടു ഫേസിലേക്ക് എത്തിയത്?
 

ഒരു പുതിയ രീതിയിുലുളള കഥ എന്നായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീടാണ് ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറി എന്ന രീതിയിലൊക്കെ എത്തുന്നത്. ഒരു കഥയ്ക്ക് ഒരു വഴി ആവശ്യമാണല്ലോ. അങ്ങനെയാണ് അന്വേഷണ കഥയെ കൂട്ടു പിടിച്ചത്. 

മമ്മൂട്ടിച്ചിത്രം ചെയ്യാമെന്ന കരുതിയായിരുന്നോ കഥ ആലോചിച്ചത്?
 

മമ്മൂക്ക, ലാലേട്ടന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് എഴുതാന്‍ കഴിയുകയെന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷേ, ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാം എന്ന് വിചാരിച്ചിട്ടല്ല കഥ ആലോചിച്ചത്. ഞാന്‍ വിനുവേട്ടനോട് കഥ പറഞ്ഞപ്പോള്‍ ഇത് മമ്മൂക്കയ്ക്ക് പറ്റിയതാണെന്ന് അദ്ദേഹം പറയുകയായിരുന്നു.